വിപണി താഴ്ന്നു നീങ്ങുന്നു, മുഖ്യ സൂചികകൾ 0.75% താഴ്ചയില്‍, ഐടി, മെറ്റൽ ഓഹരികള്‍ ഇടിവില്‍; രൂപ വീണ്ടും നഷ്ടത്തിൽ

സെൻസെക്സ് 73,318 വരെയും നിഫ്റ്റി 23,070 വരെയും താഴ്ന്ന ശേഷം തിരിച്ചു കയറി
Stock market trading via mobile
Demat account Image : Canva
Published on

താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കൂടുതൽ താഴ്ന്ന ശേഷം തിരിച്ചു കയറി നഷ്‌ടം കുറച്ചു. വിശാലവിപണിയും നഷ്ടത്തിലാണ്.

സെൻസെക്സ് 73,318 വരെയും നിഫ്റ്റി 23,070 വരെയും താഴ്ന്ന ശേഷം ഗണ്യമായി തിരിച്ചു കയറി. എങ്കിലും മുഖ്യ സൂചികകൾ ഒരു മണിക്കൂറിനു ശേഷം 0.75 ശതമാനം നഷ്ടത്തിലാണ്. മിഡ് ക്യാപ് സൂചിക 0.67 ശതമാനം താഴ്ന്നു നിൽക്കുന്നു.

ഐടി, മെറ്റൽ, ഓട്ടോ ഓഹരികൾ രാവിലെ വലിയ താഴ്ചയിലായി: ബാങ്ക് സൂചിക നഷ്ടം കുറച്ചു.

പഞ്ചസാര കമ്പനികൾ രാവിലെ ഉയർന്നു. എഥനോൾ ചേർത്ത പെട്രോൾ വിപണിയിൽ ബ്രാൻഡ് ചെയ്ത് ഇറക്കിയ സാഹചര്യത്തിലാണിത്. ധാംപുർ, ബൽറാംപുർ, ഡാൽമിയ ഭാരത്, ബജാജ് ഹിന്ദുസ്ഥാൻ, ത്രിവേണി എൻജിനിയറിംഗ്, മാവന, ദ്വാരികേശ്, ശ്രീരേണുക തുടങ്ങിയവ നാലു ശതമാനം വരെ ഉയർന്നു.

റിയൽ എസ്റ്റേറ്റ് കമ്പനികൾ ഇന്നു നഷ്ടത്തിലായി. അനന്ത്‌രാജ്, ഗോദ്‌റെജ്, ഓബറോയ്, ലോധ, ഡിഎൽഎഫ്, ശോഭ, ബ്രിഗേഡ്, പ്രസ്റ്റീജ് തുടങ്ങിയവ രണ്ടു ശതമാനത്തോളം താഴ്ന്നു.

യുകെയിലെ ടാൽബോട്ടിലുള്ള പ്ലാൻ്റിൽ ഇന്നലെ ഉണ്ടായ അഗ്‌നിബാധ ടാറ്റാ സ്റ്റീൽ ഓഹരിയെ രണ്ടു ശതമാനത്തിലധികം താഴ്ത്തി.

ജിഎംആർ എയർപോർട്സിന് വാങ്ങൽ ശിപാർശ നൽകിയ ജെഫറീസ് ഓഹരിക്കു 125 രൂപ ലക്ഷ്യവില നിശ്ചയിച്ചു.

ഹിൻഡാൽകോ ഓഹരിക്കു 1430 രൂപ ലക്ഷ്യവില നിർണയിച്ച എച്ച്എസ്ബിസി വാങ്ങൽ ശിപാർശയും നൽകി.

അദാനി ഗ്രീൻ ഓഹരിക്കു ലക്ഷ്യവില 1435 രൂപ നിശ്ചയിച്ച ജെഫറീസ് വാങ്ങൽ ശിപാർശ നൽകി.

രൂപ ഇന്നു രാവിലെ നഷ്‌ടത്തിലായി. ഡോളർ വീണ്ടും 95 രൂപയ്ക്ക് മുകളിൽ കയറി. ഡോളർ 37 പൈസ കൂടി 95.32 രൂപയിൽ ഓപ്പൺ ചെയ്തു. 95.36 രൂപയിലേക്കു ഡോളർ കയറിയ ശേഷം ചാഞ്ചാട്ടമായി. റിസർവ് ബാങ്ക് ഡോളർ വിൽപന കൂട്ടിയതിനെ തുടർന്നു ഡോളർ 95.16 രൂപ വരെ താഴ്ന്നു.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4315 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 760 രൂപ കുറഞ്ഞ് 1,11,240 രൂപ ആയി.

ക്രൂഡ് ഓയിൽ വില രാവിലെ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 96.63 ഡോളറിലും ഡബ്ള്യുടിഐ ഇനം 93.85 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com