

ഹോര്‍മുസ് കരാര്‍ സാധ്യത തെളിയുകയും മങ്ങുകയും ചെയ്യുന്നു. ഹോര്‍മുസ് തുറക്കും മുന്‍പ് നാവിക ഉപരോധങ്ങളും സാമ്പത്തിക വിലക്കുകളും അവസാനിക്കണം, ടോള്‍ അനുവദിക്കണം എന്നീ ആവശ്യങ്ങള്‍ ഇറാന്‍ ഉന്നയിച്ചു. ഇതു കരാറിനെപ്പറ്റി അനിശ്ചിതത്വം വളര്‍ത്തി. ക്രൂഡ് ഓയില്‍ 80 ഡോളറിനു താഴെ വന്ന ശേഷം അല്‍പം ഉയര്‍ന്നു.
റിസര്‍വ് ബാങ്കിന്റെ പണനയ തീരുമാനം രാവിലെ പത്തിനു ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിക്കുന്നതിലേക്കാണ് ഇന്ത്യന്‍ വിപണിയുടെ ശ്രദ്ധ. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 24,771.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,697 വരെ താണിട്ട് 24,720 ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
റിസര്‍വ് ബാങ്ക് പണനയ അവലോകനത്തില്‍ നിരക്കുകള്‍ മാറ്റുകയില്ല എന്നാണു വിപണിയുടെ നിഗമനം. റീപോ നിരക്ക് 5.25 ശതമാനം, റിവേഴ്സ് റീപോ 3.35%, ബാങ്ക് റേറ്റ് 5.50%, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി 5.50%, സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫസിലിറ്റി 5%, കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) 3%, സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) 18% എന്നിവയാണു നിരക്കുകള്‍.
ബാങ്കുകള്‍ അടിയന്തരഘട്ടത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണു റീപോ റേറ്റ്. ബാങ്കുകള്‍ മിച്ചം പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഉള്ള പലിശ റിവേഴ്‌സ് റീപോ. ബാങ്കുകള്‍ പണമായി കരുതേണ്ട തുകയാണു സിആര്‍ആര്‍. അംഗീകൃത കടപ്പത്രങ്ങളില്‍ നിക്ഷേപിക്കേണ്ട തുക എസ്എല്‍ആര്‍.
യുഎസ് വിപണി ആവേശക്കുതിപ്പ് തുടരുന്നു. എങ്ങും ഒരു പ്രശ്‌നവും ഭീഷണിയും ഇല്ല എന്ന മട്ടിലാണു വിപണി റെക്കോര്‍ഡ് ഉയരങ്ങള്‍ താണ്ടുന്നത്. ഇന്നലെ ഡൗ ജോണ്‍സും എസ്ആന്‍ഡ്പിയും റെക്കോര്‍ഡ് കുറിച്ചു. ഹോര്‍മുസില്‍ ധാരണ ഉണ്ടാകുമെന്ന പ്രസ്താവന ഓയില്‍ വിലയെ വീണ്ടും താഴ്ത്തി. പ്രമുഖ കമ്പനികള്‍ മികച്ച റിസല്‍ട്ട് പുറത്തുവിടുകയും ചെയ്തു. തൊഴില്‍ കണക്കില്‍ വിപരീത സൂചനകള്‍ ഉണ്ടായില്ല.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് വിപണി സമയത്തിനു ശേഷം മികച്ച രണ്ടാം പാദ റിസല്‍ട്ട് പുറത്തുവിട്ടു. വിറ്റുവരവ് 92 ശതമാനം കുതിച്ചു. നഷ്ടം കുറഞ്ഞു. ഒന്നാം പാദത്തിലെ 430 കോടി ഡോളര്‍ നഷ്ടം 54.1 കോടി ഡോളറായി കുറച്ചു. എങ്കിലും തുടര്‍വ്യാപാരത്തില്‍ ഓഹരി 6.8 ശതമാനം ഇടിഞ്ഞു. നിശ്ചിത സമയത്ത് 9.43 ശതമാനം ഉയര്‍ന്നു നിന്നതാണ്. എഐ അടക്കം പലതിനുമുള്ള വലിയ മുതല്‍മുടക്കിനെ നിക്ഷേപകര്‍ ആശങ്കയോടെയാണു കാണുന്നത്.
സോഫ്റ്റ്വേര്‍ ഭീമന്‍ പലാന്റി ര്‍ ഇന്നലെ വിപണിയെ അതിശയിപ്പിച്ച രണ്ടാം പാദ റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. ഓഹരി 29.45 ശതമാനം കുതിച്ചുയര്‍ന്നു. മികവിലാത്ത റിസല്‍ട്ടിനെ തുടര്‍ന്ന് എഎംഡി എട്ടു ശതമാനം ഇടിഞ്ഞു.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 907.47 പോയിന്റ് (1.71 ശതമാനം) ഉയര്‍ന്ന് 54,085.88 എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 136.02 പോയിന്റ് (1.79%) മുന്നേറി 7736.52 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 671.10 പോയിന്റ് (2.59%) കുതിച്ച് 26,584.99 ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലാണ്. ഡൗ ജോണ്‍സ് 106 പോയിന്റും (0.20%) എസ്ആന്‍ഡ്പി 16 പോയിന്റും (0.21%) ഉയര്‍ന്നു നീങ്ങുന്നു. നാസ്ഡാക് 26 പോയിന്റ് (0.09%) താഴ്ന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ചൊവ്വാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 0.87 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.38% കയറി 23.98 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.23% ഉയര്‍ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.33% താഴ്ന്ന് 30.23 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 2.86% കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.87% താഴ്ന്ന് 12.49 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് മാറ്റമില്ലാതെ നിന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.07% കയറി 2.0515 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ചയും ഉയര്‍ന്നു. എണ്ണവില താഴ്ന്നതും ഹോര്‍മുസ് കരാര്‍ പ്രതീക്ഷയുമാണ് കാരണം. ടെക് ഓഹരികള്‍ നേട്ടത്തിനു മുന്നില്‍ നിന്നു. ഇന്ധനവില കൂടിയതുമൂലം ലാഭം കുറയുമെന്നു മുന്നറിയിപ്പ് നല്‍കിയ ലുഫ്താന്‍സ 8.2 ശതമാനം ഇടിഞ്ഞു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ദക്ഷിണ കൊറിയയില്‍ കോസ്പി സൂചിക മൂന്നരയും ജപ്പാനില്‍ നിക്കൈ സൂചിക മൂന്നും ശതമാനം ഉയര്‍ന്നു. സോഫ്റ്റ് ബാങ്ക് ഓഹരി 10 ശതമാനം കുതിച്ചു. സാംസങ്ങും എസ്‌കെ ഹൈനിക്‌സും മുന്നേറി. ഓസ്‌ട്രേലിയന്‍ സൂചിക 0.20 ശതമാനം കയറി. ഹോങ് കോങ് സൂചിക 0.20 ശതമാനം താഴ്ന്നും ഷാങ്ഹായ് സൂചിക 0.25 ശതമാനം ഉയര്‍ന്നും വ്യാപാരം നടക്കുന്നു.
എന്‍എസ്ഇയിലെ പുതിയ ക്ലോസിംഗ് വിലനിര്‍ണയ രീതി (സിഎഎസ്) പ്രശ്‌നമായി തുടരുന്നു. ഇന്നലെയും നിഫ്റ്റി, സെന്‍സെക്‌സ് അന്തരം ഉയര്‍ന്നു നിന്നു. തലേന്ന് എന്‍എസ്ഇയിലെയും ബിഎസ്ഇയിലെയും വിലകള്‍ തമ്മില്‍ വന്ന വലിയ വ്യത്യാസം രാവിലത്തെ വ്യാപാരത്തില്‍ കുറച്ചെടുത്തു. എന്നാല്‍ വീണ്ടും ക്ലോസിംഗ് ലേലം വലിയ വ്യത്യാസം കാണിച്ചു. വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും പുതിയ രീതിയെ സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ടുകളും ചില്ലറ നിക്ഷേപകരും അവസാന 15 മിനിറ്റില്‍ വില വലിയ തോതില്‍ മാറുന്നതില്‍ അസ്വസ്ഥരാണ്.
തങ്ങളുടെ നിക്ഷേപങ്ങളുടെ നഷ്ടസാധ്യത കുറയ്ക്കുന്ന ഹെഡ്ജിംഗ് പറ്റാതെ വരുന്നു. മ്യൂച്വല്‍ ഫണ്ടുകളുടെ ക്ലോസിംഗ് എന്‍എവിയില്‍ വരുന്ന വലിയ മാറ്റം നിക്ഷേപകരെ അസ്വസ്ഥരാക്കുമെന്നും ഫണ്ട് മാനേജര്‍മാര്‍ ഭയപ്പെടുന്നു. ഓപ്ഷന്‍സിലും മറ്റും വലിയ നഷ്ടത്തിനും പുതിയ രീതി കാരണമാകുന്നു. കൂടുതല്‍ പേര്‍ ക്ലോസിംഗ് ലേലത്തില്‍ പങ്കെടുത്താല്‍ പ്രശ്‌നങ്ങള്‍ മാറുമെന്നാണ് എക്‌സ്‌ചേഞ്ച് അധികൃതര്‍ പറയുന്നത്.
വിദേശവിപണികള്‍ എല്ലാം തന്നെ ഉയര്‍ന്ന ഇന്നലെ ഇന്ത്യന്‍ വിപണി നഷ്ടത്തിലേക്കു വീണു. പുതിയ ക്ലോസിംഗ് വിലനിര്‍ണയ രീതിയാണു വില്ലനായത്. ക്യാഷ് വ്യാപാരത്തിലെ വലിയ താഴ്ച ഗണ്യമായി കുറച്ചാണ് ക്ലോസിംഗ് ലേലത്തിനു ശേഷം വിലകള്‍ നിന്നത്. തലേന്നും ക്യാഷ് വിപണിക്കു ശേഷം വലിയ കയറ്റം ഉണ്ടായി.
ഇന്നലെ അവസാന 15 മിനിറ്റിലെ തിരിച്ചുവരവിനു ശേഷവും ഓഹരികള്‍ നല്ല നഷ്ടത്തിലായി. റിയല്‍റ്റി സൂചിക 2.39 ശതമാനം താഴ്ന്നു. ഐടി, എഫ്എംസിജി, ബാങ്ക്, ധനകാര്യ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് തുടങ്ങിയവയാണു കൂടുതല്‍ താഴ്ന്ന മേഖലകള്‍.
വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ച വലിയ തോതില്‍ വാങ്ങല്‍ തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 2446.47 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകള്‍ 936.14 കോടി രൂപയുടെ അറ്റ വില്‍പന നടത്തി.
ചൊവ്വാഴ്ച സെന്‍സെക്സ് 210.08 പോയിന്റ് (0.27%) താഴ്ന്ന് 78,428.95ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 159.40 പോയിന്റ് (0.64%) ഇടിവോടെ 24,614.90ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 340.75 പോയിന്റ് (0.58%) നഷ്ടത്തോടെ 57,907.20ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 187.70 പോയിന്റ് (0.29%) കുറഞ്ഞ് 63,491.60ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 45.90 പോയിന്റ് (0.23%) കയറി 19,635.25ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കയറ്റവും ഇറക്കവും ഏകദേശം ഒപ്പത്തിനൊപ്പം നിന്നു. ബിഎസ്ഇയില്‍ 2047 ഓഹരികള്‍ കയറി, 2199 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1586 എണ്ണം ഉയര്‍ന്നപ്പോള്‍ 1701 എണ്ണം താഴ്ന്നു.
എല്‍ഐസിയുടെ ഓഫര്‍ ഫോര്‍ സെയിലില്‍ ഇന്നു റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ഇന്നലെ 3.32 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു.
നൈകയുടെ ഉടമകളായ എഫ്എസ്എന്‍ ഇ കൊമേഴ്‌സ് ജൂണ്‍ പാദത്തില്‍ അറ്റാദായം മൂന്നു മടങ്ങാക്കി ഉയര്‍ത്തി.
ഉപകമ്പനിയായ എച്ച്പിസിഎലിന്റെ വലിയ നഷ്ടം ഒഎന്‍ജിസിയുടെ ഒന്നാം പാദ ലാഭം 43 ശതമാനം താഴ്ത്തി. ഒഎന്‍ജിസിയുടെ തനത് അറ്റാദായം ഇരട്ടിയിലധികം വര്‍ധിച്ച് 17,034 കോടി രൂപയായി. എച്ച്പിസിഎലിന്റെ 12,265 കോടി നഷ്ടം ചേര്‍ത്തപ്പോള്‍ അറ്റാദായം 6554 കോടിയായി.
മാരികോ ജൂണ്‍ പാദത്തില്‍ വരുമാനം 23 ഉം അറ്റാദായം 25 ഉം ശതമാനം വര്‍ധിപ്പിച്ചു.
ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസിന് ഒന്നാം പാദത്തില്‍ വരുമാനം 16 ഉം അറ്റാദായം 42 ഉം ശതമാനം ഇടിഞ്ഞു.
ഭാരതി എയര്‍ടെലിന് ജൂണ്‍ പാദത്തില്‍ വരുമാനം 18 ഉം അറ്റാദായം 37 ഉം ശതമാനം കുതിച്ചു. ശരാശരി ഉപയോക്താവില്‍ നിന്നുള്ള വരുമാനം 264 രൂപയായി. റിലയന്‍സ് ജിയോയ്ക്ക് അത് 215.6 രൂപയാണ്. 10 ലക്ഷം വരിക്കാര്‍ കൂടിയതോടെ മൊത്തം വരിക്കാര്‍ 30 കോടിയായി.
