യുദ്ധഗതിയില്‍ ആശങ്ക കൂടുന്നു, ക്രൂഡ് ഓയില്‍ കുതിക്കുന്നു, ഇന്ത്യക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുമതി; ഓഹരികള്‍ താഴ്ന്ന തുടക്കത്തിലേക്ക്

30 ദിവസത്തേക്കു റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക ഇന്നലെ അനുമതി നല്‍കി.
stock market morning
image credit : canva
Published on

ഇറാന്‍ യുദ്ധത്തില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടത് ഇന്നലെ യുഎസ് വിപണിയെ ഇടിച്ചു താഴ്ത്തി. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും താഴ്ന്നു നീങ്ങുന്നു ഇന്ത്യന്‍ വിപണിയും താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ തുടങ്ങാത്തതും കൂടുതല്‍ രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിക്കുന്നതും യുദ്ധത്തെപ്പറ്റി ആശങ്ക വളര്‍ത്തുന്നു.

30 ദിവസത്തേക്കു റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്ക ഇന്നലെ അനുമതി നല്‍കി. ലോകവിപണിയിലെ ക്രൂഡ് വിലക്കയറ്റം നിയന്ത്രിക്കുകയാണ് അനുമതിയുടെ ലക്ഷ്യം. ഇന്ത്യക്ക് തല്‍ക്കാലം ഇതു വലിയ ആശ്വാസമാകും. ഇന്നലെ യുഎഇയുടെ മര്‍ബന്‍ ക്രൂഡ് വീപ്പയ്ക്കു 94 ഡോളറിനു മുകളില്‍ എത്തിയിരുന്നു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 24,540.00ല്‍ എത്തി. ഇന്നു രാവിലെ 24,645 വരെ കയറി. പിന്നെ താഴ്ന്നു. ഇന്നു രാവിലെ ഗണ്യമായ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ ഇന്‍ഫോസിസ് വ്യാഴാഴ്ച 0.49 ശതമാനം ഉയര്‍ന്നു. തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ല. വിപ്രോ 0.91 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.90 ശതമാനം താഴ്ന്നു.

യുഎസ് വിപണി ഇടിഞ്ഞു

യുഎസ് വിപണികള്‍ വ്യാഴാഴ്ച വലിയ ഇടിവിലായി. യുഎസ് എണ്ണക്കപ്പലിനെ ഇറാന്‍ ആക്രമിച്ച വാര്‍ത്തയെ തുടര്‍ന്നു ക്രൂഡ് ഓയില്‍ കുതിച്ചു കയറിയപ്പോള്‍ ഡൗ സൂചിക 1162 പോയിന്റ് (2.4%) താഴോട്ടു പോയി. പിന്നീടു ക്രൂഡ് താഴ്ന്നു ഓഹരികള്‍ ഗണ്യമായി തിരിച്ചുകയറിയെങ്കിലും 1.61 ശതമാനം നഷ്ടത്തിലാണ് അവസാനിച്ചത്. ഇതോടെ ഡൗ 2026 ലെ നേട്ടമെല്ലാം നഷ്ടപ്പെടുത്തി.

ഡൗ ജോണ്‍സ് 784.67 പോയിന്റ് (1.61%) ഇടിഞ്ഞ് 47,954.74ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 38.79 പോയിന്റ് (0.56%) താഴ്ന്ന് 6830.71ലും നാസ്ഡാക് 58.50 പോയിന്റ് (0.26%) കയറി 22,748.99ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ഉയര്‍ന്നു. ഡൗ ജോണ്‍സ് 0.14 ഉം എസ് ആന്‍ഡ് പി 0.07 ഉം നാസ്ഡാക് 0.06 ഉം ശതമാനം നേട്ടത്തില്‍ നീങ്ങുന്നു.

യൂറോപ്യന്‍ വിപണികള്‍ വ്യാഴാഴ്ച വലിയ നഷ്ടത്തിലായി. തലേന്നത്തെ നേട്ടം മിക്ക സൂചികകളും കൈവിട്ടു. ട്രംപുമായി ഉടക്കിലായ സ്‌പെയിനിലെ സൂചിക 1.4 ശതമാനം ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍ ഇന്നു കുത്തനേ ഇടിയുകയാണ്. ജപ്പാനിലെ നിക്കൈ ഇന്നു രാവിലെ 0.60 ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 1.40 ശതമാനം ഇടിഞ്ഞു. ദക്ഷിണ കൊറിയയിലെ കോസ്പി 1.9 ശതമാനം താഴ്ചയിലായി. ഹോങ് കോങ് സൂചിക 0.40 ശതമാനം കയറി. ചൈനീസ് വിപണി താഴ്ന്നു നീങ്ങുന്നു.

ആശ്വസിച്ച് ഇന്ത്യന്‍ വിപണി

മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം ഇന്നലെ ഇന്ത്യന്‍ വിപണി മികച്ച ആശ്വാസറാലി നടത്തി. എന്നാല്‍ രാവിലെ കണ്ട കരുത്ത് ഉച്ചയ്ക്കു ശേഷം വിപണിയില്‍ ദൃശ്യമായില്ല. സെന്‍സെക്‌സ് 80,303.83 ഉം നിഫ്റ്റി 24,854.20 ഉം വരെ കയറിയ ശേഷം ഗണ്യമായി തിരിച്ചിറങ്ങി.

സെന്‍സെക്സ് 899.71 പോയിന്റ് (1.14%) ഉയര്‍ന്ന് 80,015.90ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 285.40 പോയിന്റ് (1.17%) കുതിച്ച് 24,765.90 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 300.60 പോയിന്റ് (0.51%) നേട്ടത്തോടെ 59,055.85 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 867.40 പോയിന്റ് (1.52%) ഉയര്‍ന്ന് 57,792.55 ലും സ്‌മോള്‍ ക്യാപ് 100 സൂചിക 257.30 പോയിന്റ് (1.58%) കയറി 16,538.80 ലും അവസാനിച്ചു.

വിപണിയില്‍ ഭൂരിപക്ഷം ഓഹരികളും നേട്ടം ഉണ്ടാക്കി. ബിഎസ്ഇയില്‍ 2749 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1515 എണ്ണം താഴ്ചയിലായി. എന്‍എസ്ഇയില്‍ 2205 എണ്ണം ഉയര്‍ന്നപ്പോള്‍ 1029 എണ്ണം താഴ്ന്നു.

വിദേശനിക്ഷേപകര്‍ ഇന്നലെയും വില്‍പന തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 3752.52 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 5153.37 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.

ഐടി മേഖല മാത്രമാണ് ഇന്നലെ താഴ്ന്നത്. പ്രതിരോധ ഓഹരികള്‍ ഇന്നലെ വലിയ നേട്ടം കൈവരിച്ചു. മസഗോണ്‍ ഡോക്ക് 8.8 ശതമാനം കുതിച്ചു. ഗാര്‍ഡന്‍ റീച്ച്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഡാറ്റാ പാറ്റേണ്‍സ്, ബെല്‍, ബിഡിഎല്‍, എം ടാര്‍, അസ്ത്ര തുടങ്ങിയവ ഉയര്‍ന്നു.

ഹിന്‍ഡാല്‍കോ, നാല്‍കോ, വേദാന്ത, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ തുടങ്ങി മെറ്റല്‍ ഓഹരികളും കുതിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്ന എല്‍ ആന്‍ഡ് ടിയും റിലയന്‍സും നല്ല നേട്ടം ഉണ്ടാക്കി.

ബസ്മതി കയറ്റുമതിക്കാരായ എല്‍ടി ഫുഡ്സ് ഇന്നലെ 19 ശതമാനം വരെ കയറിയിട്ടു 16.92 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. മറ്റൊരു ബസ്മതി കമ്പനിയായ കെആര്‍ബിഎല്‍ നാലര ശതമാനം ഉയര്‍ന്നു. മുന്‍ ദിവസങ്ങളില്‍ ഇവ ഇടിയുകയായിരുന്നു.

സ്വര്‍ണം താഴ്ന്നിട്ടു കയറുന്നു

സ്വര്‍ണവില വീണ്ടും താഴ്ചയിലേക്കു മാറി. പോളണ്ടിന്റെ കേന്ദ്രബാങ്ക് സ്വര്‍ണം വില്‍ക്കാന്‍ പരിപാടി തയാറാക്കിയതും ഡോളര്‍ കരുത്തു നേടിയതും പലിശ കൂടുന്നതു സംബന്ധിച്ച ആശങ്കയുമാണു സ്വര്‍ണത്തെ വലിച്ചു താഴ്ത്തുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം ഏറ്റവുമധികം സ്വര്‍ണം വാങ്ങിക്കൂട്ടിയ കേന്ദ്രബാങ്കാണു പോളണ്ടിന്റേത്. പ്രതിരോധ ബജറ്റ് വര്‍ദ്ധിപ്പിക്കാന്‍ പണമുണ്ടാക്കാനാണു സ്വര്‍ണം വില്‍ക്കുന്നത്.

വ്യാഴാഴ്ച സ്വര്‍ണം ഔണ്‍സിന് 5195.60 ഡോളര്‍ വരെ ഉയര്‍ന്നെങ്കിലും 59.90 ഡോളര്‍ താഴ്ന്ന് 1.17 ശതമാനം നഷ്ടത്തോടെ 5082.30 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സ്വര്‍ണം ഒരു ശതമാനം കുകിച്ച് 5134 ഡോളറില്‍ എത്തി.

വെള്ളി 85.69 ഡോളര്‍ വരെ കയറിയിട്ട് ഔണ്‍സിന് 82.39 ഡോളറില്‍ അവസാനിച്ചു. ഇന്നു രാവിലെ 84.12 ഡോളറിലേക്കു കയറി.

പ്ലാറ്റിനം 2143 ഡോളര്‍, പല്ലാഡിയം 1644 ഡോളര്‍, റോഡിയം 11,100 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം 1200 രൂപ ഇടിഞ്ഞു പവന് 1,19,440 രൂപയില്‍ എത്തി.

മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) വ്യാഴാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,63,142 രൂപ വരെ ഉയര്‍ന്നിട്ട് 1,59,920 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. വെള്ളി 2,74,251 രൂപ വരെ കയറിയ ശേഷം 2,62,499 രൂപയില്‍ അവസാനിച്ചു.

ലോഹങ്ങള്‍ ഇടിഞ്ഞു

യുദ്ധം സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കുമെന്ന ഭീതിയില്‍ വ്യാഴാഴ്ച ലോഹങ്ങള്‍ ഇടിഞ്ഞു. ചൈന വളര്‍ച്ച പ്രതീക്ഷ അഞ്ചു ശതമാനത്തിനു താഴെ ആക്കിയതും നിമിത്തമായി. ചെമ്പ് 0.91 ശതമാനം താഴ്ന്നു ടണ്ണിനു 12,840.75 ഡോളര്‍ ആയി. അലൂമിനിയം 1.61 ശതമാനം ഇടിഞ്ഞു ടണ്ണിന് 3291.32 ഡോളറില്‍ ക്ലോസ് ചെയ്തു. ടിന്നും നിക്കലും ലെഡും സിങ്കും താഴ്ന്നു.

റബര്‍ താഴ്ന്നു

റബര്‍ രാജ്യാന്തര വിപണിയില്‍ താഴ്ച തുടര്‍ന്നു. ഇന്നലെ 0.65 ശതമാനം താഴ്ന്ന് കിലോഗ്രാമിന് 197.40 സെന്റില്‍ എത്തി. സാമ്പത്തികമാന്ദ്യ ആശങ്ക മൂലമാണു താഴ്ച. കൃത്രിമ റബര്‍ വില 1.64 ശതമാനം ഉയര്‍ന്നു.

കൊക്കോ വില നാമമാത്രമായി ഉയര്‍ന്നു ടണ്ണിന് 3026 ഡോളറില്‍ നിന്നു.

തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി 3.20 ശതമാനം കയറി. പാം ഓയില്‍ വില ടണ്ണിനു 4164 മലേഷ്യന്‍ റിംഗിറ്റിലേക്കു താഴ്ന്നു.

ക്രൂഡ് വിലക്കയറ്റത്തെ തുടര്‍ന്നു പിവിസി, പോളി എഥിലിന്‍, പോളിപ്രൊപ്പിലിന്‍ തുടങ്ങിയവയുടെ വില ഇന്നലെയും ഉയര്‍ന്നു. യൂറിയ വില 1.57 ശതമാനം കൂടി.

ഡോളര്‍ സൂചിക 99 കടന്നു

ഡോളര്‍ സൂചിക ഇന്നലെ ഗണ്യമായി ഉയര്‍ന്നു 99.32 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.98 ലേക്കു താഴ്ന്നു.

യൂറോ 1.158 ഡോളറിലേക്കും പൗണ്ട് 1.3355 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ 46 ഡോളറിന് 157.46 യെന്‍ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.90 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.136 ശതമാനമായി ഉയര്‍ന്നു. യുഎസ് കടപ്പത്രങ്ങള്‍ വാങ്ങാന്‍ പ്രതീക്ഷിച്ചത്ര തിരക്ക് വരാത്തതാണു കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

stock market morning
stock market morning
Pre Market Analysis
stock market morning
logo
DhanamOnline
dhanamonline.com