

യുഎസ് വിപണികള്‍ക്കു പിന്നാലെ ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും കയറ്റത്തിലായി. ഇന്ത്യന്‍ വിപണിയും മുന്നേറ്റ പ്രതീക്ഷ നിലനിര്‍ത്തുന്നു.
ഹോര്‍മുസില്‍ രണ്ടു കപ്പലുകള്‍ക്കു നേരേ ആക്രമണം ഉണ്ടായതു ക്രൂഡ് വില അല്‍പം കയറാന്‍ കാരണമായി. എങ്കിലും 100 ഡോളറിനടുത്താന്നു ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍. ഖത്തറും പാക്കിസ്ഥാനും മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. ചര്‍ച്ച പുനരാരംഭിക്കാന്‍ ഇറാന്‍ വച്ചിട്ടുള്ള ഉപാധികളാട് അമേരിക്ക ഇനിയും പ്രതികരിച്ചിട്ടില്ല. ഇറാന്‍ വിമാന കമ്പനിക്ക് നാളെ മുതല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനെതിരായ ഉപരോധങ്ങള്‍ക്കു ചൈനീസ് പിന്തുണ നേടാന്‍ അമേരിക്ക ശ്രമിക്കുകയാണ്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 23,527.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,498 വരെ താഴ്ന്നിട്ടു കയറി. ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.
ഓഗസ്റ്റില്‍ കാതല്‍മേഖലാ വ്യവസായങ്ങളുടെ വളര്‍ച്ച മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന 4.8 ശതമാനമായി കുറഞ്ഞു.
യുഎന്‍ പൊതുസഭയുടെ സമ്മേളനത്തിന് ഇന്നു ന്യൂയോര്‍ക്കില്‍ എത്തുന്ന ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടക്കാന്‍ ഇടയില്ല.
വ്യാഴാഴ്ച വാഷിംഗ്ടണില്‍ എത്തുന്ന ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ട്രംപുമായി വിശാല കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാണിജ്യ മേഖലയിലെ കടുത്ത പോര് മയപ്പെടുത്താന്‍ ട്രംപ്-ഷി കൂടിക്കാഴ്ച വഴിതുറക്കും എന്നാണു പ്രതീക്ഷ. ഇറാനുമേല്‍ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ക്കു ചൈനയുടെ പിന്തുണ നേടാന്‍ അമേരിക്ക ശ്രമം തുടരുകയാണ്.
യുഎന്‍ സമ്മേളനത്തിനു വരുന്ന ഗള്‍ഫ് രാഷ്ട്രമേധാവികള്‍ ട്രംപിനെ കാണുന്നുമുണ്ട്. യെമനിലെ ഹൂതികളെ നേരിടാന്‍ അമേരിക്കന്‍ സഹായത്തിനു സൗദി അറേബ്യ ശ്രമം തുടരുന്നു.
നിര്‍മിതബുദ്ധി (എഐ) സംബന്ധിച്ച സമീപനാളുകളിലെ ആശങ്ക അവഗണിച്ചു മുന്നേറിയ വിപണി ഇന്നലെ നാസ്ഡാക് കോംപസിറ്റ് സൂചികയെ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിച്ചു. മെറ്റാ പ്ലാറ്റ്‌ഫോംസ് 11 ഉം ഇന്റല്‍ 12ഉം ശതമാനം കുതിച്ചു. 10 ശതമാനം ഉയര്‍ന്ന അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ് ഒരു ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ വിപണി മൂല്യത്തില്‍ എത്തി. യുഎസ് ക്രൂഡ് ഓയില്‍ വില നാലര ശതമാനം ഇടിഞ്ഞതു വിശാലവിപണിയെ നേട്ടത്തിലാക്കി.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 366.19 പോയിന്റ് (0.71 ശതമാനം) ഉയര്‍ന്ന് 52,048.83ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 114.20 പോയിന്റ് (1.49%) നേട്ടത്തോടെ 7764.70ല്‍ എത്തി. നാസ്ഡാക് കോംപസിറ്റ് 599.55 പോയിന്റ് (2.26%) കുതിച്ച് 27,122.09ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചാഞ്ചാട്ടത്തിലാണ്. ഡൗ ജോണ്‍സ് 78 പോയിന്റ് (0.15%) താഴ്ന്നു. എസ്ആന്‍ഡ്പി നാമമാത്ര താഴ്ചയില്‍ നില്‍ക്കുന്നു. നാസ്ഡാക് 90 പോയിന്റ് (0.29%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 2.12 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.21% കയറി 23.70 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.60% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.14% നഷ്ടത്തോടെ 28.28 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 0.65% കയറിയ ശേഷം തുടര്‍ വ്യാപാരത്തില്‍ 0.47% ഉയര്‍ന്നു 10.94 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 0.60% ഉയര്‍ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 0.59 ശതമാനം ഇടിഞ്ഞ് 1.66 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ ഓഹരിവിപണികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണു പ്രധാന കാരണം. ടെക് ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ വാഹനങ്ങള്‍ താഴ്ന്നുനിന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 1.4 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ വിപണി 0.20 ശതമാനം കയറി. ദക്ഷിണ കൊറിയയില്‍ കോസ്പി 1.70 ശതമാനം കുതിച്ചു. ഹോങ് കോങ്ങിലെ ഹാങ് സെങ് സൂചിക 0.25 ശതമാനം കയറി. തായ്വാന്‍ സൂചിക 1.45 ശതമാനം ഉയര്‍ന്നു. ഷാങ്ഹായ് സൂചിക 0.20 ശതമാനം നേട്ടത്തിലായി.
