rbi share market
Image Courtesy: Canva

പലിശ അര ശതമാനം കുറച്ചു; കരുതൽ പണ അനുപാതം വെട്ടിക്കുറച്ചു; വായ്പ നൽകാൻ രണ്ടരലക്ഷം കോടി കൂടി; വിപണി കുതിക്കുന്നു

നിഫ്റ്റി 110-ഉം സെൻസെക്സ് 330 ഉം ബാങ്ക് നിഫ്റ്റി 400 ഉം പോയിൻ്റ് കയറി
Published on

റിസർവ് ബാങ്ക് പലിശ നിരക്ക് അര ശതമാനം വെട്ടിക്കുറച്ചു. വളർച്ചയാണു ബാങ്കിൻ്റെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നതായി പണനയം. വിലക്കയറ്റ പ്രതീക്ഷ നാലു ശതമാനത്തിൽ നിന്ന് 3.7 ശതമാനമായി കുറച്ചു. രാജ്യത്തെ ജിഡിപി വളർച്ച പ്രതീക്ഷ മാറ്റമില്ലാതെ 6.5 ശതമാനത്തിൽ നിലനിർത്തി. ബാങ്കുകളുടെ കരുതൽ പണ അനുപാതം (സിആർആർ) നാലിൽ നിന്നു മൂന്നു ശതമാനമായും കുറച്ചു. ഇതു നാലു തവണയായി നടപ്പാക്കും.

വളർച്ച കൂട്ടാനും വായ്പാലഭ്യത വർധിക്കാനും ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുത്താനും പറ്റുന്ന നയമാണ് പ്രഖ്യാപിച്ചത്.

ഗവർണർ സഞ്ജയ് മൽഹോത്രയാണ് ത്രിദിന പണനയകമ്മിറ്റി തീരുമാനം അറിയിച്ചത്.

പലിശയെ നിയന്ത്രിക്കുന്ന റീപോ നിരക്ക് 6.0 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറച്ചതോടെ മൂന്നു തവണയായി ഒരു ശതമാനം കുറവാണു വന്നത്. ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശനിരക്കാണ് റീപോ. ഇതു രാജ്യത്തു ബാങ്ക് മേഖലയുടെ താക്കോൽ നിരക്കായി കണക്കാക്കപ്പെടുന്നു.

വിലക്കയറ്റ പ്രതീക്ഷ കുറച്ചത് പലിശ നിരക്ക് ഇനിയും കുറയാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

ആഗോള സാഹചര്യം ദുർബലവും അപായകരവുമായി നിൽക്കുന്നത് ജിഡിപി വളർച്ച പ്രതീക്ഷ ഉയർത്താൻ ഒട്ടും സഹായകമല്ല. വളർച്ച പ്രതീക്ഷ കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായില്ലെങ്കിലും ആഗോള സാഹചര്യം മോശമായാൽ പ്രതീക്ഷ താഴ്ത്തേണ്ടി വരും.

റീപോ അരശതമാനം കുറച്ചത് തീർത്തും അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും ബാങ്കുകൾക്കു ചില്ലറയല്ലാത്ത നഷ്ടം അതുവഴി ഉണ്ടാകും. ബാങ്കുകളുടെ അറ്റ പലിശ വരുമാനം കുറയും. ഈ സാധ്യതയെ തുടർന്ന് ബാങ്ക് ഓഹരികളും മുഖ്യ സൂചികകളും കുറേ സമയം നഷ്ടത്തിലായി. പിന്നീടു കരുതൽ പണ അനുപാതം കുറച്ചതോടെ ബാങ്ക് ഓഹരികളും മുഖ്യ സൂചികകളും കുതിച്ചു കയറി. രണ്ടര ലക്ഷം കാേടി രൂപയാണ് അനുപാതം കുറയ്ക്കലിലൂടെ ബാങ്കുകൾക്ക് അധികമായി വായ്പ നൽകാൻ സാധിക്കുക. റീപോ നിരക്കിലെ ക്ഷീണം സിആർആർ നികത്തുക മാത്രമല്ല അൽപം കൂടുതൽ ലാഭം നൽകുകയും ചെയ്യും.

ഗവർണറുടെ പ്രസ്താവന കഴിഞ്ഞതോടെ ബാങ്ക് നിഫ്റ്റിയും സെൻസെക്സും നിഫ്റ്റിയും മികച്ച മുന്നേറ്റം നടത്തി. നിഫ്റ്റി 110-ഉം സെൻസെക്സ് 330 ഉം ബാങ്ക് നിഫ്റ്റി 400 ഉം പോയിൻ്റ് കയറി.

ബാങ്കിതര ധനകാര്യ കമ്പനികൾക്കും പണനയം നേട്ടമാണ്.

മേയിൽ രാജ്യത്തെ വാഹന വിൽപന ഏപ്രിലിനെ അപേക്ഷിച്ചു മൂന്നു ശതമാനം കുറഞ്ഞു. ടൂ വീലർ വിൽപനയിൽ 2.2 ശതമാനമാണ് ഇടിവ്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയ കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നു രാവിലെ ആറു ശതമാനം കയറി.

ടാറ്റാ മോട്ടോഴ്സിനെ ജെപി മോർഗൻ തരംതാഴ്ത്തിയതിനെ തുടർന്ന് ഓഹരി ഒരു ശതമാനം താഴ്ന്നു.

എക്സ് ഡിവിഡൻഡ് ആയതിനെ തുടർന്നു ടാറ്റാ സ്‌റ്റീൽ രണ്ടു ശതമാനം താഴ്ചയിലായി.

വെള്ളിവില റെക്കോർഡ് ഉയരത്തിലായതിനെ തുടർന്നു ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി രണ്ടു ശതമാനത്തിലധികം കയറി.

രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഡോളർ എട്ടു പൈസ ഉയർന്ന് 85.87 രൂപയിൽ വ്യാപാരം തുടങ്ങി. തുടർന്ന് 85.91 രൂപയിലേക്കു കയറി. പിന്നീട് 85.77 രൂപയിലേക്കു താഴ്ന്നു. പണനയത്തിനു ശേഷം രൂപ ഉയർന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 3367 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം വിലമാറ്റം ഇല്ലാതെ 73,040 രൂപയിൽ തുടർന്നു.

ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 65.11 ഡോളറാണ്.

Stock market midday update on 6 june 2025.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com