

പശ്ചിമേഷ്യന്‍ ആക്രമണങ്ങള്‍ തുടരുന്നു. ഗാസയില്‍ ഹമാസ് നിരായുധീകരണത്തിനും ഇസ്രയേല്‍ സാവധാനം സേനാ പിന്മാറ്റത്തിനും ധാരണയില്‍ എത്തിയതായി യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഹോര്‍മുസിലും ചെങ്കടലിലും ചരക്കുഗതാഗതം സുരക്ഷിതമാക്കാന്‍ അന്‍പതോളം രാജ്യങ്ങളുടെ നാവിക കൂട്ടായ്മയ്ക്കു സൗദി അറേബ്യ രൂപം നല്‍കി. കൂട്ടായ്മ എന്തു ചെയ്യും എന്നു വ്യക്തമാക്കിയിട്ടില്ല.
ക്രൂഡ് ഓയില്‍ വില സാവധാനം താഴുന്നുണ്ട്. ബ്രെന്റ് ഇനം 88 ഡോളറിലേക്കു താഴ്ന്നു. ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,396.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,454 വരെ കയറി. വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയിലെ കമ്മി ജൂലൈ 30ന് 13.9 ശതമാനം ആയി കുറഞ്ഞെന്നു കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഐഎംഡിയുടെ നിര്‍വചനമനുസരിച്ച് ശരാശരിയില്‍ നിന്നു 19 ശതമാനം കൂടിയതോ കുറഞ്ഞതോ ആയ മഴ നോര്‍മല്‍ ആണ്. കേരളത്തില്‍ കമ്മി 35.37 ശതമാനമായി കുറഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ 20 ശതമാനത്തിലധികമാണു മഴക്കുറവ്. രാജ്യത്തെ ഭൂവിസ്തൃതിയില്‍ 41 ശതമാനത്തിലും മഴയുടെ കമ്മി 20 ശതമാനത്തില്‍ കൂടുതലാണ്.
ഫെഡ് തീരുമാനത്തിനു പിന്നാലെ ഇടിഞ്ഞ വിപണി ഇന്നലെ ആ വിഷയം വിട്ട് കുതിപ്പിലായി. രണ്ടാം പാദത്തില്‍ യുഎസ് ജിഡിപി വളര്‍ച്ച 1.5 ശതമാനമായി കുറഞ്ഞു. ജൂണില്‍ കാതല്‍മേഖലയുടെ ചില്ലറ വിലക്കയറ്റം നേരിയ കുറവ് കാണിച്ചു.
മൈക്രോസോഫ്റ്റിന്റെ മികച്ച റിസല്‍ട്ടും ബിസിനസ് പ്രതീക്ഷയും ഓഹരിയെ 16 ശതമാനം ഉയര്‍ത്തി. വിപണിമൂല്യ വര്‍ധനയില്‍ ഓഹരി റെക്കോര്‍ഡും കുറിച്ചു. 45,000 കോടി ഡോളറാണ് ഇന്നലെ ഒറ്റ ദിവസം കമ്പനിയുടെ വിപണിമൂല്യത്തില്‍ വര്‍ധിച്ചത്.
നാസ്ഡാക് സൂചികയ്ക്കു രണ്ടു ശതമാനത്തിലധികം കുതിപ്പുണ്ടായി. സെമികണ്ടക്ടര്‍ കമ്പനികളായ മൈക്രോണ്‍ 18 ഉം എഎംഡി 13 ഉം ശതമാനം മുന്നേറി. അതേ സമയം വരുമാന പ്രതീക്ഷ കുറയ്ക്കുകയും കണക്കിലധികം മൂലധന നിക്ഷേപം നടത്തുകയും ചെയ്ത മെറ്റാ പ്ലാറ്റ്‌ഫോംസ് അഞ്ചു ശതമാനം ഇടിഞ്ഞു.
ആപ്പിള്‍ വിപണിസമയത്ത് 1.41 ശതമാനം താഴ്ന്നു. റിസല്‍ട്ട് വന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ എട്ടു ശതമാനം വരെ ഇടിവിലായി. ഐഫോണ്‍ വില്‍പന 22 ശതമാനം വര്‍ധിച്ചെങ്കിലും ഘടകവസ്തുക്കളുടെ ലഭ്യത കുറഞ്ഞതു മൂലം വരുമാന പ്രതീക്ഷ താഴ്ത്തിയതാണു തിരിച്ചടിയായത്.
വിപണിസമയത്ത് 3.90 ശതമാനം കയറിയ ആമസോണ്‍, ക്ലൗഡ് വരുമാനം കുതിച്ച റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. തുടര്‍വ്യാപാരത്തില്‍ ഓഹരി 10 ശതമാനം ഉയര്‍ന്നു.
ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് നഷ്ടം തുടര്‍ന്നു. ടെസ്ല 3.3 ശതമാനം കയറി.
വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 613.92 പോയിന്റ് (1.19 ശതമാനം) ഉയര്‍ന്ന് 52,208.06ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 121.48 പോയിന്റ് (1.66%) മുന്നേറി 7437.63ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 679.24 പോയിന്റ് (2.78%) കുതിച്ച് 25,122.18ല്‍ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്‌സ് കയറ്റത്തിലാണ്. ഡൗ ജോണ്‍സ് 190 പോയിന്റും (0. 36%) എസ്ആന്‍ഡ്പി 28 പോയിന്റും (0.37%) നാസ്ഡാക് 297 പോയിന്റും (1.05%) ഉയര്‍ന്നു നീങ്ങുന്നു.
ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വ്യാഴാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാര സമയത്ത് 0.46 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.25 ശതമാനം കൂടി കയറി 24.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 1.68% ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.75 ശതമാനം താഴ്ന്ന് 30.03 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 5.16% ഇടിഞ്ഞ ശേഷം തുടര്‍വ്യാപാരത്തില്‍ 0.84% കയറി 12.05 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.02% താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.48 ശതമാനം ഉയര്‍ന്ന് 1.959 ഡോളറില്‍ അവസാനിച്ചു.
യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച നേട്ടം കുറിച്ചു. യൂറോ മേഖലയുടെ രണ്ടാം പാദവളര്‍ച്ച 0.4 ശതമാനമായി ഉയര്‍ന്നു. വാര്‍ഷിക വരുമാന പ്രതീക്ഷ ഉയര്‍ത്തിയ ഷ്നൈഡര്‍ ഇലക്ട്രിക് 10.83 ശതമാനം കുതിച്ചു. മാര്‍ക്കറ്റിംഗ് ചെലവുകള്‍ അമിതമായി കൂടിയത് അഡിഡാസിനെ 13.8 ശതമാനം താഴ്ത്തി.
ഏഷ്യന്‍ വിപണികള്‍ ഇന്നു വലിയ കുതിപ്പിലാണ്. ഇന്നലെ യുഎസ് വിപണിയില്‍ എഐ, സെമികണ്ടക്ടര്‍ ചിപ്പ് കമ്പനികള്‍ മുന്നേറിയത് ഏഷ്യന്‍ വിപണികളെ കയറ്റത്തിലാക്കി. ദക്ഷിണകൊറിയയില്‍ എസ്‌കെ ഹൈനിക്‌സും സാംസങ്ങും 25 ശതമാനത്തിലധികം ഉയര്‍ന്നു. കോസ്പി വിപണി സൂചിക 15 ശതമാനം ഉയര്‍ന്നു. ജപ്പാനില്‍ നിക്കൈ സൂചിക 5.5 ശതമാനം കയറി. ഓസ്‌ട്രേലിയന്‍ സൂചിക 0.40 ശതമാനം ഉയര്‍ന്നു.
അനിശ്ചിതത്വമാണ് ഇന്നലെ ഇന്ത്യന്‍ വിപണിയെ നയിച്ചത്. അമേരിക്കന്‍ ഫെഡ് തീരുമാനത്തോടു യുഎസ് വിപണി പ്രതികൂലമായി പ്രതികരിച്ചത് ഇവിടെയും നിഴല്‍ പരത്തി ക്രൂഡ് വിലക്കയറ്റവും നേട്ടത്തിനു തടസമായി. മുഖ്യസൂചികകള്‍ ഉയര്‍ന്നപ്പോള്‍ വിശാലവിപണി നഷ്ടത്തിലായി.
റിയല്‍റ്റിയും കാപ്പിറ്റല്‍ മാര്‍ക്കറ്റും ടൂറിസവും താഴ്ന്നു. വാഹനമേഖല മികച്ച നേട്ടം ഉണ്ടാക്കി.
വിദേശനിക്ഷേപകര്‍ ഇന്നലെയും വാങ്ങലുകാരായി. അവര്‍ കാഷ് വിപണിയില്‍ 3623.51 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശിഫണ്ടുകള്‍ 1864.03 കോടി രൂപയുടെ അറ്റ വില്‍പന നടത്തി.
വ്യാഴാഴ്ച സെന്‍സെക്സ് 273.55 പോയിന്റ് (0.35%) ഉയര്‍ന്ന് 77,928.15ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 66.95 പോയിന്റ് (0.28%) കയറി 24,317.15ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 58.40 പോയിന്റ് (0.10%) നഷ്ടത്തോടെ 57,147.50ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 220.50 പോയിന്റ് (0.35%) താഴ്ന്ന് 62,641.75ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 107.90 പോയിന്റ് (0.56%) നഷ്ടത്തോടെ 19,254.45ല്‍ ക്ലോസ് ചെയ്തു.
വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ താഴ്ന്നു. ബിഎസ്ഇയില്‍ 1601 ഓഹരികള്‍ കയറി, 2630 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1310 എണ്ണം ഉയര്‍ന്നപ്പോള്‍ 1957 എണ്ണം താഴ്ന്നു.
വരുമാനം ഗണ്യമായി വര്‍ധിച്ചെങ്കിലും തെര്‍മാക്‌സിന്റെ ഒന്നാം പാദ അറ്റാദായം 83.4 ശതമാനം ഇടിഞ്ഞു. വരുമാനം 12.1 ശതമാനം കൂടിയപ്പോള്‍ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിന്റെ അറ്റാദായം 21.5 ശതമാനം വര്‍ധിച്ചു.
ഒന്നാം പാദ വരുമാനം 14.3 ശതമാനം വര്‍ധിപ്പിച്ച ടാറ്റാ സ്റ്റീല്‍ അറ്റാദായം 19 ശതമാനം ഉയര്‍ത്തി. കമ്പനിയുടെ കടം 97,985 കോടി രൂപയായി കൂടി.
ഇലക്ട്രിക് വാഹനങ്ങളും വാഹനഘടകങ്ങളും നിര്‍മിക്കുന്ന ജെബിഎം ഓട്ടോ അറ്റാദായം 14.7 ശതമാനം വര്‍ധിപ്പിച്ചു.
വരുമാനവും പ്രവര്‍ത്തന ലാഭവും ഇരട്ടയക്ക വര്‍ധന കാണിച്ചെങ്കിലും റെയില്‍ ടെല്‍ കോര്‍പറേഷന്‍ അറ്റാദായം കാര്യമായി കൂടിയില്ല.
റഡാര്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന ഡാറ്റാ പാറ്റേണ്‍സിന്റെ ഒന്നാം പാദ വരുമാനം 17 ശതമാനം കൂടിയപ്പോള്‍ അറ്റാദായം 14 ശതമാനം കുറഞ്ഞു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒന്നാം പാദത്തില്‍ വരുമാനം 28 ശതമാനവും അറ്റാദായം 34 ശതമാനവും വര്‍ധിപ്പിച്ചു.
ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ഒന്നാം പാദ വിറ്റുവരവും വില്‍പനയും നേരിയ കുറവ് കാണിച്ചപ്പോള്‍ അറ്റാദായം 35 ശതമാനം ഇടിഞ്ഞു.
സ്വര്‍ണവിപണി കയറ്റം തുടര്‍ന്നെങ്കിലും 4100 ഡോളറിലെ തടസം മറികടക്കാന്‍ പറ്റിയില്ല. ഔണ്‍സിന് 4120 ഡോളര്‍ വരെ കയറിയിട്ട് 4104.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4085 ഡോളറിലേക്കു താഴ്ന്നു. ഡോളര്‍ തിരച്ചുകയറുന്നതാണു സ്വര്‍ണത്തെ താഴ്ത്തുന്നത്.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് ബുധനാഴ്ച 600 രൂപ വര്‍ധിച്ച് 1,05,840 രൂപയില്‍ എത്തി.
വെള്ളിവില വ്യാഴാഴ്ച ഔണ്‍സിന് 59.13 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 59.04 ലേക്കു താഴ്ന്നു .
പ്ലാറ്റിനം 1649 ഡോളര്‍, പല്ലാഡിയം 1299 ഡോളര്‍, റോഡിയം 7825 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
വ്യാഴാഴ്ച പ്രധാന വ്യാവസായിക ലോഹങ്ങള്‍ നേട്ടം തുടര്‍ന്നു. ചെമ്പ് 1.18 ശതമാനം ഉയര്‍ന്നു ടണ്ണിനു 13,793.15 ഡോളര്‍ ആയി. അലൂമിനിയം 0.63 ശതമാനം ഉയര്‍ന്ന് 3198.25 ല്‍ ക്ലോസ് ചെയ്തു. സിങ്കും ടിന്നും കയറി, നിക്കലും ലെഡും താഴ്ന്നു.
കൊക്കോ വില വ്യാഴാഴ്ച 1.29 ശതമാനം താഴ്ന്നു ടണ്ണിന് 5118 ഡോളറില്‍ എത്തി. എല്‍ നിനോ പ്രതിഭാസം ഉണ്ടെങ്കിലും ഇന്‍ഡോനീഷയില്‍ ഉല്‍പാദനം കൂടും എന്ന് അന്താരാഷ്ട്ര കൊക്കോ സംഘടന വിലയിരുത്തി. പശ്ചിമാഫ്രിക്കയില്‍ ഉല്‍പാദനം കുറയും.
അറബിക്ക കാപ്പിവില 0.40 ശതമാനം കുറഞ്ഞു പൗണ്ടിന് 3.245 ഡോളര്‍ ആയി. ഈ വര്‍ഷം ആഗോള കാപ്പി ഉല്‍പാദനം റെക്കോര്‍ഡ് ആകുമെന്ന് യുഎസ് കൃഷി വകുപ്പ് കണക്കാക്കുന്നു. ബ്രസീലില്‍ അറബിക്കയും വിയറ്റ്‌നാമില്‍ റോബസ്റ്റയും റെക്കോര്‍ഡ് വിളവ് പ്രതീക്ഷിക്കുന്നു. എല്‍ നിനോ മൂലം അടുത്ത വര്‍ഷത്തെ ഉല്‍പാദനം കുറയും എന്ന ആശങ്കയുണ്ട്.
യുഎസ് ഡോളര്‍ സൂചിക വ്യാഴാഴ്ച താഴ്ന്ന് 99.86ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 100.12 വരെ കയറി. യൂറോ 1.1517 ഡോളറിലേക്കും പൗണ്ട് 1.3452 ഡോളറിലേക്കും കയറി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 160.63 യെന്‍ എന്ന നിലയിലേക്ക് കയറി. ബാങ്ക് ഓഫ് ജപ്പാന്‍ യെന്നിനെ ഉയര്‍ത്താന്‍ ശ്രമിക്കുന്നു എന്നാണു സംസാരം. ചൈനീസ് യുവാന്‍ ഡോളറിന് 6.76 യുവാനില്‍ എത്തി. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.663 ശതമാനത്തിലേക്കു താഴ്ന്നു.
വ്യാഴാഴ്ച ഇന്ത്യന്‍ രൂപ അല്‍പം താഴ്ന്നു. ഡോളര്‍ മൂന്നു പൈസ കൂടി 95.68 രൂപയില്‍ ക്ലോസ് ചെയ്തു. വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95. 69 രൂപയില്‍ ആണ്. ചൈനീസ് യുവാന്‍ 14.16 രൂപയിലും യൂറോ 110.20 രൂപയിലും നില്‍ക്കുന്നു.
പശ്ചിമേഷ്യന്‍ സാഹചര്യം വീണ്ടും വഷളായതിനെ തുടര്‍ന്ന് കുതിച്ച ക്രൂഡ് ഓയില്‍ വില അല്‍പം താഴ്ന്നു. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വ്യാഴാഴ്ച വീപ്പയ്ക്ക് 89.03 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 88.18 ഡോളര്‍ ആയി താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 82.75 ഡോളറില്‍ എത്തി.
ക്രിപ്‌റ്റോകറന്‍സികള്‍ ഇന്നലെ ഉയര്‍ന്നു. ബിറ്റ് കോയിന്‍ ഇന്നു രാവിലെ 64,850 ഡോളറിനു മുകളില്‍ എത്തി. ഈഥര്‍ 1920 ഡോളറിനും സൊലാന 74.50 ഡോളറിനും മുകളില്‍ കയറി.
Read DhanamOnline in English
Subscribe to Dhanam Magazine