ആശങ്കകള്‍ അകലുന്നു, ക്രൂഡ് ഓയില്‍ യുദ്ധത്തിനു മുന്‍പത്തെ നിലയില്‍, വിപണികള്‍ കയറുന്നു, ചിപ് കമ്പനികള്‍ കുതിക്കുന്നു

നവംബറിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രസിഡന്റ് ട്രംപ് മയപ്പെടും എന്ന പ്രതീക്ഷയില്‍ അതുവരെ കാത്തിരിക്കാനും ഇന്ത്യ തയാറാണ്.
stock market morning
image credit : canva
Published on

വിപണികള്‍ ആശ്വാസ ഘട്ടത്തിലേക്കു കടക്കുകയാണ്. കംപ്യൂട്ടര്‍ ചിപ് കമ്പനികള്‍ ഇന്നു മുന്നേറ്റത്തിലാണ്. അമേരിക്കന്‍ വിലക്കയറ്റവും പലിശ കൂട്ടല്‍ ഭീഷണിയുമാണ് ഇപ്പോഴത്തെ ആശങ്കകള്‍. ക്രൂഡ് ഓയില്‍ വില യുദ്ധത്തിനു മുന്‍പത്തെ നിലയില്‍ എത്തിയതോടെ ആ ആശങ്കകളും കുറയും. സ്വര്‍ണം പലിശപ്പേടിയില്‍ ഔണ്‍സിനു 4,000 ഡോളറിനു താഴെ എത്തി. ഡോളര്‍ സൂചിക കയറിയിട്ട് അല്പം താഴ്ന്നു.

ഇന്ത്യ പലിശ കൂട്ടേണ്ട സാഹചര്യം ഇല്ലെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിച്ചത് ഇന്നലെ വിപണികളെ ഉയര്‍ത്തി. ഇന്നും വിപണി ഉയര്‍ന്നേക്കും. രൂപയും ഇന്ന് കയറാന്‍ സാധ്യതയുണ്ട്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 24,098.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,136 വരെ ഉയര്‍ന്നു. ഇന്നു വിപണി മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

വാണിജ്യകരാര്‍ ചര്‍ച്ച കഴിഞ്ഞു

അമേരിക്കന്‍ വാണിജ്യ പ്രതിനിധി ജാമീസണ്‍ ഗ്രീര്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി വാണിജ്യകരാറിനെപ്പറ്റി നടത്തിയ ചര്‍ച്ച അവസാനിച്ചു. തീരുമാനമൊന്നും ഇല്ല നിലവിലെ 10 ശതമാനം തീരുവ ജൂലൈ 24ന് അവസാനിക്കും. തുടര്‍ന്നു സൂപ്പര്‍ 301 വ്യവസ്ഥപ്രകാരമുള്ള 12.5 ശതമാനം തീരുവ ചുമത്തും എന്നാണു സൂചന.

ഇത് കയറ്റുമതിയില്‍ മത്സരിക്കുന്ന ഇന്തോനീഷ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം എന്നിവയ്ക്ക് ഉള്ളതിലും കൂടുതലാകും എന്നാണ് ഇന്ത്യയുടെ ഭീതി. ഈ ആശങ്ക മാറ്റി ഇന്ത്യക്കു കുറഞ്ഞ തീരുവ നിര്‍ണയിച്ചിട്ടു മതി കരാര്‍ എന്നാണ് ഇന്ത്യയുടെ നിലപാട്. നവംബറിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രസിഡന്റ് ട്രംപ് മയപ്പെടും എന്ന പ്രതീക്ഷയില്‍ അതുവരെ കാത്തിരിക്കാനും ഇന്ത്യ തയാറാണ്.

മണ്‍സൂണ്‍ കമ്മി 41.6%

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ ജൂണ്‍ 24 ലെ നിലവച്ച് 41.6 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജ്യത്തെ 71 ശതമാനം പ്രദേശത്തും മഴക്കുറവ് 20 ശതമാനത്തിലധികമാണ്. പ്രധാന കാര്‍ഷിക മേഖലകളില്‍ 40 മുതല്‍ 90 വരെ ശതമാനം കുറവ് മഴയേ ലഭിച്ചിട്ടുള്ളൂ.

യുഎസ് വിപണി പലവഴി

യുഎസ് വിപണികള്‍ ഇന്നലെ ഭിന്നദിശകളില്‍ നീങ്ങി. ടെക്‌നോളജി ഓഹരികളിലെ വില്‍പനസമ്മര്‍ദം നാസ്ഡാകിനെയും എസ് ആന്‍ഡ് പിയെയും താഴ്ത്തി. എങ്കിലും തകര്‍ച്ചയിലായില്ല. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതു ഡൗ ജോണ്‍സ് സൂചികയെ കയറ്റി.

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഇന്നലെ ഒരു ശതമാനത്തിലധികം താഴ്ന്നു ക്ലോസ് ചെയ്തു. ഓഹരി ഇപ്പോള്‍ ലിസ്റ്റിംഗ് വിലയ്ക്കു തൊട്ടടുത്താണ്.

ബുധനാഴ്ച ഡൗ ജോണ്‍സ് സൂചിക 182.06 പോയിന്റ് (0.35 ശതമാനം) ഉയര്‍ന്ന് 51,848.90 ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 7.24 പോയിന്റ് (0.10%) നഷ്ടത്തോടെ 7358.22ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 110.40 പോയിന്റ് (0.43%) താഴ്ന്ന് 25,476.64ല്‍ ക്ലോസ് ചെയ്തു.

എഡിആറുകള്‍

ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണി സമയത്ത് 2.16 ശതമാനം ഉയര്‍ന്നിട്ട് തുടര്‍വ്യാപാരത്തില്‍ 0.63 ശതമാനം താഴ്ന്ന് 25.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 2.40 ശതമാനം കയറിയിട്ടു തുടര്‍വ്യാപാരത്തില്‍ 0.66 ശതമാനം ഉയര്‍ന്ന് 29.19 ഡോളറില്‍ അവസാനിച്ചു.

ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 1.30 ശതമാനം കയറിയശേഷം തുടര്‍വ്യാപാരത്തില്‍ 0.41 ശതമാനം ഉയര്‍ന്ന് 10.97 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 4.37 ശതമാനം ഇടിഞ്ഞശേഷം തുടര്‍വ്യാപാരത്തില്‍ 046 ശതമാനം കയറി 2.20 ഡോളറില്‍ അവസാനിച്ചു.

നാസ്ഡാക് ഫ്യൂച്ചേഴ്‌സ് കുതിക്കുന്നു

യുഎസ് മെമ്മറി ചിപ് നിര്‍മാണ കമ്പനി മൈക്രോണ്‍ പ്രതീക്ഷയിലും മികച്ച റിസല്‍ട്ട് പുറത്തുവിട്ടു വരുമാനം നാലിരട്ടിയായി. ഡാറ്റാ സെന്റര്‍ ബിസിനസ് ഏഴു മടങ്ങായി. ഇപിഎസ് 25.11 ഡോളര്‍. എന്‍വിഡിയയെയും മെറ്റായെയും മറികടന്ന് 85 ശതമാനം ലാഭമാര്‍ജിന്‍ നേടി. ഒരു വര്‍ഷം കൊണ്ട് 762 ശതമാനം കുതിച്ച മൈക്രോണ്‍ ഓഹരി ഫ്യൂച്ചേഴ്സില്‍ 16 ശതമാനം ഉയര്‍ന്നു. വരുമാന പ്രതീക്ഷ ഉയര്‍ത്തിയ ക്വാല്‍കോം 15 ശതമാനം കയറി. സീഗേറ്റ്, വെസ്റ്റേണ്‍ ഡിജിറ്റല്‍, സാന്‍ഡിസ്‌ക് തുടങ്ങിയവയും കയറ്റത്തിലാണ്.

നാസ്ഡാക് ഫ്യൂച്ചേഴ്‌സ് രണ്ടു ശതമാനം കുതിച്ചു 30,000 നു മുകളില്‍ കയറി. ഡൗ ജോണ്‍സ് 15 പോയിന്റും (0.03%) എസ്ആന്‍ഡ്പി 37 പോയിന്റും (0.49%) നേട്ടത്തോടെ നീങ്ങുന്നു.

യൂറോപ്പ് ഭിന്നദിശകളില്‍

ക്രൂഡ് ഓയില്‍ വില യുദ്ധത്തിനു മുന്‍പുളള നിലയില്‍ എത്തിയത് യൂറോപ്യന്‍ ഓഹരികളെ ഉയര്‍ത്തി. എന്നാല്‍ ജര്‍മന്‍ സൂചിക താഴ്ന്നു. അന്തര്‍വാഹിനികളെ നേരിടാനുള്ള ആറു വമ്പന്‍ യുദ്ധക്കപ്പലുകള്‍ക്കു നല്‍കിയ ഓര്‍ഡര്‍ ജര്‍മനി റദ്ദാക്കി. പകരം എട്ടു ചെറിയ യുദ്ധക്കപ്പലുകള്‍ വാങ്ങാനാണു നീക്കം. റദ്ദാക്കിയ ഓര്‍ഡര്‍ ഡച്ച് കമ്പനിക്കായിരുന്നു നല്‍കിയത്. അതു നേടാന്‍ ശ്രമം നടത്തിപ്പോന്ന ജര്‍മന്‍ കമ്പനി റൈന്‍മെറ്റല്‍ ഇന്നലെ 16 ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ കുതിക്കുന്നു

ഏഷ്യന്‍ വിപണികള്‍ ഇന്നു മുന്നേറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 3.3 ശതമാനം ഉയര്‍ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 0.35 ശതമാനം താഴ്ന്നു. ഇന്നലെയും ഇടിഞ്ഞ ദക്ഷിണ കൊറിയന്‍ വിപണി സൂചിക കോസ്പി ഇന്നു രാവിലെ അഞ്ചു ശതമാനം കുതിച്ചു. സാംസങ് ഓഹരി എട്ടും എസ്‌കെ ഹൈനിക്‌സ് 11 ഉം ശതമാനം കയറി. ഹോങ് കോങ് 1.1 ശതമാനവും ഷാങ്ഹായ് 0.30 ശതമാനവും താഴ്ന്നു.

ഇന്ത്യന്‍ വിപണി തിരിച്ചുകയറി

പലിശവര്‍ധനയെപ്പറ്റി പേടിക്കേണ്ട എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉറപ്പ്. ക്രൂഡ് ഓയില്‍ വിലയില്‍ ഗണ്യമായ ഇടിവ്.ഇന്ത്യന്‍ വിപണി മികച്ച മുന്നേറ്റം നടത്തി. തലേദിവസത്തെ നഷ്ടം മുഴുവന്‍ നികത്തുന്ന രീതിയില്‍ ഉയര്‍ന്നെങ്കിലും ലാഭമെടുക്കലിന്റെ സമ്മര്‍ദത്തില്‍ അല്‍പം താഴെയായി ക്ലോസ് ചെയ്തു. എന്നാല്‍ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ആവേശം കാണിച്ചില്ല.

പലിശ സംബന്ധിച്ച ഗവര്‍ണറുടെ പ്രസ്താവന ഒരു ചാനലിനുള്ള അഭിമുഖത്തിലാണു വന്നത്. ഇതു ബാങ്ക് ധനകാര്യ, റിയല്‍റ്റി കമ്പനികള്‍ക്കു കുതിപ്പു നല്‍കി. ഐടി സേവന കമ്പനികള്‍ക്കെതിരായ പാശ്ചാത്യ ബ്രോക്കറേജുകളുടെ വിശകലനങ്ങള്‍ക്ക് എതിരേ ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയും ചില ഇന്ത്യന്‍ ബ്രോക്കറേജുകളും രംഗത്തുവന്നത് ആ കമ്പനികളെ സഹായിച്ചു.

വിദേശ നിക്ഷേപകര്‍ ഇന്നലെ വീണ്ടും വില്‍പനക്കാരായി മാറി. അവര്‍ ക്യാഷ് വിപണിയില്‍ 1843.40 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശിഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3637.26 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

ബുധനാഴ്ച സെന്‍സെക്സ് 790.54 പോയിന്റ് (1.04%) കുതിച്ച് 76,991.22ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 197.55 പോയിന്റ് (0.83%) ഉയര്‍ന്ന് 24,021.65ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 966.60 പോയിന്റ് (1.69%) നേട്ടത്തോടെ 58,150.35ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 64.90 പോയിന്റ് (0.10%) കയറി 62,135.25ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 73.40 പോയിന്റ് (0.39%) ഉയര്‍ന്ന് 18,879.30ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കയറ്റവും ഇറക്കവും ഒപ്പത്തിനൊപ്പമായി. ബിഎസ്ഇയില്‍ 2168 ഓഹരികള്‍ കയറി, 2101 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1721 എണ്ണം ഉയര്‍ന്നപ്പോള്‍ 1552 എണ്ണം താഴ്ന്നു.

ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നലെ 327 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചിട്ട് 173 ശതമാനം നേട്ടത്തോടെ 325.45 രൂപയില്‍ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് 3.93 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.01 ശതമാനവും താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 0.15 ശതമാനം ഉയര്‍ന്നു.

വ്യാജകണക്ക് വിവാദത്തില്‍ കുരുങ്ങിയ രാജേഷ് എക്‌സ്‌പോര്‍ട്‌സ് ഏഴു ദിവസം ഉയര്‍ന്ന ശേഷം ഇന്നലെ അഞ്ചു ശതമാനം ഇടിഞ്ഞു ലോവര്‍ സര്‍കീട്ടില്‍ എത്തി. കമ്പനിയുടെ ഓഫീസുകളില്‍ ഇഡി പരിശോധന നടത്തിയിരുന്നു.

വസ്ത്ര കയറ്റുമതി കമ്പനികള്‍ക്ക് മികച്ച വളര്‍ച്ച സൂചിപ്പിച്ച അനാലിസ്റ്റ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെപിആര്‍ മില്‍സ്, ഇന്‍ഡോ കൗണ്ട്, അരവിന്ദ്, ഗോകല്‍ദാസ്, ട്രൈഡന്റ്, വെല്‍സ്പണ്‍ ലിവിംഗ് തുടങ്ങിയവ അഞ്ചു ശതമാനത്തിലധികം കുതിച്ചു.

സ്വര്‍ണം 4000 ഡോളറിനു താഴെ

ഡോളറിന്റെ കരുത്തും അമേരിക്കന്‍ പലിശപ്പേടിയും സ്വര്‍ണവിലയെ 4000 ഡോളറിനു താഴെയാക്കി. ജനുവരിയില്‍ ഔണ്‍സിന് 5600 ഡോളറില്‍ എത്തിയ ശേഷം സ്വര്‍ണം നിരന്തരം ഇടിയുകയായിരുന്നു. വില 30 ശതമാനത്തോളം താഴ്ന്നു. ക്രൂഡ് ഓയില്‍ വില ഇറാന്‍ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്കു താഴ്‌ന്നെങ്കിലും വിലക്കയറ്റത്തിന്റെ മൂലകാരണങ്ങള്‍ തുടരുന്നതായി വിപണി വിലയിരുത്തുന്നു. വെള്ളി വില ഇതേ കാലയളവില്‍ പകുതിക്കു താഴെയായി.

പലിശവര്‍ധന സ്വര്‍ണത്തില്‍ നിന്നു യുഎസ് കടപ്പത്രങ്ങളിലേക്കു നിക്ഷേപകരെ നയിക്കും. അതാണു സ്വര്‍ണത്തിനു ഭീഷണിയാകുന്നത്. സ്വര്‍ണത്തിന്റെ ലക്ഷ്യവില 6000 ഡോളര്‍ വരെ കണക്കാക്കിയിരുന്ന വലിയ നിക്ഷേപ ബാങ്കുകളും ബ്രോക്കറേജുകളും പ്രവചനവില താഴ്ത്തി.

ഇന്നലെ 2.72 ശതമാനം (ഔണ്‍സിന് 111.60 ഡോളര്‍) കുറഞ്ഞ് 4000.40 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 3959 ഡോളര്‍ വരെ താഴ്ന്നിട്ട് തിരിച്ചു കയറി 3980 ഡോളറിനടുത്തു നില്‍ക്കുന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന്‍ ഇന്നലെ 1240 രൂപ ഇടിഞ്ഞ് 1,04,800 രൂപ ആയി.

വെള്ളിവില ഇന്നലെ ഏഴു ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 57.61 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്നു.

പ്ലാറ്റിനം 1567 ഡോളര്‍, പല്ലാഡിയം 1154 ഡോളര്‍, റോഡിയം 7400 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

ലോഹങ്ങള്‍ ഇടിവ് തുടരുന്നു

വ്യാവസായിക ലോഹങ്ങള്‍ ഇന്നലെയും ഇടിഞ്ഞു. ചെമ്പ് 1.14 ശതമാനം താഴ്ന്നു ടണ്ണിനു 13,181.40 ഡോളര്‍ ആയി. അലൂമിനിയം 2.75 ശതമാനം ഇടിഞ്ഞ് 3161.94 ല്‍ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ടിന്നും ലെഡും താഴ്ന്നു. ടിന്‍ രണ്ടു ദിവസം കൊണ്ട് 11 ശതമാനം ഇടിവിലായി.

റബര്‍ താഴ്ന്നു, കൊക്കോ കുതിച്ചു

ബുധനാഴ്ചയും വിദേശത്ത് റബര്‍ വില താഴ്ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 316.80 ഡോളറിലും ആര്‍എസ്എസ് മൂന്ന് 313.30 ഡോളറിലും എത്തി. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 27,300 രൂപയില്‍ തുടര്‍ന്നു.

കൊക്കോ വില ടണ്ണിന് 7.06 ശതമാനം കൂടി 4973 ഡോളറില്‍ എത്തി. അവധിവില 5000 ഡോളര്‍ കടന്നു. എല്‍ നിനോ പ്രതിഭാസം പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഉല്‍പാദനം കുറയ്ക്കും എന്നു വ്യക്തമായതാണ് വിപണിയെ നയിക്കുന്നത്.

ഡോളര്‍ സൂചിക കയറുന്നു

യുഎസ് ഡോളര്‍ വീണ്ടും കയറുകയാണ്. ബുധനാഴ്ച ഡോളര്‍ സൂചിക 101.61ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 101.65 വരെ കയറിയിട്ടു 101.50 ലേക്കു താഴ്ന്നു.

യൂറോ 1.1358 ഡോളറിലേക്കും പൗണ്ട് 1.3171 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 161.77 യെന്‍ എന്ന നില വരെ ഇടിഞ്ഞു. 40 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയ്ക്കു സമീപമാണു യെന്‍. ചൈനീസ് യുവാന്‍ ഡോളറിന് 6.79 യുവാന്‍ എന്ന നിലയില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.404 ശതമാനമായി ഇടിഞ്ഞു.

രൂപയ്ക്കു നേട്ടം

ഇന്ത്യന്‍ രൂപ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഇന്നലെ ചെറിയ നേട്ടത്തില്‍ അവസാനിച്ചു. ഡോളര്‍ ഏഴു പൈസ താഴ്ന്ന് 94.67 രൂപയില്‍ അവസാനിച്ചു. ഇന്നും രൂപ കയറിയേക്കും. ഇന്ത്യയുടെ വിദേശനാണ്യ നില ഭദ്രമാണെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സൂചിപ്പിച്ചതു രൂപയെ സഹായിക്കുന്നു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 94.30 രൂപയായി. ചൈനീസ് യുവാന്‍ 13.94 രൂപയിലേക്കു താഴ്ന്നു. യൂറോ 107.57 രൂപയായി ഇടിഞ്ഞു.

ക്രൂഡ് ഓയില്‍ 73 ഡോളറിനു താഴെ

ക്രൂഡ് ഓയില്‍ വില താഴോട്ടു നീങ്ങുകയാണ്. ഹോര്‍മുസില്‍ കുടുങ്ങിയ കപ്പലുകള്‍ പുറത്തു വന്നതും ഗതാഗതം സുഗമമായതും പ്രതീക്ഷയിലും വേഗത്തില്‍ വിലയിടിച്ചു. യുദ്ധത്തിനു മുന്‍പത്തെ നിലയിലേക്ക് ക്രൂഡ് വില എത്തി. വാരാന്ത്യത്തില്‍ 81.27 ഡോളറില്‍ ആയിരുന്ന ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ നാലര ശതമാനം ഇടിഞ്ഞ് 73.74 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 72.56 ഡോളര്‍ ആയി താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 69.33 ഡോളറിലേക്ക് ഇടിഞ്ഞു.

ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും ഇടിവിലായി. ബിറ്റ് കോയിന്‍ ഇന്നലെ 59,023.98 ഡോളര്‍ വരെ താഴ്ന്നു. 2024 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണത്. ഇന്നു രാവിലെ 60,700 നു മുകളിലായി. ഈഥര്‍ 1620 ഡോളറിനും സൊലാന 68 ഡോളറിനും താഴെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com