

ഓഹരികൾ യുദ്ധ ഭീതിയിൽ ഇടിഞ്ഞു. രൂപയെ ഉയർത്താനുള്ള റിസർവ് ബാങ്ക് നടപടി കാര്യമായ ഫലം ഉണ്ടാക്കിയില്ല.
രാവിലെ സെൻസെക്സ് 72,391.98 വരെയും നിഫ്റ്റി 22,470.15 വരെയും താഴ്ന്നു. പിന്നീടു കുറേ തിരിച്ചു കയറി. എങ്കിലും മുഖ്യ സൂചികകൾ വീണ്ടും താഴ്ന്ന് 1.2 ശതമാനത്തിലധികം നഷ്ടത്തിലായി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
രൂപ ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. 1.22 രൂപ കുറഞ്ഞ് 93.59 രൂപയിൽ ഡോളർ ഓപ്പൺ ചെയ്തു. വെള്ളിയാഴ്ച 94.81 രൂപയിലാണ് ഡോളർ ക്ലോസ് ചെയ്തത്. ഡോളർ പിന്നീട് 94.29 രൂപയിലേക്കു കയറി. ഡോളർ ലോംഗ് പൊസിഷനുകൾ വെട്ടിക്കുറച്ച റിസർവ് ബാങ്ക് നടപടിയെ തുടർന്നാണു രൂപ കയറിയത്. എന്നാൽ അതു കൊണ്ടു രൂപ രക്ഷപ്പെടുകയില്ല എന്നാണു വിപണിയിൽ രൂപ വീണ്ടും താഴ്ന്നതു കാണിക്കുന്നത്.
റിസർവ് നടപടി ബാങ്കുകൾക്കു വലിയ നഷ്ടം വരുത്തും എന്നു ബാങ്കുകൾ പരാതിപ്പെടുന്നു. മാർച്ചിൽ രൂപ നാലു ശതമാനത്തോളം ഇടിഞ്ഞ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് കടുത്ത നടപടി സ്വീകരിച്ചത്. ബാങ്കുകൾ അടക്കം വിദേശനാണയ വിനിമയ കമ്പനികളുടെ നഷ്ടം കുറയ്ക്കാനുള്ള ഹെഡ്ജിംഗ് നടപടിയാണ് ഇതു വഴി പരിമിതപ്പെടുന്നത്. രൂപ ഇനിയും താഴും എന്ന അടിസ്ഥാനത്തിൽ ആണു ബാങ്കുകൾ ഡോളറിൽ ലോംഗും രൂപയിൽ ഷോർട്ടും ആയി അവധിവ്യാപാര പൊസിഷനുകൾ എടുത്തിരുന്നത്. കറൻസിയിൽ ഇന്ത്യൻ വിപണിയും വിദേശ വിപണിയും തമ്മിലുള്ള വ്യത്യാസം മുതലെടുത്തു ലാഭം ഉണ്ടാക്കാൻ ബാങ്കുകൾക്ക് അവസരം ലഭിച്ചു. അതാണ് ഇപ്പോൾ നഷ്ടമായി മാറുന്നത്.
നിഫ്റ്റി ബാങ്ക് സൂചിക രാവിലെ രണ്ടര ശതമാനത്തിലധികം ഇടിഞ്ഞു. കൊട്ടക് ബാങ്കും ഐഡിഎഫ്സി ഫസ്റ്റ് ബാങ്കുമാണ് കൂടുതൽ ഇടിഞ്ഞത്.
യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർലൻഡ് (യുബിഎസ്) ഇന്ത്യൻ വിപണിയെ ന്യൂട്രലിലേക്കു തരം താഴ്ത്തി. ക്രൂഡ് ഓയിൽ വില കൂടുന്നത് ഇന്ത്യയിലെ വിലക്കയറ്റം വർധിപ്പിക്കുകയും കമ്പനികളുടെ ലാഭം കുറയ്ക്കുകയും ചെയ്യുമെന്ന് അവർ വിലയിരുത്തി.
പഞ്ചസാര കമ്പനികൾ വലിയ നേട്ടത്തിലായി. ദ്വാരികേഷ്, ധാംപുർ, മാവന, ശ്രീ രേണുക, ഡാൽമിയ ഭാരത് തുടങ്ങിയവ അഞ്ചു മുതൽ 13 വരെ ശതമാനം ഉയർന്നു. പഞ്ചസാര കയറ്റുമതി ക്വോട്ട വർധിപ്പിച്ചതും ഇന്ധനങ്ങളിൽ എഥനോൾ അനുപാതം കൂട്ടുന്നതുമാണു കാരണം.
ബഹറിനിലെയും യുഎഇയിലെയും അലൂമിനിയം സ്മെൽട്ടറുകളിൽ ബോംബിംഗ് നടന്നതു മൂലം അലൂമിനിയം വില കൂടുകയാണ്. ഹിൻഡാൽകോ, നാൽകോ, വേദാന്ത തുടങ്ങിയ ഓഹരികൾ അഞ്ചു ശതമാനത്തിലധികം ഉയർന്നു.
ലോകവിപണിയിൽ രാവിലെ വലിയ ഇടിവിലായിരുന്ന സ്വർണം പിന്നീടു തിരിച്ചു കയറിയിട്ടു ചാഞ്ചാട്ടത്തിലായി. ഔൺസിന് 4419.50 ഡോളറിലേക്കു വീണ സ്വർണം പിന്നീട് 4518.10 വരെ കയറിയിട്ടു 4490 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 600 രൂപ കുറഞ്ഞ് 1,08,600 രൂപയായി.
ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 115.28 ഡോളറിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine