എഐ തകര്‍ച്ച അവഗണിച്ച് ഇന്ത്യ, വിദേശ ഫണ്ടുകളില്‍ ആവേശം തുടരുന്നു; മോദി -ട്രംപ് കൂടിക്കാഴ്ച മനിലയില്‍, എന്‍വിഡിയ റിസല്‍ട്ട് ഇന്ന്

എഐ മേഖലയുടെ ഇടിവില്‍ അമേരിക്കന്‍ വിപണി ഇന്നലെ വലിയ തകര്‍ച്ചയിലായി. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്
Stock Market Morning Analysis
Market UpdatesImage courtesy: Canva
Published on: 

എഐ മേഖലയുടെ ഇടിവില്‍ അമേരിക്കന്‍ വിപണി ഇന്നലെ വലിയ തകര്‍ച്ചയിലായി. ഇന്നു രാവിലെ ഏഷ്യന്‍ വിപണികളും നഷ്ടത്തിലാണ്. എന്നാല്‍ വിദേശനിക്ഷേപകര്‍ വിപണിയില്‍ പണമിറക്കാന്‍ വരുന്നതിന്റെ കരുത്തില്‍ ഇന്ത്യന്‍ വിപണി മുന്നേറ്റം തുടരാനുള്ള മോഹത്തിലാണ്. ഡോളര്‍ കരുത്തു കൂടുന്നതിനിടയിലും ഇന്നലെ ഇന്ത്യന്‍ രൂപ ഗണ്യമായി മുന്നേറി.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ ഗിഫ്റ്റ് നിഫ്റ്റി തിങ്കളാഴ്ച രാത്രി 25,295.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,360 വരെ കയറിയിട്ടു 25,300നു താഴേക്കു വന്നു. ഇന്ത്യന്‍ വിപണി ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങും എന്നാണ് സൂചന.

സ്റ്റീലിന് യൂറോപ്യന്‍ പിഴച്ചുങ്കം

യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റീലിന് 9.5 ശതമാനം ആന്റിഡംപിംഗ് ഡ്യൂട്ടി ചുമത്തി. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍ തുടങ്ങിയവയെ ഇതു ബാധിക്കും. ജപ്പാന്‍, തുര്‍ക്കി, വിയറ്റ്‌നാം, തായ്വാന്‍ എന്നിവയ്ക്കും ഡ്യൂട്ടി ഉണ്ട്. വില താഴ്ത്തി വില്‍ക്കുന്നു എന്നാണ് ആരോപണം. ജപ്പാന് 27.9 ശതമാനം ഡ്യൂട്ടി ഉണ്ട്.

ക്രൂഡ് ഓയില്‍ വില താഴ്ന്നതിനെ തുടര്‍ന്ന് ഡീസലും വിമാന ഇന്ധനവും കയറ്റുമതി ചെയ്യുന്നതിനുള്ള അമിതലാഭ നികുതി ഇന്ത്യ ഉയര്‍ത്തി. പെട്രോള്‍ കയറ്റുമതിക്കു ഡ്യൂട്ടി ഇല്ല. മൂന്നാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ വര്‍ധനയാണിത്.

ഗ്രീന്‍കാര്‍ഡ് ബുദ്ധിമുട്ടാകും

ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ക്കു കൂടുതല്‍ കര്‍ശന വ്യവസ്ഥകള്‍ അമേരിക്ക അവതരിപ്പിച്ചു. ലേ ഓഫ് നടത്തിയ കമ്പനികള്‍ വിദേശ ജോലിക്കാരെ എടുക്കുന്നതു വിലക്കും. ഉയര്‍ന്ന വേതനമുള്ള ജോലികള്‍ അമേരിക്കക്കാര്‍ക്കു കിട്ടുന്നു എന്ന് ഉറപ്പു വരുത്തുകയാണു ലക്ഷ്യമെന്നു ലേബര്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിംഗ് പറഞ്ഞു.

മോദി- ട്രംപ് കൂടിക്കാഴ്ച

ഇന്നു ഫിലിപ്പീന്‍സിലെ മനിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജപ്പാനും ഓസ്‌ട്രേലിയയും ഉള്‍പ്പെട്ട ക്വാഡ് സൈനിക സഹകരണ വേദിയിലാണു കൂടിക്കാഴ്ച. അതില്‍ ഉഭയകക്ഷി ബന്ധം സംബന്ധിച്ചു കാര്യമായ ചര്‍ച്ച നടക്കുമോ എന്നു വ്യക്തമല്ല.

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍ ആണെന്ന് ഇരു രാജ്യങ്ങളും പറയുന്നുണ്ടെങ്കിലും തര്‍ക്കങ്ങള്‍ തുടരുന്നു എന്നാണു സൂചന. ഉഭയകക്ഷി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ ബന്ധം മെച്ചപ്പെട്ടില്ല എന്നു കരുതേണ്ടി വരും.

എന്‍വിഡിയ റിസല്‍ട്ട് ഇന്ന്

എന്‍വിഡിയയുടെ മൂന്നാംപാദ റിസല്‍ട്ട് ഇന്നു യുഎസ് വിപണി സമയത്തിനു ശേഷം പ്രസിദ്ധീകരിക്കും. നാലാം പാദ വരുമാനവും ലാഭവും സംബന്ധിച്ച മാനേജ്‌മെന്റ് വിലയിരുത്തലാണു നിര്‍ണായകം. നാലാം പാദ വളര്‍ച്ചയില്‍ വലിയ കുറവാണു മാനേജ്‌മെന്റ് പറയുന്നതെങ്കില്‍ വിപണി വല്ലാതെ പ്രതികരിക്കും. ഇടക്കാല സിഇഒ കോളറ്റ് ക്രെസും ചെയര്‍മാന്‍ ഹാര്‍വി ജോണ്‍സും മറ്റു ചോദ്യങ്ങള്‍ക്കു നല്‍കുന്ന ഉത്തരങ്ങള്‍ ഓഹരിയുടെ വിലയെ സാരമായി ബാധിക്കും.

കരാറുകള്‍ വാക്കാല്‍ മാത്രം

എന്‍വിഡിയയുടെ ഗ്രാഫിക് പ്രോസസറുകള്‍ (ജിപിയു) വാങ്ങുന്ന കമ്പനികളുമായും എന്‍വിഡിയ ഉല്‍പന്നങ്ങളുടെ ഘടകങ്ങള്‍ നല്‍കുന്നവരുമായും മുന്‍ സിഇഒ ജെന്‍സന്‍ ഹുവാങ് ഉണ്ടാക്കിയ ധാരണകളെപ്പറ്റി ചോദ്യം ഉയരും. ഒട്ടുമിക്ക കരാറുകളും വാക്കാല്‍ മാത്രമാണ്. രേഖകള്‍ ഇല്ല. എന്‍വിഡിയ പ്രോസസറുകളും സോഫ്റ്റ്വേറും വിപണിയില്‍ ആധിപത്യം പുലര്‍ത്തിയിരുന്നപ്പോള്‍ സപ്ലയര്‍മാര്‍ക്കു വേറേ വിപണി ഇല്ലായിരുന്നു. ഇപ്പോള്‍ അതല്ല നില.

ഗൂഗിള്‍ അടക്കം എന്‍വിഡിയ ഉപയോക്താക്കള്‍ സ്വന്തം പ്രോസസറുകള്‍ ഇറക്കുന്നുണ്ട്. ആ കമ്പനികള്‍ എന്‍വിഡിയയുടെ സപ്ലയര്‍മാരുമായി കരാറുകള്‍ക്കു ശ്രമിക്കുന്നുണ്ട്. വാക്കാലുള്ള കരാറുകള്‍ രേഖയിലാക്കാന്‍ വൈകിയാല്‍ എന്‍വിഡിയയുടെ മേധാവിത്വം നഷ്ടപ്പെടും.

നിക്ഷേപം നടക്കുമോ?

എന്‍വിഡിയയുടെ നിക്ഷേപ വാഗ്ദാനം വിശ്വസിച്ച് വികസനം പ്ലാന്‍ ചെയ്ത കമ്പനികള്‍ക്ക് പണം നല്‍കുന്നതും പുതിയ മാനേജ്‌മെന്റിനുള്ള വെല്ലുവിളിയാണ്. എഐ, ഡാറ്റാ സെന്റര്‍ മേഖലകളിലായി 53,000 കോടി ഡോളര്‍ നിക്ഷേപങ്ങള്‍ എന്‍വിഡിയ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷം മാത്രം ആയുസുള്ള പ്രോസസറുകള്‍ ആസ്തിയായി കണക്കാക്കിയുള്ള നിക്ഷേപ തന്ത്രമാണ് ഹുവാങ് നടത്തിയിരുന്നത്. അതു ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടാകാം. ഇവയെപ്പറ്റിയും ചോദ്യങ്ങള്‍ ഉയരും.

ജെന്‍സനു വേണ്ടി ഒപ്പുശേഖരണം

ജെന്‍സന്‍ ഹുവാംഗിനെ എന്‍വിഡിയയില്‍ തിരികെ നിയമിക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന standwithjensen വെബ് പേജിലെ ഒപ്പുശേഖരണത്തില്‍ ഇന്നു രാവിലെ വരെ 1.88 ലക്ഷം പേര്‍ ഒപ്പിട്ടു. എന്‍വിഡിയയിലെ 9400 ലധികം ജീവനക്കാരും ഇതില്‍ പെടുന്നു. ഇലോണ്‍ മസ്‌ക് തുടങ്ങി എഐ, ടെക് മേഖലകളിലെ പല പ്രമുഖരും ഒപ്പിട്ടു. ആദ്യദിവസത്തെ ആവേശം ഇന്നലെ ഒപ്പിടീലില്‍ കണ്ടില്ല. ജെന്‍സന്റെ അഭാവം എന്‍വിഡിയയും മറ്റു കമ്പനികളുമായുള്ള ബന്ധത്തെ ബാധിക്കും എന്ന് മസ്‌ക് പറയുന്നു.

ജെന്‍സന്‍ വരട്ടെയെന്നു ട്രംപ്

ജെന്‍സന്‍ ഒരു പാഠം പഠിച്ചെന്നും അദ്ദേഹത്തെ തിരികെ നിയമിക്കുന്നതില്‍ കുഴപ്പമില്ലെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞു. ഒരു ദിവസം മുന്‍പ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞത് എന്‍വിഡിയ പഴയതെല്ലാം തള്ളി പുതിയ തുടക്കം കുറിക്കണം എന്നാണ്. യുഎസ് ഭരണകൂടത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെന്ന് ഇതു കാണിക്കുന്നു. തിരിച്ചു കയറുന്ന കാര്യം ഹുവാങ് തന്റെ വിശ്വസ്തരുമായി ചര്‍ച്ച ചെയ്‌തെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹുവാങ്ങിനെ തിരിച്ചു വിളിക്കാന്‍ ചര്‍ച്ച നടക്കുന്നില്ലെന്നു ഡയറക്ടര്‍ ബോര്‍ഡ് പ്രസ്താവന ഇറക്കി.

ആന്ത്രോപിക്കിന്റെ വില

എന്‍വിഡിയ റിസല്‍ട്ടിനു ശേഷം വ്യാഴാഴ്ച എഐ രംഗത്തെ മുന്‍നിര കമ്പനി ആന്ത്രോപിക്കിന്റെ ഐപിഒ നടക്കുന്നുണ്ട്. എന്തു വിലയില്‍ അതു നടക്കും എന്നതു നിര്‍ണായകമാണ്. രണ്ടു ലക്ഷം കോടി ഡോളര്‍ മൂല്യനിര്‍ണയം പ്രതീക്ഷിച്ചിരുന്ന കമ്പനി ഇപ്പോള്‍ 1.4 ലക്ഷം കോടിയാണു കണക്കാക്കുന്നത്. അതു സാധിച്ചില്ലെങ്കില്‍ വിപണി ഉലയും. ആന്ത്രോപിക്കില്‍ 1,000 കോടി ഡോളര്‍ നിക്ഷേപിക്കാമെന്ന് എന്‍വിഡിയ വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.

യുഎസ് വിപണിയില്‍ ചോരപ്പുഴ

എന്‍വിഡിയ തുടര്‍ചലനങ്ങള്‍ മൂന്നാം ദിവസം യുഎസ് വിപണികളെ മുന്‍ ദിവസങ്ങളേക്കാള്‍ വലിയ നഷ്ടത്തിലാക്കി. എന്‍വിഡിയ ഓഹരി നാലു ശതമാനം കൂടി താഴ്ന്നു. നാസ്ഡാക് സൂചിക രണ്ടു ശതമാനം ഇടിഞ്ഞു. ചിപ്പ്, മെമ്മറി നിര്‍മാതാക്കളും എഐ അധിഷ്ഠിത പുതുതലമുറ കമ്പനികളും ഡാറ്റാ സെന്റര്‍ നിര്‍മാണ കമ്പനികളും വലിയ നഷ്ടത്തിലായി. ആപ്പിള്‍ അടക്കം വമ്പന്‍ ഐടി കമ്പനികളും താഴ്ന്നു. ആമസോണിന്റെ 40 ലിയോ ഉപഗ്രഹങ്ങള്‍ നഷ്ടമായി വള്‍ക്കന്‍ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടത് ആമസോണ്‍, റോക്കറ്റ് നിര്‍മാതാക്കളായ ബോയിംഗ്, ലോക്ക്ഹീഡ് ഓഹരികളെ താഴ്ത്തി.

തിങ്കളാഴ്ച ഡൗ ജോണ്‍സ് സൂചിക 739.38 പോയിന്റ് (1.41 ശതമാനം) താഴ്ന്ന് 51,608.17ല്‍ ക്ലോസ് ചെയ്തു. എസ്ആന്‍ഡ്പി 145.08 പോയിന്റ് (1.92%) നഷ്ടത്തോടെ 7416.59ല്‍ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 626.51 പോയിന്റ് (2.49%) ഇടിഞ്ഞ് 24,509.76ല്‍ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്‌സ് ചാഞ്ചാടുന്നു

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്നദിശകളില്‍ ചാഞ്ചാടുകയാണ്. ഡൗ ജോണ്‍സ് 31 പോയിന്റ് (0.06%) താഴ്ന്നു. എസ്ആന്‍ഡ്പി 8 പോയിന്റും (0.10%) നാസ്ഡാക് 100 സൂചിക 70 പോയിന്റും (0.26%) ഉയര്‍ന്നു നീങ്ങുന്നു.

എഡിആര്‍ വിപണി

ന്യൂയോര്‍ക്കിലെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയില്‍ തിങ്കളാഴ്ച എച്ച്ഡിഎഫ്‌സി ബാങ്ക് വ്യാപാരസമയത്ത് 1.78 ശതമാനം ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ മാറ്റമില്ലാതെ 26.29 ഡോളറില്‍ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 0.29% താഴ്ന്നിട്ട് തുടര്‍ വ്യാപാരത്തില്‍ 0.87 ശതമാനം ഇടിഞ്ഞ് 34.12 ഡോളറില്‍ അവസാനിച്ചു. ഇന്‍ഫോസിസ് നിശ്ചിതസമയത്ത് 0.16% ഉയര്‍ന്നിട്ടു തുടര്‍ വ്യാപാരത്തില്‍ 0.49% താഴ്ന്നു 12.25 ഡോളറില്‍ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്തും തുടര്‍ വ്യാപാരത്തിലും 0.47 ശതമാനം വീതം താഴ്ന്നു 2.10 ഡോളറില്‍ അവസാനിച്ചു.

യൂറോപ്പ് നഷ്ടത്തില്‍

എഐ, ടെക് കമ്പനികളെപ്പറ്റിയുള്ള അനിശ്ചിതത്വം യൂറോപ്യന്‍ ഓഹരി സൂചികകളെ ഇന്നലെ നഷ്ടത്തിലാക്കി. ചിപ്പ് നിര്‍മാതാക്കള്‍ക്കാണു വലിയ ക്ഷീണം. ബാങ്കുകള്‍ ഉയര്‍ന്നു.

ഏഷ്യന്‍ വിപണികള്‍ നഷ്ടത്തില്‍

ഏഷ്യന്‍ വിപണികള്‍ ഇന്നും നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക രണ്ടു ശതമാനം ഇടിഞ്ഞിട്ടു നഷ്ടം കുറച്ചു. അഞ്ചു മാസം കൊണ്ടു സൂചിക 55 ശതമാനം ഇടിഞ്ഞു. ജപ്പാനിലെ നിക്കൈ സൂചിക ഒരു ശതമാനം താഴ്ന്നു. ഓസ്‌ട്രേലിയന്‍ സൂചിക 1.70 ശതമാനം നഷ്ടത്തിലാണ്. തായ്വാന്‍ സൂചിക ഒരു ശതമാനം ഇടിഞ്ഞു. ഷാങ്ഹായ് സൂചിക 0.60% നഷ്ടത്തിലാണ്. ഹോങ്കോങ്ങിലെ ഹാങ് സെങ് 1.35 ശതമാനം ഇടിഞ്ഞു.

വമ്പന്മാര്‍ക്കു കയറ്റം

പലിശപ്പേടി ഉണ്ടെങ്കിലും വിദേശ പണത്തിന്റെ വരവില്‍ ഇന്ത്യന്‍ വിപണി ഇന്നലെയും കുതിച്ചു. എന്നാല്‍ മുന്നേറ്റം ലാര്‍ജ് ക്യാപ്പുകളിലും സൂചികാധിഷ്ഠിത ഓഹരികളിലും ഒതുങ്ങി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നഷ്ടത്തിലായി.

ബിഎസ്ഇയുടെ വിപണിമൂല്യം 509.20 ലക്ഷം കോടി (ട്രില്യണ്‍) രൂപ (5.41 ട്രില്യണ്‍ ഡോളര്‍) ആയി താഴ്ന്നു. എന്‍എസ്ഇയുടെ വിപണിമൂല്യം 504.63 ട്രില്യണ്‍ രൂപ (5.36 ട്രില്യണ്‍ ഡോളര്‍) ആണ്.

വിശാലവിപണിയില്‍ ഒരോഹരി കയറിയപ്പോള്‍ രണ്ട് ഓഹരികള്‍ നഷ്ടത്തിലായി. ബിഎസ്ഇയില്‍ 1500 ഓഹരികള്‍ ഉയര്‍ന്നു, 3066 ഓഹരികള്‍ നഷ്ടത്തിലായി. എന്‍എസ്ഇയില്‍ 1168 ഓഹരികള്‍ കയറിയപ്പോള്‍ 2504 എണ്ണം ഇടിഞ്ഞു.

തിങ്കളാഴ്ച വിദേശനിക്ഷേപകര്‍ ക്യാഷ് വിപണിയില്‍ 4864.68 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3519.05 കോടി രൂപയുടെ അറ്റവില്‍പന നടത്തി.

തിങ്കളാഴ്ച സെന്‍സെക്സ് 512.34 പോയിന്റ് (0.63%) ഉയര്‍ന്ന് 82,104.79ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 146.80 പോയിന്റ് (0.58%) നേട്ടത്തോടെ 25,291.10 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 541.80 പോയിന്റ് (0.89%) കയറി 61,575.90 ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 313.10 പോയിന്റ് (0.51%) താഴ്ന്ന് 61,576.40 ല്‍ അവസാനിച്ചു. സ്‌മോള്‍ ക്യാപ് 100 സൂചിക 215.35 പോയിന്റ് (1.10%) ഇടിഞ്ഞ് 19,441.10 ല്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 95,000 എത്തുമെന്ന്

അടുത്ത വര്‍ഷം ഡിസംബറോടെ സെന്‍സെക്‌സ് 95,000 പോയിന്റില്‍ എത്തുമെന്നു മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിച്ചു. കമ്പനികളുടെ ലാഭം വര്‍ധിക്കുന്നതും രാജ്യത്തു സ്വകാര്യമേഖലയുടെ മൂലധനനിക്ഷേപം വര്‍ധിക്കുന്നതും കാരണങ്ങളാണ്. ഇപ്പോള്‍ ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം കുറവാണ്. കൂടുതല്‍ വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്കു വരുന്നത് ഓഹരികളെയും അവയുടെ മൂല്യനിര്‍ണയത്തെയും ഉയര്‍ത്തുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തി.

സ്വര്‍ണം താഴോട്ട്

പലിശവര്‍ധന ഉറപ്പായതു സ്വര്‍ണത്തെ വീണ്ടും താഴ്ചയിലാക്കി. തിങ്കളാഴ്ച 27.90 ഡോളര്‍ (0.72%) താഴ്ന്ന് ഔണ്‍സിന് 3857.50 ഡോളറില്‍ സ്വര്‍ണം ക്ലോസ് ചെയ്തു. ഇന്നു രാവിലെ 3846 വരെ താഴ്ന്നിട്ട് 3870 ഡോളറിലേക്കു കയറി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് തിങ്കളാഴ്ച 600 രൂപ കുറഞ്ഞ് 1,00,320 രൂപയില്‍ വന്നു.

വെള്ളിവില തിങ്കളാഴ്ച 3.64 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 47.11 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 47.22 ഡോളര്‍ ആയി ഉയര്‍ന്നു. പ്ലാറ്റിനം 1458 ഡോളര്‍, പല്ലാഡിയം 954 ഡോളര്‍, റോഡിയം 8325 ഡോളര്‍ എന്നിങ്ങനെ നില്‍ക്കുന്നു.

