യുഎസ്-ഇറാന്‍ കരാറില്‍ വീണ്ടും പ്രതീക്ഷ, ക്രൂഡ് ഓയില്‍ താഴ്ന്നു, സ്വര്‍ണം ഉയര്‍ന്നു, ഏഷ്യന്‍ വിപണികള്‍ കുതിച്ചു

ടെക് ഓഹരികളുടെ നിര്‍ത്തില്ലാത്ത കുതിപ്പ് എസ് ആന്‍ഡ് പിയെയും നാസ്ഡാക് കോംപസിറ്റിനെയും പുതിയ ഉയരങ്ങളിലേക്കു കയറ്റി.
stock market morning
image credit : canva
Published on

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു. രണ്ടു രാജ്യങ്ങളുടെയും അധികാരികളുടെ തീരുമാനം മാത്രമേ ഇനി ആവശ്യമുള്ളൂ എന്നാണു റിപ്പോര്‍ട്ടുകള്‍. എങ്കിലും കാതലായ പ്രശ്‌നങ്ങളില്‍ യോജിപ്പ് ആയിട്ടില്ല എന്നാണു നിഗമനം. ക്രൂഡ് ഓയില്‍ വിപണി ശുഭപ്രതീക്ഷയില്‍ വില 94 ഡോളറിനു താഴെയാക്കി. സ്വര്‍ണം 4500 ഡോളറിനു മുകളില്‍ കയറി. നിര്‍മിത ബുദ്ധിയുടെ ആവേശത്തോടെ യുഎസ്, ഏഷ്യന്‍ വിപണികള്‍ മുന്നേറ്റം നടത്തുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണി അത്രയും ആവേശം കാണിക്കുന്നില്ല.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,860.00 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,919 വരെ കയറിയിട്ട് 23,840 വരെ താഴ്ന്നു. പിന്നീട് 23,880 ലായി. നിഫ്റ്റി ഇന്നു ഗണ്യമായി താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

യുഎസ് വിപണി ഉയരത്തില്‍

ഇറാന്‍ സമാധാനപ്രതീക്ഷ ശക്തമായതു കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ സൂചികകളെ ഉയര്‍ത്തി. ടെക് ഓഹരികളുടെ നിര്‍ത്തില്ലാത്ത കുതിപ്പ് എസ് ആന്‍ഡ് പിയെയും നാസ്ഡാക് കോംപസിറ്റിനെയും പുതിയ ഉയരങ്ങളിലേക്കു കയറ്റി. ക്ലൗഡ് അധിഷ്ഠിത ഡാറ്റാ പ്ലാറ്റ്‌ഫോം ഒരുക്കുന്ന സ്‌നോഫ്‌ളേക്കിന്റെ മികച്ച റിസല്‍ട്ടും കൂടുതല്‍ ശക്തമായ ബിസിനസ് പ്രതീക്ഷയും ഓഹരിയെ 36.5 ശതമാനം ഉയര്‍ത്തി.

വ്യാഴാഴ്ച ഡൗ ജോണ്‍സ് സൂചിക 24.69 പോയിന്റ് (0.05%) ഉയര്‍ന്ന് 50,668.97ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 500 സൂചിക 43.27 പോയിന്റ് (0.58%) കയറി 7563.63 ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് സൂചിക 242.74 പോയിന്റ് (0.91%) കുതിച്ച് 26,917.47ല്‍ അവസാനിച്ചു.

ഫ്യൂച്ചേഴ്‌സ് ഫ്‌ലാറ്റ്

യുഎസ് ഫ്യൂച്ചേഴ്‌സ് നേരിയ താഴ്ചയിലാണ്. ഇന്നു രാവിലെ ഡൗ ജോണ്‍സ് 21 പോയിന്റും (0.04%) എസ്ആന്‍ഡ്പി 6 പോയിന്റും (0.07%) നാസ്ഡാക് 68 പോയിന്റും (0.23%) താഴ്ന്നു നീങ്ങുന്നു.

എഡിആറുകള്‍

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വ്യാഴാഴ്ച എച്ച്ഡിഎഫ് സി ബാങ്ക് നിശ്ചിത സമയത്ത് 0.50 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.30 ശതമാനം ഉയര്‍ന്ന് 23.73 ഡോളറില്‍ എത്തി. ബാങ്കിന്റെ നിക്ഷേപ ഇടപാടിലെ ആരോപണത്തെ തുടര്‍ന്ന് തലേന്ന് എഡിആര്‍ വില കുത്തനേ ഇടിഞ്ഞിരുന്നു. ഐസിഐസിഐ ബാങ്ക് വിപണി സമയത്തു 0.08 ശതമാനം ഉയര്‍ന്നിട്ടു തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 26.17 ല്‍ ക്ലോസ് ചെയ്തു.

ഇന്‍ഫോസിസ് നിശ്ചിത സമയത്ത് 2.50 ശതമാനം ഉയര്‍ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ 0.70% കയറി 12.79 ഡോളറില്‍ അവസാനിച്ചു. വിപ്രോ പതിവു സമയത്ത് 18.54 ശതമാനം കുതിച്ച ശേഷം തുടര്‍ വ്യാപാരത്തില്‍ 0.41 ശതമാനം താഴ്ന്ന് 2.42 ഡോളര്‍ ആയി. വിപ്രോ നിര്‍മിതബുദ്ധി മേഖലയില്‍ വലിയ മുന്നേറ്റത്തിന് സര്‍വീസ് നൗവുമായി ഉണ്ടാക്കിയ കരാറാണു വ്യാഴാഴ്ച എഡിആര്‍ വില അസാധാരണമായി കുതിക്കാന്‍ സഹായിച്ചത്.

യൂറോപ്പ് താഴ്ന്നു

ഗള്‍ഫിലെ തുടര്‍ സംഘട്ടനങ്ങള്‍ സമാധാന പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചതു യൂറോപ്യന്‍ ഓഹരി സൂചികകളെ താഴ്ത്തി. യുക്രെയ്‌ന് 9000 കോടി യൂറോയുടെ വായ്പ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചത് പ്രതിരോധ ഓഹരികളെ ഉയര്‍ത്തി. സ്വീഡന്റെ ഗ്രിപന്‍ യുദ്ധവിമാനങ്ങളും ജര്‍മനിയുടെ ടാങ്കുകളും മറ്റും യുക്രെയ്ന്‍ വാങ്ങും.

ജപ്പാന്‍, കൊറിയ റെക്കോര്‍ഡില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നു കയറ്റത്തിലാണ്. ജപ്പാനില്‍ നിക്കൈ സൂചിക 1.95 ശതമാനം കയറി റെക്കോര്‍ഡ് കുറിച്ചു. ഓസ്‌ട്രേലിയന്‍ സൂചിക 0.96 ശതമാനം ഉയര്‍ന്നു. ദക്ഷിണ കൊറിയന്‍ വിപണി സൂചിക കോസ്പി 2.5 ശതമാനം കുതിച്ചു റെക്കോര്‍ഡ് തിരുത്തി. എസ്‌കെ ഹൈനിക്‌സ്, സാംസങ് എന്നിവയുടെ മെമ്മറി ചിപ് വില്‍പനയുടെ ആവേശത്തില്‍ കൊറിയന്‍ വിപണി ഒരു വര്‍ഷം കൊണ്ട് 207 ശതമാനം കുതിച്ചിട്ടുണ്ട്.

ഈ വര്‍ഷം മാത്രം 94 ശതമാനം കയറി. അപായനിലയിലാണു വിപണി എന്നു പലരും വിലയിരുത്തുന്നു. ഹോങ് കോങ് വിപണി 0.65 ശതമാനവും ഷാങ്ഹായ് വിപണി 0.15 ശതമാനവും ഉയര്‍ന്നു വ്യാപാരം തുടങ്ങി.

ഇന്ത്യന്‍ വിപണി താഴ്ച തുടര്‍ന്നു

ഇറാന്‍ സമാധാനസാധ്യത അകന്നു നിന്നതു ബുധനാഴ്ച ഇന്ത്യന്‍ വിപണിയെ വീണ്ടും താഴ്ത്തി. ബാങ്ക്, ധനകാര്യ, കാപ്പിറ്റല്‍ മാര്‍ക്കറ്റ്, ഐടി, ഓയില്‍, എഫ്എംസിജി മേഖലകളാണു വിപണിയെ ദുര്‍ബലമാക്കിയത്.

ഒരു സര്‍ക്കാര്‍ കോര്‍പറേഷനില്‍ നിന്നുള്ള വലിയ നിക്ഷേപത്തിന് മാര്‍ക്കറ്റിംഗ് ചെലവ് എന്നെഴുതി അധികപലിശ നല്‍കി എന്ന ആരോപണം എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയെ 2.6 ശതമാനം ഇടിവിലാക്കി. മുന്‍ ചെയര്‍മാന്‍ അതനു ചക്രവര്‍ത്തിയുടെ രാജിക്കു തൊട്ടു മുന്‍പാണ് വിവാദതുക നല്‍കിയത്. ചക്രവര്‍ത്തിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഇതേപ്പറ്റി ആഭ്യന്തര അന്വേഷണം നടന്നു. ബാങ്ക് സിഇഒ ശശിധര്‍ ജഗദീശന് ഇടപാടില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജഗദീശന്റെ കാലാവധി ഒക്ടോബറില്‍ തീരും. കാലാവധി നീട്ടുന്ന കാര്യം ചര്‍ച്ചയാകുന്ന സമയമാണിത്.

വിദേശ നിക്ഷേപകര്‍ വില്‍പന തുടര്‍ന്നു. അവര്‍ ബുധനാഴ്ച ക്യാഷ് വിപണിയില്‍ 1042.70 കോടി രൂപയുടെ അറ്റ വില്‍പന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3821 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ബുധനാഴ്ച സെന്‍സെക്സ് 141.90 പോയിന്റ് (0.19%) താഴ്ന്ന് 75,867.80 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 6.55 പോയിന്റ് (0.03%) കുറഞ്ഞ് 23,907.15 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 239.05 പോയിന്റ് (0.43%) നഷ്ടത്തോടെ 54,853.85 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 259.95 പോയിന്റ് (0.42%) വര്‍ധിച്ച് 62,558.85 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 27.10 പോയിന്റ് (0.15%) കയറി 18,294.30 ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ ഉയര്‍ന്നു. ബിഎസ്ഇയില്‍ 2220 ഓഹരികള്‍ കയറി, 1996 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 1761 എണ്ണം ഉയര്‍ന്നപ്പോള്‍ 1527 എണ്ണം താഴ്ന്നു.

വിപ്രോയില്‍ വന്‍കുതിപ്പ്

ഐടി സേവന കമ്പനി വിപ്രോ നിര്‍മിതബുദ്ധി വ്യാപകമായി ഉപയോഗിച്ചു കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റത്തിന് ഒരുങ്ങുന്നു. സര്‍വീസ് നൗവുമായി കമ്പനി വിശാലസഖ്യം പ്രഖ്യാപിച്ചു. ഏജന്റിക് എഐ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിപ്രോയുടെ എഐ സ്യൂട്ട് ആയ വിപ്രോ ഇന്റലിജന്‍സിനെ സര്‍വീസ് നൗവിന്റെ എഐ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കും. ഇതുവഴി മാനുഷിക ഇടപെടല്‍ തീര്‍ത്തും ഇല്ലാതെ കമ്പനിയുടെ ജോലികളുടെ ഏകോപനവും പ്രവര്‍ത്തനവും നടക്കും.

കമ്പനിയുടെ ഓഹരി തിരിച്ചു വാങ്ങലിനു ജൂണ്‍ അഞ്ച് റെക്കോര്‍ഡ് തീയതിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 15,000 കോടി രൂപയാണു തിരിച്ചു വാങ്ങലിനു മാറ്റിവച്ചിട്ടുള്ളത്. 5.72 ശതമാനം ഓഹരി (60 കോടി എണ്ണം) തിരിച്ചു വാങ്ങും. 250 രൂപയ്ക്കാണു തിരിച്ചു വാങ്ങല്‍. കഴിഞ്ഞ ദിവസം 201.70 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

വിപ്രോ എഡിആര്‍ പത്തു ദിവസം കൊണ്ട് 31 ശതമാനം കുതിച്ചു. ഇന്നലെ മാത്രം 18.5 ശതമാനം കയറി.

സ്വര്‍ണം ഇടിഞ്ഞു കയറി

ഇറാനിലെ സമാധാനസാധ്യത അകന്നപ്പോള്‍ ബുധനാഴ്ച താഴ്ന്ന് ഔണ്‍സിന് 4457.50 ഡോളറില്‍ ക്ലോസ് ചെയ്ത സ്വര്‍ണം വ്യാഴാഴ്ച സാഹചര്യം മാറിയപ്പോള്‍ ഉയര്‍ന്നു 4496.90 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4517 വരെ കയറിയിട്ട് ഔണ്‍സിന് 4508 ഡോളറിലാണു സ്വര്‍ണം.

റോക്ക്‌ഫെല്ലര്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്വര്‍ണം 2027 ല്‍ ഔണ്‍സിന് 5500 ഡോളറിലും 2030 നു മുന്‍പ് 8000 ഡോളറിലും ചിലപ്പോള്‍ 10,000 ഡോളറിലും എത്തുമെന്ന് വിലയിരുത്തി. ഈ വര്‍ഷം അവസാനം സ്വര്‍ണം ഔണ്‍സിന് 5900 ഡോളര്‍ എത്തുമെന്ന പ്രവചനം സ്വിസ് ബാങ്ക് യുബിഎസ് 5500 ഡോളറായി താഴ്ത്തി. വെള്ളി ഈ വര്‍ഷാവസാനം ഔണ്‍സിന് 100 ഡോളറില്‍ എത്തുമെന്നു ബാങ്ക് ഓഫ് അമേരിക്ക വിലയിരുത്തി.

കേരളത്തില്‍ ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 1520 രൂപ കുറഞ്ഞ് 1,15,000 രൂപയായി. ഇന്നലെ 560 രൂപ താഴ്ന്ന് 1,14,440 രൂപയായി.

വെള്ളിവില ഇന്നു രാവിലെ ഔണ്‍സിന് 76 ഡോളര്‍ ആയി ഉയര്‍ന്നു.

പ്ലാറ്റിനം 1920 ഡോളര്‍, പല്ലാഡിയം 1362 ഡോളര്‍, റോഡിയം 8450 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

വ്യാവസായിക ലോഹങ്ങള്‍ കയറിയിറങ്ങി

വ്യാവസായിക ലോഹങ്ങള്‍ ബുധനാഴ്ച ഉയര്‍ന്നിട്ടു വ്യാഴാഴ്ച താഴ്ന്നു. ചെമ്പ് ഇന്നലെ 0.20 ശതമാനം താഴ്ന്നു ടണ്ണിനു 13,512.90 ഡോളര്‍ ആയി. അലൂമിനിയം ബുധനാഴ്ച നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3669.67 ഡോളറില്‍ ക്ലോസ് ചെയ്തിട്ട് ഇന്നലെ താഴ്ന്ന് 3659.24 ല്‍ എത്തി.. ലെഡ്, സിങ്ക്, നിക്കല്‍ എന്നിവ ഇന്നലെ താഴ്ന്നു. ടിന്‍ നേട്ടം ഉണ്ടാക്കി.

റബറിനു കയറ്റം

രാജ്യാന്തര വിപണിയില്‍ റബര്‍ വില അല്‍പം ഉയര്‍ന്നു. ബാങ്കോക്കില്‍ ആര്‍എസ്എസ് 3 ക്വിന്റലിന് 295.20 ഡോളറിലേക്കു കയറി. ആര്‍എസ്എസ് ഒന്ന് 298.70 ഡോളറിലാണ്. കേരളത്തില്‍ ആര്‍എസ്എസ് നാല് ഇനം 25,250 രൂപയില്‍ എത്തി.

കൊക്കോ കുതിച്ചു

കൊക്കോ രാജ്യാന്തര വിപണിയില്‍ താഴ്ന്നു. ബുധനാഴ്ച ടണ്ണിന് 4173.70 ഡോളറില്‍ എത്തിയ കൊക്കോ ഇന്നലെ 1.67 ശതമാനം കുറഞ്ഞ് 4099 ഡോളര്‍ ആയി. അവധിവില 4180 ഡോളറിലേക്കു കയറി. ഐവറി കോസ്റ്റിലെ കനത്തമഴയും പ്രളയവും മൂലം കൊക്കോ കായ സംഭരണം മുടങ്ങി. എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം കൊക്കോ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും എന്ന നിഗമനമാണു വിപണിയില്‍ ഉള്ളത്.

ഡോളര്‍ സൂചിക താഴ്ന്നു

യുഎസ് ഡോളര്‍ സൂചിക ബുധനാഴ്ച ഉയര്‍ന്ന് 99.21 ല്‍ എത്തി. ഇന്നലെ 99.02 ലേക്കു താഴ്ന്നു. ഇന്നു രാവിലെ 98.96 ലാണ്. യൂറോ 1.1651 ഡോളറിലേക്കു കയറി, പൗണ്ട് 1.3447 ഡോളറിലേക്കു താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 159.25 യെന്‍ എന്ന നിലയിലേക്ക് താഴ്ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.78 യുവാന്‍ എന്ന നിരക്കിലേക്കു കയറി. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 4.453 ശതമാനമായി താഴ്ന്നു.

രൂപ നാമമാത്ര താഴ്ചയില്‍

രൂപ ബുധനാഴ്ച നാമമാത്രമായി താഴ്ന്നു. ഡോളര്‍ ഒരു പൈസ ഉയര്‍ന്ന് 95.69 രൂപയില്‍ അവസാനിച്ചു. റിസര്‍വ് ബാങ്ക് ഗണ്യമായ അളവില്‍ ഡോളര്‍ വിറ്റു. ഇന്നും രൂപ സമ്മര്‍ദത്തിലാണ്.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 96.43 രൂപയില്‍ നിന്ന് 95.84 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാന്‍ 14.11 രൂപയിലേക്കും യൂറോ 111.49 രൂപയിലേക്കും കയറി.

ക്രൂഡ് ഓയില്‍ താഴ്ന്നു

ഇറാന്‍-യുഎസ് സംഘര്‍ഷം തീരാന്‍ സാധ്യത തെളിയുന്നത് ക്രൂഡ് ഓയില്‍ വിലയെ 94 ഡോളറിന് താഴെയാക്കി. ബ്രെന്റ് ഇനം വീപ്പയ്ക്ക് 93.71 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 93.37 ഡോളര്‍ വരെ താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 88.29 ഡോളര്‍ ആയി ഇടിഞ്ഞു.

ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു

ക്രിപ്‌റ്റോ കറന്‍സികള്‍ താഴ്ന്നു നില്‍ക്കുന്നു. ബിറ്റ്‌കോയിന്‍ ഇന്നു രാവിലെ 73,500 ഡോളറിനു താഴെയായി. ഈഥര്‍ 2000 ഡോളറിനും സൊലാന 82 ഡോളറിനും തൊട്ടുമുകളില്‍ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

stock market morning
stock market morning
stock market morning
stock market morning
logo
DhanamOnline
dhanamonline.com