
വിപണി ഇന്ന് ചാഞ്ചാട്ടത്തിലാണ്. യുഎസ് വ്യാപാര തീരുവ സംബന്ധിച്ച അനിശ്ചിതത്വം വർധിച്ചതാണു കാരണം. കരാർ ഉണ്ടാക്കാത്ത രാജ്യങ്ങൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ 10 മുതൽ 90 വരെ ശതമാനം തീരുവ ചുമത്തുമെന്നു യുഎസ് പ്രസിഡൻ്റ് ഡൊണള്‍ഡ് ട്രംപ് വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചു. അതിനുള്ള കത്ത് നാളെ അയയ്ക്കും. ജൂലൈ ഒൻപതിനു പുതിയ തീരുവ എന്നായിരുന്നു മുൻ പ്രഖ്യാപനം.
ഇന്ത്യയുടെ കരാർ അതിനു മുൻപ് ഒപ്പിടുമോ എന്നു വ്യക്തമായിട്ടില്ല. തന്മൂലം വിപണി തുടക്കം മുതൽ കയറിയും ഇറങ്ങിയും നീങ്ങി.
ജൂൺ മാസത്തിൽ പുതിയ ഇടപാടുകാരുടെ സംഖ്യ 45 ശതമാനം കുറഞ്ഞതായി ഏഞ്ചൽ വൺ ബ്രോക്കിംഗ് വെളിപ്പെടുത്തി. ഏഞ്ചൽ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. മോട്ടിലാൽ ഓസ്വാൾ അടക്കം മറ്റു ബ്രോക്കറേജുകളും താഴ്ന്നു. ബിഎസ്ഇ ഓഹരി അഞ്ചു ശതമാനം താഴ്ചയിലായി.
നുവാമ വെൽത്ത് മാനേജ്മെൻ്റ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. അമേരിക്കൻ കമ്പനിയായ ജെയ്ൻ സ്ട്രീറ്റിനെ സെബി വിലക്കിയതാണു നുവാമയെ ബാധിച്ചത്. ജെയ്ൻ സ്ട്രീറ്റിൻ്റെ നിക്ഷേപങ്ങളും ഇടപാടുകളും ബാങ്കിലെ പണവും മരവിപ്പിച്ചു. മാർക്കറ്റ് ഫ്യൂച്ചേഴ്സ് , ഓപ്ഷൻസ് ക്ലോസിംഗ് ദിവസങ്ങളിൽ സൂചികകളുടെ ക്ലോസിംഗ് നിരക്ക് കൃത്രിമമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ ജെയ്ൻ സ്ട്രീറ്റ് ശ്രമിച്ചു എന്നാണു സെബിയുടെ കണ്ടെത്തൽ. ഡെപ്പോസിറ്ററിയായ സിഡിഎസ്എലിൻ്റെ ഓഹരിവിലയും താഴ്ന്നു. ജെയ്ൻ സ്ട്രീറ്റ് ഇടപാട് കൂടുതൽ സ്ഥാപനങ്ങൾക്കും ഫണ്ടുകൾക്കും ബാധ്യത വരുത്തിയോ എന്നു സാവധാനമേ അറിവാകൂ.
1.05 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനു ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. ഇന്ത്യയിൽ നിർമിച്ചവ വാങ്ങാനാണു തീരുമാനം. പരസ് ഡിഫൻസ്, എംടാർ ടെക്, ഡാറ്റാ പാറ്റേൺസ്, എച്ച്എഎൽ, ബെൽ, ഭാരത് ഡൈനാമിക്സ്, കൊച്ചിൻ ഷിപ്പ് യാർഡ്, ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക് തുടങ്ങിയവ ഉയർന്നു. പരസ് ഓഹരി എട്ടു ശതമാനം കുതിച്ചു.
മാനേജ്മെൻ്റ് വരുമാന പ്രതീക്ഷ കുറച്ചത് ട്രെൻ്റ് ഓഹരിയെ എട്ടു ശതമാനം താഴ്ത്തി.
ബാങ്കുകൾ ഒന്നാം പാദത്തിൽ കുറഞ്ഞ വരുമാന - ലാഭ വളർച്ചയേ നേടൂ എന്ന വിലയിരുത്തൽ ബാങ്ക് നിഫ്റ്റിയെ തുടക്കത്തിലെ നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്കു മാറ്റി.
രൂപ ഇന്ന് അല്പം ദുർബലമായി. ഡോളർ എട്ടു പൈസ വർധിച്ച് 85.39 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.48 രൂപയിലേക്ക് കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3335 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയായി.
ക്രൂഡ് ഓയിൽ വില കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 68.50 ഡോളറിലേക്കു താഴ്ന്നു.