ആശ്വാസറാലി കാത്തു വിപണി, തകര്‍ച്ചയ്ക്കു കാരണം കടമെടുപ്പും എസ്ടിടിയും കൂട്ടിയതും, സ്വര്‍ണം ഇടിവ് തുടരുന്നു

പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാത്തത് ഐആര്‍എഫ്‌സി, ആര്‍വിഎന്‍എല്‍, റൈറ്റ്‌സ്, ടിറ്റാഗഡ് റെയില്‍ തുടങ്ങിയവയെ അഞ്ചു ശതമാനം വരെ താഴ്ത്തി
TCM, Morning Business News
Morning business newscanva
Published on

ബജറ്റ് ദിവസം വലിയ ഇടിവിലായ ഇന്ത്യന്‍ വിപണി ഇന്നു ചെറിയ ആശ്വാസറാലി നടത്തുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകര്‍. സര്‍ക്കാരിന്റെ കടമെടുപ്പ് വര്‍ധിച്ചതും ഡെറിവേറ്റീവ് വ്യാപാരത്തിനു നികുതി കൂട്ടിയതുമാണ് ഞായറാഴ്ച വിപണിയെ വീഴ്ത്തിയത്.

സ്വര്‍ണം, വെള്ളി വിലത്തകര്‍ച്ച തുടര്‍ന്നാലും ഓഹരിവിപണിയെ അതു ബാധിക്കില്ല എന്ന വിശ്വാസത്തിലാണു ബ്രോക്കറേജുകള്‍. ബുള്ളിയന്‍ ഇന്നു രാവിലെയും ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില 67 ഡോളറിലേക്കു താഴ്ന്നു.

വിലക്കയറ്റത്തില്‍ അപകടം കാണുന്ന കെവിന്‍ വാര്‍ഷിനെ ഫെഡ് ചെയര്‍മാനായി നോമിനേറ്റ് ചെയ്തത് വെള്ളിയാഴ്ച യുഎസ് വിപണിയെ താഴ്ത്തി. ഇന്നും യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ന്നു. ബുള്ളിയന്‍ ഇടിവും ഈ നിയമനത്തിന്റെ ആഘാതമാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 24,920.00ലേക്കു കയറി. പിന്നീട് 24,890 നു താഴെയായി. നിഫ്റ്റി ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

യുഎസ് വിപണി താഴ്ന്നു

ബജറ്റ് കാര്യത്തില്‍ ഡെമോക്രാറ്റുകളും പ്രസിഡന്റ് ട്രംപുമായുള്ള ധാരണവൈകിയതു മൂലം ധനബില്‍ സെന്റ്‌റില്‍ മാത്രമേ പാസായുള്ളൂ. പ്രതിനിധിസഭ തിങ്കളാഴ്ചയേ അതു പാസാക്കൂ. ഗവണ്മെന്റ് ഭാഗികമായ സ്തംഭനത്തിലാണ്.

വെള്ളിയാഴ്ച മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ സ്ഥാനത്തേക്കു ട്രംപ് നോമിനേറ്റ് ചെയ്തു. സെനറ്റ് ബാങ്കിംഗ് കമ്മിറ്റിയുടെ സ്ഥിരീകരണം ഇതിനു കിട്ടേണ്ടതുണ്ട്. മേയിലാണ് ചെയര്‍മാന്‍ ജെറോം പവലിന്റെ കാലാവധി പൂര്‍ത്തിയാകുന്നത്. ട്രംപ് ആഗ്രഹിക്കുന്നതു പോലെ പലിശ കുറയ്ക്കലില്‍ തല്‍പരനല്ല വാര്‍ഷ് എന്നാണു സൂചന. ഇത് വെള്ളിയാഴ്ച രാവിലെ ഓഹരികളെ കുത്തനേ താഴ്ത്തി. പിന്നീടു നഷ്ടം ഗണ്യമായി കുറച്ചിട്ടാണു വിപണി ക്ലോസ് ചെയ്തത്.

വാര്‍ഷിന്റെ നിയമനം സ്വര്‍ണം, വെളളി വിലകളെയും വലിച്ചു താഴ്ത്തി. ഡോളര്‍ സൂചിക ഒരു ശതമാനം കയറി.

ഡൗ ജോണ്‍സ് വെള്ളിയാഴ്ച 179.09 പോയിന്റ് (0.36%) താഴ്ന്ന് 48,892.47ല്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 29.98 പോയിന്റ് (0.43%) കുറഞ്ഞ 6939.03ല്‍ ക്ലോസ് ചെയ്തു. നാസ്ഡാക് 223.31 പോയിന്റ് (0.94%) ഇടിഞ്ഞ് 23,461.82ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് താഴ്ചയിലാണ്. ഡൗ 0.20 ഉം എസ് ആന്‍ഡ് പി 0.52 ഉം നാസ്ഡാക് 0.83 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.

യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച നല്ല നേട്ടത്തില്‍ അവസാനിച്ചു. ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ ഭീമന്‍ അഡിഡാസ് റെക്കോര്‍ഡ് വരുമാനവര്‍ധന ഉള്ള റിസല്‍ട്ട് പുറത്തുവിട്ടു. വാര്‍ഷിന്റെ നിയമനത്തെ യൂറോപ്യന്‍ വിപണികള്‍ പോസിറ്റീവ് ആയി കണ്ടു.

ഏഷ്യന്‍ വിപണികള്‍ ഇന്നു ഭിന്നദിശകളിലാണ്. ജപ്പാനില്‍ നിക്കൈ 1.25 ശതമാനം കയറി. ദക്ഷിണകൊറിയയില്‍ കോസ്പി രണ്ടര ശതമാനം ഇടിഞ്ഞു. ഓസ്‌ട്രേലിയന്‍ സൂചികയും താഴ്ചയിലാണ്. ചൈനയിലെ ഫാക്ടറി ഉല്‍പാദന കണക്കുകള്‍ ഇന്നു പുറത്തുവിടും. ഹോങ് കോങ്, ചൈനീസ് വിപണികള്‍ താഴ്ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി ഇടിഞ്ഞു

ഡെറിവേറ്റീവ് വ്യാപാരത്തിനു ബജറ്റില്‍ നികുതി (എസ്ടിടി) കൂട്ടിയത് ഓഹരികളെ കുത്തനേ ഇടിച്ചു. ബജറ്റവതരണത്തിനു മുമ്പ് ഉയര്‍ന്നു നിന്ന സൂചികകള്‍ പിന്നീടു താഴോട്ടു നീങ്ങി. ബജറ്റ് പ്രസംഗം കഴിഞ്ഞപ്പോള്‍ സെന്‍സെക്‌സ് 2370 പോയിന്റ് ഇടിഞ്ഞ് 79,899ലും നിഫ്റ്റി 748.30 പോയിന്റ് താഴ്ന്ന് 24,571.75ലും എത്തിയതാണ്. പിന്നീടു നഷ്ടം കുറച്ചു.

ഓഹരിവിപണിയിലേക്കു വിദേശനിക്ഷേപ സ്ഥാപനങ്ങളെയും ഫണ്ടുകളെയും തിരിച്ചു വരുത്താന്‍ എന്തെങ്കിലും നടപടി വിപണി പ്രതീക്ഷിച്ചിരുന്നു. ഒന്നും ഉണ്ടായില്ല. എസ്ടിടി വര്‍ധന ഡെറിവേറ്റീവ് വ്യാപാരം കുറയ്ക്കും എന്നു വിപണി ഭയപ്പെടുന്നു. ഡെറിവേറ്റീവ് വ്യാപാരത്തില്‍ വ്യക്തികള്‍ക്കു കനത്ത നഷ്ടം ഉണ്ടാകുന്നത് ഗവണ്മെന്റും ശ്രദ്ധിച്ച വിഷയമാണ് വ്യക്തിഗത നിക്ഷേപകരെ അതില്‍ നിന്നു പിന്തിരിപ്പിക്കാനും മന്ത്രി ഉദ്ദേശിക്കുന്നുണ്ടാകാം.

ബുള്ളിയനും വ്യാവസായിക ലോഹങ്ങളും ലോകവിപണിയില്‍ വലിയ ഇടിവിലായത് ഞായറാഴ്ച മെറ്റല്‍ ഓഹരികളെ തകര്‍ച്ചയിലാക്കി. മെറ്റല്‍ സൂചിക 4.05 ശതമാനം താഴ്ന്നു. ഹിന്ദുസ്ഥാന്‍ കോപ്പര്‍ 13.11 ഉം ഹിന്ദുസ്ഥാന്‍ സിങ്ക് 9.67 ഉം നാല്‍കോ 8.34 ഉം ഹിന്‍ഡാല്‍കോ5.78 ഉം ശതമാനം ഇടിഞ്ഞു. വേദാന്ത, ടാറ്റാ സ്റ്റീല്‍, അദാനി എന്റര്‍പ്രൈസസ്, ജിന്‍ഡല്‍ സ്റ്റീല്‍, സെയില്‍ തുടങ്ങിയവയും വലിയ താഴ്ചയിലായി.

സ്വര്‍ണവിലയിടിവ് മുത്തൂറ്റ് ഫിനാന്‍സിനെ 8.61 ശതമാനം താഴ്ത്തി.

സ്വര്‍ണത്തിന് ചുങ്കം കൂട്ടുമെന്ന ആശങ്ക മാറിയത് ടൈറ്റന്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് ഓഹരികളെ നാലു ശതമാനം ഉയര്‍ത്തി.

പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാത്തത് ഐആര്‍എഫ്‌സി, ആര്‍വിഎന്‍എല്‍, റൈറ്റ്‌സ്, ടിറ്റാഗഡ് റെയില്‍ തുടങ്ങിയവയെ അഞ്ചു ശതമാനം വരെ താഴ്ത്തി.

പ്രതിരോധ ബജറ്റില്‍ പ്രതീക്ഷിച്ചത്ര വര്‍ധന ഉണ്ടാകാത്തതു പ്രതിരോധ ഓഹരികളെ വീഴ്ത്തി. ഭാരത് ഡൈനമിക്‌സ് 10.41 ഉം ഗാര്‍ഡന്‍ റീച്ച് 8.65 ഉം പരസ് 8.25 ഉം മസഗോണ്‍ 7.51 ഉം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 6.34 ഉം ശതമാനം ഇടിഞ്ഞു. പ്രതിരോധ ഓഹരി സൂചിക 5.09 ശതമാനം താഴ്ചയിലായി. എസ്ടിടി നിരക്കു കൂട്ടിയത് വിപണിയുമായി ബന്ധപ്പെട്ട ഓഹരികളെ ഇടിച്ചിട്ടു. എംസിഎക്‌സ് 11.95 ഉം ബിഎസ്ഇ 8.12 ഉം ഏഞ്ചല്‍ വണ്‍ 8.62 ഉം ശതമാനം ഇടിഞ്ഞു. ബ്രോക്കറേജ്, ഡെപ്പോസിറ്ററി ഓഹരികള്‍ വലിയ താഴ്ചയിലായി.

പൊതുമേഖലാ ബാങ്കുകള്‍ ആണ് ഇന്നലെ ഏറ്റവുമധികം തകര്‍ന്നത്. പിഎസ് യു ബാങ്ക് സൂചിക 5.57 ശതമാനം ഇടിഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യ 8.59 ഉം ഇന്ത്യന്‍ ബാങ്ക് 7.65 ഉം ബാങ്ക് ഓഫ് ബറോഡ 6.9 ഉം ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.54 ഉം യൂണിയന്‍ ബാങ്ക് 6.3 ഉം എസ്ബിഐ 5.31 ഉം ശതമാനം വീണു. ലയനങ്ങളോ സ്വകാര്യവല്‍ക്കരണമോ ബജറ്റില്‍ പറയാത്തത് ഒരു കാരണമാണ്. പ്രതീക്ഷയിലും കൂടുതല്‍ തുക (17.20 ലക്ഷം കോടി രൂപ) കടപ്പത്രം ഇറക്കി സമാഹരിക്കുന്നതും ബാങ്കുകള്‍ക്കു ക്ഷീണമാകും. കടപ്പങ്ങളുടെ വില കുറയും. ഓരോ പാദത്തിലും അപ്പോഴത്തെ കടപ്പത്രവില വച്ച് ലാഭനഷ്ടങ്ങള്‍ രേഖപ്പെടുത്തേണ്ടി വരുമ്പോള്‍ ബാങ്കുകള്‍ കൂടുതല്‍ തുക വകയിരുത്തേണ്ടിവരും.

ഐടി മാത്രമാണ് ഇന്നലെ ഉയര്‍ന്ന മേഖല. സെന്‍സെക്‌സ് 1546.84 പോയിന്റ് (1.88%) താഴ്ന്ന് 80,722.94ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 495.20 പോയിന്റ് (1.96%) ഇടിഞ്ഞ് 24,825.50ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1193.20 പോയിന്റ് (2.00%) നഷ്ടത്തോടെ 58,417.20ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1311.20 പോയിന്റ് (2.24%) ഇടിഞ്ഞ് 57,120.80 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 460.95 പോയിന്റ് (2.73%) തകര്‍ന്ന് 16,418.15 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിലെ കയറ്റ-ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 1699 ഓഹരികള്‍ കയറിയപ്പോള്‍ 2444 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1051 എണ്ണം ഉയര്‍ന്നു, 2068 എണ്ണം ഇടിഞ്ഞു.

എന്‍എസ്ഇയില്‍ 34 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍ എത്തിയപ്പോള്‍ 240 എണ്ണം 52 ആഴ്ചയിലെ താഴ്ന്ന നിലയിലായി. മൂന്നെണ്ണം അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ 12 എണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.

വിദേശനിക്ഷേപകര്‍ ഞായറാഴ്ച വില്‍പനക്കാരായി മാറി. വിദേശ ഫണ്ടുകള്‍ ക്യാഷ് വിപണിയില്‍ 588.34 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും 682.73 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.

നിഫ്റ്റി 24,572 വരെ ഇന്നലെ താഴ്ന്നു. ഈ നിലയ്ക്കു മുകളില്‍ തുടര്‍ന്നാല്‍ കുറച്ചു ദിവസം പരിമിത മേഖലയില്‍ ചാഞ്ചാടിയിട്ട് 25,000 ലേക്കു നീങ്ങാം. ഇന്നു നിഫ്റ്റിക്ക് 24,610 ലും 24,410 ലും പിന്തുണ പ്രതീക്ഷിക്കാം. 25,275 ലും 25,480 ലും പ്രതിരോധം കാണാം.

സ്വര്‍ണവും വെള്ളിയും ഇടിവ് തുടരുന്നു

പലിശ വെട്ടിക്കുറയ്ക്കുന്നതിനെ ഇഷ്ടപ്പെടാത്ത കെവിന്‍ വാര്‍ഷ് ഫെഡ് തലവനായി വരുന്നതിന്റെ ആശങ്കയില്‍ വെള്ളിയാഴ്ച ഇടിഞ്ഞ വിശിഷ്ടലോഹ വിപണികള്‍ വരാന്ത്യത്തിനു ശേഷം ഇന്നും താഴുകയാണ്. സ്വര്‍ണത്തിലും വെള്ളിയിലും ഊഹക്കച്ചവടക്കാര്‍ ലോംഗ് പൊസിഷനുകള്‍ വിറ്റഴിക്കാന്‍ തിരക്കുകൂട്ടുന്നു.

വെള്ളിയാഴ്ച ഔണ്‍സിന് 4691.60 ഡോളര്‍ വരെ താഴ്ന്ന സ്വര്‍ണം 4891.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നുരാവിലെ 4589 വരെ ഇടിഞ്ഞ വില പിന്നീട് 4700 ഡോളറിന് മുകളിലായി.

2024 ഡിസംബര്‍ 31-നു ശേഷം 114.9 ശതമാനം കുതിച്ച സ്വര്‍ണം കഴിഞ്ഞയാഴ്ച 5602 ഡോളര്‍ വരെ ഉയര്‍ന്നതാണ്.

ലോഹങ്ങള്‍ ഇടിയുന്നു

വ്യാവസായിക ലോഹങ്ങള്‍ വെള്ളിയാഴ്ച ഇടിഞ്ഞു. പലിശ വെട്ടിക്കുറയ്ക്കുന്ന ആളെയല്ല ഫെഡ് ചെയര്‍മാനായി ട്രംപ് നിയമിച്ചത് എന്ന ധാരണയാണു കാരണം. ചെമ്പ് 3.43 ശതമാനം ഇടിഞ്ഞു ടണ്ണിനു 13,369.50 ഡോളറില്‍ എത്തി. അലൂമിനിയം 3.70 ശതമാനം താഴ്ന്നു ടണ്ണിന് 3146.72 ഡോളറില്‍ ക്ലോസ് ചെയ്തു. നിക്കലും ലെഡും ടിന്നും സിങ്കുംരണ്ടര മുതല്‍ ആറര വരെ ശതമാനം ഇടിഞ്ഞു.

റബര്‍ രാജ്യാന്തര വിപണിയില്‍ ഒരു ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 181.30 സെന്റ് ആയി. കൊക്കോ 0.29 ശതമാനം താഴ്ന്നു ടണ്ണിനു 4165 ഡോളറില്‍ എത്തി. കാപ്പി 3.50 ശതമാനം താഴ്ന്നു. തേയില മാറ്റമില്ലാതെ തുടര്‍ന്നു. പാം ഓയില്‍ ഇന്നലെ 2.06 ശതമാനം താഴ്ന്നു.

ഡോളര്‍ കയറുന്നു

ഫെഡ് മേധാവിയായി കെവിന്‍ വാര്‍ഷിനെ നോമിനേറ്റ് ചെയ്തതു ഡോളറിനു കരുത്തായി. ഇന്നു രാവിലെ ഉയര്‍ന്നു ഡോളര്‍ സൂചിക 97.20 ല്‍ എത്തി. വെള്ളിയാഴ്ച 96.99 ല്‍ ആയിരുന്നു ക്ലോസിംഗ്.

യൂറോ 1.1859 ഉം പൗണ്ട് 1.3692 ഉം ഡോളറിലേക്കു കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 154.96 യെന്‍ എന്ന നിലയിലേക്കു താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.7727 ഡോളറില്‍ എത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.95 യുവാനില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.251 ശതമാനമായി ഉയര്‍ന്നു.

രൂപ വീണ്ടും താഴ്ന്നു

ഇന്ത്യന്‍ രൂപ വെള്ളിയാഴ്ചയും താഴ്ന്നു. രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ ഡോളര്‍ രണ്ടു പൈസ നേട്ടത്തില്‍ 91.98 രൂപയില്‍ ഡോളര്‍ ക്ലോസ് ചെയ്തു. വിദേശത്തെ വിനിമയ വിപണികളില്‍ ഡോളര്‍ 91.80 രൂപ വരെ എത്തി. ചൈനീസ് യുവാന്‍ 13.26 രൂപയിലേക്കു കയറി.

ക്രൂഡ് ഓയില്‍ ഇടിയുന്നു

യുഎസ്- ഇറാന്‍ യുദ്ധഭീതി കുറഞ്ഞത് ക്രൂഡ് ഓയിലിനെ ഇടിച്ചു താഴ്ത്തുന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ മൂന്നര ശതമാനം താഴ്ന്ന് ബാരലിന് 67.03 ഡോളറില്‍ എത്തി. ഡബ്‌ള്യുടിഐ ഇനം 62.94 ഉം യുഎഇയുടെ മര്‍ബന്‍ 67.84 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 15 ശതമാനം ഇടിഞ്ഞ് 3.71 ഡോളറില്‍ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

Stock Market Morning Analysis
Stock Market Morning Analysis
Stock Market Morning Analysis
Stock Market Morning Analysis
```html ```
logo
DhanamOnline
dhanamonline.com