
ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി താമസിയാതെ നഷ്ടത്തിലേക്കു മാറി. കുറേ സമയം ചാഞ്ചാടിയ ശേഷം സൂചികകൾ കൂടുതൽ താഴ്ന്നു.
ബാങ്ക്, ധനകാര്യ, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ ഓഹരികളുടെ ഇടിവിൽ വിപണി താഴോട്ടു പോകുകയായിരുന്നു. കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ഗ്യാസ്, മെറ്റൽ, മീഡിയ എന്നിവയും താഴ്ചയിലായി. ഓട്ടോ, എഫ്എംസിജി, ഐടി എന്നിവ മാത്രമാണ് ഉയർന്നത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ചയിലാണ്.
ഭൂഷൺ സ്റ്റീൽ ആൻഡ് പവറിനെ ജെഎസ്ഡബ്ല്യു സ്റ്റീൽ ഏറ്റെടുത്തത് അസാധുവാക്കിയ സുപ്രീം കോടതി വിധിക്കെതിരേ വായ്പാ ദാതാക്കളായിരുന്ന എസ്ബിഐയും പിഎൻബിയും ഐഒബിയും റിവ്യു ഹർജി നൽകുമെന്ന് അറിയിച്ചു. ഈ ബാങ്കുകൾ അടക്കം ജെഎസ്ഡബ്ല്യുവിൽ നിന്നു പണം കിട്ടിയ ബാങ്കുകൾ എല്ലാം അതു തിരിച്ചു നൽകണം എന്നാണു വിധി മൂലം വന്നിരിക്കുന്ന അവസ്ഥ. ബാങ്ക് ഓഹരികളെ വലിച്ചു താഴ്ത്തുന്ന പ്രധാന ഘടകം അതാണ്.
മികച്ച നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ച കോഫോർജ് ഓഹരി രാവിലെ അഞ്ചു ശതമാനം കുതിച്ചു.
ഈ വർഷത്തെ വരുമാനം സംബന്ധിച്ച മുൻ വിലയിരുത്തൽ കമിൻസ് ഇന്ത്യയുടെ മാതൃ കമ്പനി പിൻവലിച്ചു. അമേരിക്കൻ തീരുവ സംബന്ധിച്ച അനിശ്ചിതത്വങ്ങളാണു കാരണം. ഇതേ തുടർന്ന് കമിൻസ് ഇന്ത്യ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.
മികച്ച നാലാംപാദ വളർച്ചയെ തുടർന്ന് ഇന്നലെ മൂന്നര ശതമാനം ഉയർന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്നു രാവിലെ അഞ്ചു ശതമാനം കൂടി കുതിച്ചു.
അമേരിക്കയിൽ ഔഷധ ഉൽപാദനം വർധിപ്പിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ചില നടപടികൾ ഇന്നു പ്രഖ്യാപിച്ചു. ഔഷധ ഇറക്കുമതിക്ക് രണ്ടാഴ്ചയ്ക്കകം തീരുവ പ്രഖ്യാപിക്കും എന്നും ട്രംപ് പറഞ്ഞു. യുഎസിലേക്കു കയറ്റുമതി ഉള്ള കമ്പനികൾ നഷ്ടത്തിലായി.
മികച്ച റിസൽട്ടിനു പിന്നാലെ ഡിസിഎം ശ്രീറാം ഓഹരി ഒൻപതു ശതമാനം ഉയർന്നു.
ജപ്പാനിലെ സുമിടോമോ മിട്സുയി ബാങ്കിംഗ് കോർപറേഷന് (എസ്എംബിസി) യെസ് ബാങ്കിൻ്റെ 51 ശതമാനം ഓഹരി വാങ്ങുന്നതിന് റിസർവ് ബാങ്കിൻ്റെ അനുമതി ലഭിച്ചതായി മാധ്യമ റിപ്പോർട്ട്. യെസ് ബാങ്ക് ഓഹരി പത്തു ശതമാനത്തോളം ഉയർന്നു. യെസ് ബാങ്കിന് 170 കോടി ഡോളർ വിലയിട്ടാണു വ്യാപാരം.
രൂപ ഇന്നു രാവിലെ അൽപം താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ കയറി 84.28 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.33 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ 3365 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 2000 രൂപ ഉയർന്ന് 72,200 രൂപയായി. ലോക വിപണിയിൽ സ്വർണം ഇന്നലെ മൂന്നു ശതമാനത്തോളം ഉയർന്നിരുന്നു.
ക്രൂഡ് ഓയിൽ വില സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം 61.18 ഡോളറിൽ എത്തി.