

ഗള്‍ഫ് യുദ്ധം വീണ്ടും. യുഎസ് ഇറാനെ ആക്രമിച്ചു. ഇറാന്‍ തിരിച്ചും. ക്രൂഡ് ഓയില്‍ 90 ഡോളറിനു മുകളില്‍ കയറി. ഏഷ്യന്‍ വിപണികളും യുഎസ് ഫ്യൂച്ചേഴ്‌സും ഇടിവിലായി. ഇന്ത്യന്‍ വിപണിയും വലിയ നഷ്ടത്തോടെ തുടങ്ങാം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടും എന്ന സൂചന ഫെഡ് ചെയര്‍മാന്‍ നല്‍കിയതു കടപ്പത വിലകള്‍ താഴ്ത്തി. ഓഹരികളും താഴ്ന്നു. പലിശ വര്‍ധനയുടെ ആശങ്കയില്‍ സ്വര്‍ണം ഇടിഞ്ഞു 4450 ഡോളറിനു താഴെയായി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,210.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,211 വരെ ഇടിഞ്ഞു. ഇന്ത്യന്‍ വിപണി ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി ഇന്നു ശ്രദ്ധാകേന്ദ്രമാകും. വാരാന്ത്യത്തില്‍ ബാങ്കിനെ സംബന്ധിച്ച അനിശ്ചിതത്വം അല്‍പം കുറഞ്ഞു. സിഇഒയും എംഡിയുമായ ശശിധര്‍ ജഗദീശന്‍ തുടരുന്നില്ല എന്നു തീരുമാനമായി. ഡയറക്ടര്‍ ബോര്‍ഡ് ഒരു പൂര്‍ണ കാലാവധി കൂടി നല്‍കാന്‍ തയാറായിരുന്നില്ല. റിസര്‍വ് ബാങ്കും ജഗദീശന്‍ തുടരുന്നതില്‍ താല്‍പര്യം കാണിച്ചില്ല. ഒക്ടോബര്‍ 26 നു നിലവിലെ കാലാവധി കഴിയുമ്പോള്‍ വിരമിക്കുന്നതായി ജഗദീശന്‍ പറഞ്ഞു. ഡെപ്യൂട്ടി എംഡി കൈസദ് ഭരൂച്ചയെ നിയമിക്കും എന്നാണ് അഭ്യൂഹം. ഭരൂച്ചയ്ക്കു രണ്ടര വര്‍ഷം കാലാവധിയേ കിട്ടൂ. ഫുള്‍ടൈം ഡയറക്ടറായി 15 വര്‍ഷമേ ഒരാള്‍ ഇരിക്കാവൂ എന്ന വ്യവസ്ഥ മൂലമാണിത്.
എസ്ബിഐ മുന്‍ ചെയര്‍മാന്‍ ദിനേശ് കാല്‍റയെ കിട്ടുമോ എന്നും എച്ച്ഡിഎഫ്‌സി ബാങ്ക് ബോര്‍ഡ് ശ്രമിക്കുന്നുണ്ട്. കൂടുതല്‍ വലിയ ബാങ്കിനെ നയിച്ച കാല്‍റ താല്‍പര്യം എടുക്കുമോ, പൊതുമേഖലയില്‍ മാത്രം പ്രവര്‍ത്തിച്ച കാല്‍റയ്ക്ക് സ്വകാര്യമേഖലയോട് ഇണങ്ങാന്‍ പറ്റുമോ എന്നീ ചോദ്യങ്ങള്‍ ഉണ്ട്.
ജഗദീശന്റെ കാലത്ത് ഉയര്‍ന്നു വന്ന പല ഭരണപ്രശ്‌നങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ പുതിയ മേധാവി ശ്രമിക്കേണ്ടി വരും. ഈ വര്‍ഷം 27 ശതമാനത്തിലധികം ഇടിഞ്ഞു നില്‍ക്കുന്ന ബാങ്ക് ഓഹരി തിരിച്ചു കയറ്റുന്നതാകും പുതിയ സിഇഒയുടെ ആദ്യ ദൗത്യം. അഞ്ചു വര്‍ഷം കൊണ്ട് ബാങ്ക് ഓഹരി ഒന്‍പതു ശതമാനം താഴ്ന്നു. ബാങ്ക് നിഫ്റ്റി ഇതേ കാലത്ത് 60 ശതമാനം കുതിച്ചു.
ഏപ്രില്‍-ജൂണ്‍ പാദത്തിലെ ജിഡിപി വളര്‍ച്ചയുടെ എസ്റ്റിമേറ്റ് ഇന്നു വൈകുന്നേരം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തു വിടും. 7.0-7.5 ശതമാനം വളര്‍ച്ചയാണു പൊതു നിഗമനം. എസ്ബിഐ റിസര്‍ച്ച് എട്ടു ശതമാനം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 6.8% ആയിരുന്നു. ജനുവരി-മാര്‍ച്ചില്‍ 7.8% വളര്‍ന്നതാണ്. പശ്ചിമേഷ്യന്‍ യുദ്ധവും എണ്ണവിലയും ഇന്ത്യക്കു വെല്ലുവിളി ആയെങ്കിലും വര്‍ധിച്ച കയറ്റുമതിയും ഉയര്‍ന്ന സര്‍ക്കാര്‍ ചെലവും ജനങ്ങളുടെ മികച്ച ഉപഭോഗവും ജിഡിപി വളര്‍ച്ചയെ സഹായിച്ചു എന്നാണു നിഗമനം.
ഏഴു ശതമാനത്തിലധികം വളര്‍ച്ച മികച്ചതാണെങ്കിലും ഇന്ത്യയുടെ വലിയ ലക്ഷ്യങ്ങള്‍ക്കു മതിയാകുന്നില്ല. 21 വര്‍ഷം 9.25 ശതമാനം തോതില്‍ വളര്‍ന്നാലേ 2047-ല്‍ വികസിതരാജ്യം ആകാന്‍ ഇന്ത്യക്കു കഴിയൂ എന്നാണു നീതി ആയോഗ് കണക്കുകൂട്ടുന്നത്. എട്ടു ശതമാനത്തില്‍ താഴ്ന്ന വളര്‍ച്ച ആ സ്വപ്നത്തിനു വലിയ തിരിച്ചടിയാകും.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് വെള്ളിയാഴ്ച വിപണികളെ ഞെട്ടിച്ചു. വിലക്കയറ്റം വരുതിയില്‍ നില്‍ക്കാത്തതിനാല്‍ പലിശ കൂട്ടേണ്ടി വരും എന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നോമിനി എന്ന നിലയില്‍ പലിശ താഴ്ത്താന്‍ വാര്‍ഷ് മുതിരും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ ചില്ലറവിലക്കയറ്റം നാലു ശതമാനത്തിനടുത്തു നില്‍ക്കുമ്പോള്‍ ഫെഡ് ചെയര്‍മാനു പലിശവര്‍ധന ആലോചിക്കാതെ തരമില്ല. സെപ്റ്റംബര്‍ 15-16 നു നടക്കുന്ന എഫ്ഒഎംസി യോഗം നിരക്ക് കാല്‍ ശതമാനം കൂട്ടും എന്നാണു വിപണി ഇപ്പോള്‍ കണക്കാക്കുന്നത്. ഡിസംബറിനകം ഒരു തവണ കൂടി നിരക്കു കൂട്ടാം.
പലിശ കൂടുന്നത് ഓഹരികളില്‍ നിന്നു കടപ്പത്രങ്ങളിലേക്കു നിക്ഷേപകരെ മാറ്റും. സ്വര്‍ണവും താഴ്ചയിലാകും. വെള്ളിയാഴ്ച സ്വര്‍ണം 3.2 ശതമാനം ഇടിഞ്ഞു. ഈയാഴ്ച വരുന്ന തൊഴില്‍ കണക്കുകളും ഫാക്ടറി ഉല്‍പാദന കണക്കുകളും വിപണിക്കു നിര്‍ണായകമാകും.
കെവിന്‍ വാര്‍ഷ് പലിശ കൂട്ടും എന്നു ജാക്‌സണ്‍ ഹോള്‍ സിംപോസിയത്തില്‍ സൂചിപ്പിച്ചതു വിപണിയെ വെള്ളിയാഴ്ച ദുര്‍ബലമാക്കി. ഓഹരികള്‍ താഴ്ന്നു.
എന്‍വിഡിയയും പ്രമുഖ ചിപ്പ് നിര്‍മാണ കമ്പനികളും താഴ്ചയിലായി.
വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 9.45 പോയിന്റ് (0.02 ശതമാനം) താഴ്ന്ന് 53,559.99ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 19.23 പോയിന്റ് (0.25%) നഷ്ടത്തോടെ 7711.76 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 138.93 പോയിന്റ് (0.52%) ഇടിവോടെ 26,402.42ല്‍ ക്ലോസ് ചെയ്തു.
ഓഗസ്റ്റില്‍ ഇതുവരെ ഡൗ ജോണ്‍സ് 2.1 ശതമാനം നേട്ടത്തിലാണ് തുടര്‍ച്ചയായ അഞ്ചാമത്തെ പ്രതിമാസ നേട്ടം. എസ്ആന്‍ഡ്പി മൂന്നും നാസ്ഡാക് നാലും ശതമാനം ഉയര്‍ന്നു നില്‍ക്കുന്നു.
യുഎസ്-ഇറാന്‍ സംഘര്‍ഷം പുനരാരംഭിച്ചതോടെ യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ ജോണ്‍സ് 171 പോയിന്റും (0.32%) എസ്ആന്‍ഡ്പി 34 പോയിന്റും (0.43%) നാസ്ഡാക് 182 പോയിന്റും (0.61%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 2.76 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.26% താഴ്ന്ന് 23.02 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.07% കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.13% ഉയര്‍ന്ന് 29.92 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.26% ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 1.24% കയറി 12.20 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.11% കയറിയ ശേഷം തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 1.82 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ വെള്ളിയാഴ്ച നല്ല മുന്നേറ്റം നടത്തി. വാഹന കമ്പനികള്‍ മികച്ച നേട്ടത്തിലായി. ബിഎംഡബ്‌ള്യു, ഫോക്സ് വാഗണ്‍, മെഴ്സിഡീസ് ബെന്‍സ്, പോര്‍ഷെ തുടങ്ങിയവ മൂന്നു ശതമാനത്തിലധികം കയറി.
ജര്‍മന്‍ ബാങ്ക് കൊമേഴ്‌സ് ബാങ്കും അതിനെ വാങ്ങാന്‍ ശ്രമിക്കുന്ന ഇറ്റാലിയന്‍ ബാങ്ക് യൂണിക്രെഡിറ്റും ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു വീഴ്ചയിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക രണ്ടു ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയന്‍ വിപണി 0.20 ശതമാനം കയറി. ദക്ഷിണ കൊറിയയില്‍ കോസ്പി 2.2 ശതമാനം താഴ്ന്നു. ഹോങ് കോങ്, തായ്വാന്‍, ഷാങ്ഹായ് സൂചികകള്‍ ഒരു ശതമാനത്തിലധികം നഷ്ടത്തിലാണ്. ചൈനീസ് ഫാക്ടറി ഉല്‍പാദനം തുടര്‍ച്ചയായ രണ്ടാം മാസവും കുറഞ്ഞു.
മൂന്നാമത്തെ ആഴ്ചയും ഇന്ത്യന്‍ വിപണി നഷ്ടത്തില്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി അടക്കം മൂന്നു പ്രധാന സൂചികകളും 0.50 ശതമാനം പ്രതിവാര നഷ്ടം ഉണ്ടാക്കി.
വിദേശനിക്ഷേപകര്‍ ഓഗസ്റ്റില്‍ ഇതുവരെ 30,919 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചു. ജൂലൈയില്‍ അവര്‍ 20,200 കോടിയുടെ ഓഹരികള്‍ വാങ്ങിയിരുന്നു. നാലു മാസം തുടര്‍ച്ചയായി ഓഹരികള്‍ വിറ്റഴിച്ച ശേഷമാണു രണ്ടുമാസത്തെ തിരിച്ചു വരവ്.
എന്നാല്‍ വെള്ളിയാഴ്ച അവര്‍ വലിയ വില്‍പന നടത്തി. ക്യാഷ് വിപണിയില്‍ 5039.80 കോടി രൂപയുടെ അറ്റ വില്പന നടത്തി. സ്വദേശിഫണ്ടുകള്‍ 5183.93 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വെള്ളിയാഴ്ച സെന്‍സെക്സ് 330.92 പോയിന്റ് (0.43%) ഉയര്‍ന്ന് 77,264.51ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 84.80 പോയിന്റ് (0.35%) നേട്ടത്തോടെ 24,175.65ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 13.65 പോയിന്റ് (0.02%) താഴ്ന്ന് 57,496.30ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 34.05 പോയിന്റ് (0.05%) കയറി 64,069.50ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 39.35 പോയിന്റ് (0.20%) ഉയര്‍ന്ന് 20,080.00 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2308 ഓഹരികള്‍ കയറി, 2029 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1899 എണ്ണം ഉയര്‍ന്നപ്പോള്‍ 1555 എണ്ണം താഴ്ന്നു.
സീ ഉടമ സുഭാഷ് ചന്ദ്ര 6.5 കോടി രൂപ നല്‍കിയാല്‍ 22,006 കോടി രൂപയുടെ ബാധ്യത ഒഴിവാകും എന്ന കമ്പനിനിയമ ട്രൈബ്യൂണലിന്റെ വിധി വിവാദ വിഷയമായി. ചന്ദ്രയുടെ അടുപ്പക്കാരുടെ കമ്പനികളാണ് ഒത്തുതീര്‍പ്പിനു സമ്മതിച്ചതെന്നും ബാങ്കുകള്‍ യോജിച്ചില്ലെന്നും വ്യക്തമായി. വിധിയില്‍ നടപടിക്രമ പിശകുകളും പക്ഷപാതവും പ്രകടമാണത്രെ. ബാങ്കുകള്‍ അപ്പീല്‍ നല്‍കും.
പലിശ ഉയര്‍ന്നേക്കും എന്നു വന്നതിനെ തുടര്‍ന്നു വെള്ളിയാഴ്ച 3.18 ശതമാനം ഇടിഞ്ഞ സ്വര്‍ണം ഇന്നു രാവിലെ താഴ്ന്ന നിലവാരത്തില്‍ ചാഞ്ചാടുകയാണ്.
വെള്ളിയാഴ്ച 146.20 ഡോളര്‍ നഷ്ടപ്പെട്ട് ഔണ്‍സിന് 4456.40 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4426 നും 4473 നും ഇടയില്‍ കയറിയിറങ്ങിയ ശേഷം 4436 ഡോളറിനടുത്തായി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ശനിയാഴ്ച 2120 രൂപ കുറഞ്ഞ് 1,16,040 രൂപ ആയി.
വെള്ളിവില വെള്ളിയാഴ്ച 4.5% താഴ്ന്ന് ഔണ്‍സിന് 66.50. ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്‍പം താഴ്ന്നു.
പ്ലാറ്റിനം 1813 ഡോളര്‍, പല്ലാഡിയം 1378 ഡോളര്‍, റോഡിയം 8400 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര റബര്‍വില വീണ്ടും കുറഞ്ഞു. കേരളത്തില്‍ വില കൂടി. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 282.60 ഡോളറിലും ആര്‍എസ്എസ് മൂന്ന് 279.10 ഡോളറിലും എത്തി. കേരളത്തില്‍ ക്വിന്റലിന് 27,500 രൂപ ആയി കയറി.
പ്രധാന വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ച നേട്ടത്തിലായി. ചെമ്പ് 0.31 ശതമാനം ഉയര്‍ന്നു 14,535.00 ഡോളറില്‍ എത്തി. അലൂമിനിയം 0.23 ശതമാനം നേട്ടത്തോടെ 3242.00 ഡോളര്‍ ആയി. നിക്കലും ടിന്നും ലെഡ്ഡും ഉയര്‍ന്നു. സിങ്ക് താഴ്ന്നു.
കൊക്കോ വില 7.48 ശതമാനം കുതിച്ചു ടണ്ണിന് 6634.61ഡോളറില്‍ ക്ലോസ് ചെയ്തു. തലേന്നും വില കുതിച്ചു കയറിയിരുന്നു. ജൂലൈ ഒന്‍പതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു മാസം കൊണ്ടു വില 27.96 ശതമാനം ഉയര്‍ന്നു. 2026-27 സീസണില്‍ കൊക്കോ ലഭ്യത കുറയും എന്നതാണു വിലക്കയറ്റത്തിനു കാരണം. ഐവറി കോസ്റ്റും ഘാനയും സീസണ്‍ ഒരു മാസം നേരത്തേ സെപ്റ്റംബറില്‍ തുടങ്ങും എന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചരക്കുവരവ് കൂടും എന്നു സൂചനയില്ല.
അറബിക്ക കാപ്പിവില 0.89 ശതമാനം കയറി പൗണ്ടിന് 3.12 ഡോളര്‍ ആയി. എല്‍ നിനോ മൂലം ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
പാമോയില്‍ വില 1.62 ശതമാനം ഉയര്‍ന്നു 4894 മലേഷ്യന്‍ റിംഗിറ്റ് ആയി.
യുഎസ് ഡോളര്‍ സൂചിക വെള്ളിയാഴ്ച ഉയര്‍ന്ന് 99.70ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.61 വരെ താഴ്ന്നു.
യൂറോ 1.1592 ഡോളറിലേക്കും പൗണ്ട് 1.3543 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 159.80 യെന്‍ ആയി. ചൈനീസ് യുവാന്‍ ഡോളറിന് 6.73 എന്ന നിരക്കിലേക്കു താഴ്ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.712 ശതമാനത്തില്‍ എത്തി. പലിശ നിരക്കു കൂടുമെന്ന സൂചനയിലാണിത്.
വെള്ളിയാഴ്ച രൂപ നേട്ടം ഉണ്ടാക്കി. ഡോളര്‍ 16 പൈസ കുറഞ്ഞ് 95.38 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.59 രൂപയിലാണ്. രൂപ ഇന്നു ദുര്‍ബലമായേക്കും എന്നാണു സൂചന.
ചൈനീസ് യുവാന്‍ 14.24 രൂപയിലേക്കു കയറി. യൂറോ 111.05 രൂപയായി.
യുഎസ്- ഇറാന്‍ യുദ്ധം വീണ്ടും തുടങ്ങിയത് ക്രൂഡ് ഓയില്‍ വിലയെ 90 ഡോളറിനു മുകളിലേക്കു കയറ്റി. വെള്ളിയാഴ്ച താഴ്ന്ന് 88.10 ഡോളറില്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നു രാവിലെ 2.5 ശതമാനം കുതിച്ച് 90.37
ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 85.34 ഡോളറിലാണ്.
വാരാന്ത്യത്തില്‍ ഉയര്‍ന്നു നിന്ന ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും താഴ്ചയിലായി. ബിറ്റ്‌കോയിന്‍ 77,750 ഡോളറിനു താഴെ വന്നു. ഈഥര്‍ ഇന്ന് 2420 ഡോളറിനും സൊലാന 102 ഡോളറിനും താഴെ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine