

അമേരിക്കയിലും തുടര്‍ന്ന് ഏഷ്യയിലും നിര്‍മിതബുദ്ധി (എഐ) ആശങ്ക വീണ്ടും വിപണികളെ താഴ്ത്തി. ഇന്ത്യന്‍ വിപണിയും ഈ ആശങ്ക ഏറ്റു പിടിക്കാനാണു സാധ്യത. ഓറക്കിള്‍ കോര്‍പറേഷന്റെ വമ്പന്‍ ഡാറ്റാ സെന്റര്‍ നിര്‍മാണങ്ങള്‍ക്കു വായ്പ കിട്ടാത്തതാണു വിപണിയെ അലട്ടുന്ന പുതിയ പ്രശ്‌നം.
ക്രൂഡ് ഓയില്‍ വില താഴ്ന്ന ശേഷം തിരികെ 60 ഡോളറിനു മുകളില്‍ കയറി. സ്വര്‍ണവും വിശിഷ്ട ലോഹങ്ങളും വ്യാവസായിക ലോഹങ്ങളും കയറ്റത്തിലാണ്.
ഇന്ത്യന്‍ സമയം ഇന്നു രാവിലെ യുഎസ് പ്രസിഡന്റ് രാഷ്ട്രത്തോടുനടത്തുന്ന സുപ്രധാനമായ പ്രസംഗത്തില്‍ എന്താണു പറയുന്നതെന്നു വിപണികള്‍ ശ്രദ്ധിക്കുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി ബുധനാഴ്ച രാത്രി 25,872.50ല്‍ ക്ലോസ് ചെയ്തു.ഇന്നു രാവിലെ 25,881 വരെ കയറിയിട്ട് 25,855ലേക്കു താഴ്ന്നു. വീണ്ടും കയറി. ഇന്ത്യന്‍ വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ ബുധനാഴ്ചയും നഷ്ടത്തില്‍ അവസാനിച്ചു. എന്നാല്‍ യുകെയിലെ ചില്ലറവിലക്കയറ്റം 3.2 ശതമാനത്തിലേക്കു കുറഞ്ഞതിനെ തുടര്‍ന്ന് എഫ്ടിഎസ്ഇ സൂചിക 0.9 ശതമാനം ഉയര്‍ന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറഞ്ഞ പലിശ 0.25 ശതമാനം കുറച്ച് 3.75 ശതമാനം ആക്കുമെന്നു പ്രതീക്ഷയുണ്ട്. ഈ പ്രതീക്ഷയില്‍ പൗണ്ടും ഇന്നലെ ദുര്‍ബലമായി. യൂറോപ്യന്‍ കേന്ദ്രബാങ്ക് ഇന്നു പലിശമാറ്റം ഇല്ലാതെ പണനയ അവലോകനം നടത്തും എന്നാണു പ്രതീക്ഷ. യൂറോപ്യന്‍ വളര്‍ച്ച പ്രതീക്ഷ 1.2 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തും എന്നാണു നിഗമനം.
നിര്‍മിതബുദ്ധി (എഐ) മേഖലയിലെ നിക്ഷേപങ്ങളെ പറ്റിയുള്ള ആശങ്ക വീണ്ടും. ഓറക്കിള്‍ തുടങ്ങാനിരുന്ന ഡാറ്റാ സെന്ററുകള്‍ക്കു വായ്പ സംഘടിപ്പിക്കാന്‍ പറ്റിയില്ലെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്താണ് തുടക്കം. കമ്പനി ഓപ്പണ്‍ എഐ ചില ഡാറ്റാ സെന്റര്‍ നിര്‍മാണങ്ങള്‍ 2028 ലേക്കു നീട്ടിവച്ചതായി ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു. ഓറക്കിള്‍, ബ്രോഡ് കോം, എഎംഡി, എന്‍വിഡിയ, ആല്‍ഫബെറ്റ് തുടങ്ങിയവ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. ഒരു മാസം കൊണ്ട് ഓറക്കിള്‍ 11 ഉം ബ്രോഡ്‌കോം 19 ഉം ശതമാനം തകര്‍ച്ചയിലായി. ഇന്നലെ നാസ്ഡാക് സൂചിക 1.81 ശതമാനം താഴ്ന്നു.
എഐ വളരുമെന്നും നിര്‍മിതബുദ്ധി ഇപ്പോള്‍ മാഗ്‌നിഫിസന്റ് സെവന്‍ എന്നു വിളിക്കുന്ന വമ്പന്‍ ടെക് കമ്പനികള്‍ ഇനിയും ഉയരുമെന്നും ബാങ്ക് ഓഫ് അമേരിക്ക ഗ്ലോബല്‍ റിസര്‍ച്ച് ഇന്നലെ വിലയിരുത്തി. എന്നാല്‍ ഓഹരിവിപണി കുമിളയിലേക്കാണു നീങ്ങുന്നത് എന്ന് അവര്‍ കരുതുന്നു.
ഓഹരികള്‍ തിരിച്ചു വാങ്ങലും ലാഭവീത വിതരണവും മാനേജ്‌മെന്റ് വേതനവും നിയന്ത്രിക്കാന്‍ ഉത്തരവിറക്കുന്നതിനു പ്രസിഡന്റ് ട്രംപ് ഉദ്ദേശിക്കുന്നതായ റിപ്പോര്‍ട്ടും വിപണിക്ക് ഇന്നലെ ക്ഷീണമായി. എസ്ആന്‍ഡ്പി 500 സൂചിക തുടര്‍ച്ചയായ നാലാം ദിവസമാണു താഴ്ന്നത്. ഡൗ റെക്കോര്‍ഡ് ഉയരത്തില്‍ (48,886) നിന്ന് ആയിരം പോയിന്റ് താഴെയായി. നാസ്ഡാക് റെക്കോര്‍ഡില്‍ നിന്ന് 1300 പോയിന്റ് നഷ്ടമാക്കി.
ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 228.29 പോയിന്റ് (0.47%) താഴ്ന്ന് 47,885.97ലും എസ്ആന്‍ഡ്പി 500 സൂചിക 78.83 പോയിന്റ് (1.16%) നഷ്ടത്തോടെ 6721.43ലും എത്തി. നാസ്ഡാക് കോംപസിറ്റ് 418.14 പോയിന്റ് (1.81%) ഇടിഞ്ഞ് 22,693.32ല്‍ ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് അല്പം കയറി. ഡൗ 0.04 ശതമാനം താഴ്ന്നു. എസ്ആന്‍ഡ്പി 0.10 ഉം നാസ്ഡാക് 0.26 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നും താഴ്ന്നു. അമേരിക്കന്‍ വിപണിയിലെ എഐ ഭീതി പകര്‍ന്നതാണു കാരണം. ബാങ്ക് ഓഫ് ജപ്പാന്‍ നാളെ പലിശ നിരക്ക് 0.75 ശതമാനമായി ഉയര്‍ത്തും എന്നു പ്രതീക്ഷയുണ്ട്. ജാപ്പനീസ് നിക്കൈയും ദക്ഷിണ കൊറിയന്‍ കോസ്പിയും ഒന്നര ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ എഎസ്എക്‌സ് 0.30 ശതമാനം താഴ്ന്നു. ചൈനീസ്, ഹോങ് കോങ് സൂചികകളും താഴ്ന്നു വ്യാപാരം തുടങ്ങി.
ഇന്ത്യന്‍ വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ന്നു. റിസര്‍വ് ബാങ്ക് ഇന്നലെ വലിയ പരിശ്രമം നടത്തി രൂപയെ 0.70 ശതമാനം ഉയര്‍ത്തിയെങ്കിലും വിപണിക്ക് ആത്മവിശ്വാസം തിരിച്ചു വന്നിട്ടില്ല. വിദേശനിക്ഷേപകര്‍ ഇന്നലെ അറ്റവാങ്ങലുകാര്‍ ആയതു വില്‍പന പ്രവണത മാറ്റിയതിന്റെ സൂചനയായി കാണുന്നുമില്ല.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ അനിശ്ചിതത്വവും മാറിയിട്ടില്ല. കരാര്‍ ഉണ്ടാകണമെങ്കില്‍ കൂടുതല്‍ കടമ്പകള്‍ കടക്കണം എന്ന സ്ഥിതിയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഒരു ഉല്‍പന്നത്തിന് എല്ലാവര്‍ക്കും ഒരു തീരുവ എന്ന ലോകവ്യാപാര സംഘടനയുടെ തത്വം മാറ്റണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നതാണ് പുതിയ വിഷയം.
പൊതുമേഖലാ ബാങ്ക്, ഐടി, ഓയില്‍, മെറ്റല്‍, ഫാര്‍മ എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നലെ താഴ്ചയിലായി. ധനകാര്യ സേവനം, എഫ്എംസിജി, മീഡിയ, റിയല്‍റ്റി, സ്വകാര്യബാങ്ക്, ഹെല്‍ത്ത് കെയര്‍, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, പ്രതിരോധം, ടൂറിസം, കാപ്പിറ്റല്‍ മാര്‍ക്കറ്റ് തുടങ്ങിയ മേഖലകള്‍ താഴ്ന്നു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എഫ്എസിടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്‌സോ നൊബേല്‍, കോള്‍ഗേറ്റ്, മാക്‌സ് ഹെല്‍ത്ത് തുടങ്ങിയവ ഇന്നലെ ഇടിഞ്ഞു. ഐഒബിയുടെ ഓഫര്‍ ഫോര്‍ സെയിലിനുള്ള തറവില ക്യുഐപി വിലയിലും 15 ശതമാനം താഴ്ന്നതാണ് ആറു ശതമാനം ഇടിവിലേക്കു നയിച്ചത്. ആക്സോ നൊബേലില്‍ പ്രൊമോട്ടര്‍ കമ്പനി ഐസിഐ വന്‍തോതില്‍ ഓഹരിവിറ്റത് 15 ശതമാനത്തോളം വില ഇടിച്ചു. ഇ കൊമേഴ്‌സ് കമ്പനി മീഷോയുടെ ഓഹരി 20 ശതമാനം കുതിച്ച് 216.34 രൂപയില്‍ എത്തി. സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍ കടം വീട്ടാന്‍ 2.6 കോടി ഓഹരി വിറ്റത് ഒല ഇലക്ട്രിക്കിനെ അഞ്ചു ശതമാനം താഴ്ത്തി.
വിദേശ നിക്ഷേപകര്‍ ഇന്നലെ ക്യാഷ് വിപണിയില്‍ 1171.71 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകള്‍ 768.94 കോടിയുടെ അറ്റവാങ്ങലും നടത്തി.
ബുധനാഴ്ച സെന്‍സെക്‌സ് 120.21 പോയിന്റ് (0.14%) താഴ്ന്ന് 84,559.65ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 41.55 പോയിന്റ് (0.16%) ഇടിഞ്ഞ് 25,818.55ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 107.85 പോയിന്റ് (0.18%) നഷ്ടത്തോടെ 58,926.75ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 321.95 പോയിന്റ് (0.54%) താഴ്ന്ന് 59,388.85ലും സ്‌മോള്‍ ക്യാപ് 100 സൂചിക 126.60 പോയിന്റ് (0.73%) ഇടിഞ്ഞ് 17,138.55ലും അവസാനിച്ചു.
വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടരുന്നു. ബിഎസ്ഇയില്‍ 1403 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 2761 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1048 ഓഹരികള്‍ കയറി, 2075 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 59 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 167 എണ്ണം താഴ്ന്ന വിലയില്‍ എത്തി. അഞ്ച് ഓഹരി അപ്പര്‍ സര്‍കീട്ടിലും നാലെണ്ണം ലോവര്‍ സര്‍കീട്ടിലും എത്തി.
നിഫ്റ്റി വീണ്ടും താഴ്ന്നത് ഇടിവ് തുടരാം എന്ന ആശങ്ക വളര്‍ത്തുന്നു. സൂചിക 25,700-25,750 മേഖലയുടെ പിന്തുണ നിലനിര്‍ത്തുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. അതു നഷ്ടമായാല്‍ 25,500 ലെവലില്‍ വരെയാകാം വീഴ്ച. ഇന്നു നിഫ്റ്റിക്ക് 25,775ലും 25,740ലും പിന്തുണ പ്രതീക്ഷിക്കാം. 25,900ലും 25,980ലും പ്രതിരോധം നേരിടും.
മഹീന്ദ്ര ലൈഫ് സ്‌പേസ് ബംഗലൂരുവില്‍ 1900 കോടി രൂപയുടെ പ്രീമിയം പാര്‍പ്പിട പദ്ധതി തുടങ്ങി. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഐപിഒ നാളെ ലിസ്റ്റ് ചെയ്യും. അനൗപചാരിക വിപണിയില്‍ 370 രൂപ പ്രീമിയത്തിലാണു വ്യാപാരം നടക്കുന്നത്.
ഒല ഇലക്ടിക്കില്‍ സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍ ഇന്നലെ 4.2 കോടി ഓഹരികള്‍ കൂടി വിറ്റു. തലേന്ന് 2.6 കോടി ഓഹരികള്‍ വിറ്റതാണ്. സിയന്റ് അല്‍മേരിക്കയിലെ കൈനറ്റിക് ടെക്‌നോളജീസ് എന്ന സെമികണ്ടക്ടര്‍ കമ്പനിയുടെ 65 ശതമാനം ഓഹരി വാങ്ങും. ജെപി മോര്‍ഗന്‍ സിയന്റിന്റെ ലക്ഷ്യവില 1500 രൂപയായി ഉയര്‍ത്തി.
ബാങ്ക് ഓഫ് അമേരിക്ക വോള്‍ട്ടാസിന്റെ ലക്ഷ്യവില 1555 രൂപയായി ഉയര്‍ത്തി. ആന്റണി വേസ്റ്റ് ഹാന്‍ഡ്‌ലിംഗ്, ബിഎംസിയുമായി 1330 കോടി രൂപയുടെ മാലിന്യം നീക്കല്‍ കരാര്‍ ഉണ്ടാക്കി. ടിറ്റാഗഢ് റെയില്‍ സിസ്റ്റംസിന് 273.24 കോടി രൂപയുടെ റെയില്‍വേ കോണ്‍ട്രാക്ട് ലഭിച്ചു.
സ്വര്‍ണവും വെള്ളിയും വീണ്ടും കയറ്റത്തിലാണ്. മാറിമാറി കയറ്റവും ലാഭമെടുക്കലും തുടരും എന്നാണു നിഗമനം. വിപണി ബുള്ളുകളുടെ പിടിയിലാണ്. സ്വര്‍ണം ഔണ്‍സിന് 4301-4350 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ ശേഷം 36 ഡോളര്‍ കുതിച്ച് 4339.30ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4345-4323 മേഖലയില്‍ ചാഞ്ചാടിയിട്ട് 4335 ഡോളറിലായി. അവധിവില ഇന്ന് 4375 ഡോളര്‍ എത്തിയിട്ടു താഴ്ന്നു.
കേരളത്തില്‍ ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണം ഒരു പവന് 480 രൂപ കൂടി 98,640 രൂപയില്‍ എത്തി.
വെള്ളി സ്‌പോട്ട് വിപണിയില്‍ ഔണ്‍സിന് നാലു ശതമാനത്തോളം കുതിച്ച് 66.92 ഡോളര്‍ വരെ എത്തിയിട്ടു താഴ്ന്ന് 66.27 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 66.56 ഡോളറിലേക്കു കയറിയ ശേഷം താഴ്ന്നു. അവധിവില 66.90 ഡോളര്‍ വരെ കയറിയിട്ടു താഴ്ന്നു. ഇന്ത്യയില്‍ വെള്ളി ഒരു കിലോഗ്രാമിന് 2.06 ലക്ഷം രൂപ കടന്നു.
പ്ലാറ്റിനവും പല്ലാഡിയവും ഇന്നലെ നാലു ശതമാനം കുതിച്ചു. പ്ലാറ്റിനം 1910 ഡോളര്‍, പല്ലാഡിയം 1630 ഡോളര്‍, റോഡിയം 7850 ഡോളര്‍ എന്നിങ്ങനെയാണു വില.
സ്വര്‍ണം 2026 അവസാനം ഔണ്‍സിന് 6000 ഡോളര്‍ എത്തുമെന്നു പലരും പ്രവചിക്കുന്നുണ്ടെന്നും അതു നടന്നേക്കാമെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ടെയ്റ്റ് ഇന്നലെ കോല്‍ക്കത്തയില്‍ ഒരു ചടങ്ങില്‍ പറഞ്ഞു.
വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച മുന്നേറ്റത്തിലായി. ചെമ്പ് 0.72 ശതമാനം കുതിച്ച് ടണ്ണിന് 11,719.85 ഡോളറില്‍ ക്ലോസ് ചെയ്തു. അലൂമിനിയം 0.64 ശതമാനം ഉയര്‍ന്ന് ടണ്ണിന് 2895.62 ഡോളറില്‍ എത്തി. സിങ്കും നിക്കലും ലെഡും ടിന്നും ഉയര്‍ന്നു.
റബര്‍ വില രാജ്യാന്തര വിപണിയില്‍ മാറ്റമില്ലാതെ കിലോഗ്രാമിന് 174.60 സെന്റില്‍ തുടര്‍ന്നു. കൊക്കോ 0.67 ശതമാനം താഴ്ന്നു ടണ്ണിന് 5958.00 ഡോളറില്‍ എത്തി. കാപ്പി വില 2.86 ശതമാനം കയറി. തേയില വില മാറ്റമില്ലാതെ നിന്നു. പാമോയില്‍ 0.86 ശതമാനം ഉയര്‍ന്നു.
ഡോളര്‍ സൂചിക ഇന്നലെ ഉയര്‍ന്ന് 98.37 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.36 ലേക്കു താഴ്ന്നു.
ഡോളര്‍ വിനിമയനിരക്ക് ബുധനാഴ്ച കാര്യമായ മാറ്റം ഇല്ലാതെ തുടര്‍ന്നു. യൂറോ 1.1742 ഡോളറിലേക്കു താഴ്ന്നു പൗണ്ട് 1.3371 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 155.53 യെന്‍ എന്ന നിലയിലേക്ക് താഴ്ന്നു. യുഎസ് ഡോളര്‍ 7.04 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. സ്വിസ് ഫ്രാങ്ക് 0.795 ഡോളറില്‍ തുടരുന്നു. യുഎസ് കടപ്പത്ര വിലകള്‍ വീണ്ടും ഉയര്‍ന്നു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.143 ശതമാനമായി താഴ്ന്നു.
രൂപ ബുധനാഴ്ച ശക്തമായ തിരിച്ചുവരവ് നടത്തി. രാവിലെ 91.08 രൂപ വരെ ഡോളര്‍ കയറി. പിന്നീടു റിസര്‍വ് ബാങ്ക് വലിയ ഇടപെടല്‍ നടത്തി ഡോളറിനെ 89.99 രൂപവരെ താഴ്ത്തി. അതോടെ കയറ്റുമതിക്കാര്‍ ഡോളര്‍ വില്‍പന തുടങ്ങി പിന്നീടു ഡോളര്‍ അല്പം കയറി 90.38 രൂപയില്‍ ക്ലോസ് ചെയ്തു. തലേന്ന് 91.03 രൂപയിലാണു ക്ലോസ് ചെയ്തത്. ചൈനയുടെ കറന്‍സി യുവാന്‍ ഇന്നലെ 12.83 രൂപയിലേക്കു താഴ്ന്നു.
യുക്രെയ്ന്‍ സമാധാനസാധ്യതയില്‍ താഴ്ന്ന ക്രൂഡ് ഓയില്‍ വില വീണ്ടും കയറി. വെനസ്വേലയുടെ എണ്ണ ടാങ്കറുകള്‍ക്കു യുഎസ് വിലക്ക് കല്‍പിച്ചതോടെയാണിത്. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് ഒന്നര ശതമാനം കയറി 60.74 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 60.55 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 56.85 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 60.86 ലും എത്തി. പ്രകൃതിവാതക വില 4.113 ഡോളര്‍ ആയി ഉയര്‍ന്നു.
ക്രിപ്‌റ്റോ കറന്‍സികള്‍ ഇന്നലെ ഇടിവിലായി. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 86,000 ഡോളറിനു താഴെ എത്തി. ഈഥര്‍ 2825 ഡോളറിനും സൊലാന 124 ഡോളറിനും താഴെ ആണ്. ചെറിയ ക്രിപ്‌റ്റോകള്‍ അഞ്ചു മുതല്‍ എട്ടു വരെ ശതമാനം ഇടിഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine