

ഇന്ത്യന്‍ ഓഹരി വിപണി നേരിയ തോതില്‍ പോസിറ്റീവ് മനോഭാവത്തില്‍ വ്യാപാരം ആരംഭിക്കാന്‍ സാധ്യതയുണ്ട്. ജാഗ്രതയോടെയുള്ള തുടക്കത്തിലേക്കാകും നിഫ്റ്റി വഴിതുറക്കുക. സാങ്കേതിക കാഴ്ചപ്പാടില്‍, നിഫ്റ്റി ഒരു ഹ്രസ്വകാല തിരുത്തല്‍ ഘട്ടത്തിലാണ്. പ്രധാന പ്രതിരോധ നിലവാരത്തിന് താഴെയാണ് വ്യാപാരം. ഉടനടി പിന്തുണ 25,750 ന് അടുത്താണ്.
വലിയ തിരിച്ചടിയോടെയാണ് മാര്‍ക്കറ്റ് ഇന്നലെ കടന്നുപോയത്. സെന്‍സെക്‌സ് 780 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയാകട്ടെ 263 പോയിന്റും. നിഫ്റ്റി 26,106.50 പോയിന്റില്‍ തുടങ്ങി ഇന്‍ട്രാഡേ ഉയരമായ 26,133 പോയിന്റ് തൊട്ടശേഷമാണ് താഴേക്ക് പതിച്ചത്. ഒരുഘട്ടത്തില്‍ ഇന്‍ട്രാഡേ താഴ്ചയായ 25,858.45 പോയിന്റ് വരെ വീണശേഷം 25,876.85 പോയിന്റില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.
മെറ്റല്‍, പി.എസ്.യു ബാങ്ക്, ഐടി, റിയാലിറ്റി സ്റ്റോക്കുകള്‍ വലിയ തിരിച്ചടി നേരിട്ടു. യുഎസില്‍ നിന്നുള്ള മോശം വാര്‍ത്തകളാണ് വിപണിയുടെ വീഴ്ച്ചയ്ക്ക് ആക്കംകൂട്ടിയത്.
സാങ്കേതികമായി മൊമെന്റം സൂചകങ്ങള്‍ ഒരു നെഗറ്റീവ് പക്ഷത്തെ സൂചിപ്പിക്കുന്നു. സൂചികയാകട്ടെ ഹ്രസ്വകാല മൂവിംഗ് ആവറേജിന് താഴെയായി ക്ലോസ് ചെയ്തു. ദൈനംദിന ചാര്‍ട്ടില്‍ ഒരു ലോംഗ് ബെയറിഷ് (കറുത്ത) മെഴുകുതിരിയുടെ രൂപീകരണം ഹ്രസ്വകാല തിരുത്തല്‍ പ്രവണതയുടെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു.
താഴ്ന്ന വശത്ത്, 25,750 ഉടനടി ഹ്രസ്വകാല പിന്തുണയായി പ്രവര്‍ത്തിക്കുന്നു. ഈ ലെവലിനു താഴെയുള്ള ഒരു നിര്‍ണായക ബ്രേക്ക് തിരുത്തല്‍ കൂടുതല്‍ വ്യാപിപ്പിച്ചേക്കാം.
ഒരുവേള ശാന്തമായെന്ന് തോന്നിച്ച വിദേശ നിക്ഷേപകരുടെ വില്പനയ്ക്ക് വലിയ വേഗം കൈവന്ന ദിവസമായിരുന്നു ഇന്നലെ. 3,367.12 കോടി രൂപയുടെ ഓഹരികളാണ് ഇന്നലെ മാത്രം അവര്‍ വിറ്റൊഴിവാക്കിയത്. അതേസമയം, ആഭ്യന്തര നിക്ഷേപകര്‍ വാങ്ങല്‍ പ്രക്രിയ തുടരുകയാണ്. 3,701.17 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വാങ്ങിക്കൂട്ടി. ഈ പ്രവണത തുടര്‍ന്നേക്കാനാണ് സാധ്യത.
യുഎസ് വിപണിക്ക് ഇന്നലെ സമ്മിശ്ര ദിനമായിരുന്നു. ഡൗജോണ്‍സ് 270 പോയിന്റോളം നേട്ടമുണ്ടാക്കിയപ്പോള്‍ നാസ്ഡാക് (Nasdaq) 104 പോയിന്റോളം താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യന്‍ മാര്‍ക്കറ്റുകളും സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്. ഫ്രഞ്ച്, ജര്‍മന്‍ മാര്‍ക്കറ്റുകള്‍ നേരിയ നേട്ടം സ്വന്തമാക്കിയപ്പോള്‍ യുകെ മാര്‍ക്കറ്റില്‍ അത്ര സുഖകരമായിരുന്നില്ല.
ഏഷ്യന്‍ മാര്‍ക്കറ്റുകളും സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ജപ്പാന്റെ നിക്കെയ്225 52 പോയിന്റ് നേട്ടത്തിലാണ് തുടങ്ങിയത്. അതേസമയം ഹോങ്കോംഗ് മാര്‍ക്കറ്റ് 52 പോയിന്റ് ഇടിഞ്ഞു.
ക്രൂഡ്ഓയില്‍ വില ചെറുതായി മുന്നേറി. എന്നാല്‍ ഡിമാന്‍ഡിന്റെ കുറവ് ദൃശ്യമാണ്. ഈ പ്രവണത തുടരുമെന്ന സൂചനകളാണ് വിപണി നല്കുന്നത്. യുഎസിന്റെ വെനസ്വേലന്‍ നടപടികളില്‍ തട്ടി കയറിയ സ്വര്‍ണവില ചെറിയതോതില്‍ താഴേക്ക് വന്നു. ലാഭമെടുപ്പ് കൂടിയതാണ് കാരണം.
Read DhanamOnline in English
Subscribe to Dhanam Magazine