പോര്‍വിളി തുടരുമ്പോഴും ചര്‍ച്ചയ്ക്ക് ഒരുക്കം, ക്രൂഡ് ഓയില്‍ താഴ്ന്നു, ഏഷ്യന്‍ ഓഹരികള്‍ കയറ്റത്തില്‍; യുഎസ് ഫ്യൂച്ചേഴ്‌സും ഉയരുന്നു

യുദ്ധഗതി സംബന്ധിച്ച ആശങ്ക തുടരുമ്പോഴും ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ 76,100 ഡോളറിനു സമീപമെത്തി
stock market morning
image credit : canva
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തെ പറ്റിയുള്ള ആശങ്ക ഇന്നും വിപണിയെ ദുര്‍ബലമാക്കും എന്നു നിരീക്ഷകര്‍ കരുതുന്നു. ഇന്നു ധാരണയ്ക്കു വഴിതെളിഞ്ഞില്ലെങ്കില്‍ യുദ്ധം പുനരാരംഭിക്കും എന്നാണു ഭീഷണി.

പ്രധാന ഏഷ്യന്‍ വിപണികളും യുഎസ് ഫ്യൂച്ചേഴ്‌സും ഉയര്‍ന്നാണു നീങ്ങുന്നത്. ക്രൂഡ ഓയില്‍ വില താഴ്ന്നും സ്വര്‍ണം ഉയര്‍ന്നും നില്‍ക്കുന്നതു വിപണിയിലെ കരുതലോടെയുള്ള ശുഭപ്രതീക്ഷ കാണിക്കുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,440.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,385 വരെ താഴ്ന്നിട്ടു തിരിച്ച് 24,400 നു മുകളില്‍ കയറി. നിഫ്റ്റി ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

മാര്‍ച്ചില്‍ രാജ്യത്തെ എട്ടു കാതല്‍ മേഖലകളിലെ വ്യാവസായിക ഉല്‍പാദനം 0.4 ശതമാനം കുറഞ്ഞു. 2025-26ലെ കാതല്‍ മേഖലയുടെ ഉല്‍പാദന വളര്‍ച്ച 2.6 ശതമാനം മാത്രമാണ്. ഇതു കോവിഡിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ്.

ചര്‍ച്ച നടക്കുമോ?

യുഎസ്-ഇറാന്‍ ചര്‍ച്ച നടക്കുമോ എന്ന ആശങ്ക നിലനില്‍ക്കുമ്പോഴും പാക്കിസ്ഥാന്‍ തലസ്ഥാനത്ത് ചര്‍ച്ചയ്ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാന്‍സ് യുഎസ് സംഘത്തെ നയിക്കും എന്നാണു സൂചന. ചര്‍ച്ച ഇല്ലെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളുടെയും രണ്ടാം നിര പ്രതിനിധികള്‍ ഇസ്ലാമാബാദില്‍ ഏതാനും ദിവസമായി ചര്‍ച്ചയിലാണ് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഹോര്‍മുസിന്റെ നിയന്ത്രണം, ആണവ ഇന്ധനശേഖരം, ഇറാന്റെ ധന-സൈനിക സഹായത്തിലുള്ള ഹൗതി, ഹമാസ്, ഹിസ്ബുല്ല സായുധ വിഭാഗങ്ങളുടെ ഭാവി എന്നീ വിഷയങ്ങളിലാണു തര്‍ക്കം നിലനില്‍ക്കുന്നത്. യുഎസ് സമയം ബുധനാഴ്ചയോടെ വെടിനിര്‍ത്തല്‍ അവസാനിക്കും. അതിനകം കരാര്‍ ഉണ്ടായില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുതനിലയങ്ങളും മുഴുവന്‍ തകര്‍ക്കും എന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. കരാര്‍ ഉണ്ടാകുമെന്നു ട്രംപ് ഇന്നലെയും അവകാശപ്പെട്ടു.

യുഎസ് വിപണി നേരിയ താഴ്ചയില്‍

യുഎസ്-ഇറാന്‍ ചര്‍ച്ച സംബന്ധിച്ച അനിശ്ചിതത്വം ഇന്നലെ യുഎസ് വിപണികളെ നേരിയ താഴ്ചയിലാക്കി. നാസ്ഡാക് സൂചിക തുടര്‍ച്ചയായി 13 ദിവസം ഉയര്‍ന്ന ശേഷമാണ് ഇന്നലെ താണത്.

ആപ്പിള്‍ കമ്പനിയിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടര്‍ണസിനെ ടിം കുക്കിനു പകരം സിഇഒ ആയി പ്രഖ്യാപിച്ചു. 65 വയസുള്ള കുക്ക് എക്‌സിക്യൂട്ടീവ് ചെയര്‍മാനാകും. സെപ്റ്റംബര്‍ ഒന്നിനു മാറ്റങ്ങള്‍ പ്രാബല്യത്തിലാകും. 15 വര്‍ഷമായി കമ്പനിയെ നയിക്കുന്ന കുക്കിന്റെ കാലത്ത് ആപ്പിളിന്റെ വിപണിമൂല്യം 24 മടങ്ങായി നാലു ലക്ഷം കോടി ഡോളറില്‍ എത്തിയിരുന്നു. ഇന്നലെ വ്യാപാരത്തില്‍ 1.04 ശതമാനം ഉയര്‍ന്ന ആപ്പിള്‍ ഓഹരി മാറ്റങ്ങള്‍ അറിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.61 ശതമാനം താഴ്ന്നു.

ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 4.87 പോയിന്റ് (0.01%) കുറഞ്ഞ് 49,442.56ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 16.92 പോയിന്റ് (0.24%) നഷ്ടത്തോടെ 7109.14ല്‍ അവസാനിച്ചു. നാസ്ഡാക് 64.09 പോയിന്റ് (0.26%) താഴ്ന്ന് 24,404.39ല്‍ ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേട്ടത്തിലാണ്. ഡൗ ജോണ്‍സ് 104 പോയിന്റും (0.21%) എസ്ആന്‍ഡ്പി 13 പോയിന്റും (0.19%) നാസ്ഡാക് 78 പോയിന്റും (0.29%) ഉയര്‍ന്നു നീങ്ങുന്നു.

ഇന്ത്യന്‍ എഡിആറുകള്‍ നേട്ടത്തില്‍

ന്യൂയോര്‍ക്കില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ തിങ്കളാഴ്ച 3.38 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.15 ശതമാനം കുറഞ്ഞ് 26.58 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 0.17 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.45 ശതമാനം ഉയര്‍ന്ന് 28.88 ഡോളറില്‍ നിന്നു. ഇന്‍ഫോസിസ് എഡിആര്‍ 1.73 ശതമാനം താഴ്ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.63 ശതമാനം കയറി 14.30 ഡോളറില്‍ എത്തി. വിപ്രോ 2.28 ശതമാനം ഇടിഞ്ഞ ശേഷം തുടര്‍ വ്യാപാരത്തില്‍ 1.40 ശതമാനം ഉയര്‍ന്ന് 2.17 ഡോളര്‍ ആയി.

യൂറോപ്പ്, ഏഷ്യ

യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഒരു ശതമാനത്തോളം താഴ്ന്നു. പശ്ചിമേഷ്യന്‍ സാഹചര്യം മാറുന്നില്ലെങ്കിലും ഏഷ്യന്‍ വിപണികള്‍ ഇന്നു രാവിലെ ഉയര്‍ന്നു. ജപ്പാനിലെ നിക്കൈ 1.10 ഉം ദക്ഷിണ കൊറിയയിലെ കോസ്പി 1.50 ഉം ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.30 ശതമാനം താഴ്ന്നു. ചൈനീസ് വിപണി താഴ്ന്നു, ഹോങ്‌കോങ് വിപണി ഉയര്‍ന്നു വ്യാപാരം തുടങ്ങി.

ദിശ കണ്ടെത്താതെ ഇന്ത്യന്‍ വിപണി

ഇന്ത്യന്‍ വിപണി തിങ്കളാഴ്ച മുഴുവന്‍ ദിശാബോധം കിട്ടാതെ നീങ്ങി. താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിലായി. പിന്നീടു നല്ല മുന്നേറ്റം നടത്തിയ ശേഷം വീണ്ടും ചാഞ്ചാട്ടമായി. ഒടുവില്‍ നാമമാത്ര നേട്ടത്തില്‍ മുഖ്യസൂചികകള്‍ ക്ലോസ് ചെയ്തു.

ഏതാനും ദിവസം വാങ്ങലുകരായ വിദേശ നിക്ഷേപകര്‍ തിങ്കളാഴ്ച വില്‍പനക്കാരായി മാറി. സ്വദേശി ഫണ്ടുകള്‍ വലിയ വാങ്ങലുകാരുമായി. ക്യാഷ് വിപണിയില്‍ വിദേശികള്‍ 1059.93 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 2966.89 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.

സെന്‍സെക്സ് വെള്ളിയാഴ്ച 26.76 പോയിന്റ് (0.03%) ഉയര്‍ന്ന് 78,520.30ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 11.30 പോയിന്റ് (0.05%) കയറി 24,364.85ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 16.65 പോയിന്റ് (0.03%) നേട്ടത്തോടെ 56,582.35ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 107.45 പോയിന്റ് (0.18%) താഴ്ന്ന് 59,790.75ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 78.80 പോയിന്റ് (0.45%) നഷ്ടത്തോടെ 17,486.90ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 1810 ഓഹരികള്‍ കയറിയപ്പോള്‍ 2593 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1252 എണ്ണം ഉയര്‍ന്നപ്പോള്‍ 2035 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

ഒഡീഷയില്‍ 60 ലക്ഷം ടണ്‍ ശേഷിയുള്ള സ്റ്റീല്‍ പ്ലാന്റ് തുടങ്ങാന്‍ ദക്ഷിണകൊറിയയിലെ പോസ്‌കോയുമായി ജെഎസ്ഡബ്ല്യു സ്റ്റീല്‍ 50:50 സംയുക്ത കമ്പനിക്കു രൂപം നല്‍കി.

വേദാന്ത ലിമിറ്റഡ് നാലു കമ്പനികളായി വിഭജിക്കുന്നതിന്റെ റെക്കോര്‍ഡ് തീയതി മേയ് ഒന്നായി പ്രഖ്യാപിച്ചു. വേദാന്ത അലൂമിനിയം മെറ്റല്‍, തല്‍വണ്ടി സാബോ പവര്‍, മാല്‍കോ എനര്‍ജി, വേദാന്ത അയണ്‍ ആന്‍ഡ് സ്റ്റീല്‍ എന്നിവയുടെ ഓഹരികള്‍ വേദാന്ത ഓഹരിയുടമകള്‍ക്കു ലഭിക്കും.

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിനു നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 8.2 ശതമാനവും അറ്റാദായം 14.39 ശതമാനവും വര്‍ധിച്ചു.

ഇലക്ട്രിക് ത്രീ വീലറുകള്‍ നിര്‍മിക്കാന്‍ ഹ്യുണ്ടായി മോട്ടോറുമായി ടിവിഎസ് മോട്ടോര്‍ സഹകരണ കരാര്‍ ഉണ്ടാക്കി.

2030 ഓടെ ഉല്‍പാദനശേഷി മൂന്നുമടങ്ങായി വര്‍ധിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ കോപ്പര്‍ 7188.60 കോടി രൂപയുടെ മൂലധനനിക്ഷേപ പദ്ധതി അംഗീകരിച്ചു.

നാലാം പാദത്തില്‍ എസ്എംഎല്‍ മഹീന്ദ്രയുടെ വരുമാനം 16.4 ശതമാനം വര്‍ധിച്ചെങ്കിലും ലാഭമാര്‍ജിന്‍ 11.7 ല്‍ നിന്നു 10.1 ശതമാനമായി താഴ്ന്നു. അറ്റാദായവര്‍ധന 2.36 ശതമാനം മാത്രമാണ്.

സ്വര്‍ണം ഉയര്‍ന്ന നിലയില്‍

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ച അനിശ്ചിതത്വത്തില്‍ ആണെങ്കിലും തിങ്കളാഴ്ച സ്വര്‍ണം താഴ്ചയില്‍ നിന്നു കയറി. ഇന്നലെ ഔണ്‍സിന് 4736.50 ഡോളര്‍ വരെ ഇടിഞ്ഞ സ്വര്‍ണം 4821.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നുരാവിലെ നാമമാത്രമായി താഴ്ന്ന 4815 ഡോളറിലായി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍വില തിങ്കളാഴ്ച 360 രൂപ കുറഞ്ഞ് 1,13,880 രൂപയില്‍ നില്‍ക്കുന്നു.

വെള്ളി വില ഔണ്‍സിന് 79.85 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 79.92 ഡോളറിലേക്ക് കയറി.

പ്ലാറ്റിനം 2090 ഡോളര്‍, പല്ലാഡിയം 1542 ഡോളര്‍, റോഡിയം 9800 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

യുദ്ധം സംബന്ധിച്ച അനിശ്ചിതത്വം വ്യാവസായിക ലോഹങ്ങളെ പല ദിശകളിലാക്കി. ചെമ്പ് 0.11 ശതമാനം കയറി ടണ്ണിന് 13,163.00 ഡോളറില്‍ എത്തി. അലൂമിനിയം 1.53 ശതമാനം ഇടിഞ്ഞു ടണ്ണിന് 3542.05 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കല്‍, ലെഡ്, സിങ്ക് എന്നിവ താഴ്ന്നപ്പോള്‍ ടിന്‍ ഉയര്‍ന്നു.

റബര്‍ വീണ്ടും താഴ്ന്നു

രാജ്യാന്തര വിപണിയില്‍ തിങ്കളാഴ്ച റബര്‍ വില 1.08 ശതമാനം താഴ്ന്നു കിലോഗ്രാമിന് 201.20 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില 0.49 ശതമാനം താഴ്ന്നു ടണ്ണിന് 16,775.00 യുവാന്‍ ആയി.

കൊക്കോ വില 2.65 ശതമാനം ഉയര്‍ന്നു ടണ്ണിന് 3367.00 ഡോളര്‍ ആയി. ഏതാനും ദിവസങ്ങളായി വില ഇടിയുകയായിരുന്നു.

തേയിലവില മാറ്റമില്ലാതെ കിലോഗ്രാമിനു 181.94 രൂപയില്‍ തുടര്‍ന്നു. കാപ്പി 1.27 ശതമാനം ഉയര്‍ന്നു പൗണ്ടിന് 287.85 സെന്റില്‍ എത്തി. പാം ഓയില്‍ വില 1.08 ശതമാനം ഉയര്‍ന്നു ടണ്ണിനു 4498 മലേഷ്യന്‍ റിംഗിറ്റില്‍ എത്തി.

പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍, പിവിസി വിലകള്‍ 0.97 ശതമാനം വരെ ഇടിഞ്ഞു. യൂറിയ 1.39 ശതമാനം താഴ്ന്നു ടണ്ണിന് 692.50 ഡോളര്‍ ആയി. ഡൈ അമോണിയം ഫോസ്‌ഫേറ്റ് മാറ്റമില്ലാതെ ടണ്ണിന് 722.50 ഡോളറില്‍ തുടര്‍ന്നു.

ഡോളര്‍ സൂചിക ഫ്‌ലാറ്റ്

യുഎസ് ഡോളര്‍ സൂചിക ഇന്നലെ ചെറിയ പരിധിയില്‍ കയറിയിറങ്ങിയ ശേഷം മാറ്റമില്ലാതെ 98.10ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.08 ലേക്കു താഴ്ന്നു.

യൂറോ 1.1782 ഡോളറിലേക്കും പൗണ്ട് 1.3526 ഡോളറിലേക്കും ഉയര്‍ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 158.96 യെന്‍ എന്ന നിലയില്‍ നിന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.82 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.254 ശതമാനമായി താഴ്ന്നു.

രൂപ താഴ്ന്നു

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ തിങ്കളാഴ്ച ദുര്‍ബലമായി. താഴ്ന്നു വ്യാപാരം തുടങ്ങിയ ഡോളര്‍ 20 പൈസ ഉയര്‍ന്നു 93.13 രൂപയില്‍ ക്ലോസ് ചെയ്തു. രൂപ- ഡോളര്‍ ഫോര്‍വേഡ് വ്യാപാരത്തിലെ കര്‍ശന നിബന്ധനകള്‍ നീക്കും എന്ന പ്രതീക്ഷയിലായിരുന്നു വിപണി. വ്യാപാരസമയം കഴിഞ്ഞ ശേഷം ആ നിബന്ധനകള്‍ നീക്കി.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 93.09 രൂപയില്‍ നില്‍ക്കുന്നു.

ചൈനീസ് യുവാന്‍ 13.66 രൂപയിലും യൂറോ 109.73 രൂപയിലും എത്തി.

ക്രൂഡ് ഓയില്‍ താഴ്ന്നു

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലാണെങ്കിലും ക്രൂഡ് ഓയില്‍ വില താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ രാവിലെ 94.66 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് 86.53 ഡോളറില്‍ നില്‍ക്കുന്നു. ജൂണ്‍ അവധിവില 86.33 ഡോളര്‍ ആയി. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 93.04 ഡോളറിലാണ്. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യന്‍ ക്രൂഡുകളുടെ ശരാശരി (ബാസ്‌കറ്റ്) വില 100.41 ഡോളര്‍ ആയി കുറഞ്ഞിട്ടുണ്ട്.

ക്രിപ്‌റ്റോകള്‍ ഉയര്‍ന്നു

യുദ്ധഗതി സംബന്ധിച്ച ആശങ്ക തുടരുമ്പോഴും ക്രിപ്‌റ്റോ കറന്‍സികള്‍ ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ 76,100 ഡോളറിനു സമീപമെത്തി. ഈഥര്‍ 2320 ഡോളറിനും സൊലാന 85.60 ഡോളറിനും മുകളില്‍ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com