എൻവിഡിയയ്ക്ക് വൻ തിരിച്ചടി, വാൾസ്ട്രീറ്റിൽ ആശങ്ക; ഇന്ത്യൻ വിപണിക്ക് മാത്രം എന്താണ് ഇത്ര ആത്മവിശ്വാസം?

ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രണ്ടു ശതമാനം താഴ്ന്നു. ചിപ്പ് നിര്‍മാതാക്കളായ എസ്‌കെ ഹൈനിക്‌സും സാംസങ്ങും നാലു ശതമാനം വരെ വീണു
Stock Market Morning Analysis
Market UpdatesImage courtesy: Canva
Published on: 

പലിശ കൂടുമെന്ന ഭീതിയും എഐ മേഖലയുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കയും വിപണികളെ താഴ്ത്തുന്നു. യുഎസ് ഫ്യൂച്ചേഴ്സും ഏഷ്യന്‍ വിപണികളും രാവിലെ ഇടിവിലാണ്. വിദേശനിക്ഷേപകര്‍ വാങ്ങല്‍ തുടരുന്നതിന്റെ പേരില്‍ ഇന്ത്യന്‍ വിപണി ഇന്നും മുന്നേറ്റത്തിനാണ് ഒരുങ്ങുന്നത്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,262.50ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,199 വരെ താഴ്ന്നിട്ടു കയറി. ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

എന്‍വിഡിയ ലക്ഷ്യവില താഴ്ത്തി ബ്രോക്കറേജുകള്‍

ജെന്‍സന്‍ ഹുവാംഗ് ഇല്ലാത്ത എന്‍വിഡിയ കമ്പനിയുടെ ഓഹരിവില 25 ശതമാനം കുറയും എന്നു ചില ബ്രോക്കറേജുകള്‍ ഈ ദിവസങ്ങളില്‍ പറഞ്ഞു. പലരും ഓഹരിയുടെ ഒരു വര്‍ഷത്തെ ലക്ഷ്യവില ഗണ്യമായി താഴ്ത്തി. എച്ച്എസ്ബിസി 365 ല്‍ നിന്നു 170 ഡോളര്‍ ആയും ബെയാര്‍ഡ് 500 ല്‍ നിന്ന് 200 ഡോളര്‍ ആയും ലക്ഷ്യവില കുറച്ചു. ട്രൂയിസ്റ്റ് ആന്‍ഡ് വില്യം ബ്ലെയര്‍ 346 ല്‍ നിന്ന് 174 ഡോളറാക്കി ലക്ഷ്യവില. നീദാമും ബേണ്‍സ്‌റ്റൈനും 200 ഡോളറിലേക്കു ലക്ഷ്യവില താഴ്ത്തി.

നേട്ടം ആപ്പിളിന്

എന്‍വിഡിയയുടെ വിപണിമൂല്യം ഒക്ടോബര്‍ ആറിന് 5.8 ട്രില്യണ്‍ (ലക്ഷം കോടി) ഡോളര്‍ എന്ന റെക്കോര്‍ഡ് കുറിച്ചതാണ്. വെള്ളിയാഴ്ച 3.92 ട്രില്യണ്‍ ഡോളറായി മൂല്യം ഇടിഞ്ഞു. ആറ് ആഴ്ച കൊണ്ടു നഷ്ടം 32.2 ശതമാനം. എന്‍വിഡിയ തകര്‍ന്നത് ആപ്പിളിനു നേട്ടമായി. ആപ്പിള്‍ ഓഹരി വെള്ളിയാഴ്ച 360.80 ഡോളര്‍ വരെ കയറി. ഓഹരിയുടെ വിപണിമൂല്യം 5.2 ട്രില്യണ്‍ ഡോളര്‍ ആയി. പിന്നീടു താഴ്ന്നാണു ക്ലോസ് ചെയ്തത്. എഐ മത്സരത്തില്‍ ചേരാതെ നില്‍ക്കുന്ന ആപ്പിളാണു ടെക് മേഖലയിലെ സുരക്ഷിതനിക്ഷേപം എന്നു ബ്രോക്കറേജ് ബേണ്‍സ്‌റ്റൈന്‍ വിലയിരുത്തി അവര്‍ ഓഹരിക്ക് 380 ഡോളര്‍ ലക്ഷ്യവില നിര്‍ണയിച്ചു.

ജെന്‍സനു വേണ്ടി ഒപ്പുശേഖരണം

ജെന്‍സന്‍ ഹുവാംഗിനെ എന്‍വിഡിയയില്‍ തിരികെ നിയമിക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന standwithjensen വെബ് പേജിലെ ഒപ്പുശേഖരണത്തില്‍ 1.65 ലക്ഷം പേര്‍ ഒപ്പിട്ടു. എന്‍വിഡിയയിലെ 8,100 ലധികം ജീവനക്കാരും ഇതില്‍ പെടുന്നു. ഇലോണ്‍ മസ്‌ക് തുടങ്ങി എഐ, ടെക് മേഖലകളിലെ പല പ്രമുഖരും ഒപ്പിട്ടു. ജെന്‍സന്റെ അഭാവം എന്‍വിഡിയയും മറ്റു കമ്പനികളുമായുള്ള ബന്ധത്തെ ബാധിക്കും എന്ന് മസ്‌ക് പറയുന്നു. എഐ, ഡാറ്റാ സെന്റര്‍ മേഖലകളിലായി 53,000 കോടി ഡോളര്‍ നിക്ഷേപങ്ങള്‍ എന്‍വിഡിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതില്‍ പലതും അനിശ്ചിതത്വത്തിലാകും.

റിസല്‍ട്ട് ചൊവ്വാഴ്ച

എന്‍വിഡിയയുടെ മൂന്നാംപാദ റിസല്‍ട്ട് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. നാലാം പാദ വരുമാനവും ലാഭവും സംബന്ധിച്ചു മാനേജ്‌മെന്റ് എന്താണു പറയുക എന്നതിലാണു വിപണിയുടെ ശ്രദ്ധ. നൂറു ശതമാനത്തിനടുത്തു വളര്‍ച്ച കാണിച്ചിരുന്ന കമ്പനി താഴ്ന്ന വളര്‍ച്ചയിലേക്കു നീങ്ങിയാല്‍ വിപണി നെഗറ്റീവായി പ്രതികരിക്കും.

ആന്ത്രോപിക് ഐപിഒ

എഐ രംഗത്തെ മുന്‍നിര കമ്പനി ആന്ത്രോപിക്കിന്റെ ഐപിഒ വ്യാഴാഴ്ച നടക്കും. രണ്ടു ലക്ഷം കോടി ഡോളര്‍ മൂല്യനിര്‍ണയം പ്രതീക്ഷിച്ചിരുന്ന കമ്പനി ഇപ്പോള്‍ 1.4 ലക്ഷം കോടിയാണു പ്രതീക്ഷിക്കുന്നത്. അതു സാധിച്ചില്ലെങ്കില്‍ വിപണി ഉലയും. 10 വര്‍ഷം കൊണ്ടു 90,000 കോടി ഡോളര്‍ നിക്ഷേപബാധ്യത കമ്പനിക്കുണ്ട്. ഒന്‍പതു മാസത്തെ സഞ്ചിത നഷ്ടം 10,400 കോടി ഡോളറാണ്. 11,750 കോടി ഡോളര്‍ ബാധ്യതകള്‍ ഉണ്ട്. ആന്ത്രോപിക്കില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാമെന്ന് എന്‍വിഡിയ വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.

യുഎസ് വിപണി വീണ്ടും താഴ്ന്നു

എന്‍വിഡിയ സംഭവവികാസങ്ങളുടെ തുടര്‍ചലനങ്ങള്‍ വെള്ളിയാഴ്ച യുഎസ് വിപണികളെ നഷ്ടത്തിലാക്കി. എന്‍വിഡിയ ഓഹരി രണ്ടു ശതമാനം കൂടി താഴ്ന്നു. യുഎസിലെ മൊത്തവിലക്കയറ്റം ഒക്ടോബറില്‍ പ്രതിമാസം 0.3 ഉം പ്രതിവര്‍ഷം 6.5 ഉം ശതമാനം വര്‍ധിച്ചു. പലിശ വര്‍ധനയ്ക്കുള്ള സാധ്യതയ്ക്ക് അടിവര ഇടുന്നതായി ഈ കണക്ക്. യുഎസ് 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 5.14 ശതമാനമായി ഉയര്‍ന്നു.

വെള്ളിയാഴ്ച ഡൗ ജോണ്‍സ് സൂചിക 50.46 പോയിന്റ് (0.10 ശതമാനം) ഉയര്‍ന്ന് 52,347.55 ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 30.73 പോയിന്റ് (0.40%) നഷ്ടത്തോടെ 7561.67ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 229.82 പോയിന്റ് (0.91%) താഴ്ന്ന് 25,136.27ല്‍ ക്ലോസ് ചെയ്തു.

കഴിഞ്ഞ ആഴ്ച മൊത്തമെടുത്താല്‍ യുഎസ് വിപണി മികച്ച മുന്നേറ്റമാണു നടത്തിയത്. ഡൗ 2.1ഉം എസ്ആന്‍ഡ്പി 2.5 ഉം നാസ്ഡാക് 2.3 ഉം ശതമാനം കുതിച്ചു.

ഫ്യൂച്ചേഴ്‌സ് താഴോട്ട്

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നഷ്ടത്തിലാണ്. ഡൗ ജോണ്‍സ് 59 പോയിന്റും (0.11%) എസ്ആന്‍ഡ്പി 18 പോയിന്റും (0.23%) നാസ്ഡാക് 100 സൂചിക 158 പോയിന്റും (0.57%) താഴ്ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ വെള്ളിയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 0.47 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.12% കുറഞ്ഞ് 25.80 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.38% കയറിയിട്ടു തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 34.52 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് മാറ്റമില്ലാതെ തുടര്‍ വ്യാപാരത്തില്‍ 1.11% ഉയര്‍ന്നു 12.50 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തും തുടര്‍ വ്യാപാരത്തിലും 0.47 ശതമാനം വീതം താഴ്ന്നു 2.11 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് ഭിന്നദിശകളില്‍

എഐ, ടെക് കമ്പനികളെപ്പറ്റിയുള്ള അനിശ്ചിതത്വം യൂറോപ്യന്‍ ഓഹരി സൂചികകളെ ഭിന്ന ദിശകളിലാക്കി. യൂറോ സ്റ്റോക്‌സും ജര്‍മന്‍, സ്വിസ് സൂചികകളും താഴ്ന്നു. യൂറോപ്യന്‍ ഓഹരികളുടെ ഒരു വര്‍ഷത്തെ വളര്‍ച്ച നേരത്തേ കണക്കാക്കിയ 15 ശതമാനത്തില്‍ നിന്നു ഗോള്‍ഡ്മാന്‍ സാക്‌സ് അഞ്ചു ശതമാനമായി താഴ്ത്തി.

ഏഷ്യന്‍ വിപണികള്‍ക്കു നഷ്ടം

ഏഷ്യന്‍ വിപണികള്‍ ഇന്നു നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രണ്ടു ശതമാനം താഴ്ന്നു. ചിപ്പ് നിര്‍മാതാക്കളായ എസ്‌കെ ഹൈനിക്‌സും സാംസങ്ങും നാലു ശതമാനം വരെ വീണു. അപ്രതീക്ഷിതമായി ജിഡിപി ചുരുങ്ങിയതു ജപ്പാനിലെ നിക്കൈ സൂചികയെ 1.5 ശതമാനം താഴ്ത്തി. മൂന്നാം പാദ ജിഡിപി തലേ പദത്തില്‍ നിന്നു 0.8 ശതമാനം കുറഞ്ഞു. ഓസ്‌ട്രേലിയന്‍ സൂചിക 0.80 ശതമാനം നഷ്ടത്തിലാണ്. തായ്വാന്‍ സൂചിക മൂന്നു ശതമാനം ഇടിഞ്ഞു. ഷാങ്ഹായ് സൂചിക 0.85% നഷ്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് 0.35 ശതമാനം ഉയര്‍ന്നു.

താഴ്ന്ന് ഇന്ത്യന്‍ വിപണി

പലിശപ്പേടിയും ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ സൂചികയും കയറുന്നതും ടെക് ഓഹരികളില്‍ അനിശ്ചിതത്വം വന്നതും വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയെ താഴ്ത്തി. ബാങ്കുകള്‍ അടക്കം എല്ലാ മേഖലകളും നഷ്ടത്തിലായി. എങ്കിലും ബുധനാഴ്ച കുതിച്ചു കയറിയതിന്റെ ബലത്തില്‍ ആഴ്ച നേട്ടത്തോടെ അവസാനിച്ചു.

ബിഎസ്ഇയുടെ വിപണിമൂല്യം 510.19 ലക്ഷം കോടി (ട്രില്യണ്‍) രൂപ (5.42 ട്രില്യണ്‍ ഡോളര്‍) ആയി താഴ്ന്നു. എന്‍എസ്ഇയുടെ വിപണിമൂല്യം 505.70 ട്രില്യണ്‍ രൂപ (5.37 ട്രില്യണ്‍ ഡോളര്‍) ആണ്.

വിശാലവിപണിയില്‍ ഭൂരിപക്ഷം ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 1879 ഓഹരികള്‍ ഉയര്‍ന്നു, 2571 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1437 ഓഹരികള്‍ കയറിയപ്പോള്‍ 2169 എണ്ണം ഇടിഞ്ഞു.

വെള്ളിയാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 5736.55 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2253.58 കോടി രൂപയുടെ അറ്റവില്‍പന നടത്തി.

സെപ്റ്റംബറിലും ഒക്ടോബറിലും ഇന്ത്യയില്‍ നിന്നു പണം പിന്‍വലിച്ച വിദേശ നിക്ഷേപകര്‍ നവംബറിലെ രണ്ടാഴ്ച കൊണ്ട് 84,290 കോടി രൂപ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചു.

വെള്ളിയാഴ്ച സെന്‍സെക്സ് 318.56 പോയിന്റ് (0.39%) താഴ്ന്ന് 81,592.45ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 155.05 പോയിന്റ് (0.61%) നഷ്ടത്തോടെ 25,144.30ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 484.40 പോയിന്റ് (0.79%) ഇടിവോടെ 61,034.10ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 149.50 പോയിന്റ് (0.24%) താഴ്ന്ന് 61,889.50ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 50.30 പോയിന്റ് (0.26%) കുറഞ്ഞ് 19,656.45ല്‍ ക്ലോസ് ചെയ്തു.

കമ്പനികള്‍, വാര്‍ത്തകള്‍

ബ്രിട്ടീഷ് യൂണിറ്റ് ആയ ജഗ്വാര്‍ ലാന്‍ഡ് റോവറിലെ പുനസംഘടനാ ചെലവുകള്‍ വര്‍ധിച്ചതു ടാറ്റാ മോട്ടോഴ്‌സ് പിവിയെ രണ്ടാം പാദത്തില്‍ നഷ്ടത്തിലാക്കി. വരുമാനം 34 ശതമാനം കുതിച്ച് 96,920 കോടി രൂപയില്‍ എത്തി. പ്രവര്‍ത്തന നഷ്ടം മാറി 4866 കോടി രൂപ ലാഭം ഉണ്ടായെങ്കിലും 6738 കോടിയുടെ അസാധാരണ ചെലവിനെ തുടര്‍ന്ന് 5531 കോടിയുടെ അറ്റ നഷ്ടത്തിലായി. വരുമാനവും പ്രവര്‍ത്തന ലാഭവും പ്രതീക്ഷയില്‍ കുറവായി.

വരുമാനം 45 ശതമാനം കൂടിയപ്പോള്‍ ഗോദ്റെജ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 130 ശതമാനം കുതിച്ചു. ലാഭമാര്‍ജിന്‍ 2.7ല്‍ നിന്ന് 5.9 ശതമാനമായി ഉയര്‍ന്നു.

ജൂബിലന്റ് ഫാര്‍മോവയുടെ രണ്ടാം പാദ വരുമാന 20.5 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രവര്‍ത്തനലാഭം 29.3 ശതമാനം താഴ്ന്നു. അറ്റാദായം 74.1 ശതമാനം ഇടിഞ്ഞു.

അശോക് ലെയ്ലന്‍ഡ് രണ്ടു പാദ വരുമാനം 35 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ അറ്റാദായ വര്‍ധന 8.7 ശതമാനം മാത്രം. ആഭ്യന്തര ട്രക് വിപണിയില്‍ ലെയ്ലന്‍ഡിന്റെ പങ്ക് 31.5 ശതമാനമായി വര്‍ധിച്ചു.

ഐഷര്‍ മോട്ടോഴ്സിനു രണ്ടാം പാദ വരുമാനം 20.2% വര്‍ധിച്ചപ്പോള്‍ അറ്റാദായ വര്‍ധന 14.8% മാത്രം. ത്രൈമാസ റോയല്‍ എന്‍ഫീല്‍ഡ് വില്‍പന 15% കുതിച്ച് 3,76,722 എന്ന റെക്കോര്‍ഡില്‍ എത്തി.

കയറ്റുമതി കുതിച്ചു, വ്യാപാരകമ്മി കുറഞ്ഞു

ഒക്ടോബറില്‍ ഇന്ത്യയുടെ കയറ്റുമതി കുതിച്ചു. വ്യാപാര കമ്മി കുറഞ്ഞു. ഉല്‍പന്ന കയറ്റുമതി 45% വര്‍ധിച്ച് 4947 കോടി ഡോളറില്‍ (4.73 ക്ഷം കോടി രൂപ) എത്തി. സേവനങ്ങള്‍ കൂടി പെടുത്തിയാല്‍ 8999 കോടി ഡോളറാകും കയറ്റുമതി. മൊത്തം ഇറക്കുമതി 11,007 കോടി ഡോളറില്‍ എത്തി. വ്യാപാര കമ്മി 2515 കോടിയില്‍ നിന്ന് 2009 കോടി ഡോളര്‍ ആയി കുറഞ്ഞു

സ്വര്‍ണം വീണ്ടും താഴോട്ട്

പലിശവര്‍ധന ഉറപ്പായി എന്ന നിലയില്‍ ഇടിഞ്ഞു പോന്ന സ്വര്‍ണം ഇന്നു തുടക്കത്തില്‍ ചാഞ്ചാടിയിട്ടു വീണ്ടും താഴ്ചയിലായി. വെള്ളിയാഴ്ച ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം ഏഴു ഡോളര്‍ (0.18%) ഉയര്‍ന്ന് ഔണ്‍സിന് 3885.40 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3902 ഡോളര്‍ വരെ ഉയര്‍ന്നിട്ടു 3859 വരെ താഴ്ന്നു. പിന്നീട് അല്പം ഉയര്‍ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് വെള്ളിയാഴ്ച 1800 രൂപ കുറഞ്ഞ് 1,00,720 രൂപയില്‍ വന്നു. ശനിയാഴ്ച 200 രൂപകൂടി 1,00,920 രൂപയായി.

വെള്ളിവില വെള്ളിയാഴ്ച 2.63 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 48.88 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 47.88 ഡോളര്‍ ആയി താഴ്ന്നു. പ്ലാറ്റിനം 1497 ഡോളര്‍, പല്ലാഡിയം 991 ഡോളര്‍, റോഡിയം 8275 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍ വിദേശത്തു കയറി, കേരളത്തില്‍ താഴ്ന്നു

റബര്‍ വില വിദേശത്തു കയറുകയും കേരളത്തില്‍ താഴുകയും ചെയ്തു. ബാങ്കോക്കില്‍ വെള്ളിയാഴ്ച ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 279.05 ഡോളറും ആര്‍എസ്എസ് മൂന്ന് 275.60 ഡോളറും ആയി. കേരളത്തില്‍ ശനിയാഴ്ച ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,800 രൂപ ആയി.

ലോഹങ്ങള്‍ ഭിന്നദിശകളില്‍

വ്യാവസായിക ലോഹങ്ങള്‍ ദിനദിശകളിലായി. ചെമ്പ് 0.74 ശതമാനം ഇടിഞ്ഞു ടണ്ണിന് 13,610.00 ഡോളര്‍ ആയി. അലൂമിനിയം 0.68 ശതമാനം താഴ്ന്നു 3010.00 ഡോളറില്‍ എത്തി. സിങ്ക് താഴ്ന്നു. ടിന്നും ലെഡും നിക്കലും ഉയര്‍ന്നു.

കൊക്കോ ഉയര്‍ന്നു

കൊക്കോ വില 1.08 ശതമാനം കയറി ടണ്ണിന് 5260 ഡോളറില്‍ ക്ലോസ് ചെയ്തു. 2026-27 സീസണില്‍ ഐവറി കോസ്റ്റിലെ വിളവ് 25% കുറയുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. എല്‍ നിനോ പ്രതിഭാസം മൂലം മഴയില്‍ 27 ശതമാനം വരെ കുറവുണ്ടാകുന്നതാണു കാരണം. വരണ്ട കാലാവസ്ഥ മൂലം ഘാനയിലും നൈജീരിയയിലും വിളവ് കുറവാണ്.

അറബിക്ക കാപ്പി പൗണ്ടിന് 0.38 ശതമാനം താഴ്ന്നു 2.735 ഡോളറില്‍ എത്തി. പാം ഓയില്‍ 0.50 ശതമാനം ഉയര്‍ന്നു ടണ്ണിന് 4462 മലേഷ്യന്‍ റിംഗിറ്റ് ആയി.

ഡോളര്‍ സൂചിക ഉയരുന്നു

പലിശ കൂടുമെന്ന ധാരണ യുഎസ് ഡോളര്‍ സൂചികയെ ഉയരത്തില്‍ നിര്‍ത്തി. വെള്ളിയാഴ്ച സൂചിക 103.41 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.44 വരെ കയറിയിട്ടു താഴ്ന്നു.

യൂറോ 1.1023 ഉം പൗണ്ട് 1.3214 ഉം ഡോളറിലേക്കു താഴ്ന്നു. ഡോളര്‍ 159.66 ജാപ്പനീസ് യെന്‍ വരെ ഉയര്‍ന്നു. ചൈനീസ് യുവാന്‍ ഡോളറിന് 6.67 യുവാനില്‍ തുടരുന്നു.

അമേരിക്കയില്‍ 10 വര്‍ഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം ഇന്നു രാവിലെ 5.17 ശതമാനം വരെ ഉയര്‍ന്നിട്ട് 5.147 ലേക്കു താഴ്ന്നു.

രൂപ ഇടിവില്‍

ഡോളറിന്റെ കുതിപ്പും ക്രൂഡ് ഓയില്‍ വിലയുടെ കയറ്റവും രൂപയെ വീണ്ടും താഴ്ത്തി. വെള്ളിയാഴ്ച ഡോളര്‍ 20 പൈസ ഉയര്‍ന്നു 94.24 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 94.25 രൂപയില്‍ നില്‍ക്കുന്നു. ചൈനീസ് യുവാന്‍ 14.16 രൂപയായി കയറി. യൂറോ താഴ്ന്നു 103.88 രൂപയില്‍ എത്തി.

ക്രൂഡ് ഓയില്‍ താഴുന്നു

വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ ചാഞ്ചാട്ടത്തിനു ശേഷം നാമമാത്ര നേട്ടത്തില്‍ അവസാനിച്ചു. ബ്രെന്റ് ഇനം ക്രൂഡ് 0.02 ഡോളര്‍ കയറി 95.84 ഡോളറില്‍ എത്തി. ഇന്നു രാവിലെ 95.12 ഡോളര്‍ ആയി താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 88.10 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ ഇടിഞ്ഞു

ക്രിപ്‌റ്റോ കറന്‍സികള്‍ വലിയ ഇടിവിലാണ്. ക്രിപ്‌റ്റോ വിപണിക്കു നിയന്ത്രണങ്ങള്‍ വരുമെന്നാണു ഭീതി. ബിറ്റ്‌കോയിന്‍ ഞായറാഴ്ച 62,000 ഡോളര്‍ വരെ ഇടിഞ്ഞ ശേഷം കയറി 65,000 ഡോളറിനു താഴെ നില്‍ക്കുന്നു. ഈഥര്‍ 1825 ഡോളറിനും സൊലാന 72.50 ഡോളറിനും താഴെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```