

ചെറിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച വിപണി ഗണ്യമായി ഉയർന്ന ശേഷം താഴ്ചയിലേക്കു മാറി. രാവിലെ 25,593 ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 25,679 വരെ കയറിയിട്ടാണു 130 ലധികം പോയിൻ്റ് ഇടിഞ്ഞത്. സെൻസെക്സ് 83,846 വരെ കയറിയിട്ടു 450 ലധികം പോയിൻ്റ് താഴ്ന്നു.
മറ്റ് ഏഷ്യൻ വിപണികൾ ഉയർന്നു നീങ്ങുകയാണ്. ജപ്പാനിലും ഹോങ്കോങ്ങിലും ഒന്നര ശതമാനത്തിലധികം ഉയർന്നാണു സൂചികകൾ.
ഓട്ടോ, എഫ്എംസിജി, ഐടി എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നു നഷ്ടത്തിലാണ്. മെറ്റൽ, മീഡിയ, റിയൽറ്റി തുടങ്ങിയവയാണു കൂടുതൽ നഷ്ടത്തിലായത്.
വരുമാനം 45.45 ശതമാനം വർധിപ്പിക്കുകയും ലാഭമാർജിൻ 5.98 ൽ നിന്ന് 9.3 ശതമാനമാക്കുകയും ചെയ്ത ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് രാവിലെ അഞ്ചു ശതമാനം ഉയർന്നു. കമ്പനിയുടെ അറ്റാദായം 57 ശതമാനം കുതിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് രാവിലെ മൂന്നു ശതമാനം വരെ താഴ്ന്നു. മസഗോൺ ഡോക്ക് ഒന്നര ശതമാനം താഴ്ന്നു.
വിദേശ ഉപകമ്പനി നൊവേലിസിൻ്റെ റിസൽട്ട് മോശമായതിനെ തുടർന്ന് ഹിൻഡാൽകോ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.
ഗ്രാസിം ഇൻഡസ്ട്രീസിൻ്റെ വിറ്റുവരവ് 17 ശതമാനവും അറ്റാദായം 76 ശതമാനവും കുതിച്ചു. എന്നാൽ ഓഹരി അഞ്ചു ശതമാനത്തോളം താഴ്ന്നു. കമ്പനിയുടെ പെയിൻ്റ് വിഭാഗമായ ബിർല ഓപ്പുസ് സിഇഒ രക്ഷിത് ഹർഗവേ രാജിവച്ചതു വില താഴാൻ കാരണമായി. ഒന്നര വർഷം മുൻപാണു ബിർല ഓപ്പുസ് ലോഞ്ച് ചെയ്തത്. കഴിഞ്ഞ ആറു മാസമായി ഓപ്പുസിൻ്റെ ബിസിനസ് വളർച്ച കാണിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രാജി. ഹർഗവേ ഡിസംബറിൽ ബ്രിട്ടാനിയയുടെ സിഇഒ സ്ഥാനം ഏറ്റെടുക്കും. ലാക്മെ, ഹിന്ദുസ്ഥാൻ യൂണിലീവർ, ജൂബിലൻ്റ് ഫുഡ് തുടങ്ങി എഫ്എംസിജി കമ്പനികളിലായിരുന്നു ഹർഗവേ കൂടുതൽ കാലം പ്രവർത്തിച്ചിട്ടുള്ളത്. പെയിൻ്റ് പുതിയ മേഖലയായിരുന്നു. എഫ്എംസിജി കമ്പനിയായ ബ്രിട്ടാനിയയിൽ ആർ എസ് കോഹ്‌ലി രാജിവച്ച ഒഴിവിലാണു ചേരുന്നത്. ബ്രിട്ടാനിയ ഓഹരി രാവിലെ അഞ്ചു ശതമാനം വരെ ഉയർന്നു.
ലാഭമാർജിൻ കുറഞ്ഞെങ്കിലും ബെർജർ പെയിൻ്റ്സ് ഓഹരി മൂന്നു ശതമാനം വരെ കയറി. ഏഷ്യൻ പെയിൻ്റ്സ് ഓഹരി ഏഴു ശതമാനം വരെ ഉയർന്നു. പെയിൻ്റ് മേഖലയിൽ പുതിയ മത്സരം നൽകിയ ബിർലാ ഓപ്പുസിലെ നേതൃമാറ്റമാണു പഴയ കമ്പനികളെ ഉയർത്തിയത്.
മികച്ച റിസൽട്ടിൻ്റെ വെളിച്ചത്തിൽ പേയ്ടിഎം ഓഹരി നാലു ശതമാനം വരെ കയറി. സിറ്റി, ജെഫറീസ്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ വിദേശ ബ്രോക്കറേജുകൾ ഓഹരിയുടെ ലക്ഷ്യ വില 1600 രൂപ വരെ ഉയർത്തി.
രണ്ടാം പാദത്തിൽ വലിയ നഷ്ടം കാണിച്ചെങ്കിലും ഇൻഡിഗോ ഓഹരി മൂന്നു ശതമാനത്തിലധികം ഉയർന്നു. വിദേശനാണ്യ വിനിമയത്തിലെ വിഷയങ്ങൾ മൂലമാണു നഷ്ടം എന്നാണു കമ്പനിയുടെ വിശദീകരണം.
വരുമാനം വർധിച്ചിട്ടും നഷ്ടത്തിലേക്ക് മാറിയ ലോജിസ്റ്റിക്സ് കമ്പനി ഡെൽഹിവെറിയുടെ ഓഹരി എട്ടു ശതമാനം വരെ ഇടിഞ്ഞു.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 12 പെെസ കുറഞ്ഞ് 88.54 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.61 രൂപയായി. ഡോളർ സൂചിക 100.05 ആയി കുറഞ്ഞതും രൂപയെ സഹായിച്ചു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3988 ഡോളറിലേക്കു കയറി. ഡോളറിൻ്റെ ദൗർബല്യവും പലിശക്കാര്യത്തിലെ അനിശ്ചിതത്വവും സ്വർണത്തെ കയറ്റുകയാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 320 രൂപ കൂടി 89,400 രൂപയിലെത്തി.
ക്രൂഡ് ഓയിൽ വില താഴ്ന്ന ശേഷം അൽപം കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 63.73 ഡോളറിലേക്കു കയറി.
Read DhanamOnline in English
Subscribe to Dhanam Magazine