

വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് ചാഞ്ചാട്ടത്തിലേക്കുമാറി. മുഖ്യസൂചികകൾ കൂടുതൽ ഉയർന്ന ശേഷം നേട്ടം കുറച്ചു. വീണ്ടും കയറി.
നിഫ്റ്റി 25,120 വരെ കയറിയ ശേഷം താഴ്ന്നു 25,030 നു താഴെ എത്തി. സെൻസെക്സ് 82,009 വരെ ഉയർന്നിട്ടു താഴ്ന്ന് 81,680 നു കീഴിലായി. പിന്നീടു സൂചികകൾ അൽപം ഉയർന്നു.
വിപണി മുന്നേറ്റത്തേക്കാൾ സമാഹരണത്തിനുള്ള സൂചനയാണു നൽകുന്നത്.
ഇന്നു റിസൽട്ട് വരാനിരിക്കെ ടിസിഎസ് ഒരു ശതമാനം വരെ ഉയർന്നു. പിന്നീടു താഴ്ന്നു. ഇൻഫി, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ, പെഴ്സിസ്റ്റൻ്റ് തുടങ്ങിയവ നേട്ടത്തിലായി. പിന്നീടു നേട്ടം കുറഞ്ഞു.
മെറ്റൽ ഓഹരികൾ രാവിലെ നല്ല നേട്ടം ഉണ്ടാക്കി. ടാറ്റാ സ്റ്റീൽ, നാൽകോ തുടങ്ങിയവ നാലു ശതമാനം വരെ കുതിച്ചു. സെയിൽ രണ്ടു ശതമാനം ഉയർന്നു. ചെമ്പുവില ലോക വിപണിയിൽ റെക്കോർഡ് ഉയരത്തിൽ എത്തിയതു ഹിന്ദുസ്ഥാൻ കോപ്പർ ഓഹരിയെ ഏഴു ശതമാനം നേട്ടത്തിലാക്കി.
ബാങ്കുകളുടെ ലാഭക്ഷമത രണ്ടാം പാദത്തിൽ കുറയും എന്ന വിലയിരുത്തലുകൾ ബാങ്ക് ഓഹരികളെ രാവിലെ താഴ്ത്തി. പി എസ് യു ബാങ്കുകൾ നേട്ടം നിലനിർത്തി. ഫെഡറൽ ബാങ്ക് ഓഹരി 204.80 രൂപ വരെ കയറി. ധനകാര്യ കമ്പനികളും ദുർബലമായി.
കഴിഞ്ഞ പാദത്തിലെ ബിസിനസ് തൃപ്തികരമായി വളർന്നതിൻ്റെ പശ്ചാത്തലത്തിൽ സാത്വിക് ഗ്രീൻ എനർജി 10 ശതമാനം കുതിച്ചു.
ബിസിനസ് വളർച്ചയുടെ പേരിൽ പ്രസ്റ്റീജ് എസ്റ്റേറ്റ്സ് ഏഴു ശതമാനം ഉയർന്നു.
ഫാർമ കമ്പനികൾ ഇന്നു നല്ല നേട്ടം ഉണ്ടാക്കി. കയറ്റുമതിയിലെ വെല്ലുവിളി കുറയുന്നതായ സൂചന ഉണ്ട്. ജനറിക് മരുന്നുകൾക്ക് അമേരിക്ക ചുങ്കം ഒഴിവാക്കും എന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അരബിന്ദോ, ലൂപിൻ, സൈഡസ്, ഡോ. റെഡ്ഡീസ്, ഗ്രാന്യൂൾസ്, ഗ്ലെൻമാർക്ക് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം ഉയർന്നു.
രൂപ ഇന്നു ഗണ്യമായ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 88.74 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ സൂചിക 98.73 ലേക്കു താഴ്ന്നതാണ് ഡോളറിനെ ദുർബലമാക്കിയത്. പിന്നീടു ഡോളർ 88.78 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4040 ഡോളറിലേക്കു തിരിച്ചുകയറി. റെക്കോർഡ് വിലയിലെ ലാഭമെടുക്കലിനെ തുടർന്നു രാവിലെ 4000.70 ഡോളർ വരെ താഴ്ന്നതാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 91,040 രൂപയിൽ എത്തി.
വെള്ളി വില ഔൺസിനു 49 ഡോളറിനു തൊട്ടടുത്ത് ആയി.
ക്രൂഡ് ഓയിൽ വില സാവധാനം കുറയുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 65.86 ഡോളറിൽ എത്തി.
Stock market midday update on 9 october 2025.
Read DhanamOnline in English
Subscribe to Dhanam Magazine