

വിപണി ഇന്നു കരുതലോടെ വ്യാപാരം തുടങ്ങാനാണു സാധ്യത. സമീപ കാലത്തെ മികച്ച മുന്നേറ്റം കഴിഞ്ഞ നാലു ദിവസമായി കാഴ്ചവച്ചെങ്കിലും മുന്നോട്ടുള്ള ഗതിയെപ്പറ്റി വലിയ ആത്മവിശ്വാസം കാണുന്നില്ല. എന്നാല്‍ ബുള്ളുകള്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ റെക്കോര്‍ഡ് ഉയരത്തിലേക്ക് ഈ മുന്നേറ്റത്തില്‍ എത്താം എന്ന മോഹത്തിലാണ്. എന്നാല്‍ വിദേശ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നാല്‍ ആ മോഹം വൃഥാവിലാകും.
നവംബറിനകം അമേരിക്കയുമായി വ്യാപാര കരാറിനു സാധ്യത ഉണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരന്‍ ഇന്നലെ പറഞ്ഞതു വിപണിക്കു കരുത്തു പകരാം. 25 ശതമാനം പിഴച്ചുങ്കം അതോടെ നീക്കുമെന്നും ആദ്യം പറഞ്ഞ 25 ശതമാനം ചുങ്കം 15-20 ശതമാനമായി കുറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളുടെ നിലവാരത്തിലേക്കു ചുങ്കം കുറയുന്നതു കയറ്റുമതി മേഖലയ്ക്കു വലിയ ആശ്വാസമാകും. സോയാബീന്‍സ്, ചോളം തുടങ്ങിയ ചില കാര്‍ഷിക ഇനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ വഴങ്ങേണ്ടി വരും എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നുണ്ട്. ഡോളര്‍ ഉയരുകയും ചെയ്യുന്നു. ഡോളര്‍ കയറ്റം രൂപയെ ഇന്നലെ 0.35 ശതമാനം ദുര്‍ബലമാക്കി.
ഡെറിവേറ്റീവ് വിപണിയില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 25,459.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,475 വരെ ഉയര്‍ന്നു. ഇന്ത്യന്‍ വിപണി ഇന്നു ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ ഓഹരികള്‍ വ്യാഴാഴ്ച മികച്ച നേട്ടത്തില്‍ അവസാനിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കില്‍ മാറ്റം വരുത്തിയില്ല. വിലക്കയറ്റം കൂടിയതിനാല്‍ ഇതു പ്രതീക്ഷിച്ചിരുന്നതാണ്. ശരീരഭാരം കുറയ്ക്കാനുളള വിഗോവി ഗണ്യമായ പ്രയോജനം ഉണ്ടാക്കിയതായ ഗവേഷണഫലം നോവോ നോര്‍ഡിസ്‌ക് കമ്പനിയുടെ ഓഹരിയെ 6.2 ശതമാനം ഉയര്‍ത്തി. ഡോയിച്ച് ബാങ്ക് ലക്ഷ്യവില ഉയര്‍ത്തിയത് സീലാന്‍ഡ് ഫാര്‍മയെ എട്ടു ശതമാനം കയറ്റി.
അമേരിക്കന്‍ വിപണികള്‍ വ്യാഴാഴ്ച ചെറിയ ചാഞ്ചാട്ടത്തിനു ശേഷം നല്ല നേട്ടത്തില്‍ ക്ലോസ് ചെയ്തു. മൂന്നു പ്രധാന സൂചികകളും റെക്കോര്‍ഡ് കുറിച്ചു. ചെറുകിട കമ്പനികളുടെ സൂചികയായ റസല്‍ 2000വും റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കി. പലിശ കുറയ്ക്കലിന്റെ വലിയ പ്രയോജനം ചെറുകിട കമ്പനികള്‍ക്കാണ്.
ഡൗ ജോണ്‍സ് സൂചിക വ്യാഴാഴ്ച 124.10 പോയിന്റ് (0.27%) ഉയര്‍ന്ന് 46,142.42ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 31.61 പോയിന്റ് (0.48%) കയറി 6631.96ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 209.40 പോയിന്റ് (0.94%) കുതിച്ച് 22,470.73ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് വിപണി ഇന്നും കയറ്റത്തിലാണ്. ഡൗ 0.12 ഉം എസ്ആന്‍ഡ്പി 0.09 ഉം നാസ്ഡാക് 0.03 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു കുതിപ്പിലായി. ജപ്പാനില്‍ നിക്കൈ ഇന്നലെ കുറിച്ച റെക്കോര്‍ഡ് ഇന്നു രാവിലെ 1.2 ശതമാനം ഉയര്‍ച്ചയോടെ തിരുത്തി. ദക്ഷിണ കൊറിയന്‍, ഓസ്‌ട്രേലിയന്‍ വിപണികള്‍ കയറി. ഹോങ് കോങ്, ചൈനീസ് വിപണികള്‍ ചെറിയ നേട്ടത്തിലാണ്.
ഇന്റല്‍ കോര്‍പറേഷനില്‍ 500 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് എന്‍വിഡിയ ഇന്നലെ അറിയിച്ചു. ഇതോടെ ഇന്റല്‍ ഓഹരി 22.77 ശതമാനം കുതിച്ചു. എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിച്ച് ഡാറ്റാ സെന്റര്‍ പ്രോസസറുകളും പേഴ്‌സണല്‍ കംപ്യൂട്ടറുകളും മറ്റും ഇന്റല്‍ നിര്‍മിക്കും.
ഈയിടെ യുഎസ് ഗവണ്മെന്റ് ഇന്റലിന്റെ 10 ശതമാനം ഓഹരി വാങ്ങി. ഇന്നലത്തെ കുതിപ്പോടെ ആ നിക്ഷേപത്തിന്റെ മൂല്യം 55 ശതമാനം വര്‍ധിച്ചു. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഈയിടെ 200 കോടി ഡോളര്‍ ഇന്റലില്‍ നിക്ഷേപിച്ചിട്ടുണ്ട്.
20 വര്‍ഷം മുന്‍പ് അന്നത്തെ ഇന്റല്‍ സിഇഒ പോള്‍ ഒട്ടെല്ലിനി 2000 കോടി ഡോളറിന് എന്‍വിഡിയയെ വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ ഇന്റല്‍ ഡയറക്ടര്‍ ബോര്‍ഡ് അതു തടയുകയായിരുന്നു. ഇപ്പോള്‍ ഇന്റലിന്റെ പലമടങ്ങ് വിറ്റുവരവും 30 മടങ്ങ് വിപണിമൂല്യവും എന്‍വിഡിയയ്ക്ക് ഉണ്ട്. ഇന്റലിന്റേത് 143 ബില്യണ്‍. എന്‍വിഡിയയുടേത് 4280 ബില്യണ്‍ ഡോളര്‍.
ഇന്ത്യ-അമേരിക്ക വ്യാപാരചര്‍ച്ച താമസിയാതെ ധാരണയില്‍ എത്തുമെന്ന ശുഭാപ്തിവിശ്വാസവും അമേരിക്കന്‍ പലിശ കുറയ്ക്കലും ഇന്നലെ ഇന്ത്യന്‍ വിപണിയെ മുന്നേറ്റം തുടരാന്‍ സഹായിച്ചു.
ജൂലൈ 10 നു ശേഷം ആദ്യമായി സെന്‍സെക്‌സ് 83,000 കടന്നു ക്ലോസ് ചെയ്തു. മൂന്ന് ആഴ്ച കൊണ്ട് മുഖ്യസൂചികകള്‍ നാലു ശതമാനം ഉയര്‍ന്നിട്ടുണ്ട്. നിഫ്റ്റി ഓഗസ്റ്റ് ഒടുവിലെ 24,404 എന്ന നിലയില്‍ നിന്ന് ആയിരത്തിലേറെ പോയിന്റ് കയറി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നു മൂന്നു ശതമാനം മാത്രം താഴെയാണു നിഫ്റ്റിയും സെന്‍സെക്‌സും ഇപ്പോള്‍.
ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍ കമ്പനികളാണ് ഇന്നലെ കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. ഐടി, എഫ്എംസിജി, ധനകാര്യ, ബാങ്ക്, മെറ്റല്‍ മേഖലകളും ഉയര്‍ന്നു. പ്രതിരോധ ഓഹരികളും മീഡിയയും പൊതുമേഖലാ ബാങ്കുകളും ഇന്നലെ താഴ്ന്നു.
നിഫ്റ്റി ഇന്നലെ 93.35 പോയിന്റ് (0.37%) ഉയര്‍ന്ന് 25,423.60 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 320.25 പോയിന്റ് (0.39%) കയറി 83,013.96 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 234.15 പോയിന്റ് (0.42%) നേട്ടത്തോടെ 55,727.45 ല്‍ അവസാനിച്ചു. മിഡ് ക്യാപ് 100 സൂചിക 224.65 പോയിന്റ് (0.38%) ഉയര്‍ന്ന് 59,073.20ല്‍ എത്തി. സ്‌മോള്‍ ക്യാപ് 100 സൂചിക 53.75 പോയിന്റ് (0.29%) കയറി 18,476.95 ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയിലെ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2097 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2083 ഓഹരികള്‍ ഇടിഞ്ഞു. എന്‍എസ്ഇയില്‍ ഉയര്‍ന്നത് 1606 എണ്ണം. താഴ്ന്നത് 1423 ഓഹരികള്‍.
എന്‍എസ്ഇയില്‍ 103 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ താഴ്ന്ന വിലയില്‍ എത്തിയത് 27 എണ്ണമാണ്. 95 ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 43 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച ക്യാഷ് വിപണിയില്‍ 366.69 കാേടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 3326.56 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
വിപണി ബുള്‍ മുന്നേറ്റം തുടരും എന്ന പ്രതീക്ഷയിലാണു ബുള്ളുകള്‍. 25,550ലെ തടസം മറികടന്നാല്‍ നിഫ്റ്റിക്ക് 25,670-25,750 മേഖല ലക്ഷ്യമിടാം. ഇന്നു നിഫ്റ്റിക്ക് 25,355 ലും 25,285 ലും പിന്തുണ ലഭിക്കും. 25,445 ലും 25,525ലും തടസങ്ങള്‍ ഉണ്ടാകും.
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ തെളിവുകള്‍ ഒന്നും ഇല്ലെന്നു പറഞ്ഞു സെബി ഗ്രൂപ്പിനു ക്ലീന്‍ ചിറ്റ് നല്‍കി. ഗ്രൂപ്പ് കമ്പനികള്‍ക്ക് ഇതു വലിയ നേട്ടമാകും.
മാരുതി സുസുകി കാറുകളുടെ വില ഗണ്യമായി കുറച്ചു. ഇതോടെ എസ് പ്രസോ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ ആയി. 1,29, 600 കുറച്ച് 3,49,900 രൂപയാക്കി വില. ആള്‍ട്ടോ കെ 10ന് 1,07,600 രൂപ കുറഞ്ഞ് 3,69,900 ആയി. താഴ്ന്ന വിലയുള്ള കാറുകളുടെ വില്‍പന കഴിഞ്ഞ രണ്ടു വര്‍ഷവും കുറയുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റില്‍ ഇവയുടെ വില്‍പന 35 ശതമാനം കുറഞ്ഞിരുന്നു. ഈ പ്രവണത മാറ്റിയെടുക്കാനാണു ശ്രമം. ഗ്രാന്‍ഡ് വിടാരയ്ക്കു 10,76,500 രൂപയാണു പുതിയ വില.
മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ അനാലിസ്റ്റുകള്‍ യെസ് ബാങ്ക് ഓഹരികള്‍ക്ക് ലക്ഷ്യവില 17 രൂപയായി താഴ്ത്തി. ഇന്നലെ 21.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ജപ്പാനിലെ സുമിടാേമോ മിത് സുബിഷി ബാങ്കിംഗ് കോര്‍പറേഷന്‍ യെസ് ബാങ്കില്‍ 24 ശതമാനം ഓഹരി വാങ്ങിയിട്ടുണ്ട്. ബാങ്ക് ലാഭപാതയിലാകാന്‍ ഇനിയും കാത്തിരിക്കണം എന്നാണു മാേര്‍ഗന്‍ സ്റ്റാന്‍ലിയുടെ വിലയിരുത്തല്‍.
സ്വര്‍ണം താഴ്ന്നു
ഫെഡറല്‍ റിസര്‍വ് തീരുമാനത്തിനു ശേഷം ഡോളര്‍ കരുത്താര്‍ജിച്ചതു സ്വര്‍ണവിലയെ താഴ്ത്തി. ഇന്നലെ ഡോളര്‍ സൂചിക അര ശതമാനം കയറിയപ്പോള്‍ സ്വര്‍ണം അത്ര തന്നെ താഴ്ന്നു. ഈ വര്‍ഷം ഇനി രണ്ടുതവണയും അടുത്ത വര്‍ഷം ഒരു തവണയും പലിശ കുറയ്ക്കും എന്ന സൂചന സ്വര്‍ണത്തിനു ബുള്ളിഷ് കുതിപ്പ് തുടരാന്‍ സഹായകമാണ്.
വ്യാഴാഴ്ച സ്‌പോട്ട് വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 15.40 ഡോളര്‍ കുറഞ്ഞ് 3641.00 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3635 ഡോളറില്‍ എത്തിയിട്ട് 3651.80 ഡോളര്‍ വരെ കയറി.
അവധിവില 3680 ഡോളര്‍ വരെ കയറി.
കേരളത്തില്‍ 22 കാരറ്റ് പവന്‍വില വ്യാഴാഴ്ച 400 രൂപ കുറഞ്ഞ് 81,520 രൂപയായി.
വെള്ളിവില ഔണ്‍സിന് 41.22 ഡോളറില്‍ എത്തി.
വ്യാവസായിക ലോഹങ്ങള്‍ വ്യാഴാഴ്ച ഭിന്നദിശകളില്‍ നീങ്ങി. ചെമ്പ് വിലമാറ്റം ഇല്ലാതെ ടണ്ണിന് 9895.00 ഡോളറില്‍ തുടര്‍ന്നു. അലൂമിനിയം 0.03 ശതമാനം കയറി 2690.87 ഡോളറില്‍ അവസാനിച്ചു. ടിന്നും സിങ്കും ഇടിഞ്ഞു. ലെഡും നിക്കലും കയറി.
രാജ്യാന്തര വിപണിയില്‍ റബര്‍ വില 0.86 ശതമാനം കുറഞ് കിലോഗ്രാമിന് 173.20 സെന്റ് ആയി. കൊക്കോ 2.18 ശതമാനം താഴ്ന്ന് ടണ്ണിന് 7223.70 ഡോളറില്‍ എത്തി. കാപ്പി 1.26 ശതമാനവും തേയില 2.39 ശതമാനവും കയറി. പാം ഓയില്‍ വില 0.31 ശതമാനം കുറഞ്ഞു.
ഡോളര്‍ സൂചിക വ്യാഴാഴ്ച 97.60 വരെ ഉയര്‍ന്നിട്ട് അര ശതമാനം നേട്ടത്തോടെ 97.35 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 97.43 ലേക്ക് കയറി.
കറന്‍സി വിപണിയില്‍ ഡോളര്‍ അല്‍പം ഉയര്‍ന്നു. യൂറോ 1.1786 ഡോളറിലേക്കും പൗണ്ട് 1.3546 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 147.95 യെന്‍ എന്ന നിരക്കിലേക്ക് വീണു.
വിപണി കണക്കാക്കിയതു പോലെ ഫെഡ് തീരുമാനം വന്നതു യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില കുറച്ചു. അവയിലെ നിക്ഷേപനേട്ടം 4.11 ശതമാനമായി ഉയര്‍ന്നു.
വ്യാഴാഴ്ച ഇന്ത്യന്‍ രൂപ ഗണ്യമായ വീഴ്ചയില്‍ അവസാനിച്ചു. ഡോളര്‍ 31 പൈസ ഉയര്‍ന്ന് 88.13 രൂപയില്‍ ക്ലോസ് ചെയ്തു. നാലു ദിവസം തുടര്‍ച്ചയായി ഉയര്‍ന്ന ശേഷമാണു രൂപ ഇന്നലെ താഴ്ന്നത്.
ചൈനയുടെ കറന്‍സി ഒരു ഡോളറിന് 7.11 യുവാന്‍ എന്ന നിലയിലേക്കു താഴ്ന്നു. ബുധനാഴ്ച 7.10 ആയിരുന്നു.
ക്രൂഡ് ഓയില്‍ വില ഇന്നലെയും അല്‍പം താഴ്ന്നു. അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ച കുറയുന്നത് എണ്ണയുടെ ആവശ്യം കുറയ്ക്കും എന്ന
സൂചനകളാണു കാരണം. ബ്രെന്റ് ഇനം വ്യാഴാഴ്ച 0.75 ശതമാനം കുറഞ് 67.44 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 67.49 ഡോളറിലേക്കു കയറി. ഡബ്‌ള്യുടിഐ 63.60 ഡോളറിലും മര്‍ബന്‍ ക്രൂഡ് 70.28 ഡോളറിലും ആണ്. പ്രകൃതിവാതക വില അര ശതമാനം താഴ്ന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ മൂന്നു ശതമാനം കയറിയ ശേഷം താഴ്ന്നു. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തിനു മുന്‍പില്‍ ബിറ്റ്‌കോയിന്‍ വഹിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ പ്രതിമ ഇന്നലെ സ്ഥാപിച്ചു. ബിറ്റ്‌കോയിന്‍ 18,000 ഡോളര്‍ വരെ കയറിയിട്ട് ഇന്നു രാവിലെ 1,17,300 ഡോളറിലേക്കു താഴ്ന്നു. ഈഥര്‍ 4615 ഡോളറിലും സൊലാന 248 ഡോളറിലും ആയി.
Read DhanamOnline in English
Subscribe to Dhanam Magazine