

അമേരിക്കയുടെ തീരുവ ആക്രമണത്തിൽ വിപണി ക്ഷീണത്തിലായി. എങ്കിലും സർക്കാർ തലത്തിൽ ചർച്ച തുടരുന്നതു വലിയ തകർച്ച ഒഴിവാക്കി. നാളെ പുതിയ നിരക്കുകൾ പ്രാബല്യത്തിലാകും മുൻപ് ഏതെങ്കിലും തരത്തിൽ ഒത്തുതീർപ്പ് ഉണ്ടാകും എന്നാണു വിപണിയുടെ വിശ്വാസം. വിശദമായ ചർച്ചകൾക്കു സമയം നൽകിക്കൊണ്ട് നിലവിലെ 10 ശതമാനം തീരുവ നിശ്ചിത കാലാവധിയിലേക്കു നീട്ടിക്കിട്ടുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. പിഴച്ചുങ്കം ഇല്ലാതെ 15 ശതമാനം തീരുവയിൽ ഇന്ത്യയെ നിർത്താൻ അമേരിക്ക സമ്മതിക്കും എന്നു സർക്കാർ കരുതുന്നു. ട്രംപ് പ്രഖ്യാപിച്ച നിരക്കുകൾ നടപ്പായാൽ ഇന്ത്യയുടെ ജിഡിപി വളർച്ച 0.7 ശതമാനം കുറയും എന്നാണ് ആശങ്ക.
താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീട് അൽപം കയറിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കൂടുതൽ താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്കാണു കൂടുതൽ താഴ്ച.
കമ്പനിയുടെ റിസൽട്ട് പ്രതീക്ഷ പോലെ വന്നതും വരുന്ന പാദങ്ങൾ മെച്ചമാകുമെന്നു മാനേജ്മെൻ്റ് വിലയിരുത്തിയതും ഹിന്ദുസ്ഥാൻ യൂണിലീവർ ഓഹരിയെ നാലു ശതമാനത്തോളം ഉയർത്തി. എഫ്എംസിജി മേഖല പൊതുവേ നേട്ടം കാണിച്ചു.
ലാഭത്തിൽ നിന്നു കമ്പനി രണ്ടാം പാദത്തിൽ നഷ്ടത്തിലായത് ഗ്രീൻപാനൽ ഇൻഡസ്ട്രീസ് ഓഹരിയെ ഒൻപതു ശതമാനം ഇടിവിലാക്കി. ഗ്രീൻപ്ലൈ, സെഞ്ചുറി പ്ലെെബോർഡ്സ്, ഗ്രീൻ ലാം തുടങ്ങിയ കമ്പനികളും ഇന്നു നഷ്ടത്തിലാണ്.
വാഹനഘടകങ്ങൾ കയറ്റുമതി ചെയ്യുന്ന ജെബിഎം ഓട്ടോ, ടാൽബ്രോസ് ഓട്ടോ, ഓട്ടോ സ്റ്റാമ്പിംഗ്സ്, യൂണി പാർട്സ്, സംവർധന മദർസൺ, ഭാരത് ഫോർജ്, ജംന ഓട്ടോ, ഗബ്രിയേൽ ഇന്ത്യ, ശ്രീറാം പിസ്റ്റൺസ്, മേനോൻ പിസ്റ്റൺസ് തുടങ്ങിയവ താഴ്ന്നു.
വസ്ത്ര കയറ്റുമതി കമ്പനികൾ ഇന്നു താഴ്ചയിലായി. ഗോകൽ ദാസ് എക്സ്പോർട്സ്, കിറ്റെക്സ് ഗാർമെൻ്റ്സ്, ലക്സ് ഇൻഡസ്ട്രീസ്, ഡോളർ ഇൻഡസ്ട്രീസ്, എസ്പി അപ്പാരൽസ്, റയ്മണ്ട് ലൈഫ്, അർവിന്ദ് ലിമിറ്റഡ്, പേൾ ഗ്ലോബൽ, ബെൽ കാസ, വിഐപി ക്ലോത്തിംഗ്, വെൽസ്പൺ തുടങ്ങിയവ ഗണ്യമായി താണു.
സമുദ്രോൽപന്ന കയറ്റുമതി കമ്പനികളും മത്സ്യകൃഷിയുമായി ബന്ധപ്പെട്ട കമ്പനികളും ക്ഷീണത്തിലായി. അപെക്സ് ഫേ ഫ്രോസൺ ഫുഡ്സ് അഞ്ചു ശതമാനം ഇടിഞ്ഞു. അവന്തി ഫീഡ്സ്, സീൽ അക്വാ, വാട്ടർ ബേസ് തുടങ്ങിയവ താഴ്ന്നു. കിംഗ്സ് ഇൻഫ്രാ രാവിലെ ഒന്നര ശതമാനത്തിലധികം ഉയർന്നു.
രൂപ ഇന്നു നേട്ടം ഉണ്ടാക്കി. ഡോളർ 87.79 രൂപയിൽ നിന്ന് 87.58 രൂപയിലേക്കു താഴ്ന്നു. പിന്നീട് 87.65 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് വിപണിയിൽ ജാഗ്രതയോടെ ഇടപെടുന്നുണ്ട്.
സ്വർണം ലോക വിപണിയിൽ തിരച്ചുകയറി. ഔൺസിന് 20 ഡോളർ ഉയർന്ന് 3296 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവനു 320 രൂപ കുറഞ്ഞ് 73,360 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്നു നീങ്ങുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 73.10 ഡോളറാണ്.