വിപണി കൂടുതൽ താഴ്ചയിൽ; കോഫോർജ്, അംബർ എൻ്റർപ്രൈസസ്, എയർടെല്‍ ഇടിവില്‍, അപ്പോളോ ഹോസ്പിറ്റൽസ് നേട്ടത്തില്‍

സെൻസെക്സ് 83,150 ൽ വ്യാപാരം തുടങ്ങിയ ശേഷം 82,670 വരെ താഴ്ന്നു
stock market
Image courtesy: Canva
Published on

താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ താഴ്ചയിലായി. അതിനു ശേഷം നഷ്ടം അൽപം കുറച്ചു. വിദേശവിപണികളിലെ ഇടിവും വിദേശനിക്ഷേപകരുടെ പിന്മാറ്റവും ആണു വിപണിയെ താഴോട്ടു വലിക്കുന്നത്.

സെൻസെക്സ് 83,150 ൽ വ്യാപാരം തുടങ്ങിയ ശേഷം 82,670 വരെ താഴ്ന്നു. നിഫ്റ്റി 25,318 വരെ ഇടിഞ്ഞിട്ട് അൽപം തിരിച്ചു കയറി. വീണ്ടും താഴോട്ടു നീങ്ങി. നിഫ്റ്റി 25,350 ലെ പിന്തുണ നില നഷ്ടപ്പെടുത്തി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ കൂടുതൽ താഴ്ചയിലായി. സ്മോൾ ക്യാപ് 100 സൂചിക ഒരു ശതമാനത്തിലധികം താഴ്ന്നു. ബാങ്ക് നിഫ്റ്റി അര ശതമാനം ഇടിഞ്ഞു.

എയർകണ്ടീഷണർ വിൽപന കുറഞ്ഞതിനെ തുടർന്ന് 19.2 കോടി രൂപ ലാഭത്തിൽ നിന്നു 32.9 കോടി നഷ്ടത്തിലേക്കു മാറിയ അംബർ എൻ്റർപ്രൈസസ് ഓഹരി രാവിലെ 14 ശതമാനം ഇടിഞ്ഞു. ജിഎസ്ടി ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഉപയോക്താക്കൾ വാങ്ങൽ നീട്ടിവച്ചതാണു വിൽപന ഇടിയാൻ പ്രധാനകാരണം. ഗൃഹോപകരണ നിർമാതാക്കളായ ബ്ലൂ സ്റ്റാർ നാലും പിജി ഇലക്ട്രോപ്ലാസ്റ്റ് അഞ്ചും ശതമാനം താഴ്ന്നു.

ഐടി കമ്പനികളായ കോഫോർജ്, എച്ച്സിഎൽ ടെക്, മെെൻഡ്ട്രീ, പെർസിസ്റ്റൻ്റ്, എംഫസിസ് തുടങ്ങിയവ രണ്ടു മുതൽ മൂന്നു വരെ ശതമാനം ഇടിഞ്ഞു.

രണ്ടാം പാദത്തിലെ ലാഭം 25 ശതമാനം വർധിച്ചതിനെ തുടർന്ന് അപ്പോളോ ഹോസ്പിറ്റൽസ് ഓഹരി രാവിലെ മൂന്നു ശതമാനം ഉയർന്നു. പിന്നീട് നഷ്ടത്തിലേക്കു മാറി.

ഭാരതി എയർടെലിൻ്റെ 5.1 കോടി ഓഹരികൾ സിംഗപ്പൂരിലെ സിംഗ്ടെൽ കമ്പനി ബൾക്ക് ഇടപാടിൽ വിറ്റു. ഓഹരി നാലര ശതമാനം ഇടിഞ്ഞു.

ബോംബെ ഡൈയിംഗിൻ്റെ വരുമാനം 4.72 ശതമാനം താഴ്ന്ന് 362.63 കോടി രൂപയായി. അറ്റാദായം ഇടിഞ്ഞ് 4.72 കോടി രൂപയായി. കഴിഞ്ഞ വർഷം ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിൽ 500 കോടിയിലധികം ലഭിച്ചതായിരുന്നു ലാഭക്കുതിപ്പിനു കാരണം. ഓഹരി 3.5 ശതമാനം താഴ്ന്നു.

രൂപ ഇന്നു രാവിലെ ദുർബലമായി. ഡോളർ അഞ്ചു പൈസ കയറി 88.66 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.71 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് വിപണിയിൽ സജീവമായി ഇടപെടുന്നുണ്ട്. ഇന്നലെ 99.73 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക രാവിലെ 99.80 ലേക്കു കയറി.

സ്വർണം ലോകവിപണിയിൽ 3998 ഡോളറിലേക്കു കയറി.

ക്രൂഡ് ഓയിൽ വില താഴ്ന്നു. രാവിലെ 63.80 ഡോളർ വര ഉയർന്ന ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 63.54 ഡോളർ ആയി താഴ്ന്നു.

Stock market midday update on 7 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com