

ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി താമസിയാതെ നഷ്‌ടത്തിലേക്കു വീണു. പിന്നീടു നഷ്‌ടം കുറച്ചു.
രാവിലെ 77,037 വരെ ഉയർന്ന സെൻസെക്സ് 76,455 വരെ ഇടിഞ്ഞ ശേഷം ഗണ്യമായി തിരിച്ചു കയറി. നിഫ്റ്റി 24,035 ൽ നിന്ന് 23,851 വരെ താഴ്ന്നിട്ട് തിരിച്ചു കയറ്റം തുടങ്ങി.
ബാങ്ക് നിഫ്റ്റി ചാഞ്ചാട്ടം കഴിഞ്ഞു നൂറിലേറെ പോയിൻ്റ് നേട്ടത്തിലായി.
ഐടി മേഖല വീണ്ടും നഷ്‌ടത്തിലായി. ഇൻഫോസിസും ടിസിഎസും വിപ്രോയും മൈൻഡ് ട്രീ തുടങ്ങിയവ രണ്ടു ശതമാനം താഴ്ന്നു. ഐടി സൂചിക 1.75 ശതമാനം ഇടിഞ്ഞു. ഓട്ടോ, എഫ്എംസിജി, മെറ്റൽ തുടങ്ങിയ മേഖലകളും താഴ്ന്നു.
മാരുതി സുസുകി ഓഹരിക്ക് ജെഫറീസ് വാങ്ങൽ ശിപാർശ നൽകി. 16,500 രൂപയാണു ലക്ഷ്യവില നിർണയിച്ചിരിക്കുന്നത്. മാരുതി ഓഹരി രണ്ടു ശതമാനം ഉയർന്നു.
എച്ച്ഡിഎഫ്സി ബാങ്കിന് ജെഫറീസ് 1050 രൂപ ലക്ഷ്യവില ഇട്ട് വാങ്ങൽ ശിപാർശ നൽകി. ബാങ്ക് പുതിയ ചെയർമാനെയും സിഎഫ്ഒയെയും നിയമിച്ചു എന്നാൽ ഓഹരി താഴ്ന്നു.
നൊമുറ, ഭാരതി എയർടെലിന് 2355 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ ചെയ്തു. എയർ ടെൽ ഓഹരി ഒരു ശതമാനം ഉയർന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് എച്ച്എസ്ബിസി 4200 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഓഹരി രാവിലെ അര ശതമാനം താഴ്ന്നിട്ടു നേട്ടത്തിലേക്കു മാറി.
ജീനസ് പവറിൻ്റെ 2.90 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറ്റം ചെയ്തു. ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു. കമ്പനിയിൽ 15 ശതമാനം ഓഹരി ഉണ്ടായിരുന്ന ജിഐസിയും ഓഹരി വിറ്റതായി കരുതപ്പെടുന്നു.
പവർ ഗ്രിഡിൻ്റെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് മാറിയതിനെ തുടർന്ന് കെഇസി ഇൻ്റർനാഷണൽ ഓഹരി അഞ്ചു ശതമാനം ഉയർന്നു.
2028 മുതൽ ഡൽഹിയിൽ ഇലക്ട്രിക് ടൂ വീലറുകൾ മാത്രമേ അനുവദിക്കൂ എന്ന തീരുമാനം ഐഷർ മോട്ടോഴ്സിനെ അഞ്ചു ശതമാനം താഴ്‌ത്തി.
ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിന് 30,000 കോടി രൂപ കൂടി കേന്ദ്ര സർക്കാർ നീക്കി വച്ചു. ഇത് അടിസ്ഥാന സൗകര്യ മേഖലയിലെ കമ്പനികൾക്കു ബിസിനസ് വർധിപ്പിക്കും.
ആപ്പിളിൻ്റെ ഐഫോൺ 18 പ്രോ മോഡലിൻ്റെ ഫോട്ടോയും സപ്ലയർ പട്ടികയും ഘടകവസ്തുകളുടെ വിവരങ്ങളും ഏതോ ചാരഗ്രൂപ്പ് നെറ്റിൽ ഇട്ടു. ഫോൺ അസംബിൾ ചെയ്യുന്ന ടാറ്റാ ഇലക്ട്രോണിക്‌സിൻ്റെ സിസ്‌റ്റങ്ങളിൽ നിന്നാണു ചോർത്തൽ. സെപ്റ്റംബറിൽ പുറത്തിറക്കേണ്ടതാണ് ഐഫോൺ 18 പ്രോ മോഡൽ.
രൂപ ഇന്ന് അല്പം താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കൂടി 94.57 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.53 രൂപ വരെ താഴ്ന്ന ശേഷം 94.63 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3970 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1320 രൂപ കുറഞ്ഞ് 1,02,760 രൂപ ആയി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം 72.51 ഡോളറിലും ഡബ്ള്യുടിഐ ഇനം 70.32 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine