
ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു തുടങ്ങി. കൂടുതൽ താഴ്ന്ന ശേഷം തിരിച്ചു കയറി നേട്ടത്തിലായി. വീണ്ടും നഷ്ടത്തിലേക്ക് മാറി.
ഐടി, ഓട്ടോ, മെറ്റൽ, റിയൽറ്റി തുടങ്ങിയ മേഖലകൾ ഇന്നു താഴ്ചയിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ നേട്ടം കുറിച്ചു.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് നാലാംപാദ വരുമാനം 2.3 ശതമാനം ഉയർന്നപ്പോൾ അറ്റാദായം 51 ശതമാനം ഇടിഞ്ഞു. ഓഹരി എട്ടു ശതമാനം താഴ്ന്നു. കൊച്ചിൻ ഷിപ്പ് യാർഡ് ഒന്നര ശതമാനം താഴ്ചയിലാണ്.
പ്രവർത്തനലാഭം 94 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 365 ശതമാനം ഉയർത്തിയ സുസ്ലോൺ എനർജി ഓഹരി 13 ശതമാനം കുതിച്ചു.
ബജാജ് ഓട്ടോയുടെ ലക്ഷ്യവില 10,149 രൂപയായി വിദേശ ബ്രോക്കറേജ് സിഎൽഎസ്എ ഉയർത്തി. നാലാം പാദ റിസൽട്ടിനെ തുടർന്നാണത്. ഓഹരിവില രണ്ടര ശതമാനം താഴ്ന്നു.
നാലാം പാദ റിസൽട്ടിനെ തുടർന്ന് ഓല ഇലക്ട്രിക് ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു 48 രൂപയായി. കമ്പനിയുടെ നഷ്ടം വർധിച്ച സാഹചര്യത്തിൽ വില 30 രൂപയിലേക്കു താഴാം എന്നു കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് വിലയിരുത്തി.
രൂപ ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 16 പൈസ കുറഞ്ഞ് 85.35 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.26 രൂപയായി.
സ്വർണം ഇന്നു രാവിലെ ലോകവിപണിയിൽ കുത്തനേ താണു. ഔൺസിന് 3295 ഡോളറിൽ എത്തി. കേരളത്തിൽ ആഭരണ സ്വർണം പവന് 200 രൂപ വർധിച്ച് 71,360 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 63.84 ഡോളർ ആയി.