റീപോ നിരക്കു കുറച്ച് റിസർവ് ബാങ്ക്; വളർച്ച, വിലക്കയറ്റ പ്രതീക്ഷകളും കുറച്ചു; വിപണി താഴ്ചയിൽ

പലിശനിരക്ക് കുറയ്ക്കാൻ റീപോ കുറയ്ക്കൽ സഹായിക്കും
rbi share market
Image Courtesy: Canva
Published on

റീപോ നിരക്ക് കാൽ ശതമാനം കുറച്ചു കൊണ്ട് റിസർവ് ബാങ്ക് പണനയം. ഏകകണ്ഠമായാണ് പണനയ കമ്മിറ്റിയുടെ തീരുമാനം എന്നു ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. പണനയ പ്രഖ്യാപനം വിപണിയിൽ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. വിപണി താഴ്ചയിലാണ്.

ഈ ധനകാര്യ വർഷത്തെ ജിഡിപി വളർച്ച പ്രതീക്ഷ 6.7 ൽ നിന്ന് 6.5 ശതമാനമായി കുറച്ചു. ആഗോള സാഹചര്യം വളർച്ചയ്ക്കു വെല്ലുവിളി ഉയർന്നതാണെന്നു ഗവർണർ പറഞ്ഞു. അനിശ്ചിതത്വമാണ് എങ്ങും. ഉൽപന്ന കയറ്റുമതി കുറയാൻ സാധ്യത ഉണ്ട്. സേവന കയറ്റുമതിക്കു കഴപ്പമില്ലെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു.

അതേസമയം ചില്ലറവിലക്കയറ്റ പ്രതീക്ഷ 4.2 ൽ നിന്ന് നാലു ശതമാനമായി കുറച്ചു.

സ്വർണപ്പണയ വായ്പകൾക്കു സമഗ്രമായ മാർഗരേഖ ഉടനേ പുറപ്പെടുവിക്കും എന്ന് ഗവർണർ അറിയിച്ചു. സ്വർണപ്പണയ കമ്പനികളുടെയും ബാങ്കുകളുടെയും ഓഹരികൾ താഴ്ന്നു.

റീപോ നിരക്ക് പ്രതീക്ഷിച്ചതു പോലെ 6.25 ശതമാനത്തിൽ നിന്ന് ആറു ശതമാനമാക്കി. സഞ്ജയ് മൽഹോത്ര ഗവർണറായ ശേഷമാണ് നിരക്ക് 6.5 ൽ നിന്ന് 6.25 ആക്കിയത്. ബാങ്കുകൾക്ക് അടിയന്തര ഘട്ടങ്ങളിൽ റിസർവ് ബാങ്ക് നൽകുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ നിരക്ക്. പലിശനിരക്ക് കുറയ്ക്കാൻ റീപോ കുറയ്ക്കൽ സഹായിക്കും. ബാങ്കുകൾ കുറേ വായ്പകൾക്കു പലിശ നിശ്ചയിക്കുന്നതു റീപോ നിരക്കുമായി ബന്ധിപ്പിച്ചാണ്. സ്റ്റാൻഡിംഗ് ഡിപ്പോസിറ്റ് ഫസിലിറ്റി നിരക്ക് ആറിൽ നിന്ന് 5.75 ശതമാനമായി കുറച്ചു. ബാങ്കുകൾ നടത്തുന്ന ഏകദിന നിക്ഷേപത്തിനു റിസർവ് ബാങ്ക് നൽകുന്ന പലിശയാണിത്.

