

നിഫ്റ്റിയില്‍ നിന്നുള്ള ദുര്‍ബലമായ സൂചനകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് നേരിയ തോതില്‍ നെഗറ്റീവ് ആയ തുടക്കത്തിന് വഴിയൊരുക്കിയേക്കും. സാങ്കേതികമായി, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ്. മൊത്തത്തില്‍, ഉയര്‍ന്ന തലങ്ങളില്‍ സെലക്ടീവ് വില്‍പ്പന സമ്മര്‍ദ്ദത്തോടെ വിപണി ജാഗ്രതയോടെയുള്ള ഒരു ഓപ്പണിംഗിന് സാക്ഷ്യം വഹിച്ചേക്കാം.
സെന്‍സെക്‌സും നിഫ്റ്റിയും ഇന്നലെ മോശം പ്രകടനമാണ് കാഴ്ചവച്ചത്. സെന്‍സെക്‌സ് 376 പോയിന്റോളം ഇടിഞ്ഞപ്പോള്‍ നിഫ്റ്റിയുടെ വീഴ്ച 71 പോയിന്റായിരുന്നു. 26,189ല്‍ തുടങ്ങിയ നിഫ്റ്റി ഒരുവേള ഇന്‍ട്രഡേ ഉയരമായ 26,273 പോയിന്റ് വരെ എത്തിയെങ്കിലും പിന്നീട് താഴേക്ക് പോയി. ശക്തമായ വില്പന സമ്മര്‍ദത്തില്‍ പിന്നീട് 26,124 പോയിന്റ് വരെ താഴ്ന്ന ശേഷം 26,178ല്‍ ക്ലോസ് ചെയ്യുകയായിരുന്നു.
സൂചികകളുടെ പ്രകടനം സമ്മിശ്രമായിരുന്നു. ഫാര്‍മ, പി.എസ്.യു ബാങ്ക്, ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്കുകള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മീഡിയ റിയാലിറ്റി ഓഹരികള്‍ തകര്‍ച്ച നേരിട്ടു.
74.20 പോയിന്റ് (0.12%) ഉയര്‍ന്നാണ് ബാങ്കിംഗ് സെക്ടര്‍ മുന്നോട്ടുപോകുന്നത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവായി തുടരുന്നു, കൂടാതെ സൂചിക അതിന്റെ ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളില്‍ വ്യാപാരം തുടരുന്നു.
മുന്‍ദിവസത്തേതിന് തുടര്‍ച്ചയായി വിദേശ വ്യാപാര സ്ഥാപനങ്ങളുടെ വില്പന കുറഞ്ഞ അളവിലാണ്. ഇത് പോസിറ്റീവ് മനോഭാവമാണെന്ന് വിപണി കണക്കുകൂട്ടുന്നു. വിദേശ നിക്ഷേപകര്‍ ഇന്നലെ വിറ്റഴിച്ചത് 107.63 കോടി രൂപയുടെ ഓഹരികളാണ്. സ്വദേശി നിക്ഷേപകര്‍ വാങ്ങല്‍ തുടരുകയാണ്. 1,749.35 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.
അനുകൂല ഘടകങ്ങളാല്‍ യുഎസ് വിപണി മുന്‍ സെഷനെക്കാള്‍ മികച്ച രീതിയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജര്‍മന്‍, ഫ്രഞ്ച് വിപണികളും ഉണര്‍വിലാണ്.
ഏഷ്യന്‍ വിപണികള്‍ ഇന്ന് സമ്മിശ്രമാണ്. രാവിലെ ജപ്പാന്‍ നിക്കെയ് 317 പോയിന്റോളം നേട്ടമുണ്ടാക്കിയപ്പോള്‍ ഹോങ്കോംഗ് വിപണിക്ക് രാവിലെ ക്ഷീണമാണ്.
ആഗോള ക്രൂഡ്ഓയില്‍ വില കാര്യമായ കുതിപ്പില്ലാതെ 60 ഡോളറുകളിലാണ്. വിപണിയില്‍ ആവശ്യത്തിലധികം എണ്ണലഭ്യതയുള്ളതും ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നതും ഈ പ്രവണത തുടരുന്നതിന് കാരണമാകുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine