
വിപണി ഇന്നു മികച്ച നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം താഴോട്ടു നീങ്ങി. കഴിഞ്ഞ ദിവസം 25,000 നു മുകളിൽ ക്ലോസ് ചെയ്ത നിഫ്റ്റിക്ക് ആ നിലവാരം നിലനിർത്താൻ പറ്റുമോ എന്ന സന്ദേഹം പലരും ഉന്നയിച്ചതിനെ ശരിവയ്ക്കുന്ന രീതിയിലാണ് വിപണി നീങ്ങിയത്.
തുടക്കത്തിൽ 25,160 വരെ ഉയർന്ന നിഫ്റ്റി പിന്നീട് 25,087 വരെ താഴ്ന്നിട്ടു തിരിച്ചു കയറി. സെൻസെക്സ് 82,669 വരെ കയറിയിട്ട് 82,469 വരെ താഴ്ന്നു. വീണ്ടും കയറി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ മികച്ച കയറ്റത്തിലായി.
ബാങ്ക് നിഫ്റ്റി റെക്കോർഡ് തിരുത്തി. പൊതുമേഖലാ ബാങ്കുകൾ നല്ല നേട്ടം കാഴ്ചവച്ചു.
വെള്ളിവില ഔൺസിന് 36 ഡോളർ കടന്നത് ഹിന്ദുസ്ഥാൻ സിങ്ക് ഓഹരിയെ മൂന്നു ശതമാനം ഉയർത്തി.
കഴിഞ്ഞയാഴ്ച ഒൻപതു ശതമാനം കുതിച്ച റിയൽറ്റി ഇന്നു രാവിലെ ചെറിയ താഴ്ചയിലായി.
കഴിഞ്ഞ ദിവസങ്ങളിൽ നല്ല നേട്ടം ഉണ്ടാക്കിയ കൊച്ചിൻ ഷിപ്പ് യാർഡ് ഇന്നു മൂന്നു ശതമാനത്തിലധികം താഴ്ന്നു.
ഇലക്ട്രിസിറ്റി ഡെറിവേറ്റീവ് വ്യാപാരത്തിന് അനുമതി ലഭിച്ച എംസിഎക്സിൻ്റെ ഓഹരി വില അഞ്ചു ശതമാനത്തിലധികം കുതിച്ചു.
രൂപ അൽപം താഴ്ന്ന് ഓപ്പൺ ചെയ്തു. ഡോളർ ഒരു പൈസ കൂടി 85.64 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 85.70 രൂപയിലേക്കു കയറിയിട്ടു താണു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3306 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 200 രൂപ കുറഞ്ഞ് 71,640 രൂപയായി.
ക്രൂഡ് ഓയിൽ വില നേരിയ താഴ്ചയിലാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 66.44 ഡോളർ ആയി കുറഞ്ഞു.