

പശ്ചിമേഷ്യന്‍ സ്ഥിതിഗതികളില്‍ മാറ്റം ഇല്ലെങ്കിലും യുഎസ് വിലക്കയറ്റത്തില്‍ നേരിയ ശമനം കണ്ടതു വിപണികള്‍ക്ക് ആശ്വാസമായി. പലിശ വര്‍ധനയുടെ സാധ്യത കുറഞ്ഞു എന്നതാണു കാരണം. ചെയര്‍മാന്‍ രാജി പ്രഖ്യാപിച്ച ശേഷം താഴ്ന്ന ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് പിന്‍ഗാമിയെപ്പറ്റി കിട്ടുന്ന സൂചനകള്‍ അനുസരിച്ചു പ്രതികരിക്കും. ഗ്രൂപ്പില്‍ നിന്നു തന്നെ ഉള്ള ആളാകും ചെയര്‍മാനാകുക എന്നാണു പ്രതീക്ഷ.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,417.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,445 വരെ കയറി. ഇന്ത്യന്‍ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ജൂലൈയിലെ ഇന്ത്യന്‍ ചില്ലറവിലക്കയറ്റം 4.45 ശതമാനമായി ഉയര്‍ന്നു. ജൂണില്‍ 4.38% ആയിരുന്നു. ഭക്ഷ്യ, ഇന്ധന വിലകളാണു ഗണ്യമായി ഉയര്‍ന്നത്.
യുഎസിലെ ചില്ലറ വിലക്കയറ്റം ജൂലൈയില്‍ 3.4 ശതമാനമായി താഴ്ന്നു. ജൂണില്‍ 3.5% ആയിരുന്നു. ഇന്ധനവിലയിലെ കുറവാണു സഹായിച്ചത്. ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റവും കുറഞ്ഞു.
പശ്ചിമേഷ്യന്‍ വിഷയത്തിലെ അനിശ്ചിതത്വത്തിനിടെ ചില്ലറവിലക്കയറ്റം അല്‍പം കുറഞ്ഞത് യുഎസ് വിപണിയെ ഭിന്നദിശകളില്‍ നയിച്ചു. ടെക്‌നോളജി ഓഹരികള്‍ ഉയര്‍ന്നു. സൂപ്പര്‍ മൈക്രോ കംപ്യൂട്ടറും കോര്‍ വീവും 19 ശതമാനം വീതം കുതിച്ചു. ഡെല്‍ ടെക്‌നോളജീസ് 10 ശതമാനം കയറി.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇന്നലെ പത്തു ശതമാനത്തോളം ഉയര്‍ന്നു 146 ഡോളര്‍ കടന്നു. ടെസ്ലയും ആപ്പിളും ആമസോണും താഴ്ന്നു. എന്‍വിഡിയ ഉയര്‍ന്നു.
ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 21.58 പോയിന്റ് (0.04 ശതമാനം) താഴ്ന്ന് 53,770.27ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 20.30 പോയിന്റ് (0.26%) ഉയര്‍ന്ന് 7748.50ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 143.04 പോയിന്റ് (0.54%) നേട്ടത്തോടെ 26,588.49ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് രാവിലെ താഴ്ന്നു. ഡൗ ജോണ്‍സ് 61 പോയിന്റും (0.11%) എസ്ആന്‍ഡ്പി നാലു പോയിന്റും (0.05%) നാസ്ഡാക് 22 പോയിന്റും (0.07%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ബുധനാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 0.77 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.35% കയറി 23.19 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.10% താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 1.25% കുതിച്ച് 30.21 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 2.54% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.57% ഉയര്‍ന്ന് 12.35 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.02% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.51 ശതമാനം കൂടി താഴ്ന്ന് 1.94 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ച ചെറിയ നഷ്ടത്തില്‍ അവസാനിച്ചു. യൂറോ സ്റ്റോക്‌സും ജര്‍മന്‍ ഡാക്‌സും ഫ്രഞ്ച് സൂചികയും യുകെയിലെ എഫ്ടിഎസ്ഇയും താഴ്ന്നു. എല്‍വിഎംഎച്ചും കെറിംഗും അടക്കം ലക്ഷുറി റീട്ടെയില്‍ ഓഹരികള്‍ വില്‍പനസമ്മര്‍ദത്തിലായി. ടെക്‌നോളജി ഓഹരികള്‍ ഉയര്‍ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റണിലാണ്. ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക നാലു ശതമാനം കയറി. എസ്‌കെ ഹൈനിക്‌സ് 7.5 ഉം സാസങ് 4.5 ഉം ശതമാനം കുതിച്ചു. ജപ്പാനില്‍ നിക്കൈ സൂചിക 1.5 ശതമാനം കയറി. തായ്വാന്‍ സൂചിക 1.3 ശതമാനം നേട്ടത്തിലാണ്. ഹോങ്‌കോങ്ങിലെ ഹാങ് സെങ് സൂചിക 0.60 ശതമാനം താഴ്ന്നു. ഷാങ്ഹായ് സൂചിക 0.30 ശതമാനം കയറി.
ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ രാജിപ്രഖ്യാപനം ഇന്നലെ ഇന്ത്യന്‍ വിപണിയെ വലിച്ചു. താഴ്ത്തി. പുതിയ ചെയര്‍മാനെ ഗ്രൂപ്പ് വേഗം കണ്ടെത്തുന്ന പക്ഷം ഓഹരികള്‍ വേഗം തിരിച്ചു കയറും. കൊച്ചി രാജ്യത്തെ അവസാന പ്രധാനമന്ത്രി ഇക്കണ്ടവാര്യരുടെ കൊച്ചുമകനായി തിരുച്ചിറപ്പള്ളിയില്‍ ജനിച്ച ടാറ്റാ സ്റ്റീല്‍ സിഇഒ ടി.വി. നരേന്ദ്രന്‍ സാധ്യതാപട്ടികയിലെ ഒരാളാണ്.
കാലാവധി തീരുന്ന ഫെബ്രുവരി വരെ ചന്ദ്രശേഖരന്‍ പദവിയില്‍ തുടരും. നോയല്‍ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസമാണു ചന്ദ്രശേഖരന്റെ കാലാവധി നീട്ടാന്‍ തടസമായത്. ടാറ്റാ ഗ്രൂപ്പിന്റെ സാന്നിധ്യമുള്ള മേഖലകള്‍ ഇന്നലെ താഴ്ന്നു. ടാറ്റാ ഗ്രൂപ്പിന്റെ വിപണിമൂല്യം 68,000 കോടി രൂപ നഷ്ടമായി. അടുത്തയാഴ്ച ടാറ്റാ സണ്‍സിന്റെ വാര്‍ഷിക പൊതുയോഗം ചേരുന്നതിനു വന്നിട്ടുള്ള തടസം മാറ്റിയെടുക്കലാണു ഗ്രൂപ്പ് ഇപ്പോള്‍ നേരിടുന്ന വലിയ വിഷയം.
ചില പരാതികളെ തുടര്‍ന്ന് ടാറ്റാ സണ്‍സില്‍ 68 ശതമാനം ഓഹരിയുള്ള രണ്ടു ട്രസ്റ്റുകള്‍ക്കു മുംബൈ ചാരിറ്റി കമ്മീഷണര്‍ ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയതാണു പ്രശ്‌നം. കുരുക്കുകളിലും വലിയ നഷ്ടത്തിലും കിടക്കുന്ന എയര്‍ ഇന്ത്യ, ടാറ്റാ ഡിജിറ്റല്‍ എന്നിവയുടെ ഭാവി പുതിയ ചെയര്‍മാനെ ആശ്രയിച്ചാണിരിക്കുന്നത്.
ഇന്ത്യന്‍ വിപണി ഇന്നലെ വലിയ ചാഞ്ചാട്ടത്തിനു ശേഷം ചെറിയ നഷ്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സ് 77,497 ഉം നിഫ്റ്റി 24,265 ഉം വരെ ഇടിഞ്ഞ ശേഷം ഗണ്യമായി തിരിച്ചുകയറി.
ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത് കെയര്‍, ഓട്ടോ മേഖലകള്‍ ഇന്നലെ താഴ്ന്നു. പൊതുമേഖലാ ബാങ്കുകളും മെറ്റലും മീഡിയയുമാണു ഗണ്യമായി മുന്നേറിയത്.
വിദേശനിക്ഷേപകര്‍ ഇന്നലെ അറ്റ വില്‍പനക്കാരായി. അവര്‍ ക്യാഷ് വിപണിയില്‍ 1002.50 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശിഫണ്ടുകള്‍ 5841.66 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
ബുധനാഴ്ച സെന്‍സെക്സ് 187.90 പോയിന്റ് (0.24%) താഴ്ന്ന് 77,966.40ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 35.75 പോയിന്റ് (0.15%) കുറഞ്ഞ് 24,435.95ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 439.60 പോയിന്റ് (0.77%) നേട്ടത്തോടെ 57,885.85ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 180.55 പോയിന്റ് (0.28%) കയറി 64,024.40ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 35.50 പോയിന്റ് (0.18%) താഴ്ന്ന് 19,821.65ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇയില്‍ 1793 ഓഹരികള്‍ കയറി, 2535 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1493 എണ്ണം ഉയര്‍ന്നപ്പോള്‍ 1851 എണ്ണം താഴ്ന്നു.
