വെടിനിര്‍ത്തല്‍ ചര്‍ച്ച നാളെ, ഇന്നു സംഘങ്ങള്‍ പാക്കിസ്ഥാനില്‍ എത്തും, ഏഷ്യന്‍ വിപണികള്‍ മുന്നേറുന്നു; ടിസിഎസിനു മികച്ച റിസല്‍ട്ട്

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇന്നലെ ദുര്‍ബലമായി. ഡോളര്‍ എട്ടു പൈസ കയറി 92.66 രൂപയില്‍ ക്ലോസ് ചെയ്തു.
stock market morning
image credit : canva
Published on

യുദ്ധവിരാമം സംബന്ധിച്ച് അവ്യക്തതകളും ആശങ്കകളും നിലനില്‍ക്കുകയാണെങ്കിലും വിപണികള്‍ മുന്നേറ്റം തുടരുകയാണ്. പല പ്രസ്താവനകളും ഇതു പക്ഷത്തെയും തീവ്രവാദികളെ തൃപ്തിപ്പെടുത്താനുള്ളവ ആണെന്നു വിപണി കരുതുന്നു. ഇന്നു പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇറാന്റെയും യുഎസിന്റെയും സംഘങ്ങള്‍ എത്തും. നാളെയാണു ചര്‍ച്ച. ഒരു ദിവസം കൊണ്ട് ധാരണയില്‍ എത്തും എന്നു പ്രതീക്ഷ ഇല്ല. ചര്‍ച്ച വരും ദിവസങ്ങളില്‍ തുടര്‍ന്നേക്കും.

ക്രൂഡ് ഓയില്‍ വില കൂടിയെങ്കിലും ഏഷ്യന്‍ വിപണികള്‍ രാവിലെ കയറ്റത്തിലാണ്. ഇന്നലെ 100 ഡോളറില്‍ എത്തിയ ക്രൂഡ് വില പിന്നീടു താഴ്ന്നാണു ക്ലോസ് ചെയ്തത്. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,985.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,898 വരെ താഴ്ന്നിട്ട് 23,960 ലേക്കു കയറി. നിഫ്റ്റി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

അമേരിക്കയും ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ച ഈ മാസാവസാനം പുനരാരംഭിക്കും. ഇന്നലെ ടിസിഎസ് പുറത്തുവിട്ട നാലാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും മികച്ചതായി. അറ്റാദായം 12 ശതമാനം വര്‍ധിച്ചു. കമ്പനിക്ക് കഴിഞ്ഞ പാദത്തില്‍ കിട്ടിയ 1200 കോടി ഡോളറിന്റെ അടക്കം 4070 കോടി ഡോളറിന്റെ കരാറുകള്‍ നിലവില്‍ ഉണ്ട്. വിപ്രോ ഓഹരികള്‍ തിരിച്ചുവാങ്ങുന്നതിനെപ്പറ്റി 16 നു ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുക്കും.

യുഎസ് വിപണി ഉയര്‍ന്നു

യുദ്ധവിരാമത്തിലെ ആശങ്കകളുടെ ഫലമായി താഴ്ന്നു വ്യാപാരം തുടങ്ങിയ യുഎസ് വിപണികള്‍ മികച്ച നേട്ടത്തോടെ അവസാനിച്ചു. ലബനനിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രയേല്‍ തയാറായതും ഇസ്ലാമാബാദ് ചര്‍ച്ച നടക്കുമെന്നു 99% ഉറപ്പായതുമാണു മുന്നേറ്റത്തിനു കാരണം.

ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 275.88 പോയിന്റ് (0.58%) ഉയര്‍ന്നു 48,185.80ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 41.85 പോയിന്റ് (0.62%) ഉയര്‍ന്ന് 6824.66ല്‍ അവസാനിച്ചു. നാസ്ഡാക് 187.42 പോയിന്റ് (0.83%) നേട്ടത്തോടെ 22,822.42ല്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നാമമാത്രമായി താഴ്ന്നിട്ടു തിരിച്ചു നേട്ടത്തിലായി. എസ്ആന്‍ഡ്പി അഞ്ചു പോയിന്റും (0.07%) നാസ്ഡാക് 42 പോയിന്റും (0.16%) ഉയര്‍ന്നു. ഡൗ ജോണ്‍സ് മൂന്നു പോയിന്റ് (0.01%) താഴ്ന്നു നില്‍ക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ വ്യാഴാഴ്ച 1.22 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.07 ശതമാനം ഉയര്‍ന്ന് 26.80 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 0.15 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 27.47 ഡോളറില്‍ നിന്നു. ഇന്‍ഫോസിസ് എഡിആര്‍ 1.71 ശതമാനം ഇടിഞ്ഞിട്ടു തുടര്‍ വ്യാപാരത്തില്‍ 1.16 ശതമാനം കൂടി താഴ്ന്ന് 13.60 ഡോളറില്‍ എത്തി. വിപ്രോ 0.44 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 2.21 ശതമാനം കുതിച്ച് 2.31 ഡോളറില്‍ കയറി.

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച ഒരു ശതമാനത്തോളം താഴ്ന്നു.

ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തിലാണ്. ജപ്പാനിലെ നിക്കൈ 1.70 ശതമാനം കയറി. ദക്ഷിണ കൊറിയയിലെ കോസ്പി 1.90 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.40 ശതമാനം താഴെയാണ്. ഹോങ്‌കോങ്, ചൈനീസ് വിപണികള്‍ 0.50 ശതമാനം ഉയര്‍ന്നു. മൂന്നു വര്‍ഷത്തിനു ശേഷം ചൈനീസ് ഫാക്ടറി ഉല്‍പന്ന വിലകള്‍ മാര്‍ച്ചില്‍ ഉയര്‍ന്നു.

ആശങ്കയില്‍ താഴ്ന്ന് ഇന്ത്യന്‍ വിപണി

ബുധനാഴ്ചത്തെ ആവേശക്കുതിപ്പിനു ശേഷം ഇന്നലെ ഇന്ത്യന്‍ വിപണി താഴ്ചയിലായി. വെടിനിര്‍ത്തല്‍ ധാരണ പരാജയപ്പെടുമോ എന്ന സംശയവും എണ്ണ വില നൂറു ഡോളറിനു മുകളില്‍ കയറിയതും ആശങ്ക വര്‍ധിപ്പിച്ചു. വിദേശനിക്ഷേപകര്‍ വില്‍പന തുടരുകയും ചെയ്തു.

സെന്‍സെക്സ് വ്യാഴാഴ്ച 931.25 പോയിന്റ് (1.20%) താഴ്ന്ന് 76,631.65ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 222.25 പോയിന്റ് (0.93%) കുറഞ്ഞ് 23,775.10ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 882.20 പോയിന്റ് (1.58%) നഷ്ടത്തോടെ 54,821.70ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 179.25 പോയിന്റ് (0.32%) ഉയര്‍ന്ന് 56,978.75ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 27.95 പോയിന്റ് (0.17%) നേട്ടത്തോടെ 16,566.00ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കയറ്റവും ഇറക്കവും ഏകദേശം സമാസമം ആയിരുന്നു. ബിഎസ്ഇയില്‍ 2121 ഓഹരികള്‍ കയറിയപ്പോള്‍ 2180 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1558 എണ്ണം ഉയര്‍ന്നപ്പോള്‍ 1665 എണ്ണം ഇടിഞ്ഞു. വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 1711.19 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 955.90 കോടി രൂപയുടെ അറ്റവാങ്ങലാണു നടത്തിയത്.

സ്വര്‍ണം നേട്ടത്തില്‍

വെടിനിര്‍ത്തലിനെ പറ്റിയുള്ള ആശങ്കയില്‍ സ്വര്‍ണം ഇന്നലെ ചെറിയ പരിധിയില്‍ ചാഞ്ചാടി. 4698 ഡോളര്‍ വരെ താഴ്ന്നും 4802 ഡോളര്‍ വരെ ഉയര്‍ന്നും വ്യാപാരം നടന്ന ഇന്നലെ ഒരു ശതമാനത്തോളം നേട്ടത്തില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഔണ്‍സിന് 4767.50 ഡോളറില്‍ വ്യാപാരം അവസാനിച്ചു. ഇന്നു രാവിലെ വില 4772 ഡോളര്‍ വരെ ഉയര്‍ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍വില വ്യാഴാഴ്ച 1200 രൂപ താഴ്ന്ന് 1,11,600 രൂപയായി.

വെള്ളി വ്യാഴാഴ്ച 76.73 ഡോളറിലേക്കു കയറിയിട്ടു താഴ്ന്ന് ഔണ്‍സിന് 75.47 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 75.88 ഡോളറിലേക്കു കയറി.

