

നിഫ്റ്റി 26,000 കടക്കാനുളള ഉദ്യമം ഇന്നും തുടരും. അമേരിക്കന്‍, യൂറോപ്യന്‍ വിപണികള്‍ ഇന്നലെ നഷ്ടത്തില്‍ അവസാനിച്ചെങ്കിലും ഇന്നു യുഎസ് ഫ്യൂച്ചേഴ്‌സ് മികച്ച മുന്നേറ്റം കാണിക്കുന്നു. ഏഷ്യന്‍ വിപണികളും ഉയര്‍ച്ചയിലാണ്.
ഇറാനുമായുള്ള ചര്‍ച്ച പുരോഗതി കാണിക്കാത്ത സാഹചര്യത്തില്‍ അമേരിക്ക വീണ്ടും ബോംബിംഗിനു മുതിരും എന്ന ആശങ്ക ഇന്ന് ക്രൂഡ് ഓയില്‍ വിപണിയില്‍ പരന്നു. ക്രൂഡ് വില ഉയര്‍ന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി രാത്രി 26,038.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 26,060ലേക്കു കയറി. ഇന്ത്യന്‍ വിപണി ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ഇന്‍ഫോസിസ് 1.85 ഉം വിപ്രോ 2.46 ഉം ശതമാനം ഉയര്‍ന്നു.
ഡൗ ജോണ്‍സ് സൂചിക റെക്കോര്‍ഡ് ഉയരത്തിലേക്കു കയറിയെങ്കിലും യുഎസ് വിപണി ഇന്നലെ താഴ്ചയിലായിരുന്നു. 50,512 വരെ കയറിയ ഡൗ 320 ലേറെ പോയിന്റ് നഷ്ടപ്പെടുത്തിയാണു നാമമാത്ര നേട്ടത്തില്‍ ക്ലോസ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ സോഫ്റ്റ്വേര്‍ ഓഹരികളെപ്പറ്റി ആശങ്ക പ്രകടിപ്പിച്ച വിപണി ഇന്നലെ ധനകാര്യ ഓഹരികളെപ്പറ്റി ആകുലതയിലായി. നിര്‍മിതബുദ്ധി ഇനി ധനകാര്യ സേവന കമ്പനികളുടെ പല വരുമാനമാര്‍ഗങ്ങളും അടയ്ക്കും എന്നാണു ഭീതി. പ്രമുഖ ധനകാര്യ സേവന കമ്പനികള്‍ 8.75 ശതമാനം വരെ ഇടിഞ്ഞു.
ഡൗ ജോണ്‍സ് ചൊവ്വാഴ്ച 52.27 പോയിന്റ് (0.10%) ഉയര്‍ന്ന് 50,188.14ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 23.01 പോയിന്റ് (0.33%) നഷ്ടത്തോടെ 6941.81ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 136.20 പോയിന്റ് (0.59%) ഇടിഞ്ഞ് 23,102.47ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് കയറുകയാണ്. ഡൗ ജോണ്‍സ് 0.26 ഉം എസ്ആന്‍ഡ്പി 0.31 ഉം നാസ്ഡാക് 0.40 ഉം ശതമാനം ഉയര്‍ന്നു നീങ്ങുന്നു.
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ച നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ഫ്രഞ്ച് സൂചിക മാത്രം നാമമാത്രമായി ഉയര്‍ന്നു. 2025 ല്‍ വാര്‍ഷിക ലാഭത്തിലേക്കു തിരിച്ചു വന്ന ഫിലിപ്‌സ് ഓഹരി 12.2 ശതമാനം കുതിച്ചു. ലാഭപ്രതീക്ഷ കുറച്ച ബിപി (ബ്രിട്ടീഷ് പെട്രോളിയം) 6.3 ശതമാനം ഇടിഞ്ഞു.
ഏഷ്യന്‍ വിപണികള്‍ ഇന്നും നേട്ടത്തിലാണ്. ജപ്പാനില്‍ നിക്കൈ അവധിയിലാണ്. ഓസ്‌ട്രേലിയന്‍ സൂചിക 1.30 ഉം ദക്ഷിണ കൊറിയന്‍ സൂചിക 0.20 ഉം ശതമാനം കയറി. ഹോങ് കോങ് സൂചിക 0.25 ശതമാനം ഉയര്‍ന്നും ചൈനീസ് സൂചിക 0.10 ശതമാനം താഴ്ന്നും വ്യാപാരം തുടങ്ങി. ചൈനയിലെ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും കുറവായി. മൊത്തവിലകള്‍ ഇടിവ് തുടര്‍ന്നു.
ഇന്ത്യന്‍ വിപണി ഇന്നലെ വലിയ ചാഞ്ചാട്ടമില്ലാതെ ചെറിയ നേട്ടത്തോടെ അവസാനിച്ചു. ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ബാങ്ക് ഓഹരികള്‍ താഴ്ന്നു. ഓട്ടോ, മെറ്റല്‍, മീഡിയ ഓഹരികള്‍ മികച്ച നേട്ടം ഉണ്ടാക്കി.
യുഎസ് പരുത്തിയും കൃത്രിമനൂലുകളും ഉപയോഗിച്ചു ബംഗ്ലാദേശില്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ ഡ്യൂട്ടിയില്ലാതെ അമേരിക്ക വാങ്ങും എന്നു കരാര്‍ ഉണ്ടാക്കി. മറ്റ് ഉല്‍പനങ്ങള്‍ക്കു തീരുവ 20ല്‍ നിന്നു 19 ശതമാനമാക്കി. ഇന്ത്യയുടെ വസ്ത്ര കയറ്റുമതിക്കു തിരിച്ചടിയാകും ഇത് ബംഗ്ലാദേശിലേക്കുള്ള പരുത്തിനൂല്‍ കയറ്റുമതിക്കും ഇതു ക്ഷീണം വരുത്തും. ഇന്ത്യക്കു കുഴപ്പമില്ലെന്നു സര്‍ക്കാരും കയറ്റുമതി സംഘടനകളും അവകാശപ്പെട്ടതു വിപണി കണക്കിലെടുത്തില്ല. ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ്, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, വെല്‍സ്പണ്‍ ലിവിംഗ്, അരവിന്ദ് തുടങ്ങിയ കയറ്റുമതി കമ്പനികള്‍ എട്ടു ശതമാനം വരെ ഇടിഞ്ഞു.
സെന്‍സെക്‌സ് 208.17 പോയിന്റ് (0.25%) ഉയര്‍ന്ന് 84,273.92ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 67.85 പോയിന്റ് (0.26%) കയറി 25,935.15ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 42.95 പോയിന്റ് (0.07%) താഴ്ന്ന് 60,626.40ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 294.75 പോയിന്റ് (0.49%) ഉയര്‍ന്ന് 60,735.90ലും സ്‌മോള്‍ ക്യാപ് 100 സൂചിക 65.30 പോയിന്റ് (0.38%) കയറി 17,451.20ലും വ്യാപാരം അവസാനിപ്പിച്ചു.
വിപണിയില്‍ കയറ്റ -ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി തുടര്‍ന്നു. ബിഎസ്ഇയില്‍ 2587 ഓഹരികള്‍ കയറിയപ്പോള്‍ 1675 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1919 എണ്ണം ഉയര്‍ന്നു, 1235 എണ്ണം ഇടിഞ്ഞു.
എന്‍എസ്ഇയില്‍ 97 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 52 എണ്ണം 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി. നാലെണ്ണം അപ്പര്‍ സര്‍കീട്ടിലും രണ്ടെണ്ണം ലോവര്‍ സര്‍കീട്ടിലും എത്തി.
വിദേശനിക്ഷേപകര്‍ ചൊവ്വാഴ്ചയ്യാ വാങ്ങലുകാരായി. എന്നാല്‍ അളവ് കുറഞ്ഞു. വിദേശ ഫണ്ടുകള്‍ ക്യാഷ് വിപണിയില്‍ 69.45 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 1174.21 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.
നിഫ്റ്റി 26,000 കടക്കുന്നതില്‍ വീണ്ടും പരാജയപ്പെട്ടു. അവിടം കടക്കാനാകും ഇന്നും ഉദ്യമിക്കുക. ബുള്‍ മുന്നേറ്റത്തിലെ ആക്കം നിലനില്‍ക്കുന്നത് 26,400-26,600 ലേക്കു ലക്ഷ്യം വയ്ക്കാന്‍ സഹായിക്കും. 25,895 ഉം 25,855 ഉം ഇന്നു നിഫ്റ്റിക്കു പിന്തുണയാകാം. 26,000 ലും 26,055 ലും തടസം ഉണ്ടാകാം.
എംഎസ് സിഐ ഗ്ലോബല്‍ സ്റ്റാന്‍ഡാര്‍ഡ് ഇന്‍ഡെക്‌സിലേക്ക് ആദിത്യ ബിര്‍ല കാപ്പിറ്റലും എല്‍ ആന്‍ഡ് ടി ഫിനാന്‍സും പെടുത്തി. ഐആര്‍സിടിസിയെ സൂചികയില്‍ നിന്നു മാറ്റി. എബി കാപ്പിറ്റലില്‍ 25.7 കോടി ഡോളറും എല്‍ ആന്‍ഡ് ടി ഫിനാന്‍സില്‍ 23.8 കോടി ഡോളറും നിക്ഷേപം എന്നുമെന്നാണു പ്രതീക്ഷ. ഐആര്‍സിടിസിയില്‍ നിന്നു 14.2 കോടി ഡോളര്‍ പിന്‍വലിയാം. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 17.2 കോടി ഡോളര്‍ കൂടി എത്താം.
ടൈറ്റന്‍ മൂന്നാം പാദത്തില്‍ വരുമാനം 40 ഉം മൊത്തലാഭം 55 ഉം അറ്റാദായം 48 ഉം ശതമാനം വര്‍ധിപ്പിച്ചു. പ്രവര്‍ത്തന ലാഭമാര്‍ജിന്‍ ഒരു ശതമാനം കൂടി. വിപണിയുടെ പ്രതീക്ഷയേക്കാള്‍ മെച്ചമായി റിസല്‍ട്ട്.
ഗ്രാസിം ഇന്‍ഡസ്ട്രീസ് മൂന്നാം പാദത്തില്‍ വരുമാനം 25.3 ശതമാനവും അറ്റാദായം 26.5 ശതമാനവും വര്‍ധിപ്പിച്ചു. പ്രവര്‍ത്തന ലാഭത്തില്‍ 31.2 ശതമാനം വര്‍ധനയുണ്ട്. ലാഭമാര്‍ജിന്‍ 0.9 ശതമാനം കൂടി.
അപ്പോളോ ഹോസ്പിറ്റല്‍സ് പ്രതീക്ഷയിലും മികച്ച മൂന്നാം പാദ റിസല്‍ട്ട് പുറത്തുവിട്ടു. വരുമാനം 17.2 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 35 ശതമാനം വര്‍ധിച്ചു. ലാഭമാര്‍ജിന്‍ 13.8 ല്‍ നിന്ന് 14.9 ശതമാനമായി.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സി (ഭെല്‍)ലെ അഞ്ചു ശതമാനം ഓഹരി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴിയാണു വില്‍പന. എട്ടു ശതമാനം ഡിസ്‌കൗണ്ടില്‍ 254 രൂപയാണു തറവില വച്ചിരിക്കുന്നത്.
ബ്രിട്ടാനിയ മൂന്നാം പാദത്തില്‍ പ്രതീക്ഷയേക്കാള്‍ മെച്ചമായി. വരുമാനം എട്ടു ശതമാനം കൂടിയപ്പോള്‍ അറ്റാദായം 17 ശതമാനം വര്‍ധിച്ചു. ലാഭമാര്‍ജിന്‍ 18.4ല്‍ നിന്ന് 19.7 ശതമാനമായി.
ഐഷര്‍ മോട്ടോഴ്‌സ് മൂന്നാം പാദത്തില്‍ പ്രതീക്ഷകളെ മറികടന്നു. വരുമാനം 23ഉം പ്രവര്‍ത്തന ലാഭം 29.6ഉം അറ്റാദായം 21.3ഉം ശതമാനം കൂടി. പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 24.2ല്‍ നിന്ന് 25.5 ശതമാനമായി ഉയര്‍ന്നു.
സ്വര്‍ണവും വെള്ളിയും ചാഞ്ചാട്ടം തുടരുകയാണ്. തുടര്‍ച്ചയായ നാല ദിവസം 5000 ഡോളറിനു മുകളില്‍ നിന്ന സ്വര്‍ണത്തിന് 5100 ലേക്ക് എത്താന്‍ കഴിയുന്നില്ല. എന്നാല്‍ താഴോട്ടു വീഴുന്നുമില്ല. ചൊവ്വാഴ്ച ഔണ്‍സിന് 5079.30 ഡോളര്‍ വരെ കയറിയ സ്വര്‍ണം 5026.80ല്‍ ക്ലോസ് ചെയ്തു. എന്നാല്‍ ഇന്നു രാവിലെ വില 5053 ഡോളറിലേക്കു കയറി.
വെള്ളി ഇന്നലെ ഏഴു ശതമാനത്തിലധികം കയറി ഔണ്‍സിന് 84.14 ഡോളറില്‍ എത്തിയിട്ട് 80.94ല്‍ ക്ലോസ് ചെയ്തു. വെള്ളി ഇന്നുരാവിലെ 81.78 ലേക്കു കയറി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ചൊവ്വാഴ്ച രാവിലെ 1,15,800 രൂപയില്‍ വ്യാപാരം തുടങ്ങിയിട്ട് 640 രൂപ കയറി 1,16,440 രൂപയില്‍ ക്ലോസ് ചെയ്തു.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ചൊവ്വാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,56,539 രൂപയില്‍ ക്ലോസ് ചെയ്തു.
തിങ്കളാഴ്ച എംസിഎക്‌സില്‍ വെള്ളി കിലോഗ്രാമിന് 2,52,300 രൂപയില്‍ അവസാനിച്ചു.
പ്ലാറ്റിനം 2104 ഉം പല്ലാഡിയം 1703 ഉം റോഡിയം 9,900 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങള്‍ ചൊവ്വാഴ്ച ഭിന്നദിശകളിലായി. ചെമ്പ് 0.17 ശതമാനം വര്‍ധിച്ച് ടണ്ണിനു 13,001.65 ഡോളറില്‍ എത്തി. അലൂമിനിയം 0.49 ശതമാനം താഴ്ന്നു ടണ്ണിന് 3110.15 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കലും ടിന്നും താഴ്ന്നപ്പോള്‍ ലെഡും സിങ്കും കയറി.
റബര്‍ രാജ്യാന്തര വിപണിയില്‍ 1.01 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 190.00 സെന്റില്‍ എത്തി. കൊക്കോ 7.90 ശതമാനം ഇടിഞ്ഞ് ടണ്ണിനു 3778 ഡോളറില്‍ എത്തി. ഏതാനും ദിവസമായി കൊക്കോ ഇടിവിലാണ്. 2023 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ഉല്‍പാദനം ഗണ്യമായി കൂടിയെങ്കിലും ഡിമാന്‍ഡ് വര്‍ധിച്ചിട്ടില്ല. കാപ്പി 1.92 ശതമാനം താഴ്ന്നു. തേയില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ 1.56 ശതമാനം താഴ്ന്നു.
ഡോളര്‍ സൂചിക ചൊവ്വാഴ്ച നാമമാത്രമായി താഴ്ന്ന് 96.80ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 96.84 ലേക്കു കയറി. യൂറോ 1.1898 ഡോളറിലേക്കു കയറി. പൗണ്ട് 1.3638 ഡോളര്‍ വരെ താഴ്ന്നു.
ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 154.08 യെന്‍ എന്ന നിലയിലേക്കു കയറി. സ്വിസ് ഫ്രാങ്ക് 0.7677 ഡോളറിലേക്കുയര്‍ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.91 യുവാന്‍ എന്ന നിരക്കിലേക്കു കയറി.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.141 ശതമാനമായി താഴ്ന്നു. റീട്ടെയില്‍ വ്യാപാരത്തില്‍ വര്‍ധന ഇല്ലാത്തതാണു കാരണം.
ചൊവ്വാഴ്ച രൂപ മികച്ച നേട്ടം ഉണ്ടാക്കി. ഡോളര്‍ 18 പൈസ താഴ്ന്ന് 90.58 രൂപയില്‍ ക്ലോസ് ചെയ്തു. വിദേശത്തെ വിനിമയ വിപണികളില്‍ ഡോളര്‍ ഇന്നു രാവിലെ 90.59 രൂപയിലാണ്. ചൈനീസ് യുവാന്‍ 13.11 രൂപയില്‍ തുടരുന്നു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷസാധ്യത കുറയുന്നു എന്ന വിലയിരുത്തലില്‍ ക്രൂഡ് ഓയില്‍ ഇന്നലെ താഴ്ചയിലായി. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ ചൊവ്വാഴ്ച ബാരലിന് 69.10 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് 68.80 വരെ താഴ്ന്ന ശേഷം ഗതിമാറി. കാര്യങ്ങള്‍ മോശമാകുന്നു എന്ന സൂചനയില്‍ വില 69.25 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 64.38ഉം യുഎഇയുടെ മര്‍ബന്‍ 69.02 ഉം ഡോളറിലാണ്. പ്രകൃതിവാതകവില ഉയര്‍ന്നു 3.15 ഡോളറില്‍ എത്തി.
ക്രിപ്‌റ്റോ കറന്‍സികള്‍ ചാഞ്ചാട്ടം തുടരുകയാണ്. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 68,900 ഡോളറിനു മുകളില്‍ നില്‍ക്കുന്നു. ഈഥര്‍ 2020 ഡോളറിനും സൊലാന 83 ഡോളറിനും മുകളില്‍ ആണ്.
Read DhanamOnline in English
Subscribe to Dhanam Magazine