പശ്ചിമേഷ്യന്‍ ആശങ്കയില്‍ നേരിയ കുറവ്, ഉയര്‍ന്ന ക്രൂഡ് ഓയില്‍ താഴുന്നു, ഹോങ്‌കോങ് വിപണി താഴ്ചയില്‍; യുഎസ് സൂചികകള്‍ ഇടിഞ്ഞു

ഹോര്‍മുസില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകും എന്ന ഭീതിയില്‍ തിങ്കളാഴ്ച കുതിച്ചുകയറിയ ക്രൂഡ് ഓയില്‍ ഇന്നു രാവിലെ ചെറിയ തോതില്‍ താഴ്ന്നു
stock market morning
image credit : canva
Published on

പശ്ചിമേഷ്യന്‍ സംഘര്‍ഷനിലയില്‍ കാര്യമായ മാറ്റമില്ല. അമേരിക്കന്‍ കപ്പലുകളെ ആക്രമിക്കും എന്ന ഭീഷണി ഇറാന്‍ നടപ്പാക്കിയില്ല. എന്നാല്‍ അതിന്റെ ഉണര്‍വ് വിപണിയില്‍ കാണുന്നില്ല. പക്ഷേ തിങ്കളാഴ്ച ഉയര്‍ന്ന ക്രൂഡ് ഓയില്‍ ഇന്നു രാവിലെ അല്‍പം താഴ്ന്നു.

ഹോര്‍മുസ് തുറക്കാനുള്ള യുഎസ് നീക്കം സംഘര്‍ഷത്തിലേക്കു നീങ്ങി. എന്നാല്‍ ഔപചാരിക യുദ്ധത്തിലേക്കു വീണിട്ടില്ല. അതുകൊണ്ടു ക്രൂഡ് ഓയില്‍ വിലക്കയറ്റം ആറു ശതമാനത്തിനു താഴെ നിന്നു. യുഎസ്-ഇറാന്‍ നയതന്ത്ര നീക്കങ്ങള്‍ ഇതിനിടെ നടക്കുന്നുമുണ്ട്. പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ജീവനക്കാരെ പാക്കിസ്ഥാന്‍ വഴി തിരിച്ചുകൊടുത്തത് ഇതിന്റെ ഭാഗമാണ്.

എന്നാല്‍ തീവ്ര സേനാവിഭാഗമായ ഐആര്‍ജിസി നയതന്ത്രം തകര്‍ക്കുന്ന തരത്തില്‍ യുഎഇയെ ആക്രമിക്കുകയും ദക്ഷിണ കൊറിയന്‍ കപ്പലിനു നേരേ മിസൈല്‍ പ്രയോഗിക്കുകയും ചെയ്തു. ചര്‍ച്ച പുനരാരംഭിക്കാന്‍ നീക്കമുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയും ഇന്നലെ പറഞ്ഞു.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 24,077.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,013 വരെ താഴ്ന്നിട്ടു കയറി. നിഫ്റ്റി ഇന്നു രാവിലെ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്

യുഎസ് വിപണി ഇടിഞ്ഞു

ഹോര്‍മുസ് സാഹചര്യം വഷളാകുകയും എണ്ണവില വീണ്ടും കുതിക്കുകയും ചെയ്യും എന്ന ഭീതിയില്‍ യുഎസ് വിപണി ഇന്നലെ ഇടിഞ്ഞു. ഡൗ ജോണ്‍സ് സൂചിക തിങ്കളാഴ്ച 557.37 പോയിന്റ് (1.13%) ഇടിഞ്ഞ് 48,941.90ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 29.37 പോയിന്റ് (0.41%) താഴ്ന്ന് 7200.75ല്‍ അവസാനിച്ചു. നാസ്ഡാക് 46.64 പോയിന്റ് (0.19%) കുറഞ്ഞ് 25,067.80ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് കയറുന്നു

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നേരിയ കയറ്റത്തിലാണ്. ഡൗ ജോണ്‍സ് 21 പോയിന്റ് (0.04%) ഉയര്‍ന്നു. എസ്ആന്‍ഡ്പി 7 പോയിന്റും (0.10%) നാസ്ഡാക് 46 പോയിന്റും (0.17%) നേട്ടത്തോടെ നീങ്ങുന്നു.

ഇന്ത്യന്‍ എഡിആറുകള്‍ ഭിന്നദിശകളില്‍

ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് എഡിആര്‍ 1.31 ശതമാനം താഴ്ന്നിട്ടു തുടര്‍വ്യാപാരത്തില്‍ 0.32 ശതമാനം കൂടി 24.93 ഡോളറില്‍ എത്തി. ഐസിഐസിഐ ബാങ്ക് എഡിആര്‍ നിശ്ചിത സമയത്ത് 1.06 ശതമാനം താഴ്ന്ന ശേഷം തുടര്‍വ്യാപാരത്തില്‍ മാറ്റമില്ലാതെ 26.14 ഡോളറില്‍ നിന്നു. ഇന്‍ഫോസിസ് എഡിആര്‍ 1.92 ശതമാനം ഇടിഞ്ഞിട്ടു തുടര്‍ വ്യാപാരത്തില്‍ 0.25 ശതമാനം കയറി 12.27 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ 1.97 ശതമാനം താഴ്ന്ന ശേഷം തുടര്‍ വ്യാപാരത്തില്‍ 1.88 ശതമാനം കയറി 2.0275 ഡോളര്‍ ആയി.

യൂറോപ്പ്, ഏഷ്യ

ഹോര്‍മുസ് സാഹചര്യവും കാറുകള്‍ക്കുള്ള അമേരിക്കന്‍ തീരുവ ഭീഷണിയും തിങ്കളാഴ്ച യൂറോപ്യന്‍ വിപണികളെ ഒരു ശതമാനത്തിലധികം താഴ്ത്തി. യൂറോപ്യന്‍ കാറുകള്‍ക്ക് 25 ശതമാനം തീരുവ വീണ്ടും ചുമത്തുമെന്നു യുഎസ് പ്രസിഡന്റ് വാരാന്ത്യത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഏഷ്യന്‍ വിപണികള്‍ മിക്കവയും ഇന്നു താഴ്ചയിലാണ്. ജപ്പാനിലും ദക്ഷിണ കൊറിയയിലും അവധിയാണ്. ഓസ്‌ട്രേലിയന്‍ സൂചിക 0.75 ശതമാനം താഴ്ന്നു. ഹോങ് കോങ് വിപണി 1.42 ശതമാനം ഇടിഞ്ഞു.

കുതിച്ചും കിതച്ചും ഇന്ത്യന്‍ വിപണി

ബിജെപി പശ്ചിമബംഗാള്‍ പിടിക്കുന്നതിന്റെയും അസം നിലനിര്‍ത്തുന്നതിന്റെയും ആവേശത്തോടെ വ്യാപാരം തുടങ്ങി കുതിച്ച ഇന്ത്യന്‍ വിപണി ഇന്നലെ ഉച്ചയ്ക്കു ശേഷം നേട്ടം ഗണ്യമായി നഷ്ടപ്പെടുത്തി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 77,910.75ലും നിഫ്റ്റി 24,290ലും എത്തിയ ശേഷം തിരിച്ചിറങ്ങി. ഹോര്‍മുസിലെ യുദ്ധസാഹചര്യവും ക്രൂഡ് വിലക്കയറ്റവും രൂപയുടെ തകര്‍ച്ചയുമാണു വിപണിയെ കിതപ്പിലാക്കിയത്. ഐടിയും ബാങ്കുകളും മീഡിയയും വിപണിയെ ദുര്‍ബലമാക്കി. റിയല്‍റ്റി, മെറ്റല്‍, ഹെല്‍ത്ത് കെയര്‍ മേഖലകള്‍ നല്ല മുന്നേറ്റം കാഴ്ചവച്ചു.

തിങ്കളാഴ്ചയും വിദേശനിക്ഷേപകരുടെ വില്‍പന വലിയ തോതില്‍ നടന്നു. വിദേശികള്‍ ക്യാഷ് വിപണിയില്‍ 2835.62 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശികള്‍ 4764.16 കോടി രൂപയുടെ വാങ്ങലും നടത്തി.

തിങ്കളാഴ്ച സെന്‍സെക്സ് 355.90 പോയിന്റ് (0.46%) ഉയര്‍ന്ന് 77,269.40ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 121.75 പോയിന്റ് (0.51%) നേട്ടത്തോടെ 24,119.30ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 15.15 പോയിന്റ് (0.03%) കൂടി 54,878.50ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 374.90 പോയിന്റ് (0.63%) കയറി 60,159.75ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 125.35 പോയിന്റ് (0.70%) ഉയര്‍ന്ന് 18,132.50ല്‍ ക്ലോസ് ചെയ്തു.

വിശാലവിപണിയില്‍ കൂടുതല്‍ ഓഹരികള്‍ നേട്ടത്തിലായി. ബിഎസ്ഇയില്‍ 2534 ഓഹരികള്‍ കയറി, 1818 ഓഹരികള്‍ താഴ്ന്നു. എന്‍എസ്ഇയില്‍ 2132 എണ്ണം ഉയര്‍ന്നപ്പോള്‍ 1176 എണ്ണം ഇടിഞ്ഞു.

കമ്പനികള്‍, വാര്‍ത്തകള്‍

ടാറ്റാ ടെക്നോളജീസ് നാലാം പാദത്തില്‍ തൃപ്തികരമായ വളര്‍ച്ച കാണിച്ചു. അറ്റാദായം 8.1 ശതമാനം ഉയര്‍ന്നു എന്നാല്‍ ലാഭമാര്‍ജിനുകള്‍ നേരിയ കാഴ്ച കാണിച്ചു. നാലാം പാദത്തില്‍ വരുമാനം കുറഞ്ഞെങ്കിലും പെട്രോനെറ്റ് എല്‍എന്‍ജി യുടെ ലാഭക്ഷമത കൂടി.

മണപ്പുറം ഫിനാന്‍സിന്റെ അറ്റപലിശ വരുമാനം 2.6 ശതമാനം വര്‍ധിച്ചപ്പോള്‍ കമ്പനി 191 കോടി രൂപ നഷ്ടത്തില്‍ നിന്ന് 404 കോടി രൂപ അറ്റാദായത്തില്‍ എത്തി. ജിന്‍ഡല്‍ സ്റ്റെയിന്‍ലെസ് നാലാം പാദത്തില്‍ വരുമാനം 11 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ അറ്റാദായം 41 ശതമാനം കുതിച്ചു.

റിയല്‍റ്റി കമ്പനി ശോഭ വരുമാനം 60.2 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ നാലാം പാദ അറ്റാദായം 124 ശതമാനം കുതിച്ചുകയറി 92 കോടി രൂപയില്‍ എത്തി.

വരുമാനം 21.8 ശതമാനം കൂടിയപ്പോള്‍ എല്‍ ജി ബാലകൃഷ്ണന്‍ ആന്‍ഡ് ബ്രദേഴ്സ് അറ്റാദായം 17 ശതമാനം കുറഞ്ഞു. ജ്യോതി ലാബ്‌സിനു നാലാം പാദ വരുമാനം 7.72 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 12.3 ശതമാനം കുറഞ്ഞു.

സ്വര്‍ണം ഇടിഞ്ഞിട്ടു കയറുന്നു

പശ്ചിമേഷ്യന്‍ യുദ്ധസാധ്യത വര്‍ധിച്ചതോടെ സ്വര്‍ണം ഇടിഞ്ഞു. തിങ്കളാഴ്ച രണ്ടു ശതമാനം നഷ്ടത്തോടെ സ്വര്‍ണം ഔണ്‍സിന് 4523.50 ഡോളറില്‍ ക്ലോസ് ചെയ്തു. എന്നാല്‍ സംഘട്ടനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇന്നു രാവിലെ 4542 ഡോളറിലേക്കു കയറി.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച 960 രൂപ കുറഞ്ഞ് 1,09,720 രൂപയില്‍ എത്തി. വെള്ളിവില തിങ്കളാഴ്ച മൂന്നര ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 72.85 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 72.67 ഡോളറിലേക്ക് താഴ്ന്നു. പ്ലാറ്റിനം 1958 ഡോളര്‍, പല്ലാഡിയം 1472 ഡോളര്‍, റോഡിയം 9500 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

കൊക്കോ കുതിക്കുന്നു

രാജ്യാന്തര വിപണിയില്‍ കൊക്കോ വില 8.57 ശതമാനം കുതിച്ചു ടണ്ണിന് 3,904 ഡോളര്‍ ആയി. ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒരു മാസ ഒരു മാസം കൊണ്ട് വില 20 ശതമാനം കയറി. ഐവറി കോസ്റ്റിലും ഘാനയിലും വിളവെടുപ്പ് സീസണില്‍ വരള്‍ച്ച വന്നത് ബീന്‍സിന്റെ ലഭ്യതയും ഗുണവും കുറയ്ക്കും എന്ന് ആശങ്കയുണ്ട്. വരും മാസങ്ങളില്‍ രാസവള വിലക്കയറ്റവും എല്‍നിനോ പ്രതിഭാസവും വിളവ് കുറയ്ക്കും എന്ന ഭീതി വിപണിയില്‍ സജീവമായി. 2025-26, 2026-27 സീസണുകളിലെ മിച്ചം സ്റ്റോക്ക് സംബന്ധിച്ച പ്രവചനം ഏജന്‍സികള്‍ തിരുത്തിത്തുടങ്ങി. 2024 ഡിസംബറില്‍ വന്ന ടണ്ണിനു 12,906 ഡോളറാണു കൊക്കോയുടെ റെക്കോര്‍ഡ് വില.

ഡോളര്‍ സൂചിക കയറുന്നു

യുഎസ് ഡോളര്‍ സൂചിക തിങ്കളാഴ്ച ഉയര്‍ന്ന് 98.37ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 98.51 ലേക്കു കയറി. യൂറോ 1.1687 ഡോളറിലേക്കും പൗണ്ട് 1.3523 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഡോളറിന് 157.21 യെന്‍ എന്ന നിലയിലേക്ക് താഴ്ന്നു.

ചൈനീസ് യുവാന്‍ ഡോളറിന് 6.83 യുവാന്‍ എന്ന നിരക്കില്‍ തുടര്‍ന്നു. അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം കുത്തനേ കൂടി 4.432 ശതമാനമായി. 30 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം അഞ്ചു ശതമാനം കടന്നു. പലിശ വര്‍ധിക്കും എന്നാണു വിപണി വിലയിരുത്തുന്നത്.

ഡോളര്‍ 95 രൂപ കടന്നു, ഇനിയും കയറും

ഡോളറുമായുള്ള വിനിമയത്തില്‍ രൂപ തിങ്കളാഴ്ചയും വലിയ ഇടിവിലായി. ക്രൂഡ് ഓയില്‍ വില കയറുന്നതും പശ്ചിമേഷ്യ യുദ്ധത്തിലേക്കു നീങ്ങുന്നതുമാണു കാരണം. ഡോളര്‍ ഇന്നലെ 95.33 രൂപ വരെ ഉയര്‍ന്ന ശേഷം 95.09ല്‍ ക്ലോസ് ചെയ്തു.

വിദേശത്തെ നോണ്‍ ഡെലിവെറേബിള്‍ ഫോര്‍വേഡ് (എന്‍ഡിഎഫ്) വിപണിയില്‍ ഡോളര്‍ ഇന്നു രാവിലെ 95.32 രൂപയിലേക്കു കയറി. ചൈനീസ് യുവാന്‍ 13.92 രൂപയിലും യൂറോ 111.14 രൂപയിലും എത്തി.

കൂടുതല്‍ വിദേശനാണ്യം സമാഹരിക്കാന്‍ പ്രവാസികള്‍ക്ക് ആകര്‍ഷകമായ എന്തെങ്കിലും ഡോളര്‍ നിക്ഷേപപദ്ധതി അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2013ല്‍ ഡോളറിന്റെ കുതിപ്പിനു വിരാമമിട്ടത് പ്രവാസിനിക്ഷേപ പദ്ധതി അവതരിപ്പിച്ചാണ്. ക്രൂഡ് വിലക്കയറ്റവും കയറ്റുമതിയിലെ തടസങ്ങളും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വലുതാക്കും. വിദേശനിക്ഷേപകര്‍ നിരന്തരം ഓഹരികള്‍ വിറ്റു മടങ്ങുന്നതു വിദേശനാണ്യ ശേഖരത്തില്‍ കുറവു വരുത്തും. ഈ സാഹചര്യത്തിലാണു നിക്ഷേപ പദ്ധതിയെപ്പറ്റി ആലോചിക്കുന്നത്.

ക്രൂഡ് ഓയില്‍ കുതിച്ചിട്ടു താഴ്ന്നു

ഹോര്‍മുസില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകും എന്ന ഭീതിയില്‍ തിങ്കളാഴ്ച കുതിച്ചുകയറിയ ക്രൂഡ് ഓയില്‍ ഇന്നു രാവിലെ ചെറിയ തോതില്‍ താഴ്ന്നു. തിങ്കളാഴ്ച 6.5 ശതമാനം കുതിച്ച് വിപ്പയ്ക്ക് 114.44 ഡോളറില്‍ ബ്രെന്റ് ഇനം ക്രൂഡ് ക്ലോസ് ചെയ്തു. ഭയന്നതുപോലെ ഒന്നും സംഭവിച്ചില്ല. ഇതോടെയാണു വില അല്‍പം താഴ്ന്നത്. ഇന്നു രാവിലെ വീപ്പയ്ക്ക് 113.59 ഡോളറിലേക്കു വില താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം ക്രൂഡ് 104.74 ഡോളറിലേക്ക് താഴ്ന്നു. യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 107.30 ഡോളറിലാണ്.. ഇന്ത്യ വാങ്ങുന്ന പശ്ചിമേഷ്യന്‍ ക്രൂഡിന്റെ (ഇന്ത്യന്‍ ബാസ്‌കറ്റ്) വില വെള്ളിയാഴ്ച 118.70 ഡോളര്‍ ആയി.

ക്രിപ്‌റ്റോകള്‍ കയറ്റത്തില്‍

ക്രിപ്‌റ്റോ കറന്‍സികള്‍ വീണ്ടും കുതിപ്പിലായി. ഹോര്‍മുസില്‍ ആശങ്ക പോലെ സംഘര്‍ഷം ഉണ്ടാകാത്തത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നു. ബിറ്റ്‌കോയിന്‍ 80,000 ഡോളര്‍ കടന്നു. ഇന്നു രാവിലെ 80,500 ല്‍ എത്തി. ഈഥര്‍ 2370 ഡോളറിനും സൊലാന 84.6 ഡോളറിനും മുകളില്‍ നില്‍ക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

stock market morning
stock market morning
stock market morning
stock market morning
logo
DhanamOnline
dhanamonline.com