

അതിർത്തി സംഘർഷം യുദ്ധത്തിലേക്കു വഴുതി വീഴുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണി ഇന്നു ചാഞ്ചാട്ടത്തിലായി. താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി നേട്ടത്തിലേക്ക് മാറിയ ശേഷമാണു ചാഞ്ചാട്ടത്തിലായത്. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 80 പോയിൻ്റ് താഴ്ചയിലാണ്.
ഇന്ത്യയുടെ അഞ്ചു വിമാനങ്ങൾ വീഴ്ത്തിയെന്ന പാകിസ്ഥാൻ്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചു. അതിർത്തിയിൽ ഒരു പാക് വിമാനം തകർന്നു വീണിട്ടുണ്ട്.
പാക്കിസ്ഥാനിലെ കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് ആറു ശതമാനം ഇടിവിലാണു വ്യാപാരം തുടങ്ങിയത്.
ഇന്ത്യ -യുകെ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുടെ കയറ്റുമതിക്കു ചുങ്കം ഒഴിവാക്കും. പ്രമുഖ വസ്ത്ര കയറ്റുമതിക്കാരായ ഗോകൽദാസ് എക്സ്പോർട്സ് ഓഹരി എട്ടു ശതമാനത്തിലധികം ഉയർന്നു. എസ്പി അപ്പാരൽസ് 12 ഉം കെപിആർ മിൽ 7.5 ഉം ശതമാനം കയറി.
കിറ്റെക്സ് ഗാർമെൻ്റ്സ് അഞ്ചു ശതമാനം ഉയർന്നു.
റിയൽറ്റി ഓഹരികൾ ഇന്നും താഴ്ചയിലാണ്. പ്രമുഖ ഓഹരികൾ മൂന്നു ശതമാനം വരെ താഴ്ന്നു.
മികച്ച റിസൽട്ടും യുകെയിൽ നിന്നുള്ള വിസ്കി ഇറക്കുമതിക്കു ചുങ്കം കുറഞ്ഞതും റാഡികോ ഖേതൻ്റെ ഓഹരിയെ നാലു ശതമാനം കയറ്റി.
വിറ്റുവരവും ലാഭവും ലാഭമാർജിനും കുറഞ്ഞ കൻസായ് നെരോലാക് ഓഹരി മൂന്നു ശതമാനം വരെ താഴ്ന്നു.
ഇന്നു റിസൽട്ട് പ്രഖ്യാപിക്കാനിരിക്കുന്ന ബിഎസ്ഇ ലിമിറ്റഡ് ഓഹരി എട്ടു ശതമാനം കുതിച്ചു.
രൂപ ഇന്ന് ദുർബലമായി വ്യാപാരം തുടങ്ങി. ഡോളർ 20 പൈസ കൂടി 84.63 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.52 രൂപയിലേക്കു ഡോളർ താഴ്ന്നു.
സ്വർണം ലോക വിപണിയിൽ 3377 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 400 രൂപ വർധിച്ച് 72,600 രൂപയായി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം 62.56 ഡോളറിലാണ്.