

ഇന്നലെ ബലം പിടിച്ചു നിന്ന ഇന്ത്യൻ വിപണി ഇന്നു കൂടുതൽ താഴോട്ടു നീങ്ങി. ഏഷ്യൻ വിപണികളിൽ തുടരുന്ന തകർച്ചയും യുഎസ് ഫ്യൂച്ചേഴ്സിലെ ഇടിവും വിപണിയെ നഷ്ടത്തിലേക്ക് വലിച്ചു താഴ്ത്തി.
നിഫ്റ്റി 1.10 ശതമാനം ഇടിഞ്ഞ് 23,000 നു താഴെയായി. സെൻസെക്സ് രാവിലെ 75,600 നു താഴെ എത്തി. മിഡ് ക്യാപ് 100, സ്മോൾ ക്യാപ് 100 സൂചികകൾ രണ്ടര ശതമാനം വരെ ഇടിഞ്ഞു.
ഔഷധ ഇറക്കുമതിക്കു താമസിയാതെ തീരുവ ചുമത്തും എന്നു യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നു പറഞ്ഞതോടെ കയറ്റുമതി വിപണിയിൽ ഉള്ള ഫാർമ കമ്പനികൾ പത്തു ശതമാനം വരെ ഇടിഞ്ഞു. അരബിന്ദോ, ലൂപിൻ, ഡോ. റെഡ്ഡീസ്, സൈഡസ്, സിപ്ല, സൺ, ബയോകോൺ തുടങ്ങിയവ താഴ്ന്നു.
ഐടി കമ്പനികൾ ഇന്നും വലിയ താഴ്ചയിലാണ്. 2025-26 ധനകാര്യ വർഷവും ഐടി കമ്പനികളുടെ ലാഭം വർധിക്കുകയില്ലെന്നു വിദേശ ബ്രോക്കറേജ് ബേൺസ്റ്റൈൻ വിലയിരുത്തി. പ്രമുഖ കമ്പനികൾ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.
മാന്ദ്യം വരുമെന്ന ഭീതിയിൽ ലോഹങ്ങളുടെ വില താഴ്ന്നു തുടങ്ങി. ഇതു മെറ്റൽ കമ്പനി ഓഹരികളെ താഴ്ത്തി. ടാറ്റാ സ്റ്റീൽ, സെയിൽ, ജെഎസ് ഡബ്ല്യു സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയവ ഏഴു ശതമാനം വരെ കീഴോട്ടു പോയി.
അമേരിക്കയിലേക്കു വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന കിറ്റെക്സ് ഗാർമെൻ്റ്സ് അഞ്ചു ശതമാനം ഉയർന്ന് 199.20 രൂപയിൽ എത്തി.
മസഗാേൺ ഡോക്ക് ഷിപ്പ് യാർഡ് ഓഹരിയുടെ ഓഫർ ഫോർ സെയിൽ ആരംഭിച്ചത് ഓഹരിയെ ആറര ശതമാനം താഴ്ത്തി.
ക്രൂഡ് ഓയിൽ വില 70 ഡോളറിനു താഴെ വന്നതിനെ തുടർന്ന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മൂന്നു ശതമാനം ഉയർന്നു.
രൂപ ഇന്നു മികച്ച നേട്ടം ഉണ്ടാക്കി. ഡോളർ രാവിലെ 38 പൈസ കുറഞ്ഞ് 85.05 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.95 രൂപ വരെ താഴ്ന്നു. ഡോളർ സൂചിക ഇന്നലെയും മിനിഞ്ഞാന്നുമായി മൂന്നു ശതമാനം കുറഞ്ഞതാണു രൂപയെ സഹായിക്കുന്നത്. ഇന്നു രാവിലെ 101.73 ലാണു ഡോളർ സൂചിക.
സ്വർണം രാജ്യാന്തര വിപണിയിൽ 3100 ഡോളറിനു താഴെ വന്നു. രാവിലെ ഔൺസിനു 3092 ഡോളറിലേക്കു വില താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 1280 രൂപ കുറഞ്ഞ് 67,200 രൂപയായി.
ക്രൂഡ് ഓയിൽ താഴ്ച തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 69.46 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine