

യുഎസ് ഫെഡ് പലിശ കുറച്ചതിന്റെ ആവേശം അമേരിക്കന്‍ വിപണിയെ ഇന്നലെ ഉയര്‍ത്തി. എന്നാല്‍ ഓറക്കിള്‍ റിസല്‍ട്ട് പ്രതീക്ഷ പോലെ വരാത്തത് ഫ്യൂച്ചേഴ്‌സ് വിപണിയെ താഴ്ത്തുന്നു. രാവിലെ ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ഏഷ്യന്‍ വിപണികള്‍ പിന്നീടു നഷ്ടത്തിലാകുകയോ നേട്ടം കുറയ്ക്കുകയോ ചെയ്തു. എങ്കിലും ഇന്ത്യന്‍ വിപണി ആവേശത്തോടെയാണ് ഇന്നു വ്യാപാരത്തിനു തുടങ്ങുന്നത്.
ഡല്‍ഹിയില്‍ വന്നിട്ടുള്ള യുഎസ് സംഘവുമായി നടത്തുന്ന വ്യാപാരകരാര്‍ ചര്‍ച്ച കാര്യമായ നേട്ടം ഉണ്ടാക്കുമോ എന്ന സംശയം പരക്കെ ഉണ്ട്. സോയാബീന്‍, ചോളം, ഗോതമ്പ്, പരുത്തി, മാംസം തുടങ്ങിയവയുടെ കാര്യത്തില്‍ ഇന്ത്യ നയം മാറ്റാനുള്ള സമ്മര്‍ദമാണ് ഈ ചര്‍ച്ചയില്‍ യുഎസ് നടത്തുക. ജനിതകമാറ്റം വരുത്തിയ ഇനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ എതിര്‍പ്പ് തുടരുകയാണ്.
വിപണിയുടെ പ്രതീക്ഷപോലെ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കാല്‍ ശതമാനം കുറച്ചതും ഇനി എളുപ്പം കുറയ്ക്കുകയില്ല എന്നു വ്യക്തമാക്കിയതും യുഎസ് വിപണികളെ റെക്കോര്‍ഡ് ഉയരത്തിന് അടുത്തെത്തിച്ചു. ഹ്രസ്വകാല കടപ്പത്രങ്ങള്‍ തിരിച്ചു വാങ്ങി വിപണിയിലെ പണലഭ്യത കൂട്ടും എന്ന പ്രഖ്യാപനവും വിപണിയെ സഹായിക്കുന്നു. അടുത്ത വര്‍ഷം രണ്ടു തവണ പലിശ കുറയ്ക്കും എന്ന നിഗമനം തിരുത്തിക്കൊണ്ട് ഒരു കുറയ്ക്കലിന്റെ സാധ്യതയേ ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞുള്ളൂ.
അടുത്ത മേയില്‍ പവല്‍ സ്ഥാനമൊഴിയുമ്പോള്‍ പ്രസിഡന്റ് ട്രംപ് നിയമിക്കുന്ന ആള്‍ വന്നു പലിശ ഗണ്യമായി കുറയ്ക്കും എന്ന പ്രതീക്ഷയിലാണ് വിപണി. ഇന്നലത്തെ തീരുമാനം ഫെഡറല്‍ ഫണ്ടു നിരക്ക് 3.50--3.75 ശതമാനത്തിലാക്കി. 9 -3 ആയിരുന്നുവോട്ട് നില. ഒരാള്‍ അര ശതമാനം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. രണ്ടു പേര്‍ കുറയ്‌ക്കേണ്ട എന്ന നിലപാടിലായിരുന്നു.
പലിശ കുറച്ചതു സ്വര്‍ണം, വെള്ളി വിലകളെ ഉയര്‍ത്തി. വെള്ളി വില ഈ വര്‍ഷം ഇതുവരെ 115 ശതമാനം വര്‍ധിച്ചു.
ഇന്ത്യയില്‍ 6,750 കോടി ഡോളറിന്റെ (6.7 ലക്ഷം കോടി രൂപ) ഭീമമായ മൂലധനനിക്ഷേപം പ്രമുഖ ടെക് കമ്പനികള്‍ ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ സാങ്കേതിക വിദഗ്ധരെ കണ്ടുകൊണ്ടുള്ള ഈ നിക്ഷേപം വലിയ തൊഴിലവസരം സൃഷ്ടിക്കും. നിര്‍മ്മിതബുദ്ധി മേഖലയിലാണു പുതിയ നിക്ഷേപങ്ങള്‍. ഇതു വിപണിക്ക് ആവേശം പകരുന്നു. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, മെറ്റ എന്നിവയാണു വലിയ നിക്ഷേപം പ്രഖ്യാപിച്ചത്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി ബുധനാഴ്ച രാത്രി 25,966.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,986 വരെ കയറിയിട്ട് താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ഫെഡ് തീരുമാനം കാത്തിരുന്ന യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ചയും പല ദിശകളില്‍ നീങ്ങി. യൂറോപ്യന്‍ സ്റ്റോക്‌സ് 600 ഉം യുകെയിലെ എഫ്ടിഎസ്ഇയും നേരിയ തോതില്‍ ഉയര്‍ന്നു. ജര്‍മന്‍, ഫ്രഞ്ച് സൂചികകള്‍ താഴ്ന്നു. ഇന്നു സ്വിസ് നാഷണല്‍ ബാങ്ക് പലിശ തീരുമാനം പ്രഖ്യാപിക്കും. യൂറോപ്യന്‍ കേന്ദ്രബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടുത്തയാഴ്ച പണനയ തീരുമാനം എടുക്കും. വിവിധരാജ്യങ്ങളിലെ പ്രവര്‍ത്തനവും മൂലധന നിക്ഷേപവും സംബന്ധിച്ചു പുനരാലോചന നടത്തും എന്നു പ്രഖ്യാപിച്ച ജര്‍മന്‍ ഭക്ഷ്യവിതരണ കമ്പനി ഡെലിവറി ഹീറാേ 13.7 ശതമാനം കുതിച്ചു.
പലിശ കുറയ്ക്കലിനെ തുടര്‍ന്നു യുഎസ് വിപണികള്‍ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ഡൗ ജോണ്‍സ് 500 പോയിന്റിനടുത്തു കയറി. എസ്ആന്‍ഡ്പി റെക്കോര്‍ഡ് ക്ലോസിംഗിനു മുകളില്‍ കയറിയിട്ട് അല്‍പം താഴ്ന്ന് അവസാനിച്ചു. സ്‌മോള്‍ ക്യാപ് കമ്പനികളുടെ റസല്‍ 2000 സൂചിക റെക്കോര്‍ഡ് നിലയില്‍ ക്ലോസ് ചെയ്തു. പണലഭ്യത കൂട്ടാനുള്ള കടപ്പത്രം തിരിച്ചു വാങ്ങല്‍ വിപണിക്ക് ഉത്സാഹം പകരുന്ന കാര്യമാണ്. വിപണി ക്രിസ്മസിലേക്ക് സാന്താക്ലോസ് റാലിയോടെ കുതിക്കുമെന്നും എസ്ആന്‍ഡ്പി ഉടനേ 7,000 കടക്കുമെന്നും പലരും വിലയിരുത്തുന്നു.
ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 497.46 പോയിന്റ് (1.05%) കുതിച്ച് 48,057.75 ലും എസ് ആന്‍ഡ് പി 500 സൂചിക 46.17 പോയിന്റ് (0.67%) കയറി 6886.68 ലും നാസ്ഡാക് കോംപസിറ്റ് 77.67 പോയിന്റ് (0.33%) നേട്ടത്തോടെ 23,654.16 ലും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ഭിന്ന ദിശകളിലായി. ഡൗ 0.03 ശതമാനം ഉയര്‍ന്നു. ഓറക്കിളിന്റെ മൂന്നാം പാദ റിസല്‍ട്ട് പ്രതീക്ഷ പോലെ വരാത്തതിനാല്‍ എസ്ആന്‍ഡ്പി 0.26 ഉം നാസ്ഡാക് 0.50 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഓറക്കിളിന്റെ വരുമാനം പ്രതീക്ഷയിലും കുറവായി. എന്നാല്‍ അറ്റാദായം പ്രതീക്ഷയെ മറികടന്നു 2.26 ഡോളര്‍ ആയി. കമ്പനിക്കു നിലവിലുള്ള ഓര്‍ഡര്‍ നില 438 ശതമാനം കുതിച്ച് 52,300 കോടി ഡോളറിന്റേതായി. എന്നാല്‍ ചെലവു വര്‍ധന കൂടുതലാണെന്നും നിര്‍മിത ബുദ്ധി നിക്ഷേപത്തിലെ ലാഭസാധ്യത സംശയത്തിലാണെന്നും നിക്ഷേപകര്‍ വിലയിരത്തി. വിപണിക്കു ശേഷമുള്ള വ്യാപാരത്തില്‍ ഓറക്കിള്‍ ഓഹരി 11 ശതമാനം ഇടിഞ്ഞു. ഒപ്പം എന്‍വിഡിയ, കോര്‍ വീവ് തുടങ്ങിയവയും താഴ്ന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും നേട്ടത്തോടെ തുടങ്ങിയിട്ടു താഴ്ന്നു. ജപ്പാനിലെ നിക്കൈ ആദ്യം കയറിയിട്ട് 0.10 ശതമാനം താഴ്ചയിലായി. ഓസ്‌ട്രേലിയന്‍ എഎസ്എക്‌സ് 0.60 ശതമാനം ഉയര്‍ന്നു നീങ്ങുന്നു. ദക്ഷിണ കൊറിയന്‍ കോസ്പി സൂചികകള്‍ തുടക്കത്തില്‍ അര ശതമാനം ഉയര്‍ന്നിട്ടു നേട്ടം കുറച്ചു. ചൈനീസ് സൂചിക താഴ്ന്നപ്പോള്‍ ഹോങ് കോങ് സൂചിക 0.70 ശതമാനം കയറി.
തിരിച്ചുകയറാനുള്ള ശ്രമം പരാജയപ്പെട്ട ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ന്നു. രാവിലെ ഗണ്യമായി ഉയര്‍ന്ന ശേഷം വിദേശ നിക്ഷേപകരുടെ വില്‍പനയും ഐടി, ബാങ്ക്, ധനകാര്യ മേഖലകളും മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളും ഇടിഞ്ഞതും വിപണിയെ നഷ്ടത്തിലാക്കി. കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, റിയല്‍റ്റി, പ്രതിരോധം, ടൂറിസം, കാപ്പിറ്റല്‍ മാര്‍ക്കറ്റ് കമ്പനികളും താഴ്ന്നു.
രാവിലെ നിഫ്റ്റി 25,947 ഉം സെന്‍സെക്‌സ് 85,020 ഉം വരെ കയറിയ ശേഷമാണ് ഇടിവിലേക്കു മാറിയത്. വിദേശ നിക്ഷേപകരുടെ വില്‍പന ഇന്നലെയും വലിയ തോതില്‍ തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 1651.06 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 3752.31 കോടിയുടെ അറ്റവാങ്ങല്‍ നടത്തി.
ബുധനാഴ്ച സെന്‍സെക്‌സ് 275.01 പോയിന്റ് (0.32%) ഇടിഞ്ഞ് 84,391.27ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 81.65 പോയിന്റ് (0.32%) താഴ്ന്ന് 25,758.00ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 261.95 പോയിന്റ് (0.44%) നഷ്ടത്തോടെ 58,960.40ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 668.45 പോയിന്റ് (1.12%) ഇടിഞ്ഞ് 59,007.75ലും സ്‌മോള്‍ ക്യാപ് 100 സൂചിക 155.65 പോയിന്റ് (0.90%) താഴ്ന്ന് 17,090.15ലും അവസാനിച്ചു.
വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1857 ഓഹരികള്‍ഉയര്‍ന്നപ്പോള്‍ 2332 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1345 ഓഹരികള്‍ കയറി, 1745 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 33 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 98 എണ്ണം താഴ്ന്ന വിലയില്‍ എത്തി. അഞ്ച് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ നാലെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
നിഫ്റ്റി 25,700 ലെ പിന്തുണ നിലനിര്‍ത്തി. അതു തകര്‍ന്നാല്‍ 25,500ലാകും പിന്തുണ. 25,950-26,050 തടസമേഖലയാണ്. ഇന്നു നിഫ്റ്റിക്ക് 25,730ലും 25,680ലും പിന്തുണ പ്രതീക്ഷിക്കാം. 25,900ലും 26,000ലും പ്രതിരോധം നേരിടും.
സര്‍വീസ് മുടക്കങ്ങളെ തുടര്‍ന്നു മൂന്നാം പാദത്തിലെ വരുമാനം ഗണ്യമായി കുറയുമെന്ന് ഇന്‍ഡിഗോ വിമാനകമ്പനി ഉടമകളായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഒരു മാസത്തിനിടെ ഇന്‍ഡിഗോ ഓഹരി 17 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
മാതൃകമ്പനിയായ ഓറക്കിള്‍ കോര്‍പറേഷന്‍ പ്രതീക്ഷയിലും മോശം റിസല്‍ട്ടിനെ തുടര്‍ന്ന് അമേരിക്കയില്‍ താഴ്ന്നത് ഇന്ത്യന്‍ സബ്‌സിഡിയറിക്കും ക്ഷീണം വരുത്താം.
അടുത്ത വര്‍ഷം 12 ശതമാനം കയറ്റത്തോടെ നിഫ്റ്റി 29,120 പോയിന്റ് വരെ എത്താമെന്ന് കൊട്ടക് സെക്യൂരിറ്റീസ് കണക്കാക്കുന്നു. ബുള്‍ മുന്നേറ്റം ഉണ്ടായാല്‍ 32,032 വരെ ആകാം.
ടിസിഎസ് 70 കോടി ഡോളറിന് അമേരിക്കയിലെ കോസ്റ്റല്‍ ക്ലൗഡ് കമ്പനിയെ വാങ്ങി. സെയ്ല്‍സ് ഫോഴ്‌സിന്റെ അഞ്ചു പ്രധാന ഉപദേഷ്ടാക്കളില്‍ ഒന്നാണ് കോസ്റ്റല്‍. നിര്‍മിതബുദ്ധി6 മേഖലയിലെ കുതിപ്പിനും സഹായിക്കുന്നതാണ് ഈ വാങ്ങല്‍.
ടാറ്റാ സ്റ്റീല്‍ പല നീക്കങ്ങള്‍ പ്രഖ്യാപിച്ചു. ഇരുമ്പു പെല്ലറ്റുകള്‍ നിര്‍മിക്കുന്ന ത്രിവേണി പെല്ലറ്റ്‌സില്‍ ടാറ്റാ സ്റ്റീല്‍ 636 കോടി രൂപയ്ക്ക് 50.01 ശതമാനം ഓഹരി എടുത്തു. ഉപകമ്പനിയായ നീലാചല്‍ ഇസ്പാതില്‍ 48 ലക്ഷം ടണ്‍ ശേഷി വികസനം അംഗീകരിച്ചു. താരാപൂരിലെ യൂണിറ്റില്‍ ഹോട്ട് റോള്‍ഡ് പ്ലാന്റ് കൂടി സ്ഥാപിക്കും.
മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സും ഇന്ത്യന്‍ നാവിക സേനയും ചേര്‍ന്നു ബ്രസീലിയന്‍ നാവികസേനയുടെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളുടെ മെയിന്റെനന്‍സിന് കരാര്‍ ഉണ്ടാക്കി.
ഭാരം കുറയ്ക്കലിനും പ്രമേഹ രോഗത്തിനുമുള്ള എലൈ ലിലിയുടെ ടിര്‍സെപാടൈഡ് (യൂര്‍പീക്ക്) സിപ്ല കമ്പനി ഇന്ത്യന്‍ വിപണിയില്‍ ഇറക്കി.
ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് ഇന്റലിജെന്‍സ് കോര്‍പറേഷന്‍ എന്ന ലാഭലക്ഷ്യമില്ലാത്ത കമ്പനി തുടങ്ങാനും അതില്‍ 30 ശതമാനം വീതം ഓഹരി കൈയാളാനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയ്ക്കു റിസര്‍വ് ബാങ്ക് അനുമതി നല്‍കി.
അദാനി എന്റര്‍പ്രൈസസിന്റെ 25,000 കോടി രൂപയുടെ അവകാശ ഇഷ്യു പൂര്‍ത്തിയായി. 108 ശതമാനം ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചു.
പുറവങ്കര ലിമിറ്റഡിന്റെ ഉപകമ്പനി സ്റ്റാര്‍ വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചറിന് 510 കോടി രൂപയുടെ നിര്‍മാണ കരാര്‍ ബെംഗളൂരുവില്‍ ലഭിച്ചു.
ഫെഡറല്‍ റിസര്‍വ് പ്രതീക്ഷ പോലെ പലിശ കുറച്ചു. സ്വര്‍ണം ഉയര്‍ന്നു. ഔണ്‍സിന് 0.50 ശതമാനം കൂടി 4229.50 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4248 ഡോളറിലേക്കു കയറിയിട്ട് അല്‍പം താഴ്ന്നു. അവധിവില ഇന്ന് 4278 ഡോളര്‍ ആയി.
കേരളത്തില്‍ ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണം ഒരു പവന് 640 രൂപ ഉയര്‍ന്ന് 95,560 രൂപയില്‍ എത്തി. കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയരാം.
വെള്ളി സ്‌പോട്ട് വിപണിയില്‍ ഇന്നലെയും കുതിച്ച് ഔണ്‍സിന് 61.97 ഡോളര്‍ വരെ കയറിയ ശേഷം 61.87 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 62.74 ഡോളറിലേക്കു കയറി. അവധിവില 63.14 ഡോളര്‍ ആയി.
പ്ലാറ്റിനം 1655 ഡോളര്‍, പല്ലാഡിയം 1457 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെയാണു വില.
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ പല വഴി നീങ്ങി. ചെമ്പ് 0.70 ശതമാനം ഉയര്‍ന്നു ടണ്ണിന് 11,645.00 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.46 ശതമാനം കയറി ടണ്ണിന് 2867.00 ഡോളറില്‍ അവസാനിച്ചു. ടിന്‍ ഉയര്‍ന്നു. നിക്കലും ലെഡും സിങ്കും താഴ്ന്നു.
റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.06 ശതമാനം കയറി കിലോഗ്രാമിന് 171.30 സെന്റ് ആയി. കൊക്കോ 3.67 ശതമാനം ഉയര്‍ന്നു ടണ്ണിന് 6042.78 ഡോളറില്‍ എത്തി. കാപ്പി വില 0.06 ശതമാനം കൂടി. തേയില വില 0.03 ശതമാനം കുറഞ്ഞു. പാമാേയില്‍ 1.05 ശതമാനം താഴ്ന്നു.
പലിശ നിരക്ക് താഴ്ത്തിയതോടെ ഡോളര്‍ സൂചിക ഇടിഞ്ഞു. ഇന്നലെ 0.50 ശതമാനം താഴ്ന്ന് 98.79ല്‍ സൂചിക ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.56 ലേക്കു താഴ്ന്നു. ഡോളര്‍ വിനിമയനിരക്ക് ബുധനാഴ്ച നേരിയ താഴ്ച കാണിച്ചു. യൂറോ 1.1702 ഡോളറിലേക്കും പൗണ്ട് 1.3383 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.63 യെന്‍ ആയി ഉയര്‍ന്നു.
യുഎസ് ഡോളര്‍ 7.06 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.7988 ഡോളറിലേക്കു താഴ്ന്നു. പലിശ കുറഞ്ഞതോടെ യുഎസില്‍ കടപ്പത്ര വിലകള്‍ കയറി. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.137 ശതമാനമായി താഴ്ന്നു.
ഡോളര്‍-രൂപ വിനിമയ നിരക്കില്‍ രൂപ ദുര്‍ബലമായി. ബുധനാഴ്ച ചാഞ്ചാട്ടത്തിനു ശേഷം ഒന്‍പതു പൈസ കയറി 89.97 രൂപയില്‍ ഡോളര്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ തുടര്‍ന്നു. ചൈനയുടെ കറന്‍സി യുവാന്‍ 12.72 രൂപയിലേക്കു കയറി.
വെനസ്വലയുടെ ഒരു എണ്ണക്കപ്പല്‍ അമേരിക്കന്‍ നേവി പിടിച്ചത് ആ മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡ് ബുധനാഴ്ച 1.12 ശതമാനം കയറി 62.63 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 62.50 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 58.31ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 64.01 ലും എത്തി. പ്രകൃതിവാതക വില 0.50 ശതമാനം കയറി 4.60 ഡോളര്‍ ആയി.
ക്രിപ്‌റ്റോ കറന്‍സികള്‍ ബുധനാഴ്ച ഭിന്ന ദിശകളില്‍ നീങ്ങിയിട്ട് പലിശ കുറയ്ക്കലിനു ശേഷം ഇടിവിലായി. ബിറ്റ്‌കോയിന്‍ രണ്ടു ശതമാനം താഴ്ന്ന് 91,000 ഡോളറിനു താഴെയായി. ഈഥര്‍ രണ്ടു ശതമാനം നഷ്ടത്തോടെ 3260 ഡോളറിനടുത്ത് എത്തി. സൊലാന 134നു താഴെയായി.
Read DhanamOnline in English
Subscribe to Dhanam Magazine