വിപണി തകർച്ചയിൽ, ഐടി, മെറ്റൽ, മീഡിയ, ഓട്ടോ, റിയൽറ്റി, ഓയിൽ മേഖലകൾ ഇടിവില്‍; രൂപ വലിയ താഴ്ചയില്‍

മിഡ് ക്യാപ് സൂചിക ആറും സ്മോൾ ക്യാപ് സൂചിക എഴും ശതമാനം വരെ ഇടിഞ്ഞു
a man sitting in front of computer screens which showing stock market trends
image credit : canva
Published on

സാമ്പത്തികമാന്ദ്യ ഭീതി മൂലം അഞ്ചു ശതമാനം തകർച്ചയിൽ വ്യാപാരം തുടങ്ങിയ ഇന്ന് ഇന്ത്യൻ വിപണി നഷ്ടം കുറയ്ക്കാൻ ശ്രമിക്കുകയാണ്. 22,000 നു താഴെ നിന്നു കയറാൻ പലവട്ടം ശ്രമിച്ചിട്ടും നിഫ്റ്റിക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ബാങ്ക് നിഫ്റ്റി 50,000 നു താഴെയായി.

രാവിലെ സെൻസെക്സ് 71,425 ഉം നിഫ്റ്റി 21,743 ഉം വരെ താഴ്ന്നിട്ടാണ് ചാഞ്ചാട്ടത്തിലായത്.

മിഡ് ക്യാപ് സൂചിക ആറും സ്മോൾ ക്യാപ് സൂചിക എഴും ശതമാനം വരെ ഇടിഞ്ഞു.

ഐടി, മെറ്റൽ, മീഡിയ, ഓട്ടോ, റിയൽറ്റി, ഓയിൽ തുടങ്ങിയ മേഖലകൾ അഞ്ചു ശതമാനത്തിലധികം നഷ്ടത്തിലാണ്.

ഇന്നാരംഭിച്ച റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി യോഗം ബുധനാഴ്ച റീപോ നിരക്കിൽ കാൽ ശതമാനം കുറവു വരുത്തുമെന്ന സൂചന പോലും വിപണിയെ സഹായിച്ചില്ല.

അമേരിക്കയിലേക്ക് ജെഎൽആർ കാറുകൾ അയക്കുന്നതു നിർത്തിവച്ച ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരി 11 ശതമാനം ഇടിഞ്ഞു. ടാറ്റാ സ്റ്റീലും 10 ശതമാനം താഴ്ചയിലാണ്. നിഫ്റ്റി 50 സൂചികയിലെ അഞ്ചു ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തിൽ രാവിലെ ഒന്നര ലക്ഷം കോടി രൂപ നഷ്ടമായി. ട്രെൻ്റ് ഓഹരി 18 ശതമാനം ഇടിഞ്ഞു.

55 ഓഹരികൾ മാത്രം ഉയരുകയും 2500 ഓഹരികൾ താഴുകയും ചെയ്യുന്ന നിലയിലായിരുന്നു രാവിലെ എൻഎസ്ഇയിലെ വ്യാപാരം.

ഏഷ്യൻ വിപണികൾ ഇന്നു ശരാശരി ഏഴു ശതമാനം ഇടിഞ്ഞു. ഹോങ്‌കോങ്ങിലെ ഹാങ് സെങ് 11ഉം ചൈനയിലെ ഷാങ് ഹായ് സൂചിക ഏഴും ശതമാനം തകർച്ചയിലായി.

ബിസിനസ് നേതാക്കൾക്കു ഡോണൾഡ് ട്രംപിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതായി നിക്ഷേപങ്ങളിലൂടെ ശതകോടീശ്വരനായ ബിൽ ആക്ക്മാൻ പറഞ്ഞു. ട്രംപിൻ്റെ രാഷ്ട്രീയ അടിത്തറയ്ക്കു സാരമായ ഇളക്കം തട്ടിയതായി റിപ്പോർട്ടുകൾ ഉണ്ട്.

രൂപ ഇന്നു വലിയ ഇടിവിലായി. ഡോളർ 50 പൈസ കയറി 85.73 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.57 രൂപയായി. ഇന്ത്യൻ വിപണിയിൽ നിന്നു വിദേശികൾ പിന്മാറുന്നതും കയറ്റുമതി ഇടിയുന്നതും ഒക്കെയാണു രൂപയെ താഴ്ത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 101 വരെ ഇടിഞ്ഞ ഡോളർ സൂചിക ഇന്ന് 103 ലാണ്.

സ്വർണം ഔൺസിന് 3024 ഡോളറിലായി. കേരളത്തിൽ ആഭരണ സ്വർണം പവന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി.

ക്രൂഡ് ഓയിൽ താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 63.78 ഡോളർ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com