സമാധാന നീക്കങ്ങള്‍ തുടരുന്നു, ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം, ഡോളറിനു വലിയ കയറ്റം; ക്രൂഡ് ഓയില്‍ ചാഞ്ചാടുന്നു

ഇന്ത്യയില്‍ 725 കോടി രൂപ മേയ് മാസത്തില്‍ പിന്‍വലിച്ചു. ജനുവരിയില്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് ഇന്ത്യയില്‍ 24,040 കോടി രൂപ എത്തിയതാണ്.
stock market morning
image credit : canva
Published on

പശ്ചിമേഷ്യന്‍ സമാധാന നീക്കങ്ങളില്‍ വ്യക്തത കിട്ടാതെ വിപണി വിഷമിക്കുന്നു. ഡോളറിന്റെ കുതിപ്പും വിപണികള്‍ക്കു ക്ഷീണമാണ്. ക്രൂഡ് ഓയില്‍ വില ചാഞ്ചാടുകയാണ്. ഏഷ്യന്‍ വിപണികള്‍ മിക്കതും നഷ്ടത്തിലായി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,208.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,104 വരെ താഴ്ന്നു. ഇന്നു വിപണി ചെറിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഇറാന്‍ ചര്‍ച്ച മുന്നോട്ട്

സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്ന യുഎസ് ഇറാന്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഇറാന്റെ എണ്ണ വ്യാപാരത്തിനുള്ള ഉപരോധം 60 ദിവസത്തേക്ക് യുഎസ് നീക്കി. ഇറാന്റെ ഉല്‍പന്നങ്ങള്‍ യുഎസ് വാങ്ങുന്നതും അനുവദിച്ചു. ചര്‍ച്ചയ്ക്കു വന്ന രണ്ടു പക്ഷത്തെയും ഉന്നത നേതാക്കള്‍ മടങ്ങി. ഇനി സാങ്കേതിക ചര്‍ച്ചകളാണു നടക്കുന്നത്. ലബനന്‍ സമാധാനം നിരീക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കി.

വളര്‍ച്ച കുറഞ്ഞു

മേയ് മാസത്തില്‍ കാതല്‍ വ്യവസായ മേഖല 0.5 ശതമാനം വളര്‍ച്ചയേ കാണിച്ചുള്ളൂ. ഏഴു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഏപ്രിലില്‍ 1.8 ശതമാനം വളര്‍ന്നിരുന്നു. റിഫൈനറി ഉല്‍പന്നങ്ങള്‍, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, രാസവളം, കല്‍ക്കരി എന്നിവ കുറഞ്ഞു. സിമന്റും സ്റ്റീലും വൈദ്യുതിയും കൂടുതല്‍ ഉല്‍പാദിപ്പിച്ചു.

വാണിജ്യകരാര്‍ ചര്‍ച്ച

അമേരിക്കന്‍ വാണിജ്യ പ്രതിനിധി ജാമീസണ്‍ ഗ്രീര്‍ ഇന്നും നാളെയും ഡല്‍ഹിയില്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യകരാറിനെപ്പറ്റി ചര്‍ച്ച നടത്തും. മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ളതിലും കുറഞ്ഞ തീരുവനിരക്ക് നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കരാറിന് മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രാബല്യം നല്‍കരുതെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. കരാര്‍ വേണമെന്ന നിര്‍ബന്ധബുദ്ധി ഇപ്പോള്‍ ഇന്ത്യ പ്രകടിപ്പിക്കുന്നില്ല. നവംബര്‍ കഴിഞ്ഞാല്‍ ട്രംപ് കുറേക്കൂടി മയപ്പെടും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

മണ്‍സൂണ്‍ ദുര്‍ബലം

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ജൂണ്‍ 22 ലെ നിലവച്ച് 43 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തെ 72 ശതമാനം സ്ഥലത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. പ്രധാന കാര്‍ഷിക മേഖലകളില്‍ 40 മുതല്‍ 91 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ. എല്‍ നിനോ പ്രതിഭാസമാണു കാരണം. രാജ്യത്തെ കാര്‍ഷിക ഉല്‍പാദനത്തില്‍ ഗണ്യമായ ഇടിവിന് ഇതു വഴി തെളിക്കും. ജിഡിപി വളര്‍ച്ചയെയും ബാധിക്കും.

യുഎസ് വിപണി ഭിന്നദിശകളില്‍

യുഎസ് വിപണികള്‍ ഇന്നലെ ഭിന്നദിശകളില്‍ നീങ്ങി. ടെക്‌നോളജി ഓഹരികളിലെ വില്‍പന സമ്മര്‍ദം നാസ്ഡാകിനെയും എസ്ആന്‍ഡ്പിയെയും താഴ്ത്തി. ഡൗ ജോണ്‍സ് ഉയര്‍ന്നു.

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിഞ്ഞ സ്‌പേസ് എക്‌സ് ഇന്നലെ 16.43 ശതമാനം വീണ് 154.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഉയര്‍ന്നനിലയില്‍ നിന്ന് 24 ശതമാനത്തിലധികം താഴ്ന്ന ഓഹരി ഇപ്പോള്‍ ലിസ്റ്റിംഗ് വിലയ്ക്കു തൊട്ടടുത്താണ്. നിക്ഷേപകര്‍ക്കു നഷ്ടം 60,000 കോടി ഡോളര്‍. കമ്പനി 2000 കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ ഇറക്കുമെന്നു പ്രഖ്യാപിച്ചതു വിപണി മനോഭാവത്തെ ബാധിച്ചു.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 148.01 പോയിന്റ് (0.29 ശതമാനം) ഉയര്‍ന്ന് 51,712.71ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ്പി 27.79 പോയിന്റ് (0.37%) താഴ്ന്ന് 7472.79ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 351.33 പോയിന്റ് (1.33%)ഇടിഞ്ഞ് 26,166.60ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് പലവഴി

യുഎസ് ഫ്യൂച്ചേഴ്‌സ് ഭിന്ന ദിശകളിലാണ്. ഡൗ ജോണ്‍സ് 52 പോയിന്റ് (0.10%) ഉയര്‍ന്നു. എസ്ആന്‍ഡ്പി 18 പോയിന്റും (0.23%) നാസ്ഡാക് 162 പോയിന്റും (0.53%) താഴ്ന്നു നീങ്ങുന്നു.

യൂറോപ്പ് ഉയര്‍ന്നു

സ്വിറ്റ്‌സര്‍ലന്‍ഡിലെ പശ്ചിമേഷ്യന്‍ ചര്‍ച്ച പുരോഗമിക്കുന്നു എന്ന സൂചന യൂറോപ്യന്‍ ഓഹരികളെ തിങ്കളാഴ്ച ഉയര്‍ത്തി. ഫ്രഞ്ച് സൂചിക കാക് മാത്രം താഴ്ന്നു. പ്രധാനമന്ത്രി സ്റ്റാമര്‍ രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നു യുകെയിലെ എഫ്ടിഎസ്ഇ 0.72 ശതമാനം ഉയര്‍ന്നു. 2016 ലെ ബ്രെക്‌സിറ്റിനു ശേഷം രാജിവയ്ക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണു സ്റ്റാമര്‍. ആന്‍ഡി ബേണാം പുതിയ പ്രധാനമന്ത്രി ആകുമെന്നാണു സൂചന.

ഏഷ്യന്‍ വിപണികള്‍ ദുര്‍ബലം

ഏഷ്യന്‍ വിപണികള്‍ ഇന്നു ദുര്‍ബലമാണ്. ജപ്പാനില്‍ നിക്കൈ സൂചിക അര ശതമാനം താഴ്ന്നിട്ടു നഷ്ടം കുറച്ചു. ഓസ്‌ട്രേലിയന്‍ സൂചിക 0.20 ശതമാനം കയറി. ദക്ഷിണ കൊറിയന്‍ വിപണി സൂചിക കോസ്പി രണ്ടു ശതമാനം ഇടിഞ്ഞു. ഹോങ് കോങ് 0.15 ശതമാനം ഉയര്‍ന്നു. ഷാങ്ഹായ് 0.10 ശതമാനം താഴ്ന്നു.

ഇന്ത്യന്‍ വിപണി നേട്ടത്തില്‍

ഇറാന്‍ ചര്‍ച്ചയിലെ പുരോഗതിയും എണ്ണവിലയിലെ കുറവും ഇന്ത്യന്‍ വിപണിയെ ഇന്നലെ മികച്ച തുടക്കത്തിലേക്കു നയിച്ചു. പിന്നീടു കൂടുതല്‍ ഉയര്‍ന്ന സൂചിക വരള്‍ച്ച ഭീഷണിയെ തുടര്‍ന്ന് നേട്ടം അല്‍പം കുറച്ചു. ആറു ദിവസത്തിനു ശേഷം രൂപ ദുര്‍ബലമായതും കാരണമാണ്.

മഴക്കുറവിന്റെ പശ്ചാത്തലത്തില്‍ വില്‍പന കുറയും എന്ന ഭീതി എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യുറബിള്‍ കമ്പനികളെ താഴ്ത്തി.

വിദേശ നിക്ഷേപകര്‍ വീണ്ടും വില്പനക്കാരായി മാറി. അവര്‍ ക്യാഷ് വിപണിയില്‍ 635.91 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 1035.72 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

തിങ്കളാഴ്ച സെന്‍സെക്‌സ് 291.17 പോയിന്റ് (0.38%) ഉയര്‍ന്ന് 77,094.07ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 89.80 പോയിന്റ് (0.37%) കയറി 24,102.90ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 249.85 പോയിന്റ് (0.43%) നേട്ടത്തോടെ 57,935.60ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 211.80 പോയിന്റ് (0.34%) ഉയര്‍ന്ന് 62,729.10ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 112.55 പോയിന്റ് (0.60%) കയറി 18,897.00ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ മുന്നേറി. ബിഎസ്ഇയില്‍ 2606 ഓഹരികള്‍ കയറി, 1794 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 2135 എണ്ണം ഉയര്‍ന്നപ്പോള്‍ 1196 എണ്ണം താഴ്ന്നു.

ഫെഡറല്‍ ബാങ്ക് ഓഹരി 0.05 ഉം സിഎസ്ബി ബാങ്ക് 0.82 ഉം സൗത്ത് ഇന്ത്യന്‍ ബാങ്ക് 3.67 ഉം ശതമാനം താഴ്ന്നു. ധനലക്ഷ്മി ബാങ്ക് 0.70 ശതമാനം ഉയര്‍ന്നു.

വ്യാജകണക്ക് വിവാദത്തില്‍ കുരുങ്ങി ഏഴു ദിവസം തുടര്‍ച്ചയായി ഇടിഞ്ഞ രാജേഷ് എക്‌സ്‌പോര്‍ട്‌സ് ആറാം ദിവസവും അഞ്ചു ശതമാനം കയറി അപ്പര്‍ സര്‍കീട്ടില്‍ എത്തി.

സ്വര്‍ണം ഉയര്‍ന്നിട്ടു താഴുന്നു

ഡോളറിന്റെ കരുത്തും ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടുമോ എന്ന ഭീതിയും സ്വര്‍ണവിലയെ ചാഞ്ചാടിക്കുകയാണ്. ഇന്നലെ ഗണ്യമായി ഉയര്‍ന്ന സ്വര്‍ണം ഔണ്‍സിന് 4192.60 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 4160 ഡോളറിലേക്കു താഴ്ന്നു.

ഇന്നു യുഎസിലെ പേഴ്‌സണല്‍ കണ്‍സംഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ (പിസിഇ) എന്ന ചില്ലറവിലസൂചിക പുറത്തുവരും. ഫെഡ് പലിശ തീരുമാനങ്ങള്‍ക്ക് ആധാരമാക്കുന്നത് ഈ സൂചികയാണ്. അതു സ്വര്‍ണവിലയെ സ്വാധീനിക്കും.

സ്വര്‍ണ ഇടിഎഫു (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) കളിലേക്കുള്ള പണമൊഴുക്കു പഴയതു പോലെ ആയാല്‍ സ്വര്‍ണം ഔണ്‍സിന് 5200 ഡോളര്‍ എന്ന വര്‍ഷാന്ത്യ ലക്ഷ്യത്തില്‍ എത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തി. മേയില്‍ സ്വര്‍ണ ഇടിഎഫുകളില്‍ നിന്ന് 200 കോടി ഡോളര്‍ പിന്‍വലിച്ചു. ആഗോള സ്വര്‍ണ ഇടിഎഫ് ആസ്തി 60,400 കോടി ഡോളര്‍ ആണ്. 4121 ടണ്‍ സ്വര്‍ണം ഇടിഎഫുകളുടെ പക്കല്‍ ഉണ്ട്.

ഇന്ത്യയില്‍ 725 കോടി രൂപ മേയ് മാസത്തില്‍ പിന്‍വലിച്ചു. ജനുവരിയില്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് ഇന്ത്യയില്‍ 24,040 കോടി രൂപ എത്തിയതാണ്. അഞ്ച് ആഴ്ച തുടര്‍ച്ചയായി കുറഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച സ്വര്‍ണനിക്ഷേപം വര്‍ധിച്ചെന്ന് ഇന്ത്യന്‍ ഫണ്ടുകള്‍ അറിയിച്ചു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍ ഇന്നലെ 1400 രൂപ ഉയര്‍ന്ന് 1,08,520 രൂപ ആയി.

വെള്ളിവില ഇന്നു രാവിലെ അല്‍പം താഴ്ന്ന് ഔണ്‍സിന് 65.13 ഡോളറില്‍ എത്തി.

പ്ലാറ്റിനം 1671 ഡോളര്‍, പല്ലാഡിയം 1251 ഡോളര്‍, റോഡിയം 7700 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ കയറ്റത്തില്‍

വ്യാവസായിക ലോഹങ്ങള്‍ വീണ്ടും ഉയര്‍ന്നു. ചെമ്പ് 0.82 ശതമാനം കയറി ടണ്ണിനു 13,641.65 ഡോളര്‍ ആയി. അലൂമിനിയം 0.17 ശതമാനം ഉയര്‍ന്ന് 3410.35 ല്‍ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ടിന്നും ഉയര്‍ന്നു. ലെഡ് താഴ്ന്നു.

റബര്‍ താഴ്ന്നു, കൊക്കോ കുതിച്ചു

വിദേശത്ത് റബര്‍ വില തിങ്കളാഴ്ച നാമമാത്രമായി താഴ്ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 320.30 ഡോളറിലും ആര്‍എസ്എസ് മൂന്ന് 316.80 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 27,300 രൂപയിലേക്കു താഴ്ന്നു.

കൊക്കോ വില ടണ്ണിന് 7.84 ശതമാനം കുതിച്ച് 4588 ഡോളറില്‍ എത്തി. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്നാണു നിഗമനം.

ഡോളര്‍ സൂചിക 101 കടന്നു

യുഎസ് ഡോളര്‍ വീണ്ടും കയറി. തിങ്കളാഴ്ച 101.05 വരെ കയറിയിട്ടു ഡോളര്‍ സൂചിക 101.02ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.05 ല്‍ എത്തി.

യൂറോ 1.1425 ഡോളറിലേക്കും പൗണ്ട് 1.3239 ഡോളറിലേക്കും എത്തി. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 161.57 യെന്‍ എന്ന നിലവരെ ഇടിഞ്ഞു. 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയ്ക്കു സമീപമാണു യെന്‍. ചൈനീസ് യുവാന്‍ ഡോളറിന് 6.77 യുവാന്‍ എന്ന നിലയില്‍ തുടരുന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (്യശലഹറ) ഇന്നു രാവിലെ 4.507 ശതമാനമായി ഉയര്‍ന്നു.

രൂപ താഴ്ചയില്‍

ഇന്ത്യന്‍ രൂപ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഇന്നലെ നഷ്ടത്തില്‍ അവസാനിച്ചു. ഡോളര്‍ 36 പൈസ നേട്ടത്തോടെ 94.68 രൂപയില്‍ അവസാനിച്ചു. വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 94.68 രൂപയായി. ചൈനീസ് യുവാന്‍ 13.97 രൂപയിലേക്കു കയറി. യൂറോ 108.17 രൂപയായി ഉയര്‍ന്നു.

ക്രൂഡ് ഓയില്‍ 78 ഡോളറിനു താഴെ

ക്രൂഡ് ഓയില്‍ വിലയില്‍ ചാഞ്ചാട്ടം ഉണ്ടായെങ്കിലും ഗതി താഴോട്ടാണ്. വാരാന്ത്യത്തില്‍ 81.27 ഡോളറില്‍ ആയിരുന്ന ബ്രെന്റ് ഇനം ക്രൂഡ് ഇന്നുരാവിലെ വീപ്പയ്ക്ക് 77.78 ഡോളര്‍ ആയി താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 73.84 ഡോളറിലേക്ക് ഇടിഞ്ഞു.

ക്രിപ്‌റ്റോ കറന്‍സികള്‍ നേട്ടത്തിലായി. ബിറ്റ് കോയിന്‍ ഇന്ന് 64,100 ഡോളറിനു മുകളില്‍ എത്തി. ഈഥര്‍ 1730 ഡോളറിനും സൊലാന 72 ഡോളറിനും മുകളിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

logo
DhanamOnline
dhanamonline.com