

പശ്ചിമേഷ്യന്‍ സമാധാനചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയില്‍ ക്രൂഡ് ഓയില്‍ വില ഗണ്യമായി താഴ്ന്നു. എന്നാല്‍ ചിപ് ഓഹരികളുടെ തകര്‍ച്ചയില്‍ ഏഷ്യന്‍ വിപണികള്‍ വീണ്ടും ഇടിവിലായി. പലിശ ഉടനെ കൂട്ടുകയില്ല എന്നു യുഎസ് ഫെഡ് ചെയര്‍മാന്‍ സൂചിപ്പിച്ചത് സ്വര്‍ണത്തെ ഉയര്‍ത്തി.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,162.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,208 വരെ കയറിയിട്ട് അല്‍പം താഴ്ന്നു. ഇന്നു വിപണി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ജൂലൈ ഒന്നിലെ നിലവച്ച് 38 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 172.9 മില്ലിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്തു ലഭിച്ചത് 108.1 മില്ലിമീറ്റര്‍ മാത്രം. ജൂലൈയില്‍ ആദ്യത്തെ ഒരാഴ്ച നല്ല മഴ ലഭിക്കും, പിന്നീടു കുറയും എന്നാണു വകുപ്പ് പറയുന്നത്. ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനമാണ് ഈ മാസം പ്രതീക്ഷ.
മഴ കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിച്ചു എങ്കിലും രാജ്യത്തെ കരഭൂമിയുടെ 75 ശതമാനം പ്രദേശത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. മഴക്കുറവ് മൂലം ജൂണ്‍ 25 വരെ ഖാരിഫ് കൃഷിയിറക്കലില്‍ 23 ശതമാനം കുറവുള്ളതായി കൃഷിമന്ത്രാലയം കണക്കാക്കുന്നു.
ജൂലൈയുടെ തുടക്കം അമേരിക്കന്‍ വിപണിക്കു ദുര്‍ബലമായിരുന്നു. മൂന്നു സൂചികകളും താഴ്ന്നു. രാവിലെ റെക്കോര്‍ഡ് ഉയരത്തിലേക്കു കയറിയ ഡൗ ജോണ്‍സ് 423 പോയിന്റ് താഴ്ന്നാണു നാമമാത്ര നഷ്ടത്തില്‍ അവസാനിച്ചത്. ചിപ് ഓഹരികളില്‍ നിന്നു നിക്ഷേപകര്‍ പിന്മാറിയതു മറ്റു രണ്ടു സൂചികകളെയും നഷ്ടത്തിലാക്കി. മൈക്രോണും സാന്‍ഡിസ്‌കും പത്തു ശതമാനം വീതം ഇടിഞ്ഞു. അധിക കംപ്യൂട്ടിംഗ് ശേഷി വിറ്റു പണമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്ന മെറ്റാ പ്ലാറ്റ്‌ഫോംസ് 8.8 ശതമാനം കുതിച്ചു.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കഴിഞ്ഞ ദിവസത്തെ നേട്ടമെല്ലാം നഷ്ടപ്പെടുത്തി 7.8 ശതമാനം ഇടിഞ്ഞ് 157.54 ഡോളറില്‍ ക്ലോസ് ചെയ്തു.
ജൂലൈയില്‍ പലിശ കൂട്ടണമെന്ന വാശിയോടെയല്ല ഫെഡ് നീങ്ങുന്നതെന്ന് ഇന്നലെ ഒരു പ്രസംഗത്തില്‍ സൂചിപ്പിച്ച ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് വിലക്കയറ്റം ഉയര്‍ന്നു നീങ്ങുന്നതില്‍ ആശങ്കയും പ്രകടിപ്പിച്ചു. പലിശ ഉടനെ കൂട്ടുകയില്ല എന്ന വിലയിരുത്തലാണ് ഇതില്‍ നിന്നു വിപണികള്‍ക്ക് ലഭിച്ചത്.
ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 13.96 പോയിന്റ് (0.03 ശതമാനം) താഴ്ന്ന് 52,305.24 എന്ന റെക്കോര്‍ഡില്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 16.13 പോയിന്റ് (0.22%) നഷ്ടത്തോടെ 7483.23 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 173.69 പോയിന്റ് (0.66%) ഇടിഞ്ഞ് 26,040.03ല്‍ ക്ലോസ് ചെയ്തു.
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ബുധനാഴ്ച വിപണിസമയത്ത് 1.08 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.63 ശതമാനം ഉയര്‍ന്ന് 25.71 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.21% താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.79% കയറി 29.20 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.53% ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 10.65 ഡോളറില്‍ ക്ലോസ് ചെയ്തു.
വിപ്രോ വിപണിസമയത്ത് 16.89% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 2.65 ശതമാനം ഉയര്‍ന്ന് 1.9195 ഡോളറില്‍ അവസാനിച്ചു. ജെപി മോര്‍ഗന്‍ വിപ്രോയെ അണ്ടര്‍വെയ്റ്റ് ഗ്രേഡിലേക്കു താഴ്ത്തിയിരുന്നു. എഡിആറിന് 2.2 ഡോളറില്‍ നിന്ന് 1.7 ഡോളറിലേക്കു ലക്ഷ്യവില താഴ്ത്തുകയും ചെയ്തു. ഇന്നലെ എന്‍എസ്ഇയില്‍ ചാഞ്ചാട്ടത്തിനു ശേഷം വിപ്രോ ഓഹരി 0.32 ശതമാനം താഴ്ന്ന് 169.85 രൂപയില്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ ജോണ്‍സ് 15 പോയിന്റ് (0.03%) താഴ്ന്നു. എസ് ആന്‍ഡ് പി 8 പോയിന്റും (0.10%) നാസ്ഡാക് 105 പോയിന്റും (0.35%) ഉയര്‍ന്നു നീങ്ങുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും ക്രൂഡ് ഓയില്‍ കയറ്റവും യൂറോപ്യന്‍ വിപണികളെ ബുധനാഴ്ച താഴ്ത്തി. എന്നാല്‍ ജര്‍മന്‍ സൂചിക നാമമാത്രമായി ഉയര്‍ന്നു.
ചിപ് കമ്പനി ഓഹരികളുടെ ഇടിവ് തുടരുന്നതോടെ ഏഷ്യന്‍ വിപണികള്‍ ഇന്നു തകര്‍ച്ചയിലാണ്. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി ഏഴു ശതമാനം താഴ്ന്നു. എസ്‌കെ ഹൈനിക്‌സും സാംസംഗും എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. ജാപ്പനീസ് സൂചിക നിക്കൈ രണ്ടു ശതമാനം വരെ താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.15 ശതമാനം നഷ്ടത്തിലാണ്. തായ്വാന്‍ രണ്ടര ശതമാനം ഇടിഞ്ഞ ശേഷം നഷ്ടം കുറച്ചു. ഹോങ് കോങ് വിപണി രണ്ടു ശതമാനം ഉയര്‍ന്നു വ്യാപാരം തുടങ്ങിയിട്ടു നേട്ടം കുറച്ചു. ഷാങ്ഹായ് സൂചിക ഒന്നര ശതമാനം താഴ്ന്നു.
രണ്ടു ദിവസത്തെ നഷ്ടങ്ങള്‍ക്കു ശേഷം ഇന്നലെ ഇന്ത്യന്‍ വിപണി മികച്ച മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റി 24,000 നു മുകളില്‍ ക്ലോസ് ചെയ്‌തെങ്കിലും രാവിലെ 77,000 നു മുകളില്‍ കയറിയ സെന്‍സെക്‌സിന് അവിടെ നിലനില്‍ക്കാനായില്ല.
ഐടി ഓഹരികളില്‍ വലിയ ഇടിവ് തുടര്‍ന്നു. കെപിഐടി ടെക്‌നോളജീസ് 16.46 ശതമാനം ഇടിഞ്ഞു. ഈ വര്‍ഷം വരുമാനം ഗണ്യമായി കുറയും എന്നു കമ്പനി മുന്നറിയിപ്പ് നല്‍കി. കോഫോര്‍ജ് 6.67 ശതമാനം താഴ്ന്നു. ഐടി സൂചിക 2.01 ശതമാനം നഷ്ടത്തിലായി.
രാജ്യാന്തര വിപണിയില്‍ വ്യാവസായിക ലോഹങ്ങളുടെ വിലയിടിഞ്ഞത് മെറ്റല്‍ ഓഹരികളെ താഴ്ത്തി. ജൂണിലെ വാഹനവില്‍പന ഗണ്യമായി കൂടിയത് ഓട്ടോ ഓഹരികളെ ഉയര്‍ത്തി. റിയല്‍റ്റിയും എഫ്എംസിജിയും കാപ്പിറ്റല്‍ മാര്‍ക്കറ്റും മീഡിയയും കുതിച്ചു. ബാങ്ക്, ധനകാര്യ ഓഹരികള്‍ക്കു നല്ല നേട്ടം ഉണ്ടായി.
വിദേശനിക്ഷേപകര്‍ ബുധനാഴ്ചയും അറ്റവില്‍പനക്കാരായിരുന്നു. അവര്‍ ക്യാഷ് വിപണിയില്‍ 1140.50 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3159.24 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
ബുധനാഴ്ച സെന്‍സെക്സ് 443.97 പോയിന്റ് (0.58%) ഉയര്‍ന്ന് 76,922.64ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 140.10 പോയിന്റ് (0.59%) നേട്ടത്തോടെ 24,005.85ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 490.15 പോയിന്റ് (0.85%) കയറി 58,033.05 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 211.10 പോയിന്റ് (0.34%) ഉയര്‍ന്ന് 62,008.80ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 67.95 പോയിന്റ് (0.36%) കയറി 18,931.05ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2222 ഓഹരികള്‍ കയറി, 2059 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1836 എണ്ണം ഉയര്‍ന്നപ്പോള്‍ 1454 എണ്ണം താഴ്ന്നു.
ഫെഡറല്‍ ബാങ്ക് ഓഹരി 332.00 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചിട്ട് 0.24 ശതമാനം നേട്ടത്തോടെ 330.85ല്‍ ക്ലോസ് ചെയ്തു.
സ്വര്‍ണവിലയിലെ ഇടിവ് മുത്തൂറ്റ് ഫിനാന്‍സിനെ 2.88 ഉം മണപ്പുറം ഫിനാന്‍സിനെ 2.48ഉം ശതമാനം താഴ്ത്തി. ഭാരതി എയര്‍ടെലിന്റെ ഉപകമ്പനി എയര്‍ടെല്‍ മണി, ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ തുടങ്ങി. നിക്ഷേപം സ്വീകനെക്കാണ ടൈപ്പ് 2 എന്‍ബിഎഫ്‌സി ആണ് എയര്‍ടെല്‍ മണി.
ഇന്ത്യന്‍ ബാങ്ക് ജൂണ്‍ പാദത്തില്‍ നിക്ഷേപം 13.3 ശതമാനവും വായ്പ 13.9 ശതമാനവും വര്‍ധിപ്പിച്ചു.
ധനലക്ഷ്മി ബാങ്ക് ജൂണ്‍ പാദത്തില്‍ നിക്ഷേപങ്ങള്‍ 17.1 ഉം വായ്പകള്‍ 26.47 ഉം ശതമാനം വര്‍ധിപ്പിച്ചു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാന്‍ കെവിന്‍ വാര്‍ഷ് ഇന്നലെ സ്വര്‍ണവിലയെ തിരിച്ചുകയറ്റി. സ്വകാര്യ മേഖലയിലെ തൊഴില്‍ വര്‍ധന 98,000 ആയി കുറഞ്ഞതും സ്വര്‍ണത്തിനു സഹായമായി. വിലക്കയറ്റം അമിതമാണെന്ന് ഒരു പ്രസംഗത്തില്‍ പറഞ്ഞ വാര്‍ഷ് രണ്ടു ശതമാനം വിലക്കയറ്റം എന്ന ലക്ഷ്യത്തില്‍ മാറ്റമില്ലെന്നു വ്യക്തമാക്കി.
എന്നാല്‍ ജൂലൈയിലെ യോഗത്തില്‍ ഫെഡ് കമ്മിറ്റി പലിശ കൂട്ടുമെന്നോ പലിശ വര്‍ധന ആസന്നമാണെന്നോ അദ്ദേഹം പറഞ്ഞില്ല. ഇതും തൊഴില്‍ കണക്കും പലിശവര്‍ധനയെ സംബന്ധിച്ച ആശങ്ക കുറച്ചു. സ്വര്‍ണം കയറി. 3960നു താഴെ നിന്ന് 4115.90 ഡോളര്‍ വരെ സ്വര്‍ണം കയറി. പിന്നീടു ലാഭമെടുക്കലുകാര്‍ വില്‍പനക്കാരായതോടെ ഔണ്‍സിന് 4032.10 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം കുതിച്ച് 4070 ഡോളറില്‍ എത്തിയിട്ട് 4055 ലേക്കു താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍ ഇന്നലെ രാവിലെ ഗണ്യമായി ഇടിഞ്ഞിട്ടു പിന്നീട് തിരിച്ചു കയറി 1,04,320 രൂപ ആയി. വെള്ളിവില ഇന്നലെ ഔണ്‍സിന് 57 ഡോളര്‍ വരെ താഴ്ന്നിട്ട് 59.21 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 60.15 ഡോളറില്‍ എത്തി. പ്ലാറ്റിനം 1591 ഡോളര്‍, പല്ലാഡിയം 1215 ഡോളര്‍, റോഡിയം 7550 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
ബുധനാഴ്ച ടിന്‍ ഒഴികെയുള്ള വ്യാവസായിക ലോഹങ്ങള്‍ ഇടിഞ്ഞു. ചെമ്പ് 1.28 ശതമാനം താഴ്ന്നു ടണ്ണിനു 13,169.65 ഡോളര്‍ ആയി. അലൂമിനിയം 1.20 ശതമാനം ഇടിഞ്ഞ് 3083.32ല്‍ ക്ലോസ് ചെയ്തു. അലൂമിനിയം 3000 ഡോളറിനു താഴെയാകും എന്നാണു റിപ്പോര്‍ട്ടുകള്‍. സിങ്കും ലെഡും നിക്കലും താഴ്ന്നു. ടിന്‍ ഉയര്‍ന്നു.
ബുധനാഴ്ച രാജ്യാന്തര റബര്‍ വില ഉയര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 282.40 ഡോളറിലും ആര്‍എസ്എസ് മൂന്ന് 278.95 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 26,800 രൂപയില്‍ തുടര്‍ന്നു.
കൊക്കോ വില ബുധനാഴ്ച ടണ്ണിന് 5076 ഡോളറില്‍ എത്തി. ഐവറി കോസ്റ്റില്‍ 18 ശതമാനം കൂടുതല്‍ കൊക്കോ വിപണിയില്‍ എത്തിയതു കഴിഞ്ഞ ദിവസം വില താഴാന്‍ കാരണമായിരുന്നു. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്നു തന്നെയാണു വിലയിരുത്തല്‍.
കാപ്പിവില 6.12 ശതമാനം കുതിച്ച് പൗണ്ടിന് 3.15 ഡോളര്‍ ആയി.
യുഎസ് ഡോളര്‍ ബുധനാഴ്ച ഉയര്‍ന്ന് 101.39 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക കയറി 101.42 ല്‍ എത്തി.
യൂറോ 1.1379 ഡോളറിലേക്കും പൗണ്ട് 1.3277 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 162.56 യെന്‍ എന്ന നിലയിലേക്ക് കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.79 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.481 ശതമാനമായി ഉയര്‍ന്നു. പലിശ കൂടും എന്നാണ് ഇതിലെ സൂചന.
ഡോളറിന്റെ കുതിപ്പില്‍ ഇന്ത്യന്‍ രൂപ ബുധനാഴ്ച ഇടിഞ്ഞു. മൂന്ന് ആഴ്ചയിലെ ഏറ്റവും വലിയ ഇടിവായിരുന്നു ഇന്നലെ. ഡോളര്‍ 59 പൈസ കയറി 95.25 രൂപയില്‍ അവസാനിച്ചു.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.15 രൂപയായി. ചൈനീസ് യുവാന്‍ 14.02 രൂപയിലേക്കും യൂറോ 108.38 രൂപയിലേക്കും ഉയര്‍ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine