

ഇന്ത്യൻ വിപണി ഒരു പുൾബായ്ക്ക് റാലിയുടെ തുടക്കമിട്ടു. നീണ്ട ബുൾ തരംഗത്തിലെ തിരുത്തലിൻ്റെ അവസാനം കുറിക്കുന്നതാണോ ഈ മുന്നേറ്റം എന്നു പിന്നീടേ വ്യക്തമാകൂ. എങ്കിലും തുടർച്ചയായി പത്തു ദിവസം ഇടിഞ്ഞ നിഫ്റ്റിക്ക് ഇതൊരു ആശ്വാസ റാലിയാണ്.
രാവിലെ കാൽ ശതമാനം നേട്ടത്തോടെ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകൾ 0.80 ശതമാനം വരെ ഉയർന്നു. നിഫ്റ്റി 22,250 നും സെൻസെക്സ് 73,500 നും മുകളിൽ ആയി. ബാങ്ക് നിഫ്റ്റി 0.75 ശതമാനം ഉയർന്നു.
ആദ്യ മണിക്കൂറിൽ മിഡ് ക്യാപ് 100 സൂചിക 1.6 ശതമാനവും സ്മോൾ ക്യാപ് 100 സൂചിക 1.85 ശതമാനവും വരെ കയറി.ഓഹരികളുടെ കയറ്റ ഇറക്ക അനുപാതം 10:1 ആയി മാറി.
എല്ലാ വ്യവസായ മേഖലകളും നേട്ടം ഉണ്ടാക്കി. റിയൽറ്റി, മെറ്റൽ, പൊതുമേഖലാ ബാങ്ക്, ഐടി, ഓട്ടോ, ഓയിൽ - ഗ്യാസ് തുടങ്ങിയവ നേട്ടത്തിൽ മുന്നിട്ടു നിന്നു.
ഓഹരി 1:5 അനുപാതത്തിൽ വിഭജിക്കാൻ തീരുമാനിച്ചതിനെ തുടർന്നു കോഫോർജ് ആറു ശതമാനം ഉയർന്നു. ഓഹരി വാങ്ങാൻ വിദേശബ്രോക്കറേജ് ജെഫറീസ് ശിപാർശയും നൽകി.
ജിഡി ഫുഡ്സിനെ ഏറ്റെടുത്ത അദാനി വിൽമർ അഞ്ചു ശതമാനം ഉയർന്നു.
ബിഎസ്ഇ ലിമിറ്റഡ് ഓഹരി ഇന്ന് ഏഴു ശതമാനം താഴ്ചയിലായി. ഒരു മാസം കൊണ്ട് ഓഹരി 30 ശതമാനത്തിലധികം ഇടിഞ്ഞു.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കുറഞ്ഞ് 87.23 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.11 രൂപയായി. ഡോളർ സൂചിക താഴുന്ന സാഹചര്യത്തിലാണു രൂപയുടെ കയറ്റം.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2909 ഡോളറായി താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 480 രൂപ കൂടി 64,520 രൂപയായി.
ക്രൂഡ് ഓയിൽ താഴ്ന്നു തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 70.76 ഡോളറിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine