

യുദ്ധം താമസിയാതെ അവസാനിക്കും, ക്രൂഡ് ഓയില്‍ ലഭ്യത ഉറപ്പാക്കും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ വിപണി അടച്ച ശേഷം ഇത്രയും അറിയിച്ചു. ഇതിന്റെ സൂചന ഉണ്ടായിരുന്നതുകൊണ്ട് യുഎസ് വിപണി നേട്ടത്തില്‍ അവസാനിച്ചു. ക്രൂഡ് ഓയില്‍ ഇടിഞ്ഞു. ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ കുതിച്ചു കയറി. ക്രൂഡ് ഓയില്‍ വീണ്ടും ഇടിഞ്ഞു. ഇന്ത്യന്‍ വിപണിയും വലിയ ആവേശത്തിലാണ് വ്യാപാരം തുടങ്ങുക.
യുദ്ധം അവസാനിച്ചിട്ടില്ല. എന്നാല്‍ ഇന്നു രാവിലെ മിസൈല്‍, വ്യോമ, ഡ്രോണ്‍ ആക്രമണ വാര്‍ത്തകള്‍ ഇല്ല. ഹോര്‍മുസ് ഏറ്റെടുക്കും എന്നു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഹോര്‍മുസില്‍ ചരക്കുനീക്കം അനുവദിച്ചില്ലെങ്കില്‍ ഇതുവരെ നടന്നതിന്റെ 20 മടങ്ങ് ശക്തമായി ആക്രമിക്കും എന്നും മുന്നറിയിപ്പ് നല്‍കി. അമേരിക്കയല്ല തങ്ങളാണ് യുദ്ധം എപ്പോള്‍ തീര്‍ക്കണം എന്നു തീരുമാനിക്കുന്നത് എന്നാണ് ഇറാനിലെ റെവലൂഷനറി ഗാര്‍ഡ് സേന പ്രതികരിച്ചത്.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,359.50ല്‍ എത്തി. ഇന്നു രാവിലെ 24,440 വരെ കയറി. നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയര്‍ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
യുഎസ് വിപണികള്‍ തിങ്കളാഴ്ച വലിയ താഴ്ചയിലേക്കു വീണിട്ടു തിരിച്ചുകയറി നേട്ടത്തില്‍ ക്ലോസ് ചെയ്തു. യുദ്ധം ഉടനെ അവസാനിക്കും എന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചിപ്പിച്ചതും ക്രൂഡ് ഓയില്‍ വില 100 ഡോളറിനു താഴെ വന്നതുമാണു വിപണിയെ നേട്ടത്തിലേക്കു കയറ്റിയത്. രാവിലെ ഡൗ 900 പോയിന്റും മറ്റു സൂചികകള്‍ ഒന്നര ശതമാനവും ഇടിഞ്ഞതാണ്.
ഡൗ ജോണ്‍സ് 239.25 പോയിന്റ് (0.50%) കയറി 47,740.80ല്‍ ക്ലോസ് ചെയ്തു. എസ് ആന്‍ഡ് പി 55.97 പോയിന്റ് (0.83%) ഉയര്‍ന്ന് 6795.99 ലും നാസ്ഡാക് 308.27 പോയിന്റ് (1.38%) നേട്ടത്തോടെ 22,695.95ലും ക്ലോസ് ചെയ്തു.
എന്നാല്‍ ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് ഇടിഞ്ഞു. ഡൗ ജോണ്‍സ് 119 പോയിന്റും (0.25%) എസ് ആന്‍ഡ് പി 19.75 പോയിന്റും (0.29%) നാസ്ഡാക് 62 പോയിന്റും (0.25%) നഷ്ടത്തില്‍ നീങ്ങുന്നു.
യൂറോപ്യന്‍ വിപണികള്‍ വെള്ളിയാഴ്ച ഗണ്യമായ നഷ്ടത്തില്‍ അവസാനിച്ചു.
ഏഷ്യന്‍ വിപണികള്‍ ഇന്നു മികച്ച മുന്നേറ്റത്തിലാണ്. ജപ്പാനിലെ നിക്കൈ ഇന്നു രാവിലെ 3.5 ശതമാനം കയറി. ഓസ്‌ട്രേലിയന്‍ സൂചിക 1.5 ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയയിലെ കോസ്പി അഞ്ചു ശതമാനം ഉയര്‍ന്നു വ്യാപാരം തുടങ്ങി. ഹോങ് കോങ് സൂചിക 1.5 ഉം ചൈനീസ് വിപണി 0.75 ഉം ശതമാനം നേട്ടത്തിലാണ്.
വലിയ തകര്‍ച്ചയിലേക്കു വീണ ശേഷം ഇന്ത്യന്‍ വിപണി ഇന്നലെ ഗണ്യമായ തിരിച്ചുകയറ്റം നടത്തി. താഴ്ചയില്‍ നിന്ന് സെന്‍സെക്‌സ് 1100 ലധികവും നിഫ്റ്റി 330 ലധികവും പോയിന്റ് ഉയര്‍ന്നാണു ക്ലോസ് ചെയ്തത്. ക്രൂഡ് ഓയില്‍ 120 ഡോളറിനെ സമീപിക്കുകയും യുദ്ധം എന്നു തീരുമെന്ന് വ്യക്തമല്ലാതെ നില്‍ക്കുകയും ചെയ്തപ്പോഴാണു രാവിലെ വ്യാപാരം തുടങ്ങിയത്.
എല്ലാ മേഖലകളിലെയും എല്ലാ തരം ഓഹരികളും രാവിലെ ഇടിയുകയായിരുന്നു. പിന്നീടു ക്രൂഡ് ഓയില്‍ ലഭ്യത കൂട്ടാന്‍ ചില നടപടികള്‍ ഉണ്ടായതും യുഎസ് ഫ്യൂച്ചേഴ്സ് വലിയ താഴ്ചയില്‍ നിന്നു കയറിയതും ക്ലോസിംഗില്‍ ഇന്ത്യന്‍ വിപണിയെ സഹായിച്ചു.
സെന്‍സെക്സ് 1352.74 പോയിന്റ് (1.71%) ഇടിഞ്ഞ് 77,566.16ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 422.40 പോയിന്റ് (1.73%) താഴ്ന്ന് 24,028.05ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1763.45 പോയിന്റ് (3.05%) നഷ്ടത്തോടെ 56,019.80ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 1127.85 പോയിന്റ് (1.97%) താഴ്ന്ന് 56,265.50ലും സ്‌മോള്‍ ക്യാപ് 100 സൂചിക 366.70 പോയിന്റ് (2.2 2%) ഇടിഞ്ഞ് 16,132.20ലും അവസാനിച്ചു.
വിപണിയില്‍ മഹാഭൂരിപക്ഷം ഓഹരികളും ഇടിവിലായി. ബിഎസ്ഇയില്‍ 886 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 3484 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 634 എണ്ണം ഉയര്‍ന്നപ്പോള്‍ 2628 എണ്ണം ഇടിഞ്ഞു.
വിദേശനിക്ഷേപകര്‍ തിങ്കളാഴ്ചയും വില്‍പന തുടര്‍ന്നു. ക്യാഷ് വിപണിയില്‍ വിദേശ ഫണ്ടുകള്‍ 6345.57 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 9013.80 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി.
നാമമാത്രമായി (0.08%) ഉയര്‍ന്ന ഐടി ഒഴികെ എല്ലാ മേഖലകളും ഇന്നലെ നഷ്ടത്തിലായിരുന്നു. വാഹനങ്ങള്‍, ബാങ്കുകള്‍, ധനകാര്യ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, മെറ്റല്‍, ഓയില്‍, പ്രതിരോധ മേഖലകള്‍ കൂടുതല്‍ താഴ്ന്നു.
സ്വര്‍ണം ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ താഴ്ന്ന് ഔണ്‍സിന് 5013.90 ഡോളര്‍ വരെ ചെന്ന സ്വര്‍ണം 5200 ഡോളര്‍ വരെ കയറി. ഒടുവില്‍ 5138 ഡോളറില്‍ ക്ലോസ് ചെയ്തു പശ്ചിമേഷ്യന്‍ സമാധാന സാധ്യത സ്വര്‍ണവിലയെ താഴ്ത്തുകയാണ്. ഇന്നു രാവിലെ സ്വര്‍ണം 5134.80 ഡോളര്‍ വരെ താണിട്ട് 5154.60 വരെ കയറി.
വെള്ളി ഇന്നലെ ഉയര്‍ന്ന് ഔണ്‍സിന് 87.23 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഔണ്‍സിന് 89.02 ഡോളറിലാണ്.
പ്ലാറ്റിനം 2180 ഡോളര്‍, പല്ലാഡിയം 1665 ഡോളര്‍, റോഡിയം 11,250 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം തിങ്കളാഴ്ച 1440 രൂപ ഇടിഞ്ഞു പവന് 1,18,560 രൂപയില്‍ എത്തി.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) തിങ്കളാഴ്ച 24 കാരറ്റ് സ്വര്‍ണം 10 ഗ്രാം 1,60,387 രൂപയില്‍ ക്ലോസ് ചെയ്തു. വെള്ളി കിലോഗ്രാമിന് 2,67,600 രൂപയില്‍ അവസാനിച്ചു.
തിങ്കളാഴ്ച മിക്കവാറും വ്യാവസായിക ലോഹങ്ങള്‍ താഴ്ന്നു. ചെമ്പ് 0.44 ശതമാനം താഴ്ന്നു ടണ്ണിനു 12,750.35 ഡോളര്‍ ആയി. അലൂമിനിയം 0.88 ശതമാനം ഇടിഞ്ഞ് ടണ്ണിന് 3388.64 ഡോളറില്‍ ക്ലോസ് ചെയ്തു. സിങ്കും നിക്കലും ഉയര്‍ന്നു, ലെഡും ടിന്നും താഴ്ന്നു.
റബര്‍ രാജ്യാന്തര വിപണിയില്‍ തിങ്കളാഴ്ച 0.77 ശതമാനം ഉയര്‍ന്നു കിലോഗ്രാമിന് 195.70 സെന്റില്‍ എത്തി. കൃത്രിമ റബര്‍ വില മാറ്റമില്ലാതെ ടണ്ണിന് 14,158.33 ഡോളറി തുടര്‍ന്നു.
കൊക്കോ വില 2.85 ശതമാനം ഉയര്‍ന്നു ടണ്ണിന് 3322 ഡോളറില്‍ എത്തി.
തേയിലവില മാറ്റമില്ലാതെ തുടര്‍ന്നു. കാപ്പി 1.28 ശതമാനം കയറി. പാം ഓയില്‍ വില ടണ്ണിനു 4375 മലേഷ്യന്‍ റിംഗിറ്റില്‍ തുടര്‍ന്ന.
പോളി എഥിലിന്‍ വില 5.58 ശതമാനം കൂടി, പിവിസി വില നാമമാത്രമായി കുറഞ്ഞു, പോളിപ്രൊപ്പിലിന്‍ വില മാറ്റമില്ലാതെ നിന്നു. യൂറിയ വില ടണ്ണിന് 584.50 ഡോളറിലേക്കു കയറി.
ഡോളര്‍ സൂചിക താഴുന്നു
ഡോളര്‍ സൂചിക തിങ്കളാഴ്ച താഴ്ന്നു 99.18 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വീണ്ടും താഴ്ന്ന് 98.78 ല്‍ എത്തി.
യൂറോ 1.1633 ഡോളറിലേക്കും പൗണ്ട് 1.3439 ഡോളറിലേക്കും ഉയര്‍ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 157.64 യെന്‍ എന്ന നിലയിലേക്ക് കയറി. ചൈനീസ് യുവാന്‍ ഡോളറിന് 6.91 യുവാന്‍ എന്ന നിരക്കില്‍ എത്തി.
അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 4.102 ശതമാനമായി ഇടിഞ്ഞു. യുദ്ധം തീരാന്‍ സാധ്യത കൂടിയതും എണ്ണവില കുറയുന്നതും പലിശനിരക്ക് കുറയ്ക്കാന്‍ വഴിതെളിക്കും എന്ന പ്രതീക്ഷയിലാണു വിപണി.
തിങ്കളാഴ്ച രൂപ റെക്കോര്‍ഡ് താഴ്ചയില്‍ എത്തി. ക്രൂഡ് ഓയില്‍ വില 120 ഡോളറിലേക്കു കുതിച്ചപ്പോള്‍ ഇന്ത്യയുടെ വ്യാപാരകമ്മി ഭീമമാകും എന്ന ആശങ്കയിലാണിത്. ഇന്നു രൂപ നില ഗണ്യമായി മെച്ചപ്പെടുത്തിയേക്കും. ഇന്നലെ ഡോളര്‍ 59 പൈസ കൂടി 92.33 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ ക്ലോസ് ചെയ്തു. ഇടയ്ക്ക് 92.35 രൂപ വരെ കയറി.
വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോറെക്‌സ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നലെ രാത്രി 92.47 രൂപ വരെ കയറിയത് ഇന്നു രാവിലെ 91.82 രൂപയിലേക്ക് ഇടിഞ്ഞു. ചൈനീസ് യുവാന്‍ 13.29 രൂപയിലേക്കു താഴ്ന്നു. യൂറോ 106.65 രൂപയായി താഴ്ന്നു. ഇന്ന് ഇന്ത്യയിലെ കറന്‍സി വ്യാപാരത്തില്‍ ഇവയുടെ സ്വാധീനം പ്രകടമാകും.
യുദ്ധം നീണ്ടാല്‍ എന്താകും എന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇന്നലെ ക്രൂഡ് ഓയില്‍ വില വീപ്പയ്ക്കു 120 ഡോളറിനു തൊട്ടടുത്ത് എത്തി. ജി7 രാജ്യങ്ങള്‍ റിസര്‍വ് എണ്ണ വിപണിയില്‍ ഇറക്കും എന്നു സൂചിപ്പിച്ചതു വില 110 ഡോളറിനു താഴെ എത്തിച്ചു. പിന്നീടു യുദ്ധം താമസിയാതെ അവസാനിക്കും എന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ വില 100 ഡോളറിനു താഴെ വന്നു. ഇന്നു രാവിലെ വിലയിടിവ് തുടര്‍ന്നു.
ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 98.96 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 10.5 ശതമാനം ഇടിഞ്ഞ് 88.83 ഡോളര്‍ ആയി. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് ഇന്നു രാവിലെ 85.20 ഡോളറിലേക്കു താഴ്ന്നു. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 110.2 ഡോളറില്‍ തുടര്‍ന്നു. പ്രകൃതിവാതകവില 3.079 ഡോളറിലേക്കു താണു.
ക്രിപ്‌റ്റോ കറന്‍സികള്‍ തിരിച്ചു കയറി. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 69,200 ഡോളറിനു മുകളിലാണ്. ഈഥര്‍ 2020 ഡോളറിനും സൊലാന 86 ഡോളറിനും മുകളില്‍ നില്‍ക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine