

ഇന്ത്യയും അമേരിക്കയുമായുള്ള ഇടക്കാല വ്യാപാര കരാർ താമസിയാതെ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലാണ് ഇന്നു രാവിലെ ഇന്ത്യൻ വിപണി നീങ്ങിയത്. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി കൂടുതൽ താഴ്ന്ന ശേഷം തിരിച്ചു കയറി നഷ്ടം കുറച്ചു. ഒരു മണിക്കൂർ വ്യാപാരത്തിനു ശേഷം മുഖ്യ സൂചികകൾ നേട്ടത്തിലായി.
കൃഷി, ക്ഷീര മേഖലകളിൽ യുഎസ് ആവശ്യത്തിനു വഴങ്ങാതെ വ്യാപാര കരാർ ഉണ്ടാക്കാൻ ഇന്ത്യക്കു സാധിച്ചേക്കും എന്ന സൂചനയാണ് ഇന്നു ഗവണ്മെൻ്റ് കേന്ദ്രങ്ങൾ നൽകുന്നത്.
ചെമ്പിന് 50 ശതമാനം ചുങ്കം അമേരിക്ക പ്രഖ്യാപിച്ചത് ഹിന്ദുസ്ഥാൻ കോപ്പറിനെ മൂന്നു ശതമാനം താഴ്ത്തി. വേദാന്തയും ഹിൻഡാൽകോയും ഒരു ശതമാനത്തിലധികം താഴ്ന്നു.
ഔഷധങ്ങൾക്ക് ഒന്നൊന്നര വർഷത്തിനുള്ളിൽ 200 ശതമാനം ചുങ്കം ചുമത്തുമെന്ന യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവന ഫാർമ കമ്പനികളെ ഇന്നു കാര്യമായി ബാധിച്ചില്ല. പല ഫാർമ ഓഹരികളും രാവിലെ ഉയർന്നു.
ഒന്നാം പാദത്തിലെ ബിസിനസ് വളർച്ച തീർത്തും ദുർബലമായതിനെ തുടർന്നു യൂണിയൻ ബാങ്ക് ഓഹരി അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.
മാരൻ സഹോദരന്മാർ തമ്മിൽ ഉള്ള തർക്കം തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇടപെട്ട് ഒത്തുതീർപ്പ് ആക്കിയതിനെ തുടർന്ന് സൺ ടിവി ഓഹരി രണ്ടു ശതമാനം ഉയർന്നു.
ജെപി മോർഗൻ വിശകലനത്തിന് എടുത്ത സാഹചര്യത്തിൽ ഡിക്സൺ ടെക്നോളജീസും കേയ്ൻസ് ടെക്നോളജിയും മൂന്നു ശതമാനത്തോളം ഉയർന്നു.
സ്‌റ്റീൽ ഉൽപാദനവും വിൽപനയും കുറഞ്ഞതിൻ്റെ പേരിൽ ടാറ്റാ സ്റ്റീൽ ഒരു ശതമാനത്തിലധികം താഴ്ചയിലായി.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയ ഗബ്രിയേൽ ഇന്ത്യ ഇന്ന് അഞ്ചു ശതമാനം കയറി.
രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഡോളർ 15 പൈസ കയറി 85.85 രൂപയിൽ ഓപ്പൺ ചെയ്തു. 85.92 രൂപയിലേക്കു ഡോളർ ഉയർന്ന ശേഷം ചാഞ്ചാട്ടമായി
സ്വർണം ലോകവിപണിയിൽ ഔൺസിന് 3290 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 480 രൂപ കുറഞ്ഞ് 72,000 രൂപ ആയി.
ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം ബാരലിന് 70.08 ഡോളറിൽ എത്തി.