മാസങ്ങൾക്കു ശേഷം ബാങ്കുകളുടെ പണലഭ്യത മിച്ചത്തിലേക്കു മാറിയ സാഹചര്യത്തിൽ കരുതൽ പണ അനുപാതം (സിആർആർ - ഇപ്പോൾ നാലു ശതമാനം), സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ - ഇപ്പോൾ 18 ശതമാനം) എന്നിവയിൽ മാറ്റം വരുത്തിയില്ല. അതേ സമയം റിസർവ് ബാങ്ക് പണലഭ്യതാ സമീപനം ന്യൂട്രലിൽ നിന്ന് അക്കമൊഡേറ്റീവ് ആക്കി മാറ്റി. ബാങ്കുകൾക്കു പണലഭ്യതയിൽ യാതൊരു പ്രശ്നവും ഉണ്ടാകാതെ നോക്കും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

രാവിലെ 22,460 ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി 22,357 വരെ താഴ്ന്നിട്ട് തിരിച്ചു കയറി. സെൻസെക്സ് 74,103 ൽ വ്യാപാരം തുടങ്ങിയിട്ട് 73,673 വരെ താഴ്ന്ന ശേഷം തിരിച്ചു കയറി. പണനയം പ്രഖ്യാപിക്കാൻ തുടങ്ങുമ്പോൾ നിഫ്റ്റി 22,390 ലും ബാങ്ക് നിഫ്റ്റി 50,260 ലും സെൻസെക്സ് 73,860 ലും ആയിരുന്നു. പ്രഖ്യാപനം കഴിഞ്ഞപ്പോൾ നിഫ്റ്റി 22,415 ഉം ബാങ്ക് നിഫ്റ്റി 50,270 ഉം സെൻസെക്സ് 73,930 ഉം ആയി. പിന്നീടു സൂചികകൾ താഴ്ന്നു.

ഐടി കമ്പനികളുടെ വരുമാനവും ലാഭവും കുറയുമെന്നു വിലയിരുത്തിയ വിദേശ ബ്രോക്കറേജ് ജെഫെറീസ് ഓഹരികളുടെ ലക്ഷ്യവില കുത്തനേ താഴ്ത്തി. 7.4 ശതമാനം മുതൽ 39 ശതമാനം വരെയാണു ലക്ഷ്യവില താഴ്ത്തിയത്. നിഫ്റ്റി ഐടി തുടക്കത്തിൽ രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.

ഔഷധങ്ങളുടെ ചുങ്കം ഉടന കൂട്ടും എന്ന പ്രസിഡൻ്റ് ട്രംപിൻ്റെ പ്രഖ്യാപനത്തെ തുടർന്ന് ഫാർമ ഓഹരികൾ വലിയ താഴ്ചയിലായി. നിഫ്റ്റി ഫാർമ രണ്ടു ശതമാനം താഴ്ന്നു.

അമേരിക്കയിൽ സർക്കാർ കടപ്പത്ര വിലകൾ ഇടിയുകയാണ്. 10 വർഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.51 ശതമാനത്തിലേക്ക് കയറി. ചൈനയുടെ കേന്ദ്ര ബാങ്കിൻ്റെ പക്കലാണ് യുഎസ് സർക്കാർ കടപ്പത്രങ്ങൾ ഏറ്റവുമധികം ഉള്ളത്. അവർ കടപ്പത്രങ്ങൾ വിൽക്കാൻ തുടങ്ങിയാൽ വിപണിയിൽ വല്ലാത്ത കോളിളക്കം ഉണ്ടാകും.

യുഎസ് ഓഹരി വിപണിയുടെ ഫ്യൂച്ചേഴ്സ് 1.75 ശതമാനം താഴ്ചയിലേക്കു വീണു.

രൂപ ഇന്നും ദുർബലമായി. ഡോളർ 21 പൈസ കയറി 86.47 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.65 രൂപയായി. ചൈനയുടെ കറൻസി ഡോളറിന് 7.38 യുവാൻ എന്ന നിലയിലേക്ക് താഴ്ന്നു. ഇതു രൂപയുടെ മേൽ സമ്മർദം വളർത്തുന്നുണ്ട്. ഇൻഡോനീഷ്യയുടെ റുപ്പയ്യ ഇന്നു മുക്കാൽ ശതമാനം ഇടിഞ്ഞു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 3007 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 520 രൂപ കൂടി 66,320 രൂപയായി.

ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ നിന്ന് അൽപം കയറിയിട്ടു വീണ്ടും താണു. ബ്രെൻ്റ് ഇനം 61.08 ഡോളർ വരെ കയറിയിട്ട് 60.28 ലേക്കു താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com