വിപണിയിൽ ആശ്വാസ റാലി, രണ്ടര ശതമാനത്തിലധികം ഉയർന്ന് മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ; രൂപ ഇന്നും ദുർബലം

രാവിലെ നിഫ്റ്റി 22,577.55 വരെയും സെൻസെക്സ് 74,421.65 വരെയും കയറി
stock market
Published on

തുടർച്ചയായ തകർച്ചകൾക്കു ശേഷം ഇന്ത്യൻ വിപണി ഇന്ന് ഒരു ആശ്വാസ റാലിയിലേക്കു മാറി. വിദേശ സൂചനകളുടെ പിൻബലത്തിൽ ഒന്നര ശതമാനത്തിലധികം ഉയർന്നാണു മുഖ്യ സൂചികകൾ വ്യാപാരം തുടങ്ങിയത്. പിന്നീട് അൽപം താഴ്ന്നു.

രാവിലെ നിഫ്റ്റി 22,577.55 വരെയും സെൻസെക്സ് 74,421.65 വരെയും കയറി. പിന്നീട് നിഫ്റ്റി 22,400 നും സെൻസെക്സ് 74,000 നും താഴേക്ക് എത്തി. തുടർന്നു ചാഞ്ചാടി.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടര ശതമാനത്തിലധികം ഉയർന്നു വ്യാപാരം ആരംഭിച്ചു.

തീരുവയുദ്ധത്തിൽ ഇന്ത്യക്ക് അനുകൂലമായ എന്തെങ്കിലും തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയാണു വിപണിയിൽ ഉള്ളത്. നാളെയാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 26 ശതമാനം തീരുവ നിലവിൽ വരേണ്ടത്.

ഐടി അടക്കം എല്ലാ ബിസിനസ് മേഖലകളും ഇന്നു നേട്ടം കാണിച്ചു.

രൂപ ഇന്നും ദുർബലമായി. ഡോളർ അഞ്ചു പൈസ കയറി 85.89 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.92 രൂപ വരെ കയറിയിട്ട് 85.83 വരെ താഴ്ന്നു.

സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 2996 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 480 രൂപ കുറഞ്ഞ് 65,800 രൂപയായി.

ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെൻ്റ് ഇനം ബാരലിന് 65.12 ഡോളറിൽ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com