
ഇന്ത്യൻ വിപണി നേരിയ ഉയർച്ചയോടെ വ്യാപാരം തുടങ്ങിയിട്ടു പിന്നെ ചാഞ്ചാടി, അതിനു ശേഷം താഴ്ചയിലേക്കു മാറി. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ മുഖ്യസൂചികകൾ കാൽ ശതമാനം താഴ്ന്നു നിന്നു. എന്നാൽ മിഡ് ക്യാപ് സൂചിക ഉയർന്നു. ബാങ്ക് ഓഹരികളുടെ കുതിപ്പാണ് മിഡ് ക്യാപ് മുന്നേറ്റത്തിനു സഹായിച്ചത്.
ഉയർന്ന വിലയിൽ വിറ്റു ലാഭമെടുക്കാൻ നിക്ഷേപകർ തിടുക്കം കാണിച്ചു.
ജെ ബി കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനെ ഏറ്റെടുക്കുന്ന ടൊറൻ്റ് ഫാർമ രാവിലെ നാലു ശതമാനം ഉയർന്ന ശേഷം നേട്ടം നാമമാത്രമായി കുറച്ചു. ജെ ബി കെമിക്കൽസ് ഓഹരി ഏഴു ശതമാനം താഴ്ചയിലായി. ഏറ്റെടുക്കലിന് 11,900 കോടി രൂപയാണു മുടക്കുന്നത്.
ഓഡിറ്റർ ധനകാര്യ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് എംഡി - സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറും രാജിവച്ച കർണാടക ബാങ്കിൻ്റെ ഓഹരി രാവിലെ എട്ടു ശതമാനം ഇടിഞ്ഞു.
പൊതു മേഖലാ ബാങ്കുകൾ ഇന്നു നല്ല മുന്നേറ്റം നടത്തി. അവയുടെ സൂചിക 2.2 ശതമാനം കയറി.
ആറു ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറിയതിനെ തുടർന്ന് ജ്യോതി സിഎൻസി ഓഹരി നാലു ശതമാനം താഴ്ന്നു.
ഓയിൽ - ഗ്യാസ്, ഹെൽത്ത് കെയർ, ഫാർമ, മീഡിയ എന്നീ മേഖലകളാണ് ഇന്നു കയറിയത്. ഓട്ടാേ, ഐടി, റിയൽറ്റി തുടങ്ങിയവ താഴ്ന്നു.
രൂപ ഇന്ന് രാവിലെ ഡോളറിനു 85.47 രൂപയിൽ വ്യാപാരം തുടങ്ങിയിട്ട് 85.45 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3280 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 120 രൂപ കുറഞ്ഞ് 71,320 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.
ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നിട്ട് അൽപം കയറി. ബ്രെൻ്റ് ഇനം ബാരലിന് 67.65 ഡോളർ വരെ എത്തി.