
ഇന്ത്യൻ ഓഹരിവിപണി മുന്നേറ്റം തുടരുകയാണ്. സെൻസെക്സ് 81,000 വും നിഫ്റ്റി 24,500 ഉം കടന്നു. പിന്നീടു താഴ്ന്നു. ബാങ്ക് നിഫ്റ്റി നഷ്ടത്തിൽ നിന്നു നേട്ടത്തിലേക്കു കയറിയ ശേഷം അൽപം താഴ്ന്നു.
മിഡ് ക്യാപ് 100 സൂചിക ഒന്നേകാലും സ്മോൾ ക്യാപ് 100 സൂചിക 0.75 ഉം ശതമാനം ഉയർന്നു.
ദൗർബല്യങ്ങൾ തുറന്നു കാണിച്ച നാലാം പാദ റിസൽട്ടുകളെ തുടർന്ന് എസ്ബിഐ രണ്ടു ശതമാനവും കൊട്ടക് മഹീന്ദ്ര ബാങ്ക് അഞ്ചര ശതമാനവും ഇടിഞ്ഞു. അതേസമയം ലാഭത്തിൽ റെക്കോർഡ് കുറിച്ച ഇന്ത്യൻ ബാങ്ക് ഓഹരി 2.25 ശതമാനം കുതിച്ചു.
ക്രൂഡ് ഓയിൽ വില താഴ്ന്നതിനെ തുടർന്ന് ഒഎൻജിസിയും ഓയിൽ ഇന്ത്യയും ഒന്നര ശതമാനം വീതം കയറി. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ മൂന്നര മുതൽ അഞ്ചര വരെ ശതമാനം ഉയർന്നു. ക്രൂഡ് വിലയിടിവ് പെയിൻ്റ് കമ്പനി ഓഹരികളെ ഉയർത്തി.
ഭൂഷൺ സ്റ്റീലിനെ പാപ്പർ നടപടിക്രമത്തിനിടെ ഏറ്റെടുത്ത നടപടി സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ ഓഹരി ഒരു ശതമാനം താഴ്ന്നു. രണ്ടു ദിവസം കൊണ്ട് ഓഹരിക്ക് എട്ടു ശതമാനം ഇടിവുണ്ടായി.
വിറ്റുവരവും ലാഭവും ലാഭമാർജിനും ഗണ്യമായി ഉയർന്നതിനെ തുടർന്ന് ആർആർ കാബൽ ഓഹരി 15 ശതമാനം കുതിച്ചു.
485 കോടി രൂപയുടെ കരാർ ലഭിച്ചത് ഇർക്കോൺ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 13 പൈസ കുറഞ്ഞ് 84.45 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു രൂപ കുതിച്ചു. ഡോളർ 84.23 രൂപയിലേക്കു താഴ്ന്നു. റിസർവ് ബാങ്ക് ഇടപെട്ടതിനെ തുടർന്ന് 84.32 രൂപയിലേക്കു ഡോളർ കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3269 ഡോളർ വരെ ഉയർന്നിട്ടു 3255 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 160 രൂപ കൂടി 70,200 രൂപയായി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 58.98 ഡോളർ വരെ കുറഞ്ഞു.