സെന്‍സെക്സ് 75,000 തിരിച്ചു പിടിക്കാനുള്ള ആക്കം പ്രദര്‍ശിപ്പിച്ചെങ്കിലും അതിനടുത്തു ചെന്ന ശേഷം പിന്‍വാങ്ങി. 24,450നു മുകളില്‍ കയറിയ നിഫ്റ്റിക്ക് ആ പ്രതിരോധത്തിനു മുകളില്‍ നില്‍ക്കാനായില്ല. എങ്കിലും സമീപകാലത്തെ ദൗര്‍ബല്യത്തില്‍ നിന്നു വിപണി രക്ഷപ്പെടുന്ന സൂചന കാണാം.
എന്‍എസ്ഇ ഐപിഒ 5.7 മടങ്ങ് അപക്ഷകളോടെ ക്ലോസ് ചെയ്ത ഇന്നലെ ബിഎസ്ഇ ഓഹരി 3.23 ശതമാനം താഴ്ന്നു. വ്യാഴാഴ്ചയാണ് എന്‍എസ്ഇ ലിസ്റ്റിംഗ്. അനൗദ്യോഗിക വിപണിയില്‍ കഴിഞ്ഞയാഴ്ച 16 ശതമാനം വരെ പ്രീമിയം ഉണ്ടായിരുന്ന എന്‍എസ്ഇ ഓഹരിക്ക് ഇന്നലെ മൂന്നു ശതമാനമാണു പ്രീമിയം.
മെറ്റല്‍, ഐടി, ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് മേഖലകള്‍ ഒഴികെ ഉള്ളവ ഇന്നലെ മുന്നേറി. റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് മേഖലകള്‍ മികച്ച നേട്ടം ഉണ്ടാക്കി.
മിഡ് ക്യാപ്പുകളും സ്‌മോള്‍ ക്യാപ്പുകളും ചെറിയ നഷ്ടത്തില്‍ അവസാനിച്ചു.
ഭൂരിപക്ഷം ഓഹരികള്‍ ഇന്നലെയും നഷ്ടത്തിലായിരുന്നു. ബിഎസ്ഇയില്‍ 2129 ഓഹരികള്‍ നേട്ടം ഉണ്ടാക്കി, 2334 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1720 ഓഹരികള്‍ കയറിയപ്പോള്‍ 1849 എണ്ണം താഴ്ന്നു.
വിദേശനിക്ഷേപകര്‍ വില്‍പന തുടരുകയാണ്. തിങ്കളാഴ്ച അവര്‍ ക്യാഷ് വിപണിയില്‍ 576.20 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2797.27 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
തിങ്കളാഴ്ച സെന്‍സെക്സ് 564.03 പോയിന്റ് (0.76%) കുതിച്ച് 74,858.99ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 67.90 പോയിന്റ് (0.29%) നേട്ടത്തോടെ 23,414.30ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 111.95 പോയിന്റ് (0.20%) നേട്ടത്തോടെ 56,470.65ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 178.15 പോയിന്റ് (0.29%) താഴ്ന്ന് 62,013.10ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 14.20 പോയിന്റ് (0.07%) കുറഞ്ഞ് 19,861.50ല്‍ ക്ലോസ് ചെയ്തു.
ടാറ്റാ ഗ്രൂപ്പ് നിയമയുദ്ധത്തിലേക്കു നീങ്ങുന്നത് ഉറപ്പായി. ടാറ്റാ ട്രസ്റ്റുകള്‍ അഭിഷേക് മനു സിംഗ്വിയെയും ടാറ്റാ സണ്‍സ് ബോര്‍ഡ് ഹരീഷ് സാല്‍വെയെയും ആണ് മുഖ്യ അഭിഭാഷകരായി നിയോഗിക്കുന്നത്. കമ്പനി നിയമ ട്രൈബ്യൂണലില്‍ ആകും കേസ് വരിക.
എച്ച്ഡിഎഫ്‌സി ബാങ്ക് സിഇഒ നിയമനത്തിനു ബാങ്ക് ബോര്‍ഡ് നല്‍കിയ പാനലില്‍ റിസര്‍വ് ബാങ്കിനു താല്പര്യം ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് സിഇഒ അനൂപ് ബാഗ്ചിയെ ആണെന്നു മാധ്യമറിപ്പോര്‍ട്ട്. ബാങ്കിന്റെ ഡെപ്യൂട്ടി എംഡി കൈസദ് ഭറൂച്ചയെ ആയിരുന്നു ബോര്‍ഡ് താല്പര്യപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന് 2029 ജൂണ്‍ വരെയേ കാലാവധി നല്‍കാന്‍ പറ്റൂ എന്ന ആര്‍ബിഐ ചട്ടമാണു പ്രശ്‌നം.
ഒരു ബാങ്കിന്റെ ഉന്നതതലത്തില്‍ ഒരാള്‍ തുടര്‍ച്ചയായി 15 വര്‍ഷത്തിലധികം ഇരിക്കരുത് എന്നു ചട്ടമുണ്ട്. റിസര്‍വ് ബാങ്ക് ഇതില്‍ ആറു മാസത്തെ ഇളവ് നല്‍കിയാല്‍ മൂന്നു വര്‍ഷ കാലാവധി ഭറൂച്ചയ്ക്കു നല്‍കാം. 2023 വരെ ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന ബാഗ്ചി മൂന്നു വര്‍ഷമായി ബാങ്കിംഗില്‍ ഇല്ല എന്ന പ്രശ്‌നവും ഉണ്ട്.
പൈന്‍ ലാബ്‌സിലെ 4.3 ശതമാനം ഓഹരി മാസ്റ്റര്‍ കാര്‍ഡ് കമ്പനി ഇന്നു ബള്‍ക്ക് ഇടപാടില്‍ വില്‍ക്കും.
മഹാനദി ഓഫ് ഷോര്‍ ബേസിനില്‍ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയതായി ഒഎന്‍ജിസി അറിയിച്ചു.
എന്‍ടിപിസിയില്‍ നിന്ന് 488 കോടി രൂപയുടെ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം നിര്‍മാണ കരാര്‍ പേസ് ഡിജിടെക്കിനു ലഭിച്ചു.
പശ്ചിമ ബംഗാളിലെ റായ്ചാക്കില്‍ പുതിയ കപ്പല്‍ നിര്‍മാണ ശാലയ്ക്കു 2896 കോടി രൂപയുടെ മൂലധന ബജറ്റ് ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് അംഗീകരിച്ചു.
ക്രൂഡ് ഓയില്‍ വില 100 ഡോളറിനു താഴേക്കു നീങ്ങിയതും ഡോളര്‍ കരുത്തു വര്‍ധിപ്പിച്ചതും ഇന്നലെ സ്വര്‍ണത്തെ താഴ്ത്തി. എന്നാല്‍ ഇന്നു സ്വര്‍ണം കയറുകയാണ്.
തിങ്കളാഴ്ച 34.20 ഡോളര്‍ (0.78%) താഴ്ന്ന് ഔണ്‍സിന് 4344.80 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4360 ഡോളര്‍ വരെ കയറി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച 920 രൂപ കുറഞ്ഞ് 1,13,360 രൂപ ആയി.
വെള്ളിവില തിങ്കളാഴ്ച അല്‍പം കുറഞ്ഞ് ഔണ്‍സിന് 66.15 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.62 ഡോളറിലേക്കു കയറി.
പ്ലാറ്റിനം 1808 ഡോളര്‍, പല്ലാഡിയം 1294 ഡോളര്‍, റോഡിയം 8500 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
തിങ്കളാഴ്ച രാജ്യാന്തര വിപണിയില്‍ റബര്‍വില ഉയര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 280.30 ഡോളറിലും ആര്‍എസ്എസ് മൂന്ന് 276.90 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് ക്വിന്റലിന് 27,400 രൂപ തുടര്‍ന്നു.
ചെമ്പ് വിലക്കുതിപ്പ് തുടരുകയാണ്. സര്‍വകാല റെക്കോര്‍ഡ് ആയ ടണ്ണിനു 14,851 ഡോളറില്‍ നിന്ന് 63 ഡോളര്‍ (0.425 ശതമാനം) മാത്രം താഴെയാണ് ഇന്നലത്തെ വില. ചൈനീസ് ഡിമാന്‍ഡില്‍ ഗണ്യമായ വര്‍ധന ഉണ്ടായതാണു കാരണം. ചെമ്പ് 1.78 ശതമാനം ഉയര്‍ന്നു ടണ്ണിന് 14,787.65 ഡോളര്‍ ആയി. അലൂമിനിയം 0.26 ശതമാനം കയറി 3289.94 ഡോളറില്‍ എത്തി. ലെഡും സിങ്കും ടിന്നും നിക്കലും ഉയര്‍ന്നു.
കൊക്കോ വില 0.38 ശതമാനം താഴ്ന്നു ടണ്ണിന് 5307 ഡോളറില്‍ ക്ലോസ് ചെയ്തു. ഓഗസ്റ്റ് പകുതിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. കഴിഞ്ഞമാസം ഐവറി കോസ്റ്റില്‍ നിന്നുള്ള കയറ്റുമതി 18 ശതമാനം വര്‍ധിച്ച് 21.4 ലക്ഷം ടണ്‍ ആയി. ഐസ് എക്‌സ്‌ചേഞ്ചിലെ സ്റ്റോക്ക് രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയായ 34.2 ലക്ഷം ചാക്ക് ആയി.
അറബിക്ക കാപ്പി 2.14 ശതമാനം താഴ്ന്നു പൗണ്ടിന് 2.745 ഡോളര്‍ ആയി.
പാം ഓയില്‍ 0.84 ശതമാനം താഴ്ന്നു ടണ്ണിന് 4857 മലേഷ്യന്‍ റിംഗിറ്റ് ആയി.
പലിശ വര്‍ധനയ്ക്കു ശേഷം കയറ്റത്തിലായ യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്ന് 100.43 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്‍പം താഴ്ന്നു 100.39 ആയി.
യൂറോ 1.1466 ഡോളറിലേക്കും പൗണ്ട് 1.3366 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.41 യെന്‍ വരെ താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.70 എന്ന നിരക്കിലേക്കു കയറി.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇടിഞ്ഞ് 4.951 ശതമാനത്തില്‍ എത്തി.
തിങ്കളാഴ്ച രാവിലെ കാര്യമായി ഉയര്‍ന്ന രൂപ ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഡോളര്‍ അഞ്ചു പൈസ നഷ്ടപ്പെട്ട് 95.82 രൂപയില്‍ അവസാനിച്ചു.
വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.74 രൂപയിലാണ്.
ചൈനീസ് യുവാന്‍ 14.31 രൂപയായി കയറി. യൂറോ 109.88 രൂപയായി താഴ്ന്നു.
നൂറു ഡോളറിലേക്കു താഴ്ന്ന ക്രൂഡ് ഓയില്‍ ഇന്നു രാവിലെ അല്പം കയറി. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ തിങ്കളാഴ്ച 3.53 ഡോളര്‍ കുറഞ്ഞ് 100.34 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ അല്പം കൂടി 100.87 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 92.79 ഡോളറിലാണ്.
ക്രിപ്‌റ്റോ കറന്‍സികള്‍ കുതിച്ചു കയറുന്നു. ബിറ്റ്‌കോയിന്‍ 86,000 ഡോളര്‍ വരെ എത്തിയിട്ട് അല്പം പിന്മാറി. ഇന്നുരാവിലെ 85,800 ഡോളറിനു താഴെയാണ്. ഈഥര്‍ 2750 ഡോളറിനും സൊലാന 118 ഡോളറിനും മുകളിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine