

ദിശാബോധം കിട്ടാതെ ഇന്ത്യന്‍ ഓഹരിവിപണി ഇന്നു രാവിലെ ചാഞ്ചാടുകയാണ്. വ്യാപാരം തുടങ്ങിയ ശേഷവും വിപരീത വാര്‍ത്തകളാണ് ലഭിക്കുന്നത്. ഒടുവിലായി ബ്രിക്‌സ് അംഗങ്ങള്‍ക്കു 10 ശതമാനം അധികച്ചുങ്കം ചുമത്തുമെന്ന അമേരിക്കന്‍ ഭീഷണിയും വന്നു. ഇതോടെ അമേരിക്കയുമായുള്ള വ്യാപാര കരാറിനെപ്പറ്റി പ്രതീക്ഷ ഇല്ലെന്നായി.
തുടക്കത്തില്‍ ചെറിയ താഴ്ചയില്‍ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നേട്ടത്തിലായി. വീണ്ടും തിരിച്ചു നഷ്ടത്തില്‍ വീണു. ചാഞ്ചാട്ടം തുടര്‍ന്നു. അമേരിക്കയ്ക്ക് എതിരായി നീങ്ങുന്ന ബ്രിക്‌സ് കൂട്ടായ്മയോടു സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധികച്ചുങ്കം ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു ഭീഷണിപ്പെടുത്തിയത്.
തന്റെ ട്രൂത്ത് സോഷ്യല്‍ സമൂഹമാധ്യമത്തില്‍ ഇട്ട കുറിപ്പിലാണു ഭീഷണി. ഈ തീരുവയില്‍ നിന്ന് കൂട്ടായ്മയിലെ ആര്‍ക്കും ഒഴിവു നല്‍കില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനിലെ യുഎസ് ആക്രമണത്തെ ബ്രിക്‌സ് ഉച്ചകാേടി ഇന്നലെ അപലപിച്ചിരുന്നു. ചൈനയും റഷ്യയും ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചേര്‍ന്നു തുടങ്ങിയ ബ്രിക്‌സില്‍ ഇപ്പോള്‍ ഇറാന്‍, എത്യോപ്യ, ഈജിപ്ത്, ഇന്തോനീഷ്യ, യുഎഇ എന്നിവയും ചേര്‍ന്നിട്ടുണ്ട്.
ട്രംപിന്റെ ഭീഷണിയെ പറ്റി ഇന്ത്യ പെട്ടെന്നു പ്രതികരണം നല്‍കിയിട്ടില്ല. അമേരിക്കയുമായുള്ള വ്യാപാരകരാര്‍ കാര്യത്തിലെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാണ് ഈ ഭീഷണി. എല്ലാ രാജ്യങ്ങള്‍ക്കുമുള്ള 10 ശതമാനം ചുങ്കത്തിനു പുറമേയാണ് ഈ ബ്രിക്‌സ് ചുങ്കം. അതായത് ഇന്ത്യ കുറഞ്ഞത് 20 ശതമാനം ചുങ്കം നല്‍കണം. വ്യാപാര കമ്മിയുടെ പേരു പറഞ്ഞു ട്രംപ് ഏപ്രിലില്‍ ചുമത്തിയത് 26 ശതമാനമായിരുന്നു. 20 ശതമാനത്തിനു പുറമേ അതും കൂടി വരുമോ എന്നു വ്യക്തമായിട്ടില്ല.
ക്രൂഡ് ഓയില്‍ വില കുറയുന്നതിനെ തുടര്‍ന്ന് പൊതുമേഖലാ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ രണ്ടു ശതമാനം വരെ ഉയര്‍ന്നു.
കണ്‍സ്യൂമര്‍ കമ്പനികള്‍ ഇന്നു രാവിലെ നേട്ടത്തിലായി. ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ആറു ശതമാനം കയറി. ഡാബര്‍, എമാമി, ഹിന്ദുസ്ഥാന്‍ യൂണി ലീവര്‍, കോള്‍ ഗേറ്റ് തുടങ്ങിയവ ഒന്നര ശതമാനത്തിലധികം മുന്നേറി.
പ്രതിരോധ ഓഹരികള്‍ താഴ്ചയിലായി. പരസ് ഡിഫന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഗാര്‍ഡന്‍ റീച്ച്, മസഗോണ്‍ ഡോക്ക്, ഡാറ്റാ പാറ്റേണ്‍സ്, ഭാരത് ഡൈനമിക്‌സ്, ഭാരത് ഇലക്ട്രോണിക്‌സ്, എച്ച്എഎല്‍ തുടങ്ങിയവ താഴ്ന്നു.
ബാങ്ക് ഓഹരികളും ഇന്നു താഴ്ന്നു. ബാങ്കുകളുടെ പുറത്തുവരുന്ന ഒന്നാം പാദ കണക്കുകള്‍ വായ്പയിലും നിക്ഷേപത്തിലും മെച്ചപ്പെട്ട വളര്‍ച്ച കാണിക്കുന്നില്ല.
സൗരോര്‍ജ ഉപകരണങ്ങളുടെ ബിസിനസില്‍ ഉള്ള ബോറോസില്‍ റിന്യൂവബിള്‍സിന്റെ ജര്‍മന്‍ ഉപകമ്പനി പാപ്പര്‍ നടപടിയിലായി. 350 കോടി രൂപയാണ് ഉപകമ്പനിയില്‍ ബോറോസിലിന്റെ മുടക്ക്. ബോറോസില്‍ ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു.
രൂപ ഇന്ന് നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ 18 പൈസ ഉയര്‍ന്ന് 85.57 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 85.71 രൂപയായി.
സ്വര്‍ണം ലോക വിപണിയില്‍ 3310 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 400 രൂപ കുറഞ്ഞ് 72,080 രൂപ ആയി.ക്രൂഡ് ഓയില്‍ രാവിലെ താഴ്ന്ന ശേഷം അല്‍പം തിരിച്ചു കയറി. ബ്രെന്റ് ഇനം 67.85 ഡോളറില്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine