
വിദേശ സൂചനകൾ അനുകൂലമായിട്ടും ഇന്ത്യൻ വിപണി ആവേശം കാണുന്നില്ല. സാമ്പത്തിക വളർച്ച സംബന്ധിച്ച ആശങ്കകളാണ് കാരണം.
6.5 ശതമാനം ജിഡിപി വളർച്ച ഉണ്ടായ 2024-25 ൽ നിഫ്റ്റി 50 സൂചികയുടെ പ്രതിഓഹരി വരുമാനം (ഇപിഎസ്) ഒരു ശതമാനമേ വർധിച്ചുള്ളൂ. 2025-26 ൽ വളർച്ച പ്രതീക്ഷ 6.5 ശതമാനത്തിൽ താഴെ മാത്രമാണ്. പല ഏജൻസികളും 6.2 അല്ലെങ്കിൽ 6.3 ശതമാനം വളർച്ചയാണു പ്രവചിക്കുന്നത്. കമ്പനികളുടെ ലാഭവളർച്ച നാമമാത്രം ആയിരിക്കുമെന്നും ഓഹരിവിലയിലെ കയറ്റവും തുച്ഛമാകും എന്നും പലരും വിലയിരുത്തുന്നു ഇതിനു പുറമെ യുഎസ് തീരുവയുദ്ധം ഭീഷണിയായി നിൽക്കുന്നു. ഈ ആശങ്ക ഇന്നു വിപണിയിൽ സൂചികകളെ കയറ്റത്തിൽ നിന്നു തടഞ്ഞു.
ഉയർന്നു വ്യാപാരം തുടങ്ങിയ സൂചികകൾ കുറേക്കൂടി ഉയർന്ന ശേഷം നാമമാത്ര ഉയർച്ചയിലേക്കും പിന്നീടു നഷ്ടത്തിലേക്കും മാറി. തുടർന്നു ചാഞ്ചാട്ടമായി.
ഓട്ടോ, ഐടി, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലാണ്. റിയൽറ്റി ആണ് ഏറ്റവും കൂടുതൽ താഴ്ന്നത്.
ഇൻഡിജീനിൽ നിന്നു പ്രൈവറ്റ് ഇക്വിറ്റി കാർലൈൽ ഗ്രൂപ്പ് പിന്മാറുകയാണ്. അവർ 10.2 ശതമാനം ഓഹരി ഒന്നിന് 594 രൂപയ്ക്കു വിറ്റു. ഇൻഡിജീൻ അഞ്ചു ശതമാനം താഴ്ന്നു.
യെസ് ബാങ്കിലെ 2.8 ശതമാനം ഓഹരി കാർലൈൽ വിറ്റു.
എബി ഫാഷനിലെ 20 ലക്ഷം ഓഹരി ഒന്നിന് 81 രൂപ വച്ച് ഒരു പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപ്പ് ബൾക്ക് ഇടപാടിൽ വിറ്റു. ഓഹരി പത്തു ശതമാനം ഇടിഞ്ഞു.
ഹ്യുണ്ടായിയും കിയയും വിറ്റ ഒല ഇലക്ട്രിക് ഓഹരികൾ സിറ്റി വാങ്ങി. ഒല ഓഹരി ആദ്യം രണ്ടു ശതമാനം ഉയർന്നു. പിന്നീടു നഷ്ടത്തിലായി.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി രാവിലെ ആറര ശതമാനം ഉയർന്നു. ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് പത്തും മസഗാേൺ ഡോക്ക് മൂന്നും ശതമാനം കയറി. ഭാരത് ഡൈനാമിക്സ് നാലും ഭാരത് എർത്ത് മൂവേഴ്സ് 3.5 ഉം ശതമാനം നേട്ടത്തിലായി.
രൂപ ഇന്നു വീണ്ടും താഴ്ന്നു. ഡോളർ 15 പൈസ കയറി 85.74 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 85.89 ലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഓൺസിന് 3362 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 80 രൂപ കൂടി 72 ,720 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില ഉയർന്നിട്ടു പിൻവാങ്ങി. ബ്രെൻ്റ് ഇനം ബാരലിന് 65.42 ഡോളർ ആയി കുറഞ്ഞു.