റബര്‍: വിദേശത്തു കയറ്റം, കേരളത്തില്‍ താഴ്ച

റബര്‍ വില വിദേശത്തു കയറുകയും കേരളത്തില്‍ താഴുകയും ചെയ്യുന്നു. ബാങ്കോക്കില്‍ തിങ്കളാഴ്ച ആര്‍എസ്എസ് ഒന്ന് ക്വിന്റലിന് 282.85 ഡോളറും ആര്‍എസ്എസ് മൂന്ന് 279.45 ഡോളറും ആയി ഉയര്‍ന്നു. കേരളത്തില്‍ തിങ്കളാഴ്ച ആര്‍എസ്എസ് നാല് ഇനം ക്വിന്റലിന് 28,500 രൂപ ആയി.

ചെമ്പ് ഇടിയുന്നു

വ്യാവസായിക ലോഹങ്ങള്‍ ദിനദിശകളിലായി. ചെമ്പ് 1.73 ശതമാനം ഇടിഞ്ഞു ടണ്ണിന് 13,373.85 ഡോളര്‍ ആയി. എഐ മേഖലയുടെ വളര്‍ച്ച മന്ദീഭവിക്കും എന്ന ആശങ്കയാണു കാരണം. അലൂമിനിയം 0.08 ശതമാനം കയറി 3019.15 ഡോളറില്‍ എത്തി. ടിന്നും നിക്കലും ഇടിഞ്ഞു. സിങ്കും ലെഡും കയറി.

കൊക്കോ താഴ്ന്നു

കൊക്കോ വില 1.14 ശതമാനം കുറഞ്ഞ് ടണ്ണിന് 5200 ഡോളറില്‍ ക്ലോസ് ചെയ്തു. അറബിക്ക കാപ്പി പൗണ്ടിന് 0.33 ശതമാനം കയറി 2.744 ഡോളറില്‍ എത്തി. പാം ഓയില്‍ നാമമാത്രമായി താഴ്ന്നു ടണ്ണിന് 4461 മലേഷ്യന്‍ റിംഗിറ്റ് ആയി.

രൂപ നേട്ടത്തില്‍

ക്രൂഡ് ഓയില്‍ വില കുറഞ്ഞതും വിദേശനിക്ഷേപകര്‍ വീണ്ടും വന്നതും രൂപയെ ഉയര്‍ത്തി. തിങ്കളാഴ്ച ഡോളര്‍ 32 പൈസ താഴ്ന്ന് 93.92 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വിദേശത്തെ ഫോര്‍വേഡ് വിപണിയില്‍ ഡോളര്‍ 93.89 രൂപയിലേക്കു താഴ്ന്നു. ചൈനീസ് യുവാന്‍ 14.09 രൂപയായി താഴ്ന്നു. യൂറോ ഇടിഞ്ഞു 103.19 രൂപയില്‍ എത്തി.

ക്രൂഡ് 92 ഡോളറിനു താഴെ

തിങ്കളാഴ്ച ക്രൂഡ് ഓയില്‍ മൂന്നര ശതമാനം ഇടിഞ്ഞു. ഹോര്‍മുസിലും പരിസരത്തും നിന്നുള്ള കയറ്റുമതി യുദ്ധത്തിനു മുന്‍പത്തെ നിലയിലേക്കു കയറിയതാണു കാരണം. ബ്രെന്റ് ഇനം ക്രൂഡ് 3.44 ഡോളര്‍ താഴ്ന്ന് 92.44 ഡോളറില്‍ എത്തി. ഇന്നു രാവിലെ 91.87 ഡോളര്‍ ആയി താഴ്ന്നു. ഡബ്‌ള്യുടിഐ ഇനം 85.21 ഡോളറിലാണ്.

ക്രിപ്‌റ്റോകള്‍ താഴ്ന്നു

ക്രിപ്‌റ്റോ കറന്‍സികള്‍ ഇടിവിലാണ്. ബിറ്റ്‌കോയിന്‍ 64,600 ഡോളറിനു താഴെ നില്‍ക്കുന്നു. ഈഥര്‍ 1815 ഡോളറിനും സൊലാന 71.75 ഡോളറിനും താഴെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```