

യുദ്ധഭീതി കുറയുകയും ക്രൂഡ് ഓയില്‍ വില 88 ഡോളറിനു താഴെ എത്തുകയും ചെയ്തു. വിപണികള്‍ ഇങ്ങനെ ആശ്വസിക്കുമ്പോള്‍ എഐ (നിര്‍മിതബുദ്ധി) മേഖലയിലെ ചൈനീസ് ആക്രമണവും സെമികണ്ടക്ടര്‍ ചിപ് കമ്പനികളുടെ തളര്‍ച്ചയും വിപണിയെ ഭീഷണിപ്പെടുത്തുന്നു. ഏഷ്യന്‍ വിപണികള്‍ വലിയ തകര്‍ച്ചയിലായി.
അമേരിക്കന്‍ എഐ സിസ്റ്റങ്ങളില്‍ ചൈനീസ് ഓപ്പണ്‍ സോഴ്സ് എഐ മോഡലുകള്‍ നുഴഞ്ഞുകയറി ഡാറ്റയും കോഡിംഗും പകര്‍ത്തുന്നു എന്നാണു കമ്പനികള്‍ പറയുന്നത്. യുഎസ് എഐ സിസ്റ്റങ്ങളേക്കാള്‍ വില കുറഞ്ഞ ചൈനീസ് മോഡലുകള്‍ കൂടുതല്‍ പേര്‍ വാങ്ങുന്നുണ്ട്. ഇതിനിടെ എഐയിലെ ഭീമമായ നിക്ഷേപത്തിന്റെ ലാഭക്ഷമതയും വിപണിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,004.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,980 വരെ താഴ്ന്നു. വിപണി ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 27ന് 16.2 ശതമാനം ആയെന്നു കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഐഎംഡിയുടെ നിര്‍വചനമനുസരിച്ച് ശരാശരിയില്‍ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോര്‍മല്‍ ആണ്. കേരളത്തില്‍ കമ്മി 37.3 ശതമാനത്തിലേക്കു കയറി. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയില്‍ 54 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തില്‍ കൂടുതലായി.
പശ്ചിമേഷ്യന്‍ യുദ്ധവിരാമവും എണ്ണവിലയിലെ ഇടിവും പ്രധാന സൂചികകളെ വലിയ മുന്നേറ്റത്തിലാക്കിയെങ്കിലും ചിപ്പ് ഓഹരികളുടെ തകര്‍ച്ച നേട്ടമില്ലാത്ത ക്ലോസിംഗിലേക്കു വിപണിയെ നയിച്ചു. എഐ രംഗത്തു ചോര്‍ത്തല്‍ വാര്‍ത്തകള്‍ വര്‍ധിച്ചു വരുന്നു. ചൈനയില്‍ നിന്നുള്ള ഓപ്പണ്‍ സോഴ്സ് എഐ മോഡലുകളാണു ഡാറ്റയും കോഡും ചോര്‍ത്തുന്നത്. സംയുക്ത പ്രതിരോധത്തിന് എന്‍വിഡിയയുടെ നേതൃത്വത്തില്‍ കമ്പനികള്‍ ആലോചന നടത്തുന്നു.
എന്‍വിഡിയ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞ ഇന്നലെ ആപ്പിള്‍ ഏറ്റവും വിപണിമൂല്യം ഉള്ള കമ്പനിയായി വീണ്ടും ഉയര്‍ന്നു. മൈക്രോസോഫ്റ്റിനെ പിന്തള്ളി 2025 ജൂണ്‍ മുതല്‍ ഒന്നാം സ്ഥാനം എന്‍വിഡിയയ്ക്ക് ആയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ അഞ്ചു ട്രില്യണ്‍ (അഞ്ചു ലക്ഷം കോടി) ഡോളര്‍ വിപണിമൂല്യത്തില്‍ എന്‍വിഡിയ എത്തി. പിന്നീടു താണു. ഇന്നലെ ആപ്പിള്‍ 4.95 ട്രില്യണില്‍ എത്തി. എന്‍വിഡിയ 4.77 ട്രില്യണ്‍ ആയി താഴ്ന്നു.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ടെസ്ലയും ഇന്നലെ നഷ്ടത്തിലായി. സ്‌പേസ് എക്‌സ് ലിസ്റ്റിംഗിനു ശേഷം എത്തിയ ക്ലോസിംഗ് വിലയുടെ പകുതിയിലേക്കു താഴ്ന്നു.
തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 262.83 പോയിന്റ് (0. 51 ശതമാനം) ഉയര്‍ന്ന് 52,210.08ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 1.20 പോയിന്റ് (0.02%) കൂടി 7413.18ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 43.74 പോയിന്റ് (0.18%) താഴ്ന്ന് 24,932.08ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് ഇന്നു താഴ്ചയിലാണ്. ഡൗ ജോണ്‍സ് 71 പോയിന്റും (0.14%) എസ്ആന്‍ഡ്പി 17 പോയിന്റും (0.22%) കയറി. നാസ്ഡാക് 170 പോയിന്റും (0.60%) താഴ്ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വിപണിസമയത്ത് 0.04 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 23.22 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.29% ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 29.89 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 5.31% കുതിച്ച ശേഷം തുടര്‍വ്യാപാരത്തില്‍ 1.71% താഴ്ന്ന് 11.50 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 3.16% കയറിയ ശേഷം തുടര്‍വ്യാപാരത്തില്‍ 0.52 ശതമാനം കുറഞ്ഞ് 1.90 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. ക്രൂഡ് വില കുറഞ്ഞു തുടങ്ങിയതാണു പ്രധാന കാരണം.
ഏഷ്യന്‍ വിപണികള്‍ ഇന്നു തകര്‍ച്ചയിലാണ്. ദക്ഷിണ കൊറിയന്‍ സൂചിക കോസ്പി 7.5 ശതമാനം ഇടിഞ്ഞു. സെമികണ്ടക്ടര്‍ ചിപ് കമ്പനികളുടെ വീഴ്ച തുടരുകയാണ് ഇന്നലെ യുഎസില്‍ ആ കമ്പനികള്‍ ഇടിഞ്ഞു. ദക്ഷിണ കൊറിയയിലെ ചിപ്പ് ഭീമന്‍ എസ്‌കെ ഹൈനിക്‌സ് രാവിലെ 11 ശതമാനം ഇടിവിലായി. സാംസങ് ഒന്‍പതു ശതമാനം താഴ്ന്നു.
ഒരുമാസം കൊണ്ട് ഹൈനിക്‌സ് 38 ഉം സാംസങ് 28 ഉം ശതമാനം നഷ്ടത്തിലായി. ജാപ്പനീസ് നിക്കൈ സൂചിക നാലര ശതമാനം ഇടിഞ്ഞു. തായ്വാന്‍ സൂചിക താലു ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക നാമമാത്രമായി താണു. ഹോങ്‌കോങ് നാമമാത്ര താഴ്ചയില്‍ വ്യാപാരം തുടങ്ങി. ഷാങ്ഹായ് അര ശതമാനം താണു.
തലേ ആഴ്ച മുഴുവനും ക്രൂഡ് ഓയില്‍ വിലക്കയറ്റത്തിന്റെ പേരില്‍ ഇടിഞ്ഞ ഇന്ത്യന്‍ വിപണി ഇന്നലെ തിരിച്ചു കയറി. നിഫ്റ്റി കഴിഞ്ഞയാഴ്ച 2.3 ശതമാനം നഷ്ടത്തിലായ സ്ഥാനത്ത് ഇന്നലെ ഒരു ശതമാനത്തോളം കയറി. എല്ലാ വ്യവസായ മേഖലകളും നല്ല മുന്നേറ്റം ഉണ്ടാക്കി. ഐടി, മീഡിയ, റിയല്‍റ്റി, ടൂറിസം, ഫാര്‍മ, ഓട്ടോ, ഹെല്‍ത്ത് തുടങ്ങിയ നേട്ടത്തിനു മുന്നില്‍ നിന്നു. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിലധികം കുതിച്ചു.
വിദേശനിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. അവര്‍ കാഷ് വിപണിയില്‍ 1688.23 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശിഫണ്ടുകള്‍ 2329.14 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.
തിങ്കളാഴ്ച സെന്‍സെക്സ് 776.01 പോയിന്റ് (1.02%) ഉയര്‍ന്ന് 76,835.78ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 228.50 പോയിന്റ് (0.96%) നേട്ടത്തോടെ 23,995.95ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 393.70 പോയിന്റ് (0.69%) ഉയര്‍ന്ന് 57,087.20ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 681.30 പോയിന്റ് (1.11%) കുതിപ്പോടെ 62,303.65ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 247.65 പോയിന്റ് (1.31%) കയറി 19,122.60ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ ബഹുഭൂരിപക്ഷം ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2720 ഓഹരികള്‍ കയറി, 1638 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 2248 എണ്ണം ഉയര്‍ന്നപ്പോള്‍ 1058 എണ്ണം താഴ്ന്നു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പണനയ നിര്‍ണയയോഗം ഇന്നു തുടങ്ങും. നാളെ തീരുമാനം പ്രഖ്യാപിക്കും. പലിശ കൂട്ടുമെന്ന ഭീതി വിപണിയില്‍ നിന്ന് അകന്നെങ്കിലും പണലഭ്യത കുറയ്ക്കുന്ന നടപടികള്‍ ഉണ്ടാകുമോ എന്നു ഭയമുണ്ട്. അതു സ്വര്‍ണ്ണത്തിന്റെ കുതിപ്പു തടഞ്ഞു. ഇന്നു രാവിലെ സ്വര്‍ണം താഴുകയും ചെയ്തു.
സ്വര്‍ണം തിങ്കളാഴ്ച ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം 0.59 ശതമാനം കയറി ഔണ്‍സിനു 4077.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4050 ഡോളറിലേക്കു താഴ്ന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച 680 രൂപ വര്‍ധിച്ച് 1,06,960 രൂപയില്‍ എത്തി.
വെള്ളിവില തിങ്കളാഴ്ച താഴ്ന്ന് ഔണ്‍സിന് 58.53 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.26 ഡോളര്‍ ആയി.
പ്ലാറ്റിനം 1610 ഡോളര്‍, പല്ലാഡിയം 1263 ഡോളര്‍, റോഡിയം 7925 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
രാജ്യാന്തര റബര്‍ വില തിങ്കളാഴ്ച 3.60 ഡോളര്‍ കുറഞ്ഞു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 286.20 ഡോളറിലും ആര്‍എസ്എസ് മൂന്ന് 282.80 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,200 രൂപയില്‍ തുടര്‍ന്നു.
തിങ്കളാഴ്ച പ്രധാന ലോഹങ്ങള്‍ ഉയര്‍ന്നു. ചെമ്പ് 1.42 ശതമാനം കുതിച്ചു ടണ്ണിനു 13,809.65 ഡോളര്‍ ആയി. അലൂമിനിയം 0.63 ശതമാനം കയറി 3180.35 ല്‍ ക്ലോസ് ചെയ്തു. സിങ്കും ടിന്നും കയറി. നിക്കലും ലെഡും താഴ്ന്നു.
കൊക്കോ വില തിങ്കളാഴ്ച മൂന്നു ശതമാനം താഴ്ന്നു ടണ്ണിന് 5150.90 ഡോളറില്‍ എത്തി. എല്‍നിനോ പ്രതിഭാസം ഉണ്ടെങ്കിലും ഇന്‍ഡോനീഷയില്‍ ഉല്‍പാദനം കൂടും എന്ന് അന്താരാഷ്ട്ര കൊക്കോ സംഘടന വിലയിരുത്തി. പശ്ചിമാഫ്രിക്കയില്‍ ഉല്‍പാദനം കുറയും.
അറബിക്ക കാപ്പിവില 2.89 ശതമാനം കയറി പൗണ്ടിന് 3.23 ഡോളര്‍ ആയി. കാപ്പി സ്റ്റോക്ക് 2024 മാര്‍ച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.
യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്ന് 101.54ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.50 വരെ താഴ്ന്നു.
യൂറോ 1.1374 ഡോളറിലേക്കും പൗണ്ട് 1.3294 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 163.73 യെന്‍ എന്ന നിലയില്‍ എത്തി. ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാനില്‍ തുടര്‍ന്നു.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.637 ശതമാനത്തിലേക്കു താഴ്ന്നു.
തിങ്കളാഴ്ച ഇന്ത്യന്‍ രൂപ മികച്ച മുന്നേറ്റം നടത്തി രണ്ടു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. ഡോളര്‍ 65 പൈസ കുറഞ്ഞ് 95.91 രൂപയില്‍ ക്ലോസ് ചെയ്തു. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും എഫ്‌സിഎന്‍ആര്‍(ബി) നിക്ഷേപങ്ങളിലേക്ക് 3200 കോടിയിലധികം ഡോളര്‍ എത്തിയതുമാണു രൂപയെ സഹായിച്ചത്.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.89 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.18 രൂപയിലും യൂറോ 109.10 രൂപയിലും നില്‍ക്കുന്നു.
ക്രൂഡ് ഓയില്‍ വില ഇടിവ് തുടര്‍ന്നു. ഹോര്‍മുസില്‍ മൂന്നു ദിവസമായി ആക്രമണം ഇല്ല. ചെങ്കടലില്‍ പുതിയ ആക്രമണം ഉണ്ടായില്ല. അസര്‍ബൈജാന്‍ ഒരാഴ്ച മുടങ്ങിയ എണ്ണ കയറ്റുമതി പുനരാരംഭിച്ചു.
ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ തിങ്കളാഴ്ച പത്തു ശതമാനം ഇടിഞ്ഞു വീപ്പയ്ക്ക് 88.36 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 87.51 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം 81.69 ഡോളറില്‍ എത്തി.
ക്രിപ്‌റ്റോകറന്‍സികള്‍ വീണ്ടും ഇടിവിലായി. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 63,225 ഡോളറിനു താഴെ എത്തി. ഈഥര്‍ 1875 ഡോളറിനും സൊലാന 73.50 ഡോളറിനും താഴെ നില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine