
അതിർത്തി സംഘർഷത്തിൻെറ പശ്ചാത്തലത്തിൽ ഓഹരികൾ ചാഞ്ചാടുകയാണ്. രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച വിപണി താമസിയാതെ നഷ്ടത്തിലായി.
നിഫ്റ്റി 24,447 വരെ കയറിയിട്ട് 24,373 വരെ താഴ്ന്നു. പിന്നീടു കയറ്റിറക്കമായി. സെൻസെക്സ് 80,657 നും 80,928 നും ഇടയിൽ കയറിയിറങ്ങി.
മുഖ്യ സൂചികകൾ ചാഞ്ചാടിയപ്പോൾ വിശാലവിപണി കയറാൻ തയാറായി. സ്മോൾ ക്യാപ് 100 സൂചിക ഒന്നേകാൽ ശതമാനം വരെ ഉയർന്നു.
യുഎസ്- യുകെ വ്യാപാര ഉടമ്പടി ഇന്നു പ്രഖ്യാപിക്കും എന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ടാറ്റാ മോട്ടോഴ്സ് ഓഹരി രണ്ടു ശതമാനത്തിലധികം ഉയർന്നു. ടാറ്റായുടെ ജെഎൽആർ വാഹനങ്ങൾ യുകെയിൽ നിന്നാണു യുഎസിലേക്കു കയറ്റുമതി നടത്തുന്നത്.
ഗൃഹോപകരണ കമ്പനിയായ സിംഫണി ലിമിറ്റഡ് മികച്ച ലാഭവർധന കാണിച്ചതിനെ തുടർന്ന് ഓഹരി 11 ശതമാനം കുതിച്ചു.
പ്രീമിയം വരുമാനത്തിലും ലാഭത്തിലും വലിയ വളർച്ച കാണിച്ച നിവ ബൂപ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി 13 ശതമാനം കുതിച്ചു കയറി
നാലാം പാദ റിസൽട്ട് മോശമായതിനെ തുടർന്ന് ഡാബർ ഇന്ത്യ ഓഹരി മൂന്നു ശതമാനം വരെ താഴ്ന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് അടക്കം പ്രതിരോധ ഓഹരികൾ ഇന്നു കയറ്റത്തിലാണ്.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 19 പൈസ കുറഞ്ഞ് 84.64 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.56 രൂപയായി. ഡോളർ സൂചിക 99.65 ൽ നിൽക്കുകയാണ്.
സ്വർണം ലോകവിപണിയിൽ ഇന്നു രാവിലെ ഔൺസിന് 3416 ഡോളർ വരെ ഉയർന്നിട്ട് 3396 ലേക്കു താഴ്ന്നു. കേരളത്തിൽ ആഭരണസ്വർണം പവന് 440 രൂപ വർധിച്ച് 73,040 രൂപയായി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 61.54 ഡോളർ ആണ്.