പ്ലാറ്റിനം 2086 ഡോളര്‍, പല്ലാഡിയം 1546 ഡോളര്‍, റോഡിയം 9750 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ ഇടിഞ്ഞു

വെടിനിര്‍ത്തല്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ വ്യാഴാഴ്ച വ്യാവസായിക ലോഹങ്ങള്‍ ഇടിഞ്ഞു. ചെമ്പ് ഇന്നലെ 0.78 ശതമാനം താഴ്ന്ന് 12,452.35 ഡോളറില്‍ എത്തി. അലൂമിനിയം 0.85 ശതമാനം നഷ്ടത്തോടെ 3450.11 ഡോളറില്‍ ക്ലോസ് ചെയ്തു. ലെഡ്, നിക്കല്‍, ടിന്‍, സിങ്ക് എന്നിവ താഴ്ന്നു.

റബര്‍ കയറ്റത്തില്‍

രാജ്യാന്തര വിപണിയില്‍ റബര്‍ ഇന്നലെയും ഉയര്‍ന്നു. 0.73 ശതമാനം കയറി കിലോഗ്രാമിന് 206.50 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില 0.38 ശതമാനം കയറി ടണ്ണിന് 17,450.00 യുവാന്‍ ആയി.

കൊക്കോ വില ടണ്ണിന് 3179.43 ഡോളര്‍ ആയി.

തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി 0.10 ശതമാനം താഴ്ന്നു പൗണ്ടിന് 293.75 സെന്റ് ആയി. പാം ഓയില്‍ വില 1.24 ശതമാനം ഉയര്‍ന്നു ടണ്ണിനു 4643 മലേഷ്യന്‍ റിംഗിറ്റില്‍ എത്തി.

പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 1.72 ശതമാനം വരെ ഉയര്‍ന്നു. യൂറിയ 0.36 ശതമാനം താഴ്ന്നു ടണ്ണിന് 701.00 ഡോളര്‍ ആയി. ഡൈ അമോണിയം ഫോസ്‌ഫേറ്റ് ടണ്ണിന് 720 ഡോളറില്‍ തുടരുന്നു.

ഡോളര്‍ സൂചിക താഴ്ചയില്‍

യുഎസ് ഡോളര്‍ സൂചിക വ്യാഴാഴ്ചയും താഴ്ന്ന് 98.82 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.92 ലേക്കു കയറി.

യൂറോ 1.17 ഡോളറിലേക്കും പൗണ്ട് 1.3433 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഡോളറിന് 159.18 യെന്‍ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.83 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.285 ശതമാനമായി താഴ്ന്നു.

രൂപ താഴ്ന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇന്നലെ ദുര്‍ബലമായി. ഡോളര്‍ എട്ടു പൈസ കയറി 92.66 രൂപയില്‍ ക്ലോസ് ചെയ്തു. രൂപയ്‌ക്കെതിരായ ഷോര്‍ട്ട് പൊസിഷനുകള്‍ അവസാനിപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. മിക്ക ബാങ്കുകളും പൊസിഷനുകള്‍ അവസാനിപ്പിച്ചു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ വ്യാഴാഴ്ച രാത്രി 92.47 രൂപ വരെ താഴ്ന്നു. ഇന്നു രാവിലെ 92.61 രൂപയിലേക്കു കയറി. ചൈനീസ് യുവാന്‍ 13.54 രൂപയിലേക്കും യൂറോ 108.09 രൂപയിലേക്കും ഉയര്‍ന്നു. രൂപ ഇന്നും ദുര്‍ബലമായക്കാം.

ക്രൂഡ് ഓയില്‍ കയറുന്നു

ഹോര്‍മുസ് കപ്പല്‍ച്ചാല്‍ നിരുപാധികം തുറക്കാത്തത് ഇന്നും ഇന്ധന വിലയെ ഉയര്‍ത്തി. ഇന്നലെ 95.92 ല്‍ ക്ലോസ് ചെയ്ത ബ്രെന്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 0.65 ഡോളര്‍ ഉയര്‍ന്നു വീപ്പയ്ക്ക് 96.53 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് 98.69 ഡോളറിലായി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 99.62 ല്‍ നില്‍ക്കുന്നു. ഇന്ത്യ പശ്ചിമേഷ്യയില്‍ നിന്നു വാങ്ങുന്ന എണ്ണയുടെ ശരാശരിവില (ഇന്ത്യന്‍ ബാസ്‌കറ്റ്) ഇന്നലെ 15 ശതമാനം താഴ്ന്ന് 115.52 ഡോളര്‍ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

stock market morning
stock market morning
stock market morning
stock market morning
logo
DhanamOnline
dhanamonline.com