വിപണികൾ വീണ്ടും ചുവപ്പിൽ, ഏഷ്യന്‍ സൂചികകൾ താഴ്ന്നു, വളർച്ചയെപ്പറ്റി വിപണിയിൽ ആശങ്ക, യുഎസ് ലേ ഓഫുകൾ കുതിച്ചു; ക്രിപ്റ്റോകൾ ഇടിഞ്ഞു

ഓഹരികളുടെ ഇടിവ് തുടരുന്നതു സ്വര്‍ണത്തെ വീണ്ടും 4,000 ഡോളറിനു മുകളിലാക്കി. ബദല്‍ ആസ്തിയായി കരുതപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സികളും ഇടിഞ്ഞു.
stock market morning
image credit : canva
Published on

നിര്‍മിതബുദ്ധി മേഖലയിലെ കുമിള സംബന്ധിച്ച ആശങ്കകള്‍ ശരിവച്ചു കൊണ്ടു വീണ്ടും വിപണികള്‍ ചുവപ്പണിഞ്ഞു. രാവിലെ ഏഷ്യന്‍ വിപണികള്‍ ഇടിയുകയും യുഎസ് ഫ്യൂച്ചേഴ്‌സില്‍ ടെക് ഓഹരികള്‍ താഴുകയും ചെയ്തതോടെ ഇന്ത്യന്‍ വിപണിക്ക് ഇന്നു താഴ്ന്ന തുടക്കം ഉറപ്പായി. ചൈനയിലും ജപ്പാനിലും നിര്‍മിതബുദ്ധി കമ്പനികള്‍ വലിയ ഇടിവ് നേരിട്ടു.

ഓഹരികളുടെ ഇടിവ് തുടരുന്നതു സ്വര്‍ണത്തെ വീണ്ടും 4,000 ഡോളറിനു മുകളിലാക്കി. ബദല്‍ ആസ്തിയായി കരുതപ്പെടുന്ന ക്രിപ്‌റ്റോ കറന്‍സികളും ഇടിഞ്ഞു.

ഇതിനിടെ ഒക്ടോബറില്‍ അമേരിക്കന്‍ കമ്പനികളിലെ പിരിച്ചു വിടീല്‍ 22 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്ന റിപ്പോര്‍ട്ട് സാമ്പത്തികവളര്‍ച്ചയെപ്പറ്റി ആശങ്ക വളര്‍ത്തി. വിലക്കയറ്റവും സാമ്പത്തികമുരടിപ്പും ഒരേ സമയം വരുന്ന സ്റ്റാഗ്ഫ്‌ലേഷനിലേക്കു കാര്യങ്ങള്‍ നീങ്ങും എന്നാണു ഭയപ്പാട്.

ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,520.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,490 ലേക്കു താഴ്ന്നിട്ട് അല്‍പം കയറി. ഇന്ത്യന്‍ വിപണി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യൂറോപ്പില്‍ ഇടിവ്

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച നഷ്ടത്തില്‍ അവസാനിച്ചു. കമ്പനി റിസല്‍ട്ടുകളാണു വിപണിയെ നയിക്കുന്നത്. യുഎസ്, ചൈനീസ് വിപണികളിലെ ദൗര്‍ബല്യം കാണിച്ച് വരുമാന പ്രതീക്ഷ താഴ്ത്തിയ മദ്യഭീമന്‍ ഡിയാജിയോ 6.5 ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും നോര്‍വേയുടെ കേന്ദ്രബാങ്കും പലിശ നിരക്ക് മാറ്റിയില്ല. യൂറോയും പൗണ്ടും ഉയര്‍ന്നു.

യുഎസ് വിപണിയില്‍ തകര്‍ച്ച

നിര്‍മിതബുദ്ധി(എഐ) മേഖലയിലെ ദൗര്‍ബല്യം തുടരുകയാണ്. കമ്പനികളുടെ പിരിച്ചു വിടീലുകള്‍ ആശങ്കാജനകമായ നിലയിലേക്കു കയറി. വ്യാഴാഴ്ച യുഎസ് വിപണി ഇടിഞ്ഞു. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, പാലാന്റിര്‍, ബ്രോഡ്‌കോം, എഎംഡി, ക്വാല്‍കോം, ഓറക്കിള്‍, ഇന്റല്‍ തുടങ്ങിയവ മൂന്നു മുതല്‍ ഏഴര വരെ ശതമാനം താഴ്ന്നു.

ഒക്ടോബറില്‍ യുഎസ് കമ്പനികള്‍ 1,53,000 ലേഓഫുകള്‍ പ്രഖ്യാപിച്ചതായി സ്വകാര്യ ഏജന്‍സിയുടെ കണക്കില്‍ പറയുന്നു. സര്‍ക്കാര്‍ സ്തംഭനം മൂലം ഔദ്യോഗിക കണക്ക് ഇല്ല. സെപ്റ്റംബറിലേതിന്റെ മൂന്നിരട്ടിയും കഴിഞ്ഞ വര്‍ഷം ഒക്ടാബറിലേതിലും 175 ശതമാനം കൂടുതലുമാണിത്. 22 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ പ്രതിമാസ ലേ ഓഫും. ഇതു സമ്പദ്ഘടനയെ സംബന്ധിച്ച് ആശങ്ക വര്‍ധിപ്പിച്ചു.

ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന് ഒരു ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ പ്രതിഫലം നല്‍കാനുളള ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശം ഓഹരി ഉടമകള്‍ അംഗീകരിച്ചു. ചില ഫണ്ടുകള്‍ എതിര്‍ത്തെങ്കിലും 75 ശതമാനം വോട്ട് അനുകൂലമായി. കമ്പനിയുടെ ഓഹരികളാണു പ്രതിഫലം. നിര്‍ദിഷ്ട രീതിയില്‍ നടന്നാല്‍ 12ല്‍ നിന്ന് 25 ശതമാനത്തിലേക്കു മസ്‌കിന്റെ ഓഹരി ഉയരും. 1.54 ട്രില്യണ്‍ ഡോളര്‍ വിപണിമൂല്യം ഉള്ള കമ്പനിയെ 8.3 ട്രില്യണില്‍ എത്തിച്ചാലാണ് ഇതു കിട്ടുക. വിപണിമൂല്യം രണ്ടു ട്രില്യണ്‍ എത്തിയാല്‍ ഒരു ഗഡു. പിന്നീട് ഓരോ അര ട്രില്യണും ഓരോ ഗഡു. 6.5 ട്രില്യണ്‍ കഴിഞ്ഞാല്‍ ഓരോ ട്രില്യണും ഓരോ ഗഡു. ഒപ്പം പ്രതിവര്‍ഷ ലാഭത്തിനും വില്‍പനയ്ക്കും ടാര്‍ഗറ്റ് ഉണ്ട്. യുദ്ധവും കോവിഡ് പോലുള്ള മഹാമാരികളും അടക്കം ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ ലക്ഷ്യങ്ങള്‍ നേടാതെ തന്നെ മസ്‌കിനു പ്രതിഫലം കിട്ടും. ഇപ്പോള്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനാണു മസ്‌ക്.

ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 398.70 പോയിന്റ് (0.84%) താഴ്ന്ന് 46,912.30ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 75.97 പോയിന്റ് (1.12%) നഷ്ടത്തോടെ 6720.32ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 445.81 പോയിന്റ് (1.90%) ഇടിഞ്ഞ് 23,053.99ല്‍ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നു നാമമാത്ര കയറ്റത്തിലാണ്. ഡൗ 0.10 ഉം എസ് ആന്‍ഡ് പി 0.08 ഉം ശതമാനം ഉയര്‍ന്നാണു നീങ്ങുന്നത്. നാസ്ഡാക് 0.06 ശതമാനം താഴ്ന്നു.

ഇന്ത്യന്‍ വിപണി വീണ്ടും നഷ്ടത്തില്‍

രാവിലെ നാമമാത്ര നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി ഇന്നലെ ഉയര്‍ന്നു നീങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിദേശനിക്ഷേപകരുടെ വില്‍പനയും അതിനു ചുവടുപിടിച്ച് ഫണ്ടുകള്‍ നീങ്ങിയതും വിപണിയെ രണ്ടാം ദിവസവും താഴ്ത്തി. രാവിലത്തെ ഉയരത്തില്‍ നിന്നു നിഫ്റ്റി 170 പോയിന്റും സെന്‍സെക്‌സ് 535 പോയിന്റും നഷ്ടപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. മുഖ്യ സൂചികകള്‍ താരതമ്യേന കുറച്ചു നഷ്ടമേ വരുത്തിയുള്ളൂ. മിഡ് ക്യാപ് 100 സൂചിക ഒരു ശതമാനത്താേളം വീണപ്പോള്‍ സ്‌മോള്‍ ക്യാപ് 100 ഒന്നര ശതമാനത്തോളം ഇടിഞ്ഞു.

റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, അള്‍ട്രാടെക് സിമന്റ് എന്നിവ ഇന്നലെ ഗണ്യമായി മുന്നേറി. ആദിത്യ ബിര്‍ല ഗ്രൂപ്പിലെ ഗ്രാസിമും ഹിന്‍ഡാല്‍കോയും അവകാശ ഇഷ്യുവിന് ആലോചിക്കുന്ന അദാനി എന്റര്‍പ്രൈസസും ഇന്നലെ വലിയ നഷ്ടത്തിലായി. പുതിയ സംരംഭമായ ഓപ്പുസ് പെയിന്റ്‌സിന്റെ സിഇഒ രാജിവച്ചതു ഗ്രാസിമിനും വിദേശയൂണിറ്റുകളില്‍ കൂടുതല്‍ മൂലധന നിക്ഷേപം വേണ്ടി വരുന്നതു ഹിന്‍ഡാല്‍കോയ്ക്കും വിലയിടിച്ചു. ബ്ലൂസ്റ്റാര്‍ വില്‍പന -ലാഭപ്രതീക്ഷകള്‍ താഴ്ത്തിയതു മറ്റ് ഗൃഹാേപകരണ കമ്പനികളെയും ഇടിച്ചു.

മെറ്റല്‍, മീഡിയ, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയ മേഖലകള്‍ ഇന്നലെ തകര്‍ച്ചയ്ക്കു മുന്നില്‍ നിന്നു. ഓട്ടോ മാത്രമാണു നഷ്ടം കാണിക്കാത്ത മേഖല.

വ്യാഴാഴ്ച നിഫ്റ്റി 82.95 പോയിന്റ് (0.34%) താഴ്ന്ന് 25,509.70ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 148.14 പോയിന്റ് (0.18%) കുറഞ്ഞ് 83,311.01ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 272.80 പോയിന്റ് (0.47%) നഷ്ടത്തോടെ 57,554.25ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 568.60 പോയിന്റ് (0.95%) താഴ്ന്ന് 59,468.60 ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 259.90 പോയിന്റ് (1.39%) ഇടിഞ്ഞ് 18,105.00ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിനൊപ്പം തുടര്‍ന്നു. ബിഎസ്ഇയില്‍ 1142 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 3086 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 794 എണ്ണം. താഴ്ന്നത് 2304 ഓഹരികള്‍. എന്‍എസ്ഇയില്‍ 73 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 162 എണ്ണമാണ്. 71 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 81 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. വ്യാഴാഴ്ച അവര്‍ ക്യാഷ് വിപണിയില്‍ 3263.21 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 5283.91 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

വ്യാഴാഴ്ച 25,000നു തൊട്ടു മുകളില്‍ ക്ലോസ് ചെയ്ത നിഫ്റ്റി ഇനിയും താഴ്ന്നാല്‍ 25,300 ലാണു പിന്തുണ കിട്ടുക ഉയര്‍ച്ചയില്‍ 25,700 തടസമാകും. ഇന്നു നിഫ്റ്റിക്ക് 25,485 ലും 85,445 ലും പിന്തുണ ഉണ്ടാകും. 25,635ഉം 25,675 ഉം തടസമാകാം.

കമ്പനികള്‍, വാര്‍ത്തകള്‍

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് അറ്റ പലിശ വരുമാനം 13.9 ശതമാനം കുറഞ്ഞതിനെ തുടര്‍ന്ന് അറ്റാദായം 32.9 ശതമാനം ഇടിഞ്ഞു. നിഷ്‌ക്രിയ ആസ്തിയുടെ അനുപാതം കുറഞ്ഞിട്ടുണ്ട്.

വരുമാനം 17.4 ശതമാനം വര്‍ധിച്ചപ്പോള്‍ ബജാജ് ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റാദായം 18 ശതമാനം കൂടി. ആസ്തി നിലവാരത്തില്‍ മാറ്റമില്ലെങ്കിലും വകയിരുത്തല്‍ അഞ്ചില്‍ നിന്ന് 50 കോടി ആയി.

ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് വരുമാനം ഒരു ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍ അറ്റാദായം 43 ശതമാനം ഇടിഞ്ഞു.

ആക്‌സോ നൊബേലിന്റെ വരുമാനം 15-ഉം പ്രവര്‍ത്തനലാഭം 24.8 ഉം ശതമാനം ഇടിഞ്ഞു. 1874 കോടി രൂപയുടെ ഒറ്റത്തവണ വരുമാനം അടക്കം 1682 കോടി രൂപയാണ് അറ്റാദായം. ആ വരുമാനം കൂടാതെ കമ്പനിക്കു നഷ്ടമാണ്.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ വരുമാനം 10.2 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 13.6 ശതമാനം വര്‍ധിച്ച് 110 കോടി രൂപയായി.

അപ്പോളോ ഹോസ്പിറ്റല്‍സ് വരുമാനം 12.8 ശതമാനം കൂടി 6303 കോടി രൂപയായി. അറ്റാദായം 25 ശതമാനം കുതിച്ച് 494 കോടി രൂപയില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

stock market morning
stock market morning
stock market morning
stock market morning
logo
DhanamOnline
dhanamonline.com