ടാറ്റാ മോട്ടോഴ്‌സ് സിവി ഒന്നാം പാദത്തില്‍ വരുമാനം 193 ശതമാനം ഉയര്‍ന്നപ്പോള്‍ അറ്റാദായം 83.3 ശതമാനം വര്‍ധിപ്പിച്ചു. വരുമാനം ഗണ്യമായി കൂടിയെങ്കിലും ഐആര്‍സിടിസിക്ക് ഒന്നാം പാദത്തില്‍ അറ്റാദായം നാമമാത്രമായി കുറഞ്ഞു.
സണ്‍ ടിവി നെറ്റ് വര്‍ക്ക് ഒന്നാം പാദ അറ്റാദായം 16.93 ശതമാനം വര്‍ധിപ്പിച്ചു. ജിയോ ഫിനാന്‍സിന്റെ ഉപകമ്പനി ജിയോ ക്രെഡിറ്റില്‍ ബാങ്ക് ഓഫ് അമേരിക്ക 18,268 കോടി രൂപ നിക്ഷേപിച്ച് 49.9 ശതമാനം ഓഹരി എടുക്കും.
പശ്ചിമേഷ്യയില്‍ സമാധാന പ്രതീക്ഷ വര്‍ധിച്ചതും യുഎസ് ചില്ലറ വിലക്കയറ്റം കുറഞ്ഞതും സ്വര്‍ണത്തെ വീണ്ടും കുതിപ്പിലാക്കി. ഇന്നലെ 0.93 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 4409.70 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില കുതിച്ചു 4449.90 ഡോളറില്‍ എത്തിയിട്ട് 4424 ലേക്കു താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുധനാഴ്ച 760 രൂപ ഉയര്‍ന്ന് 1,13,560 രൂപയില്‍ എത്തി.
വെള്ളിവില ബുധനാഴ്ച ഉയര്‍ന്ന് ഔണ്‍സിന് 65.46 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.08 ഡോളറില്‍ എത്തി.
പ്ലാറ്റിനം 1753 ഡോളര്‍, പല്ലാഡിയം 1352 ഡോളര്‍, റോഡിയം 8425 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
ലോഹങ്ങള്‍ ബുധനാഴ്ച വ്യത്യസ്ത ദിശകളില്‍ നീങ്ങി. ചെമ്പ് 0.34 ശതമാനം താഴ്ന്ന് 14,375.30 ഡോളറില്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച അലൂമിനിയം 1.92 ശതമാനം ഇടിഞ്ഞ് 3308.45 ഡോളര്‍ ആയി. സിങ്കും ലെഡ്ഡും നിക്കലും ടിന്നും ഉയര്‍ന്നു.
കൊക്കോ വില ബുധനാഴ്ച 1.15 ശതമാനം കയറി ടണ്ണിന് 5719 ഡോളറില്‍ എത്തി. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഉല്‍പാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോര്‍ഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉല്‍പാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ. ഏഷ്യയിലും ലാറ്റിന്‍ അമേരിക്കയിലും കൂടി ഉല്‍പാദനം ഒരു ലക്ഷം ടണ്‍ കുറയുമെന്നാണ് എസ്റ്റിമേറ്റ്.
അറബിക്ക കാപ്പിവില 0.49 ശതമാനം താഴ്ന്നു പൗണ്ടിന് 3.17 ഡോളര്‍ ആയി. എല്‍നിനോ മൂലം അടുത്ത വര്‍ഷത്തെ ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച ഉയര്‍ന്ന് 100.01ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.94 വരെ താഴ്ന്നു.
യൂറോ 1.1529 ഡോളറിലേക്കും പൗണ്ട് 1.3495 ഡോളറിലേക്കും താണു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 159.31 യെന്‍ എന്ന നിലയില്‍ ആയി. ചൈനീസ് യുവാന്‍ ഡോളറിന് 6.75 നിരക്കില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.682 ശതമാനത്തിലേക്കു താഴ്ന്നു.
ബുധനാഴ്ച ഇന്ത്യന്‍ രൂപ ചാഞ്ചാട്ടത്തിനു ശേഷം നേട്ടത്തില്‍ അവസാനിച്ചു. ഡോളര്‍ 11 പൈസ കുറഞ്ഞ് 95.33 രൂപയില്‍ ക്ലോസ് ചെയ്തു.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.35 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.14 രൂപയിലേക്കും യൂറോ 109.92 രൂപയിലേക്കും താഴ്ന്നു.
ബുധനാഴ്ച ഉയര്‍ന്നു നിന്ന ക്രൂഡ് ഓയില്‍ വില ഇന്ന് അല്പം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ഇന്നു രാവിലെ വീപ്പയ്ക്ക് 1.28 ഡോളര്‍ താഴ്ന്ന് 87.70 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 82.00 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine