നാലാം ദിവസവും വിപണിക്കു കയറ്റം; ഹിന്ദുസ്ഥാൻ കോപ്പർ, അദാനി എൻ്റർപ്രൈസസ്, മെട്രോപൊളിസ്‌ ഹെൽത്ത് നേട്ടത്തില്‍, ട്രെൻ്റ് ഇടിവില്‍

ഒരു മണിക്കൂർ പിന്നിട്ടപ്പോള്‍ നിഫ്റ്റി 120 ഉം സെൻസെക്സ് 400 ഉം പോയിൻ്റ് ഉയർന്നു
stock market
Image courtesy: Canva
Published on

വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു വലിയ നേട്ടത്തിലേക്കു കുതിച്ചു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 120 ഉം സെൻസെക്സ് 400 ഉം പോയിൻ്റ് ഉയർന്നിരുന്നു. ബാങ്ക് നിഫ്റ്റിയും നല്ല കയറ്റത്തിലാണ്. തുടർച്ചയായ നാലാം ദിവസത്തെ കയറ്റത്തിൽ നിന്ന് ഐ.ടി വിട്ടു നിൽക്കുകയാണ്.

രണ്ടാം പാദത്തിലെ മികച്ച ബിസിനസ് വളർച്ചയെ തുടർന്ന് മെട്രോപൊളിസ്‌ ഹെൽത്ത് കെയർ നാലു ശതമാനത്തോളം ഉയർന്നു.

ഡീലർമാരുടെ ഫെഡറേഷൻ്റെ (ഫാഡാ) കണക്കനുസരിച്ച് സെപ്റ്റംബറിൽ വാഹന വിൽപന കുറഞ്ഞു. മൊത്തം വിൽപന തലേ മാസത്തെ അപേക്ഷിച്ച് 6.98 ശതമാനവും തലേ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 5.22 ശതമാനവും താഴ്ന്നു. ജിഎസ്ടി കുറച്ചതു മൂലം സെപ്റ്റംബർ 21 വരെ നാമമാത്ര വിൽപനയേ നടന്നുള്ളൂ. പിന്നീടു വലിയ കുതിപ്പ് ഉണ്ടായി. വാണിജ്യ വാഹന വിൽപന തലേ മാസത്തിൽ നിന്ന് 4.59 ശതമാനം കുറഞ്ഞപ്പോൾ തലേ സെപ്റ്റംബറിനെ അപേക്ഷിച്ചു 2.66 ശതമാനം വർധിച്ചു. ടൂ വീലർ വിൽപന തലേമാസത്തേക്കാൾ 6.26 ഉം തലേ സെപ്റ്റംബറിനേക്കാൾ 6.51 ഉം ശതമാനം കുറഞ്ഞു.

പുതിയ കരാർ ലഭിച്ചത് ദിലീപ് ബിൽഡ്കോണിനെ രണ്ടു ശതമാനം ഉയർത്തി.

രണ്ടാം പാദ ബിസിനസ് വളർച്ച പ്രതീക്ഷയോളം വരാത്തത് ട്രെൻ്റ് ഓഹരിയെ മൂന്നു ശതമാനത്തോളം താഴ്ത്തി.

ആഗോള വിപണിയെ പിന്തുടര്‍ന്ന് മെറ്റൽ ഓഹരികൾ ഉയർന്നു. വെൽസ്പൺ കോർപറേഷൻ, നാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ, ടാറ്റാ സ്റ്റീൽ, അദാനി എൻ്റർപ്രൈസസ്, വേദാന്ത തുടങ്ങിയവ നേട്ടം കുറിച്ചു.

രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ താഴ്ന്ന് 88.72 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.76 രൂപയായി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 3975 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 920 രൂപ വർധിച്ച് 89,480 രൂപ എന്ന റെക്കോർഡ് കുറിച്ചു.

ക്രൂഡ് ഓയിൽ നേരിയ മുന്നേറ്റം കാണിച്ചു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 65.70 ഡോളറിൽ എത്തി.

Stock market midday update on 7 october 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com