ഹോര്‍മുസ് കരാര്‍ സാധ്യതയും ക്രൂഡ് ഓയില്‍ വിലയിടിവും സ്വര്‍ണത്തെ ഇന്നലെയും കയറ്റി. ചൊവ്വാഴ്ച 22.10 ഡോളര്‍ ഉയര്‍ന്ന് ഔണ്‍സിന് 4076.60 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4080 ഡോളറിലേക്കു കയറി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയില്‍ നിന്നു.
വെള്ളിവില ഔണ്‍സിന് 59.65 ഡോളറില്‍ ക്ലോസ് ചെയ്തു.
പ്ലാറ്റിനം 1724 ഡോളര്‍, പല്ലാഡിയം 1327 ഡോളര്‍, റോഡിയം 8050 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
ചെമ്പ് ഇന്നലെ ഒരു വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിലയില്‍ (14,195 ഡോളര്‍) എത്തി. എന്നാല്‍ ക്ലോസിംഗില്‍ നാമമാത്രമായി താഴ്ന്നു. 1.76 ശതമാനം നേട്ടത്തോടെ ടണ്ണിനു 14,190 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.54 ശതമാനം കയറി 3236.10 ഡോളറില്‍ അവസാനിച്ചു. സിങ്ക് താഴ്ന്നു. ടിന്നും നിക്കലും ലെഡ്ഡും ഉയര്‍ന്നു.
റബറിനു രാജ്യാന്തര വില നാമമാത്രമായി താഴ്ന്നു. കേരളത്തില്‍ മാറ്റമില്ല. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 283.30 ഡോളറിലും ആര്‍എസ്എസ് മൂന്ന് 279.80 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ക്വിന്റലിന് 28,400 രൂപയിലാണ്.
കൊക്കോ വില ചൊവ്വാഴ്ച 2.53 ശതമാനം ഉയര്‍ന്നു ടണ്ണിന് 6089 ഡോളറില്‍ എത്തി. 2026-27 സീസണിലെ ഉല്‍പാദനം കുത്തനേ ഇടിയുമെന്നു ഘാന അറിയിച്ചതാണു കാരണം. കാലാവസ്ഥ പ്രതിളലമായതിനാല്‍ ഉല്‍പാദനം 16 ശതമാനം കുറയുമെന്നാണു ഘാനയിലെ കൊക്കോ ബോര്‍ഡ് കണക്കാക്കുന്നത്. ഐവറി കോസ്റ്റിലും ഉല്‍പാദനം 10 ശതമാനത്തിലധികം ഇടിയും. ഏറ്റവുമധികം കൊക്കോ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളാണ് ഇവ.
അറബിക്ക കാപ്പിവില 1.11 ശതമാനം ഉയര്‍ന്നു പൗണ്ടിന് 3.23 ഡോളര്‍ ആയി. ഈ വര്‍ഷം ആഗോള കാപ്പി ഉല്‍പാദനം റെക്കോര്‍ഡ് ആകുമെന്ന് യുഎസ് കൃഷി വകുപ്പ് കണക്കാക്കുന്നു. ബ്രസീലില്‍ അറബിക്കയും വിയറ്റ്‌നാമില്‍ റോബസ്റ്റയും റെക്കോര്‍ഡ് വിളവ് പ്രതീക്ഷിക്കുന്നു. എല്‍ നിനോ മൂലം അടുത്ത വര്‍ഷത്തെ ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
യുഎസ് ഡോളര്‍ സൂചിക ചൊവ്വാഴ്ച താഴ്ന്ന് 99.86ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 99.89 വരെ കയറി.
യൂറോ 1.1529 ഡോളറിലേക്കും പൗണ്ട് 1.3447 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 157.62 യെന്‍ എന്ന നിലയിലേക്ക് താഴ്ന്നു. ബാങ്ക് ഓഫ് ജപ്പാനും യുഎസ് ഫെഡും സംയുക്തമായി യെന്നിനെ ഉയര്‍ത്താന്‍ ശ്രമിക്കുകയാണ്. ചൈനീസ് യുവാന്‍ ഡോളറിന് 6.75 യുവാനില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.623 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ചൊവ്വാഴ്ച ഇന്ത്യന്‍ രൂപ ദുര്‍ബലമായി. ഡോളര്‍ നാലു പൈസ കൂടി 95.37 രൂപയില്‍ ക്ലോസ് ചെയ്തു. വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.10 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.12 രൂപയില്‍ തുടര്‍ന്നു. യൂറോ 109.98 രൂപയിലേക്കു കയറി.
ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു ഉയര്‍ന്നു. ചൊവ്വാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ 5.2 ശതമാനം താഴ്ന്നു വീപ്പയ്ക്ക് 79.36 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 79.14 ഡോളര്‍ വരെ താണു. ഡബ്‌ള്യുടിഐ ഇനം 75.42 ഡോളറില്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine